ഫാറൂഖ് കോളേജ്: തൂലികയും നാവുമെല്ലാം ചങ്ങലക്കിടുന്ന ഈ ഇരുണ്ടകാലത്ത് എഴുത്തിലൂടെയും മറ്റ് കലാപ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു വരണമെന്ന്  നടന്‍ അലന്‍സിയര്‍ ലെ ലോപ്പസ്സ്.   

' നോ പസറാന്‍ ' (അങ്ങനെ കടന്നു പോകാന്‍ അനുവദിക്കില്ല) എന്ന പേരില്‍ തയ്യാറാക്കിയ ഫാറൂഖ് കോളേജ് മാഗസിന്‍ പ്രൊഫസര്‍ മുഹമ്മദ് കുട്ടശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഗമന പ്രസ്ഥാനങ്ങളുടെ അപചയം അരാഷ്ട്രീയം വളര്‍ത്തുവാന്‍ ഇടയാക്കി.  ഇത് ഫാസിസത്തിന് വളമായി മാറുകയാണ്‌. തനിക്ക് അഭിനയം  ജീവനും ഉപജീവനവുമാണ് അതുകൊണ്ട് തന്നെ സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ അത് ഞാന്‍ ആയുധമാക്കുന്നു. 

എഴുത്തും പ്രതിരോധങ്ങളും തെളിഞ്ഞു കിടക്കുന്ന മാഗസിനാണ് ' നോ പസറാന്‍'. മിണ്ടരുത് എന്ന് ഫത്‌വ ഉള്ളിടത്ത് നാവ് ചലിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍  പ്രിന്‍സിപ്പല്‍ ഇ.പി ഇമ്പിച്ചിക്കോയ, ഡോ. എ.കെ അബ്ദു റഹീം, ടി. മന്‍സൂറലി, എ.കെ സാജിദ്, ഫതഹ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഷാക്കിര്‍ എം സ്വാഗതവും മാഗസിന്‍ എഡിറ്റര്‍ മുഹമ്മദ് കന്‍സ് നന്ദിയും പറഞ്ഞു