കൈയിലുള്ള ചെറിയൊരു ചതുരക്കള്ളിയില്‍ (ഫോണെന്നും പറയാം) ജീവിതം തുലയ്ക്കുന്നവരാണ് കാമ്പസിലെ പിള്ളേരെന്ന് ആരൊക്കെയോ, എവിടെയൊക്കേയോ പരസ്യമായും രഹസ്യമായും പറയാറുണ്ട്. വെറുതെ ട്രോളുണ്ടാക്കാനും അതിലൂടെ അത്യാവശ്യം പാരപണിയാനും മാത്രം അറിയുന്നവരല്ല ഞങ്ങള് പിള്ളേര്‍ സംഘം. എന്താവശ്യമുണ്ടായാലും ഒന്നിച്ചിറങ്ങി പുറപ്പെടാനുള്ളൊരു മനസ്സുകൂടിയുണ്ട്. 

ഇത്തവണ പ്രളയക്കെടുതിയില്‍പ്പെട്ടുപോയ കേരളത്തെ രക്ഷിക്കാന്‍ നാടുമുഴുവന്‍ ഇറങ്ങുമ്പോള്‍ അവരോടൊപ്പം ഞങ്ങള്‍, ഫാറൂഖ് കോളേജ് വിദ്യാര്‍ഥികളും കൂട്ടുകൂടി(വേറെയും ഒരുപാട് കോളേജ് കുമാരന്മാരും കുമാരികളും സേവനത്തിന്റെ ഭാഗമായിട്ടുണ്ട്). 

രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ദുരിതാശ്വാസക്യാമ്പിലും  ശുചീകരണപ്രവര്‍ത്തനങ്ങളിലും മുമ്പില്‍ ഞങ്ങളായിരുന്നു. എന്‍.എസ്.എസ്., എന്‍.സി.സി. ആര്‍മി, നേവല്‍ തുടങ്ങി ഫാറൂഖ് കോളേജിലെ നൂറോളം വിദ്യാര്‍ഥികളാണ് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മുന്നിട്ടിറങ്ങിയത്. 

മൂര്‍ക്കനാട്, അമിഞ്ഞാത്ത്, തുമ്പപ്പാടം, ഏങ്ങലത്ത് പാടം, കോവയില്‍ അങ്കണവാടി, പാണ്ടികശാല, കൊയ്ത്തല, വെനേര്‍ണി, ചുളിപ്പറമ്പ് കരിങ്കലായ് വി.യു.യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ കഴിഞ്ഞവരുടെ വീടുകള്‍ ശുചീകരിച്ചു.  ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും ബോധവത്കരണവും മുനിസിപ്പാലിറ്റി നേരിട്ടുനല്‍കിയിരുന്നു.

വീടും പരിസരവും ശുചിയാക്കല്‍, കിണറുകളില്‍ ക്ലോറിനേഷനും സൂപ്പര്‍ ലോറിനേഷനും ചെയ്യല്‍, ഇടവഴികള്‍ നന്നാക്കല്‍, അണുനാശിനികള്‍ തളിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു. മുട്ടോളമുള്ള ചളിയിലും വെള്ളത്തിലും വിദ്യാര്‍ഥികള്‍ കര്‍മനിരതരായി പ്രവര്‍ത്തിച്ചു.

റെസിഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, യൂത്ത് വിങ് പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവരും വിദ്യാര്‍ഥികള്‍ക്കൊപ്പം പങ്കുചേര്‍ന്നതോടെ സംഭവം കുറച്ചൂടെ 'ഈസി'യായി. ഫാറൂഖ് കോളേജ് ടീമിനെ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അബ്ദുള്‍ ജലീല്‍, നസീഹ എന്നിവരാണ് നയിച്ചത്.