മലയാളത്തിന്റ വാനമ്പാടി കെ.എസ്.ചിത്രയുടെ മൂത്ത സഹോദരി കെ.എസ്.ബീന നാലുതവണ തുടര്‍ച്ചയായി കേരള സര്‍വകലാശാലാ യുവനോത്സവ ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു എന്ന കാര്യം പുതിയ തലമുറയിലെ അധികമാര്‍ക്കും അറിയില്ല. 979-ലെ യുവജനോത്സവം കോട്ടയത്തായിരുന്നു. എം.ജി.രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ 'ഓടക്കുഴലേ ഓടക്കുഴലേ ഓമനത്താമരക്കണ്ണന്റെ ചുംബനമധു പകര്‍ന്നവളേ...' എന്ന ഗാനമായിരുന്നു ബീന അന്ന് പാടിയത്.
സംഗീതജ്ഞനും അധ്യാപകനുമായിരുന്ന കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും ആദ്യത്തെ മകളായ ബീനയ്ക്ക് ചിത്രയേക്കാള്‍ അഞ്ചുവയസ്സിന്റെ മൂപ്പുണ്ട്. തിരുവനന്തപുരം വനിതാ കോളേജില്‍ സംഗീത വിദ്യാര്‍ഥിനിയായിരുന്ന സമയത്താണ് ബീന മത്സരത്തില്‍ പങ്കെടുത്തത്. മാവേലിക്കര പ്രഭാവര്‍മ, എച്ച്.ഹരിഹരന്‍, കെ.ഓമനക്കുട്ടി എന്നിവരുടെ കീഴിലാണ് സംഗീതം അഭ്യസിച്ചത്. കുട്ടിക്കാലംമുതലേ ബീനയും ചിത്രയും ഒപ്പമിരുന്ന് സന്ധ്യാനാമം ചൊല്ലുമായിരുന്നു. ഇരുവരുടെയും വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചത് എം.ജി.രാധാകൃഷ്ണന്‍ തന്നെയാണ്.
സ്‌നേഹപൂര്‍വം മീര എന്ന ചിത്രത്തില്‍ ചിത്രയോടൊപ്പം ബീന പാടിയിട്ടുണ്ട്. തകിലുകൊട്ടാമ്പുറം, താരുണ്യം, താറാവ് എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും. ഇത്രയും കഴിവുള്ള ഗായിക ഇപ്പോള്‍ വെറും സംഗീതാസ്വാദക മാത്രമാണ് എന്നറിയുമ്പോള്‍ അദ്ഭുതപ്പെട്ടുപോകും. വിവാഹിതയായി ഗള്‍ഫിലേക്ക് പോയതാണ് സംഗീതജീവിതം അവസാനിക്കാന്‍ ഇടയാക്കിയതെന്ന് ബീന പറയുന്നു. 1981-നായിരുന്നു വേണുഗോപാലുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ ഉടനെ ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോയി.
അക്കാലത്ത് ഗള്‍ഫില്‍ ഇന്നത്തെയത്ര സാധ്യതകള്‍ ഉണ്ടായിരുന്നില്ല. ഗാനമേളകളും മറ്റും വളരെ കുറവ്. എങ്കിലും കുറച്ചുനാള്‍ സംഗീത ക്ലാസുകളും മറ്റും നടത്തി. പിന്നെ പ്രസവം, കുട്ടികളെ വളര്‍ത്തല്‍, അവരുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ നോക്കി ഫലത്തില്‍ വെറും കുടുംബിനിയായി. മക്കളായ വിനായകിനും വര്‍ഷയ്ക്കും സംഗീതാഭിരുചിയുണ്ടെങ്കിലും അവരും സംഗീതം തൊഴിലാക്കി ഈ രംഗത്തു വന്നില്ല. മൂന്നു മക്കളെയും സംഗീതരംഗത്ത് നിലനിര്‍ത്തണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. നൈജീരിയയില്‍ ജോലി ചെയ്യുന്ന ഏക സഹോദരന്‍ മഹേഷ് ഗിത്താറിസ്റ്റാണ്.
ചിത്രയുടെ ഏറ്റവും വലിയ ആരാധിക ഞാനായിരിക്കുമെന്ന് ബീന പറയുന്നു, വിമര്‍ശകയും. പാട്ടില്‍ എന്തെങ്കിലും ശ്രുതിഭംഗം വന്നുവെന്ന് തോന്നിയാല്‍ അപ്പോള്‍ വിളിക്കും. ചിത്രയുടെ പാട്ടു കേട്ടിരിക്കുന്നതാണ് ഏറ്റവും ഇഷ്ടമുള്ള വിനോദം. ഗള്‍ഫില്‍നിന്ന് വന്നശേഷം കുറേക്കാലം ചെന്നൈയില്‍ താമസമാക്കിയ ബീനയും കുടുംബവും ഇപ്പോള്‍ കരമനയിലുണ്ട്.