മുന്‍പ് യുണിവേഴ്‌സിറ്റിക്കാര്‍ക്ക് ഒരു മുത്തശ്ശിമാവുണ്ടായിരുന്നു. കലാലയ രാഷ്ട്രീയത്തിന്റെ നേരും നന്മയും, വലിയ റാങ്കുകള്‍ക്കും ചെറിയ പ്രണയങ്ങള്‍ക്കും സാക്ഷിയായിരുന്നു ഈ പടുകൂറ്റന്‍ മുത്തശ്ശി മാവ്. പക്ഷേ, ഈ മുത്തശ്ശി ചരിത്രമായിട്ട് മൂന്നുവര്‍ഷം ആകുന്നു. പിന്നീട് പ്രതിഷേധങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും പരദൂഷണം പറച്ചിലിനും തണലേകാന്‍ ആരും ഇല്ല എന്നൊരു തോന്നലായിരുന്നു എല്ലാവര്‍ക്കും.
 
അങ്ങനെ നില്‍ക്കുമ്പോള്‍ കേറിവാടാ മക്കളെ... നീ വന്ന് പൊളിക്കെടാ' എന്ന് ആ പൂമരം പതിയെ പറഞ്ഞത് പലര്‍ക്കും ഇപ്പോഴും ഓര്‍മയുണ്ട്. കാരണം, കോളേജിലെ പലര്‍ക്കും ഈ പൂമരങ്ങളെ വലിയ ശ്രദ്ധയൊന്നുമില്ലായിരുന്നു. പക്ഷേ, വിദ്യാര്‍ഥികളെ സ്നേഹിച്ച പൂമരത്തെ തിരിച്ചു പ്രണയിക്കാതിരിക്കാന്‍ ഇവിടെയുള്ളവര്‍ക്ക് കഴിഞ്ഞില്ല. കാമ്പസിന്റെ ഹൃദയഭാഗത്തുള്ള ഈ പൂമരത്തിനു ചുവട്ടില്‍ ഇരിക്കാന്‍  ഇന്ന് നല്ല തിരക്കാണ്.
 
ഇന്ന് ഏതുസമയത്തും പൂമരത്തിനു ചുവട്ടില്‍ സൗഹൃദം പങ്കിടുന്ന കൂട്ടുകാരെ കാണാം. അതിനിടെ ഒരു വിരുതന്‍ പറയുന്നുണ്ടായിരുന്നു 'നാളെ ചിലപ്പോള്‍ പൂമരത്തിന്റെ ചുവട്ടിലെ ശുദ്ധവായു ശ്വസിച്ച് ഞങ്ങള്‍ ശ്രീബുദ്ധനെപ്പോലെ ആയിത്തീരില്ലെന്നും പറയാനാകില്ല'.