ഥ കേൾക്കാനുള്ള താത്‌പര്യത്തോടെ ഒരധ്യാപകന്റെ ക്ലാസിന് കാത്തിരിക്കുകയും ഏതെങ്കിലും ദിവസം അദ്ദേഹം വരാതിരുന്നാൽ ദുഃഖം തോന്നുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് കേരളവർമ കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ടുമെന്റിലെ സുശീലൻ മാഷിന്റെ ക്ലാസാണ്. ഗൗരവമേറിയ വിഷയങ്ങളാവും പഠിപ്പിക്കുക. പക്ഷേ, എന്തിലും അദ്ദേഹം ഒരു കഥ കണ്ടെത്തുമായിരുന്നു. അതുകൊണ്ടുതന്നെ ഒരു മിഠായി നുണയുന്നപോലെ അദ്ദേഹത്തിന്റെ ക്ലാസുകൾ ആസ്വാദ്യകരങ്ങളായി മനസ്സിലെന്നും പതിഞ്ഞു കിടന്നു.

ലോകത്തോടും ജീവിതത്തോടുമുള്ള ഒരു നേർത്ത ചിരിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എല്ലാത്തിനോടും നർമം കലർന്ന സമീപനം. ഒന്നും അത്രയൊന്നും ഭാരപ്പെട്ടതല്ല എന്ന സന്ദേശം. നമ്മളാണ് നമ്മുടെ ജീവിതത്തെ നിർവചിക്കുന്നതും സന്തോഷകരമോ ക്ലേശകരമോ ആക്കുന്നതും എന്ന പ്രായോഗികതത്ത്വം. 

ഭൂമിയിലെ എല്ലാ സന്തോഷങ്ങളുമനുഭവിക്കെത്തന്നെ അതിൽ നിന്നു വിട്ടുനില്ക്കാനുമാകണം എന്നു പഠിപ്പിച്ച മാഷ്, എത്ര കളിതമാശ പറഞ്ഞാലും ഉത്തരങ്ങൾ കൃത്യമായും വ്യക്തമായും എഴുതിയാലേ മാർക്കു കിട്ടൂ എന്നു കാണിച്ചു തന്നു. മൗലികമായ ചിന്തയും നിരീക്ഷണവും വിഷയത്തോടു ബന്ധപ്പെട്ട പുസ്തകവായനയും വളർത്തി. സ്റ്റാറ്റിസ്റ്റിക്‌സ് എന്ന വിഷയത്തിനപ്പുറവും ഒരു വലിയ ലോകമുണ്ടെന്നും അതിലേക്കു തുറന്ന മനസ്സോടെ പ്രവേശിക്കേണ്ടതുണ്ടെന്നും ഓർമപ്പെടുത്തി. വിഷയം എത്ര ആഴത്തിൽ പഠിച്ചാലും പരീക്ഷകൾക്ക് ഒരുങ്ങേണ്ടത് ഒരു പ്രത്യേക രീതിയിലാണെന്നും പഴയ ചോദ്യപേപ്പറുകൾ നോക്കി പഠിക്കേണ്ടതെങ്ങനെയെന്നും പരിശീലിപ്പിച്ചു.

മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ് എന്ന പുതിയ സബ്‌സിഡിയറി വിഷയം രണ്ടുവർഷം അദ്ദേഹം പാൽപ്പായസം പോലെ മധുരതരമാക്കി. പാൽപ്പായസത്തിന്റെ ഉപമ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. പായസം ഏറെ ഇഷ്ടപ്പെട്ട ഒരു കാരണവർ സദ്യയ്ക്കു പോകുന്നതിനെക്കുറിച്ചു അദ്ദേഹം പറഞ്ഞു തരുമായിരുന്നു. 

ബാങ്കിങ്ങിനെക്കുറിച്ച് പഠിപ്പിക്കുന്നത് വ്യത്യസ്തമായിത്തന്നെയാവും. ധാരാളം ആസ്തിയുള്ള ഒരാൾ കിട്ടുന്ന പണം മുഴുവൻ തന്റെ ജുബ്ബയുടെ പോക്കറ്റിൽ ആഴത്തിൽ നിക്ഷേപിച്ച്‌ വീടിന്റെ മുന്നിലൂടെ ഉലാത്തുകയാണ്. അപ്പോൾ അയാൾക്കുണ്ടാകുന്ന ഭയം, ആകുലതകൾ, വരാവുന്ന നഷ്ടം ഇതൊക്കെ ഞങ്ങളെക്കൊണ്ടുതന്നെ അക്കമിട്ടു പറയിപ്പിക്കും.

അക്കാര്യങ്ങളെല്ലാം ബാങ്കിങ്ങിലേക്ക് നയിച്ചത് എന്ന അടിക്കുറിപ്പോടെ. പിന്നെ അതൊക്കെ എങ്ങനെ മറക്കാനാണ്? സ്റ്റാറ്റിസ്റ്റിക്‌സിൽ വളരെ അധികമായി ഉപയോഗിക്കുന്ന ഒരു ആശയമാണ് ഉള്ളത്, ഇല്ലാത്തത് എന്ന രണ്ടു വിപരീത ഗുണങ്ങളുള്ള രണ്ടു ഗണങ്ങളിൽ വസ്തുക്കളെ, ആളുകളെ തിരിക്കൽ. മാഷ് അത് വളരെ ലളിതമായി ഇങ്ങനെ പറയും. 

ലോകത്തിലെ മനുഷ്യരെ മുഴുവൻ രണ്ടാക്കിത്തിരിക്കാം. ഗോപാലൻ എന്നു പേരുള്ളവരും ഗോപാലൻ എന്നു പേരില്ലാത്തവരും. തൽക്ഷണം അത്തരമൊരു തരംതിരിക്കലിന്റെ അനന്തസാധ്യതകൾ മുമ്പിൽ തെളിയും. വസ്തുക്കളിൽ തിന്നാൻ പറ്റുന്നത്, ഇല്ലാത്തത്, ഉപയോഗ്യമായവ, അല്ലാത്തവ, താമസിക്കാൻ പറ്റുന്നയിടങ്ങൾ, അല്ലാത്തവ. വിശ്വ സിക്കാൻ കൊള്ളുന്ന മനുഷ്യർ, അല്ലാത്തവർ. അങ്ങനെയങ്ങനെ.

ഒരു ചിന്തയുടെയോ ഉദാഹരണത്തിന്റെയോ സാന്ദർഭികമായ ഉപയോഗത്തിനപ്പുറമുള്ള അനേകമാനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോയി അവരിൽ ഒരു ഗവേഷണമനോഭാവം ഉണ്ടാക്കാൻ അദ്ദേഹം ശ്രമിക്കുന്നു. ഇതിനു കഴി വുള്ള അധ്യാപകർ തുലോം വിരളമാണ് എന്നറിയുമ്പോഴാണ് സുശീലൻമാഷ് ഒരു മന്ദസ്മിത ത്തോടെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത്. മാഷിന്റെ വിദ്യാർഥികളിലൊരാളാവാൻ കഴിഞ്ഞതിൽ ഞാനേറെ അഭിമാനിക്കുന്നു. ഇതുപോലെ അനേകം മഹാനുഭാവരുടെ ശിഷ്യയാവാൻ കഴിഞ്ഞതാണ് ജീവിതത്തിലെ പുണ്യം.

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അസി. പ്രൊഫസറാണ് ലേഖിക