യാത്ര തുടങ്ങി...കളിയും ചിരിയും കാര്യവുമായി കലയുടെ  ഫാസ്റ്റ് പാസഞ്ചർ. കെ.യു.യു.കെ. (കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ കലോത്സവം) ട്രാവൽസ് കാഞ്ഞങ്ങാട് നെഹ്‌റുകോളേജ് ഡിപ്പോയിൽ നിന്ന്‌ പുറപ്പെടുമ്പോൾ സമയം രാവിലെ 11 മണി. തിന്മകൾക്കെതിരെയുള്ള പ്രതിരോധമാണ് കലയെന്ന് ഓർമിപ്പിച്ച് സംവിധായകൻ പ്രിയനന്ദനൻ കലയുടെ ബസ്‌ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റിയറിങ് തിരിച്ചും ഇടയ്ക്കിടെ ഗിയർമാറ്റിയും ഡ്രൈവിങ് സീറ്റിൽ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ വി.പി.അമ്പിളി. കലാബസ്സിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് നടന്ന് കണ്ടക്ടർ കുപ്പായത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി ഇ.കെ.ദൃശ്യ.

സീറ്റുകൾ...മലയാളം മുതൽ കൊങ്കണി വരെ
മലയാളം മുതൽ കൊങ്കണി വരെ നീളുന്നു സീറ്റുകളുടെ(വേദികൾ) പേരുകൾ. ആദ്യ സീറ്റ് മലയാളം തന്നെ. പിന്നാലെ തുളു, കന്നട, ബ്യാരി, ഉറുദു, മറാഠി, കൊങ്കണി.

വിളയാങ്കോട്ടെ ബിരുദ വിദ്യാർഥിനി പി. തീർഥയാണ് മലയാളം സീറ്റിലേക്ക് ആദ്യം കയറിയിരുന്നത്. 'നിശ്ശബ്ദനായി ഭ്രാന്തചിത്തൻ കുന്നേറി, നിശ്ചലം നിന്നോർ മടക്കമായി...' മുരുകൻ കാട്ടാക്കടയുടെ കാവ്യശലങ്ങൾ ഉറക്കെ ചൊല്ലി അവൾ ഇറങ്ങുമ്പോൾ, രണ്ടാം സീറ്റ് തുളുവിൽ ഇംഗ്ലീഷ് കവിതയുടെ താളം. കന്നടക്കാർക്കുള്ള സംവരണ സീറ്റിൽ കുമാരവ്യാസ, രാഘവാങ്ക തുടങ്ങി കന്നടകവികളുടെ ഉജ്ജ്വലവരികൾ ഉയർന്നു. 'ബ്യാരി' യിലേക്ക് നോക്കിയപ്പോൾ അതാ അവിടെ ഹിന്ദിയിൽ കസറി യാത്രക്കാർ. മേമ്പൊടിയായി അറബിയുമുണ്ടിവിടെ. 'ഉറുദു' നിറച്ച് നിറങ്ങളായിരുന്നു. ഓയിൽ കളറും ജലച്ചായവും പെൻസിൽ ഡ്രോയിങ്ങുമൊക്കെയായി അവർ തകർത്തു. 'മറാഠി’ സീറ്റിലും 'കൊങ്കണി' സീറ്റിലും കയറിയവർ കവിതയും കഥയും പ്രബന്ധവുമൊക്കെ എഴുതിയും പറഞ്ഞും മുന്നേറി.

ആദ്യ ടിക്കറ്റ് ഗീതുവിനും നന്ദകിഷോറിനും
കലാബസ്സിൽ ആദ്യ ടിക്കറ്റ് കിട്ടിയത് പയ്യന്നൂർ കോളേജിലെ ഗീതുവിനും നന്ദകിഷോറിനും. പൊതുവിജ്ഞാനത്തിലെ മികവിൽ ക്വിസിൽ വിജയിച്ചായിരുന്നു ഇരുവരും 'സമ്മാന' ടിക്കറ്റ് വാങ്ങിയത്. പിന്നാലെ കാസർകോട് ഗവ. കോളേജിലെ ഭാഗ്യശ്രീക്കും കിട്ടി ടിക്കറ്റ്. കന്നട കവിതയിൽ ഹരിശ്ചന്ദ്രകാവ്യം അതിമനോഹരമായി ആലപിച്ചാണ് ഭാഗ്യശ്രീ താരമായത്.

image
ഡ്രൈവിങ് സീറ്റില്‍ അമ്പിളിയും ദൃശ്യയും
ഫോട്ടോ: രാമനാഥ് പൈ

കണ്ണീരോർമയിൽ ആദ്യ സ്‌റ്റോപ്പ്‌
അഹമ്മദ് അഫ്‌സലിന്റെ ഓർമകൾ നിറഞ്ഞൊഴുകുന്ന കോർണറിലായിരുന്നു കലാബസ്സിന്റെ ആദ്യ സ്‌റ്റോപ്പ്. യാത്രക്കാരുടെ നിറകണ്ണുകളായിരുന്നു അവിടെ. രണ്ട്‌ വർഷം മുമ്പ് പൊവ്വൽ എൽ.ബി.എസ്. എൻജിനീയറിങ് കോളേജിൽ കണ്ണൂർ സർവകലാശാലാ കലോത്സവം നടക്കുമ്പോഴാണ് അഫ്‌സൽ നമ്മെ വിട്ടുപിരിഞ്ഞത്. അക്കമഡേഷൻ കമ്മിറ്റിയുടെ കൺവീനറായിരുന്നു എസ്.എഫ്.ഐ. പ്രവർത്തകൻ കൂടിയായ നുള്ളിപ്പാടിയിലെ അഫ്‌സൽ. കലോത്സവനടത്തിപ്പിന്റെ തത്രപ്പാടിലുള്ള യാത്രയ്ക്കിടെ അഫ്‌സലും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രജിസ്‌േട്രഷൻ കമ്മിറ്റി കൺവീനർ കെ. വിനോദും മെഡിക്കൽ കമ്മിറ്റി കൺവീനർ നാസറും ദിവസങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ആസ്പത്രി വിട്ടത്.

കാറ്റാടിമരത്തിന്റെ തണലേകി നെഹ്‌റു കോളേജിന്റെ കാമ്പസിൽ അഫ്‌സലിന്റെ ഓർമകൾ നിറഞ്ഞൊഴുകി. പ്രത്യേകം തയ്യാറാക്കിയ കോർണറിൽ അഫ്‌സലിന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ചിത്രശേഖരം വൈകാരികമായിരുന്നു.

ഇടയ്‌ക്കൊന്നിറങ്ങി... തട്ടുകടയിലേക്ക്
കല കോർത്തുകെട്ടിയ പ്രയാണത്തിൽ നാവിനെയും മനസ്സിനെയും കുളിർപ്പിക്കാൻ കൊമേഴ്‌സ് വിദ്യാർഥികളുടെ വിഭവങ്ങൾ. തട്ടുകടയൊരുക്കിയാണ് വിഭവങ്ങൾ നിരത്തിയത്. ഉപ്പിലിട്ടതുമുതൽ ഉപ്പുമാവ് വരെ ഒരുഭാഗത്ത്. പരിപ്പുവടയും പഴംപൊരിയും തുടങ്ങി വിശപ്പടക്കാനുള്ളതെല്ലാം അവിടെയുണ്ട്. നിറച്ചുണ്ണാൻ ബിരിയാണിക്കൂട്ടങ്ങൾ. 'ചായേന്റെ ബെള്ളം മുതൽ കോയീന്റെ ബിരിയാണി വരെ' എന്നെഴുതി​െവച്ച തട്ടുകടയ്ക്കിട്ടത് കാസർകോടിന്റെ തീരദേശഗ്രാമങ്ങളിൽ അറിയപ്പെടുന്ന അപ്പത്തിന്റെ പേര്, 'ഓട്ടുപോള'.  കാസർകോടൻ അപ്പങ്ങൾ വേറെയുമുണ്ട് ഇവിടെ. ഇറാനി പോള, കുരുവിക്കൂട് എന്നിങ്ങനെ നീളുന്നു പേരുകൾ. ഡെബിറ്റും ക്രെഡിറ്റും വരച്ചു​െവച്ചുള്ള കൃത്യമായ ബിസിനസ് ചാർട്ടിൽ രണ്ടുലക്ഷം രൂപയുടെ കച്ചവടം ലക്ഷ്യമിടുന്നുവെന്ന് വിദ്യാർഥികൾ.

'മറാഠി' സീറ്റിൽ അമ്മയും കുഞ്ഞും

image
വാണിശ്രീജിത്തും മകന്‍ അഭിമന്യുവും ക്ലാസ്‌റൂമില്‍
ഫോട്ടോ: രാമനാഥ് പൈ

അമ്മയും കുഞ്ഞും കയറിയപ്പോൾ അവർക്കായി നീക്കി​വെച്ച മറാഠിസീറ്റ് ഒഴിഞ്ഞു കൊടുക്കാൻ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ആരും നോക്കിയില്ല. പെരിയ അംബേദ്കർ കോളേജിലെ ബി.എഡ്. വിദ്യാർഥിനി വാണി ശ്രീജിത്ത് ആണ് പത്തുമാസം പ്രായമുള്ള മകൻ  അഭിമന്യുവിനെയുമെടുത്ത് പാസഞ്ചറിലേക്ക് കയറിയത്. 'മറാഠി'യിലിരുന്ന് അമ്മ ഉപന്യാസമെഴുതുമ്പോൾ, അഭിമന്യു കൂട്ടിരുന്നു.

'എല്ലാരും കേറ്യേ, അതൊന്ന് ഓട്ടോയിൽ ഉരസിയതാണ്...'
എതിരെ വന്ന ഓട്ടോറിക്ഷയിൽ നമ്മുടെ ബസ് ഒന്ന് ഉരസി. പെട്ടെന്ന് ജനറൽ സീറ്റിലെ യാത്രക്കാർ മിക്കവരും ഇറങ്ങി കൂട്ടംകൂടി നിന്നു. 'ഇല്ല പ്രശ്‌നമൊന്നുമില്ല. എല്ലാരും കേറ്യേ...'റൂട്ട് പറഞ്ഞു കൊടുക്കുന്ന ആൺപിള്ളേരിൽ ചിലരുടെ സ്വരം കനപ്പെട്ടു. എല്ലാരും കയറി. ബസ് യാത്ര തുടർന്നപ്പോഴാണ് എങ്ങനെയാണ് ഓട്ടോ ഉരസിയതെന്ന് ചിലർ കാതോടു കാതോരം പറഞ്ഞത്.

Content Highlights: Kannur Kazhcha Kalolsavam