പ്ലാസ്റ്റിക്കിനോടും റെക്‌സിനോടും ഗുഡ്ബൈ പറഞ്ഞ് മലിനീകരണമുക്തമായ പരിസരം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എറണാകുളം സെയ്ന്റ് തെരേസാസ് കോളേജ് വിദ്യാര്‍ഥികളും അധികൃതരും. ഇതിന് സഹായവുമായി 'ഹരിതകേരള മിഷന്‍', 'കുടുംബശ്രീ' എന്നിയും ഇവരോടൊപ്പം ഒത്തുചേരുന്നുണ്ട്.

സ്‌കൂള്‍ കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍ വരെ ഉപയോഗിക്കുന്ന 'പെന്‍സില്‍ പൗച്ചി'ലാണ് കോളേജ് വിദ്യാര്‍ഥികളുടെ ആദ്യപരീക്ഷണം. പ്രളയത്തിന് ശേഷം കോളേജിലെ 'ഭൂമിത്രസേന' നടത്തിയ പഠനത്തില്‍ അമ്പത് ശതമാനത്തോളം കുട്ടികളും റെക്‌സിന്റെ പൗച്ചുകളാണ് ഉപയോഗിക്കുന്നത് എന്നാണ് കണ്ടെത്തിയത്. എന്നാല്‍, ഇവ മലിനീകരണത്തിന് കാരണമാകുന്ന ഒന്നാണ്. ഇവയ്ക്ക് പകരമായാണ് 'ചങ്ങാതിച്ചെപ്പ്' എന്ന പൗച്ച് നിര്‍മിക്കുന്നത്.

തയ്യലിന് ശേഷം ലഭിക്കുന്ന മുറിച്ച തുണികളില്‍ നിന്നാണ് ഇവര്‍ 'ചങ്ങാതിച്ചെപ്പ്' ഉണ്ടാക്കുന്നത്. വിവിധനിറങ്ങളിലും ഡിസൈനുകളിലുമുള്ള തുണികളാണ് ഇതിനായി ഉപയോഗിക്കുന്നത്. കോളേജില്‍നിന്ന് 15 കുട്ടികളാണ് ചങ്ങാതിച്ചെപ്പ് നിര്‍മാണത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്.

ഇതുകൂടാതെ പറവൂര്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലും മുളന്തുരുത്തി പഞ്ചായത്തിലും കുടുംബശ്രീ യൂണിറ്റുകള്‍ 'ചങ്ങാതിച്ചെപ്പ്' നിര്‍മിക്കുന്നുണ്ട്.

തുന്നലിനുശേഷം ബാക്കിയാകുന്ന ചെറിയ തുണിക്കഷ്ണങ്ങള്‍ എല്ലാം കത്തിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ചങ്ങാതിച്ചെപ്പ് നിര്‍മിക്കുന്നതിലൂടെ, ബാക്കിയാകുന്ന തുണികള്‍ കളയാതെ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും, നിരവധിപേര്‍ക്ക് വരുമാനവും ലഭിക്കും.

എല്ലാവര്‍ക്കും നന്മചെയ്യുന്ന ഒരു ചെറിയ സംരംഭമാണിതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഈ ജൂണില്‍ത്തന്നെ ഹരിതകേരള മിഷന്റെ സഹായത്തോടെ കൂടുതല്‍ ഔട്ട്ലെറ്റുകളിലേക്ക് ചങ്ങാതിച്ചെപ്പ് എത്തിക്കാനാണ് കോളേജ് ലക്ഷ്യമിടുന്നത്.

വ്യത്യസ്തമായ ട്രോളുകളിലൂടെയാണ് ചങ്ങാതിച്ചെപ്പിനെക്കുറിച്ച് കോളേജ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. നിലവില്‍ എല്ലാ എച്ച് ആന്‍ഡ് സി ഷോറൂമുകളിലും ഷിപ്പ്യാര്‍ഡ് കോ-ഓപ്പറേറ്റീവ് സ്റ്റോറിലുമാണ് ചങ്ങാതിച്ചെപ്പ് വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. 25 രൂപയാണ് ഒരു പൗച്ചിന്റെ വില.

Content Highlights: Pencil pouch, plastic over use