ന്റെ നാടിന് അടുത്തുള്ള പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പൊട്ടല്‍ ഒരു നാടിന്റെ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞാണ് പോയത്. സംഭവസമയത്ത് കോളേജിനടുത്തുള്ള ഹോസ്റ്റലില്‍ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 

സര്‍വകലാശാല അവധി പ്രഖ്യാപിച്ചേതാടെ നാട്ടിലെത്തിയ ഞാന്‍ ആദ്യമെത്തിയത് കണ്ണപ്പന്‍കുണ്ടിലായിരുന്നു. സംഭവങ്ങളുടെ ദൃക്സാക്ഷിയും നാട്ടുകാരനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കിയവരില്‍ ഒരാളുമായ സുഹൃത്ത് ശാഹിദിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കണ്ണില്‍നിന്നു മാഞ്ഞുപോവാത്ത ഭീതിയുടെ തീക്ഷ്ണതയുമായി അവന്‍ പറഞ്ഞതിങ്ങനെ: 

എട്ടാം തീയതി ആറുമണിയോടെയാണ് കണ്ണപ്പന്‍കുണ്ടിലെ പാലത്തിലേക്ക് വെള്ളംകയറിത്തുടങ്ങിയത്. എന്നാല്‍, സ്വാഭാവിക സംഭവമായതിനാല്‍ ആരും വലിയ കാര്യമായി എടുത്തില്ല. എന്നാല്‍, ഒമ്പതോടെ പാലത്തിന് മുകളിലൂെട വെള്ളം ഉയര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി. പതിനൊന്നോടെ വെള്ളം കുത്തിയൊലിച്ച് വലിയ പാറകളും കല്ലുകളുമായി ആര്‍ത്തിരമ്പിയെത്തി. ഇതോടെ സമീപവീടുകളിലേക്കും അങ്ങാടിയിലേക്കും വെള്ളംകയറി. 

എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി നാടും നാട്ടുകാരും. പാതിരാത്രിയുടെ പ്രതിസന്ധിയും മറ്റും പ്രയാസങ്ങളും വകെവയ്ക്കാതെ നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയതോടെ വെള്ളം കയറിയ വീടുകളിലെ ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കനത്തമഴയിലും ഉരുള്‍പൊട്ടിലും കണ്ണപ്പന്‍കുണ്ടിലെ 40-ഓളം വീടുകള്‍ തകര്‍ന്നു.

 നീണ്ടുനിന്ന 30 മണിക്കൂറിന്റെ രക്ഷാപ്രവര്‍ത്തനങ്ങളാണ് വലിയ ദുരന്തത്തിന്റെ ആഴം ഒരു പരിധിവരെ കുറച്ചത്. ഒലിച്ചിറങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അതിനിടയില്‍ പാലത്തില്‍ വെള്ളം കണ്ടുനില്‍ക്കുന്നതിനിടിയില്‍ രണ്ടുചെറുപ്പക്കാര്‍ അപകടത്തില്‍പ്പെട്ടു. 

ഇവരില്‍ ഒരാള്‍ മരത്തില്‍ അള്ളിപ്പിടിച്ച് രണ്ട് മണിക്കൂറോളം നിന്നു. മണിക്കൂറുകള്‍ക്കുശേഷം ഫയര്‍ഫോഴ്സെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.കണ്ണപ്പന്‍കുണ്ടില്‍ പ്രവര്‍ത്തിക്കുന്ന മില്ലിനകത്ത് മരണം മുന്നില്‍ക്കണ്ട ചെറുപ്പക്കാരനെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. 

കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ കാറിനകത്തുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് നാടിനെ സങ്കടത്തിലാഴ്ത്തി. 12-ാം തീയതി മുതല്‍ മഴ കനത്തതോടെ ഒരായുസ്സിന്റെ സമ്പാദ്യം പലര്‍ക്കും നഷ്ടപ്പെട്ടു; മറ്റുചിലര്‍ക്ക് സ്വന്തം ജീവനും. 

നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതപ്പെയ്ത്തായി കാലവര്‍ഷം മാറി. നാടിന്റെ കൈത്താങ്ങില്‍ തിരിച്ചുവരവിന്റെ പാതയിലാണിപ്പോള്‍ കണ്ണപ്പന്‍കുണ്ടിലെ ജനത.