തേഞ്ഞിപ്പലം: 'അങ്ങനെ വിഴുങ്ങിയ ആദ്യ ഉരുളയിലാണ് അത് തുടങ്ങിയത്'.  കഥയായും കവിതയായും വരയായും വര്‍ണമായും ഈ മാഗസിനില്‍ ഉള്ളടങ്ങിയിരിക്കുന്നത് ഭയമാണ്. 

ആദ്യ ഉരുള ചോറിനൊപ്പം, അത് കഴിച്ചില്ലെങ്കില്‍ വന്നേക്കാവുന്ന കോക്കാച്ചിയും മാക്കാനും സൃഷ്ടിച്ച ഭയം മുതല്‍ അധികാരവര്‍ഗം ഉണ്ടാക്കിയെടുത്ത അനുസരണയുടെ ഭയം വരെ ചര്‍ച്ച ചെയ്യുന്ന മാഗസിനാണ് കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ് യൂണിയന്‍ പുറത്തിറക്കിയ ' അങ്ങനെ വിഴുങ്ങിയ ആദ്യ ഉരുളയിലാണ് അത് തുടങ്ങിയത് എന്ന മാഗസിന്‍.

പുസ്തക രൂപത്തില്‍ മാത്രമല്ല  ഇ-മാഗസിനായും ഇത് വായിക്കാം. കാഴ്ച വൈകല്യമുള്ളവരെ ലക്ഷ്യമിട്ട് പുസ്തകത്തിന്റെ സി.ഡിയിലുള്ള ഉള്ളടക്കവും പുറത്തിറക്കിയിട്ടുണ്ട്. സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലായി കാഴ്ച വൈകല്യമുള്ള പത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. 

ആര്‍. ഗോകുല്‍ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററും ഡോ. ആര്‍.വി.എം. ദിവാകരന്‍ സ്റ്റാഫ് എഡിറ്ററുമാണ്. കന്നി എം. ഗായത്രി, പ്രജില്‍ അമന്‍, ശരണ്യ, രജീഷ് ലാല്‍ എന്നിവരുടെ വരകള്‍ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു.

നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ പ്രകാശനം ചെയ്ത സി.ഡി. പകര്‍പ്പ് കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥിനികളായ എസ്. സുചിത്ര, വി.പി. രാജേഷ് എന്നിവര്‍ ഏറ്റുവാങ്ങി. മാഗസിന്റെ ആദ്യപ്രതി യൂണിയന്‍ പ്രസിഡന്റ് ഡോ. പി.ജെ. ഹെര്‍മന്‍ സ്വീകരിച്ചു. ചടങ്ങില്‍ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ഷാമിന അധ്യക്ഷത വഹിച്ചു. 

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്റെ ലിങ്ക് http://dsumag2017.blogspot.in/2017/10/blog-post_4.html?m=1