പരീക്ഷാഫലം കാത്ത് വേഴാമ്പലുകളെപ്പോലെ കാത്തിരിക്കേണ്ട അവസ്ഥയാണ് കേരള സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക്. മാസങ്ങള്‍ക്ക് മുന്‍പ് നടക്കേണ്ട ആദ്യ സെമസ്റ്റര്‍ പരീക്ഷകള്‍ വൈകി. 
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ ഫലങ്ങളും ഏറെ വൈകിയാണ് എത്തിയിരിക്കുന്നത്. നേരത്തേ നടക്കേണ്ട പരീക്ഷ വൈകിയതും ഒരു വര്‍ഷം മുന്‍പെഴുതിയ പരീക്ഷയുടെ ഫലം വൈകിയെത്തിയതുമാണ് ഇപ്പോള്‍ കോളേജുകളിലെ പ്രധാന ചര്‍ച്ച.

 നവംബറില്‍ നടക്കേണ്ടിയിരുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷയാണ് മാര്‍ച്ച് ആദ്യവാരത്തോടെ ആരംഭിക്കുന്നത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ സമയം അടുത്തപ്പോഴാണ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ. ഇപ്പോള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ 2016 ഡിസംബറില്‍ എഴുതിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വന്നതും രണ്ടുദിവസം മുന്‍പാണ്. എല്ലാ വിദ്യാര്‍ഥികളുടെയും ഫലം വന്നിട്ടുമില്ല. അതിനാല്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ആദ്യ സെമസ്റ്റര്‍ പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് കുറച്ചു വിദ്യാര്‍ഥികളുടെ ഫലം വന്നത്.

വിദ്യാര്‍ഥികളെ വലയ്ക്കുന്ന നടപടികളാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നാണ് ആരോപണം. സെമസ്റ്റര്‍ പരീക്ഷകളുടെ കാലതാമസവും ഫലം വരുന്നത് വൈകുന്നതും ഉപരിപഠനത്തിനുള്ള അവസരംപോലും നഷ്ടമാക്കുന്ന തരത്തിലാണ് സര്‍വകലാശാലയുടെ ഇടപെടല്‍. 

ഇത് സര്‍വകലാശാലയുടെ പിടിപ്പുകേടാണെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഒരേപോലെ ആരോപിക്കുന്നു. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഇപ്പോഴും നടക്കുന്നതായാണ് പല കോളേജുകള്‍ക്കും ലഭിച്ച വിവരം. പരീക്ഷയെഴുതി ഒരു വര്‍ഷം പിന്നിട്ടിട്ടും ഫലം വരാത്തതിനാല്‍ ഓരോ സെമസ്റ്ററും ഇപ്പോള്‍ വൈകിയാണ് നടക്കുന്നത്.