മാറേണ്ടതുണ്ട്‌ - കെ. വേണു

കലാലയങ്ങൾ വിദ്യാഭ്യാസത്തിനുമാത്രമുള്ളതാണെന്ന്‌ പറയുമ്പോൾ വിദ്യാഭ്യാസം എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌ എന്താണെന്ന ചോദ്യമുയരുന്നു. രാജ്യത്തിന്റെ എല്ലാതരം ആവശ്യങ്ങളും നിറവേറ്റാൻ കഴിവുള്ള തലമുറകളെ വാർത്തെടുക്കലാണ്‌ വിദ്യാഭ്യാസംകൊണ്ട്‌ സാധാരണഗതിയിൽ അർഥമാക്കുന്നത്‌.

ഒരു ജനാധിപത്യസമൂഹത്തെ നയിക്കേണ്ടത്‌ കഴിവുള്ള രാഷ്ട്രീയനേതാക്കളാണ്‌. അവരും വിദ്യാഭ്യാസപ്രക്രിയയിലൂടെത്തന്നെയാണ്‌ വാർത്തെടുക്കപ്പെടേണ്ടത്‌. രാഷ്ട്രീയപ്രവർത്തകരെ വാർത്തെടുക്കാൻ പ്രത്യേക പരിശീലനകേന്ദ്രങ്ങളൊന്നും ഭരണഘടന വിഭാവനംചെയ്യുന്നില്ല. 18 വയസ്സായവർക്ക്‌ വോട്ടവകാശം നൽകുന്ന ജനാധിപത്യാന്തരീക്ഷത്തിൽ പ്രായപൂർത്തിയായ വിദ്യാർഥികൾ രാഷ്ട്രീയമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ പാടില്ല എന്നുപറയാൻ ആർക്കും അവകാശമില്ല.

ഇന്നത്തെ കേരളസാഹചര്യത്തിൽ, രണ്ട്‌ പ്രമുഖ മുന്നണികളും മറ്റുകക്ഷികളും ഇത്തരമൊരു കോടതിവിധിയെ അംഗീകരിക്കാൻ പോകുന്നില്ല. അവർക്കതിന്‌ കഴിയുകയില്ല. അതുകൊണ്ട്‌ കോടതിവിധി നിയമപരമായ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ എല്ലാ കക്ഷികളും ചേർന്ന്‌ നിയമസഭയിൽ പുതിയ നിയമനിർമാണം നടത്തിക്കൊണ്ട്‌ അത്തരം തടസ്സങ്ങളെ മറികടക്കുകയും ചെയ്യും. എ.കെ. ആന്റണി അത്തരമൊരു നിർദേശം വെച്ചുകഴിഞ്ഞിട്ടുണ്ട്‌. എന്നിരുന്നാലും ഈ കോടതിവിധി ഇന്നത്തെ കേരളം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം ചർച്ചചെയ്യാൻ അവസരം സൃഷ്ടിച്ചിരിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.
 രാഷ്ട്രീയം സജീവമായിട്ടുള്ള പല കലാലയങ്ങളിലും കൂടുതൽ മോശമായ സാഹചര്യം നിലനിൽക്കുന്നു എന്നതും  യാഥാർഥ്യമാണ്‌. പ്രധാനപ്പെട്ട വിദ്യാർഥിസംഘടനകളെല്ലാം പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ടവയാണ്‌.

ഇത്തരം സംഘടനകളുടെ പ്രഖ്യാപിത നയപരിപാടികളുംമറ്റും ഉദ്ധരിച്ച്‌ അവയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്‌ ബാലിശമാണ്‌. ഇത്തരം പരിപാടികൾക്ക്‌ കടലാസിന്റെ വിലപോലുമില്ല. തികച്ചും ജനാധിപത്യവിരുദ്ധമായി ഗുണ്ടായിസംവരെ ഉപയോഗിച്ച്‌ ഒരു കോളേജിൽ ആധിപത്യംനേടിയാൽ പിന്നെ മറ്റൊരു സംഘടനയെയും തലപൊക്കാൻ അനുവദിക്കാതെ, ഒരു വിമതശബ്ദംപോലും അനുവദിക്കാതിരിക്കുന്ന ചില സംഘടനകളാണ്‌ ഇപ്പോൾ കേരളത്തിലെ വിദ്യാർഥിരാഷ്ട്രീയത്തെ നയിച്ചുകൊണ്ടിരിക്കുന്നത്‌.

കേരളത്തിൽ ഇന്ന്‌ നിലനിൽക്കുന്ന ഈ വിദ്യാർഥിരാഷ്ട്രീയത്തെ രാഷ്ട്രീയമായി കണക്കാക്കുന്നതിൽ അർഥമില്ല. അക്ഷരാർഥത്തിൽ അത്‌ ഫാസിസ്റ്റ്‌ ഗുണ്ടായിസമാണ്‌. വ്യത്യസ്ത രാഷ്ട്രീയവീക്ഷണങ്ങൾ മനസ്സിലാക്കാനും അവ തമ്മിലുള്ള ആരോഗ്യകരമായ മത്സരങ്ങളിൽ പങ്കാളികളാകാനും വിദ്യാർഥികൾക്ക്‌ ലഭിക്കേണ്ട അവസരമാണ്‌ നഷ്ടപ്പെടുന്നത്‌.

ഇത്തരമൊരു അവസ്ഥയ്ക്കുള്ള പരിഹാരം കോടതിനിർദേശംപോലുള്ള രാഷ്ട്രീയനിരോധമല്ല. വിദ്യാർഥിസംഘടനകളുടെ പ്രവർത്തനശൈലി തികച്ചും ജനാധിപത്യപരമാക്കിമാറ്റുകയാണ്‌ ആവശ്യം. അത്‌ എളുപ്പമല്ല. വിദ്യാർഥിരാഷ്ട്രീയത്തിന്റെ അവസ്ഥയെക്കുറിച്ച്‌ ഔപചാരികമായ ഒരന്വേഷണം നടത്തിയാൽ സത്യാവസ്ഥ പുറത്തുവരില്ല. ഭീഷണികൾക്കുമുന്നിൽ കീഴടങ്ങിനിൽക്കുന്ന ഭൂരിപക്ഷം വിദ്യാർഥികളും അധ്യാപകർപോലും ഔപചാരികമായ ഒരന്വേഷണവേളയിൽ സത്യംപറയാൻ ധൈര്യപ്പെടില്ല. അനൗപചാരികമായി വിദ്യാർഥികളോടും അധ്യാപകരോടും സംസാരിച്ചാൽമാത്രമേ യഥാർഥ അവസ്ഥയെക്കുറിച്ചുള്ള ഏകദേശചിത്രമെങ്കിലും ലഭിക്കൂ. അതിന്റെ അടിസ്ഥാനത്തിലേ പരിഹാരമാർഗങ്ങളെക്കുറിച്ചുള്ള അന്വേഷണം സാധ്യമാകൂ.

(രാഷ്ട്രീയ നിരീക്ഷകനാണ്‌  ​േലഖകൻ)

********************************************

പ്രതിരോധിക്കരുത്‌
ഡോ. ബി. അശോക്

നീതിപീഠം കലാലയത്തിലെ രാഷ്ട്രീയസമര നിരോധനം അതിന്റെ മുന്നിൽവെയ്ക്കപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. പൊതുതാത്ത്വികസമീപനത്താലല്ല. കലാലയരാഷ്ട്രീയം പോയാൽ മാനേജ്മെന്റുകളുടെ ചൂഷണം വർധിക്കും. മത, ജാതി പ്രസ്ഥാനങ്ങൾ വളരും. അധ്യാപകരുടെയും അധികാരികളുടെയും മറ്റും വേട്ടയാടലുകൾ ഉണ്ടാകും എന്നൊക്കെ വിദ്യാർഥിരാഷ്ട്രീയക്കാരും അതിൽ താത്‌പര്യമുള്ളവരും പറയുന്നുണ്ടെങ്കിലും അതൊക്കെ ‘ഏട്ടിലെ പശുക്കൾ’ മാത്രമാണ്. അവയല്ല കലാലയങ്ങളിൽ സത്യത്തിൽ മേയുന്നതും അധ്യയനം, ഗവേഷണം എന്ന തീറ്റപ്പുല്ല് ആകെ തിന്നുതീർക്കുന്നതും. ജ്ഞാനപ്പഴം  തിന്നാൻ വരുന്നവരെ അതു തീറ്റിക്കാതെ പുൽക്കൂട്ടിൽ സദാകിടക്കുന്ന ശൗരികളും ജ്ഞാനപ്പഴം നൽകാൻ ചെല്ലുന്ന ഗുരുനാഥന്മാരുടെ കൈ കടിച്ചുപറിക്കുന്ന വേട്ടക്കാരുമായി അവർ രൂപാന്തരം പ്രാപിച്ചത് കോടതി വസ്തുതകൾ വിശകലനംചെയ്തു കണ്ടെത്തി  എന്നാണ് ഉത്തരവു വായിച്ചപ്പോൾ തോന്നിയത്.

അവകാശനിഷേധങ്ങൾക്കെതിരേ സമരം ചെയ്യാനുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാർക്കും കല്പിച്ചുനൽകുന്നുണ്ടെങ്കിലും അത് സന്ദർഭത്താലും സാഹചര്യത്താലും പരിമിതപ്പെട്ടിരിക്കുന്നു; ന്യായമായ നിയന്ത്രണങ്ങളാൽ സദാ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നുകാണാൻ വിഷമമില്ല. ആംബുലൻസ് ഡ്രൈവർക്ക് പണിമുടക്കാനവകാശമുണ്ട്; എന്നാൽ, മരണാസന്നനായ രോഗിയെ തെരുവിൽ ഉപേക്ഷിച്ച് മുദ്രാവാക്യം വിളിച്ചിരിക്കാൻ ആ സ്വാതന്ത്ര്യം അയാളെ അനുവദിക്കുന്നില്ല അതിലധികം പ്രധാനമാണ് അധ്യയനവും ഗവേഷണവും മുടക്കി പതിനായിരങ്ങളുടെ ഭാവി തുലാസിലിട്ട് പുറത്താക്കപ്പെട്ട ഒന്നോ രണ്ടോ അക്രമികളുടെ ‘ഭാവി’ തികഞ്ഞ അഹംബോധസംരക്ഷണാർഥം ആയിരക്കണക്കിന് കുട്ടികളുടെ പഠനവും ഭാവിയും നശിപ്പിച്ചുകൊണ്ട് സമരംചെയ്തു സംരക്ഷിക്കുന്നത്.

ഇത്തരം സമരാഭാസങ്ങളുടെ അപഹാരം പലകുറി കണ്ടതുകൊണ്ട് പറയുകയാണ്, ഉത്തരവാദിത്വരഹിതമായി ക്രിമിനാലിറ്റി നല്ലപോലെ വിന്യസിച്ചുകൊണ്ട് സമരംചെയ്ത് കോളേജ് സർവകലാശാലാ മാനേജുമെന്റുകളെ മുന്നോട്ടുപോകാൻ അനുവദിക്കാത്തതുകൊണ്ടാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം ഇന്ത്യയിലേറ്റവും ശോചനീയമായി തുടരുന്നത്. കേന്ദ്ര സർക്കാർ കണക്കുപ്രകാരം മൂന്നുലക്ഷം വിദ്യാർഥികൾ ബിരുദതലത്തിലുള്ള കേരളത്തിലെ ഏറ്റവും മികച്ച പൊതുസർവകലാശാല ഇന്ത്യയിൽ 76-ാം സ്ഥാനത്താണ്‌.     

കലാലയരാഷ്ട്രീയം നിയന്ത്രിക്കേണ്ടത് അതിന്റെ കേവല ക്രിമിനാലിറ്റികൊണ്ട് മാത്രമല്ല; അത് കിനാവള്ളി പോലെയുള്ള കരങ്ങളാൽ കലാലയങ്ങളുടെ ആധുനികീകരണത്തെ മുഴുവൻ വരിഞ്ഞുമുറുക്കി; വിഷലിപ്തമായ ഗ്രന്ഥികളാൽ കേരളീയ ഉന്നതവിദ്യാഭ്യാസത്തെ തകർത്തിരിക്കുന്നു എന്നതിനാലാണ്. 18-24 വയസ്സുള്ള കേരളം മാത്രം കണ്ടുവളർന്ന വിദ്യാർഥിക്കറിയില്ല അവനുതന്നെ വേണ്ട വെല്ലുവിളികൾ തരണംചെയ്യേണ്ട ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ വളർച്ചയും വൈചിത്ര്യവും.  പാഠ്യേതര കാര്യങ്ങൾ പെരുപ്പിച്ച് 50 ശതമാനം അധ്യയനദിനങ്ങളും തകർത്തുകളയുന്ന ഇന്നത്തെ ശൈലി ഈ കോടതിവിധിയോടെ അവസാനിക്കുകതന്നെ വേണം. പിശകിനെ പ്രതിരോധിക്കുകയല്ല വേണ്ടത്.
(മുൻ വി.സി.യും സിവിൽസർവീസ്‌ ഉദ്യോഗസ്ഥനുമാണ്‌ ലേഖകൻ.)

***********************************************

ചട്ടുകങ്ങളാവുമ്പോൾ
ഡോ. എസ്. ഗോപകുമാരൻ നായർ

കലാലയരാഷ്ട്രീയം ദുരുപയോഗപ്പെടുത്തുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തതിന്റെ ഫലമാണ് അതിനെതിരേയുള്ള കോടതിവിധികൾ. കോളേജ് വിദ്യാഭ്യാസ കാലത്ത് പഠിച്ചിരുന്ന രണ്ടു കോളേജുകളിലും കോളേജ് യൂണിയൻ ചെയർമാനും ഒരു സജീവ വിദ്യാർഥിപ്രവർത്തകനും ആയിരുന്നതിന്റെ അനുഭവബോധ്യത്തിലാണ്‌ ഇതെഴുതുന്നത്.

മനസ്സിൽ ആശയങ്ങളും ചിന്തകളും മുളപൊട്ടിവരുന്ന കൗമാരപ്രായത്തിൽത്തന്നെ ജനാധിപത്യമൂല്യങ്ങൾ കരുപ്പിടിപ്പിക്കാനുള്ള ഏറ്റവും നല്ല പ്രായോഗികമാർഗം കലാലയ രാഷ്ട്രീയമാണ്. എന്നാൽ, വിദ്യാർഥിനേതാക്കൾ രാഷ്ട്രീയപ്പാർട്ടികളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ചട്ടുകമാവുന്നതിൽനിന്നാണ് ഇതിന്റെ അപകടം ഉരുത്തിയിരുന്നത്. എളുപ്പം എം.എൽ.എ.യും എം.പി.യും മന്ത്രിയുമൊക്കെ ആകാൻവേണ്ടി വിദ്യാർഥിനേതാക്കൾ കലാലയ രാഷ്ട്രീയത്തെ രാഷ്ട്രീയപ്പാർട്ടികൾക്ക് അടിയറ വയ്ക്കുന്നു. സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻവേണ്ടി രാഷ്ട്രീയനേതൃത്വം ഈ കുഞ്ഞാടുകളെ ചൂഷണം ചെയ്യുന്നു. ഇരുകൂട്ടരും ചേർന്ന്, പഠിക്കാനായി മാത്രം കലാലയങ്ങളിൽ വരുന്ന സാധാരണ കുട്ടികളെ ബലിയാടുകളാക്കുന്നു.

പുറത്തുനിന്നുള്ള രാഷ്ട്രീയപ്പാർട്ടികളുടെയും ഗുണ്ടകളുടെയും ഇടപെടലുകളൊഴിച്ചു നിർത്തിയാൽ കലാലയരാഷ്ട്രീയം വിദ്യാർഥിജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായമാണ്. ജനാധിപത്യ മൂല്യങ്ങൾ മാത്രമല്ല നേതൃഗുണങ്ങളായ പൗരബോധവും സഹജീവികളോടുള്ള സ്നേഹവും അനുകമ്പയും സഹിഷ്ണുതയും ആത്മവിശ്വാസവും ഒക്കെ യുവജനങ്ങളിൽ വളർത്തിയെടുക്കാൻ കലാലയ രാഷ്ട്രീയത്തിന്റെ നല്ല വശങ്ങൾക്ക്‌ കഴിയുമെന്നുള്ളത്‌ നിസ്സംശയമാണ്.
പ്രായോഗികരാഷ്ട്രീയം എല്ലാവിധത്തിലും മലീനസമായിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ കലാലയരാഷ്ട്രീയത്തിലെ ‘രാഷ്ട്രീയം’ എന്നപദം ഒഴിവാക്കിയാൽ തന്നെ ഇതിനോടുള്ള എതിർപ്പ്‌ കാര്യമായിക്കുറയും.

കോടതിവിധിയെ എതിർത്തിട്ടോ കോടതിയെ കുറ്റപ്പെടുത്തിയിട്ടോ കാര്യമില്ല. ഇന്ന്‌ നിലവിലുള്ള വ്യവസ്ഥിതിയുടെ ദൂഷ്യഫലങ്ങൾ തടയാനാണ്‌ കോടതി ശ്രമിക്കുന്നത്‌. അല്ലാതെ യുവജനങ്ങളെ ജനാധിപത്യവിരുദ്ധരായി വളർത്തിയെടുക്കാനല്ല. ഇതിനുമുമ്പും കലാലയരാഷ്ട്രീയത്തിലെ ബാഹ്യ ഇലപെടലുകളുടെ അപകടത്തെക്കുറിച്ച്‌ ഹൈക്കോടതിയും സുപ്രീംകോടതിയും താക്കീത് നൽകിയിട്ടുണ്ട്‌. എന്നിട്ടൊന്നും കലാലയ രാഷ്ട്രീയത്തിന്റെ ദൂഷ്യവശങ്ങൾ ഒഴിവാക്കാൻ കഴിയാത്തതുകൊണ്ടാണ്‌ കോടതികൾ കടുത്ത നടപടികളിലേക്ക്‌ നീങ്ങുന്നത്‌. ഇതിന്റെ പരിണതഫലം പൗരബോധമുള്ള ജനാധിപത്യവിശ്വാസികളായ പുത്തൻ തലമുറകളെ വാർത്തെടുക്കുന്നതിൽ കലാലയങ്ങൾക്കുള്ള പങ്ക്‌ നിഷേധിക്കലാണ്‌. കോടതിവിധിയുണ്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞും അതിനെ കടത്തിവെട്ടാൻ രാഷ്ട്രീയപ്പാർട്ടികൾക്ക്‌ കഴിഞ്ഞെന്നിരിക്കും.

കലാലയരാഷ്ട്രീയം വഴിമാറുന്നിടത്ത്‌ വർഗീയതയും ലഹരിയും അരാജകത്വവും കാമ്പസിലേക്ക്‌  കടന്നുവരാൻ സാധ്യതയുണ്ട്‌. അതിന്‌ ഒരു പരിധിവരെ തടയിടാൻ വിദ്യാർഥികളുടെ കായിക, കലാ, സാഹിത്യ, സാംസ്കാരിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കഴിഞ്ഞേക്കാം. മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്ന കൗമാരപ്രായത്തിൽ വിദ്യാർഥികളെ അത്‌ നല്ലമാർഗത്തിലൂടെ നേടിയെടുക്കാൻ പ്രോത്സാഹിപ്പിച്ചാൽ കലാലയരാഷ്ട്രീയത്തിലെ അക്രമവാസനങ്ങൾക്ക്‌ തടയിടാൻ നല്ലൊരു പരിധിവരെ പറ്റും. എല്ലാ കുട്ടികൾക്കും പഠിച്ചുമാത്രം മിടുക്കരാകാൻ കഴിയില്ലല്ലോ. മാത്രമല്ല ഇരുപത്തിനാലുമണിക്കൂറും പഠനം മാത്രം നടക്കുന്ന കലാലയങ്ങൾ കൗമാരസ്വപ്നങ്ങളെ കരിച്ചുകളയാനേ ഉപകരിക്കൂ.

(സീനിയർ അഭിഭാഷകനും കേരളാബാർ കൗൺസിൽ മുൻ ചെയർമാനുമാണ്‌ ​േലഖകൻ)