തിരുവനനന്തപുരം: കേരളത്തിലെ ആദ്യത്തെ മാനേജ്‌മെന്റ് ഫെസ്റ്റെന്ന് ഖ്യാതി നേടിയ 'മാനിയ' യുടെ 20-ാമത്തെ പതിപ്പ് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് കാര്യവട്ടം സര്‍വകലാശാലാ കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരള. വ്യത്യസ്തങ്ങളായ പരിപാടികളോടെ 'മാനിയ സീസണ്‍- 20' 12-നും 13-നും കാര്യവട്ടത്താണ് നടക്കുന്നത്.

 കഴിഞ്ഞ ഇരുപത് കൊല്ലങ്ങളായി ദക്ഷിണേന്ത്യയിലെ വിവിധ കാമ്പസുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി നടന്നുവരുന്ന മാനിയ ഒട്ടേറെ പുതുമകളുമായാണ് ഇക്കൊല്ലം നടക്കാന്‍ പോകുന്നത്. മികച്ച മാനേജര്‍, മാര്‍ക്കറ്റിങ് ടീം, സ്ട്രാറ്റജിക്ക് ടീം, വുമന്‍ ലീഡര്‍ എന്നിവരെ കണ്ടെത്താനുള്ള പരിപാടികളാണ് ഫെസ്റ്റിനെ ശ്രദ്ധേയമാക്കുന്നത്. സാംസ്‌കാരിക സംവാദങ്ങള്‍ക്കായി മാനിയയുടെ ഭാഗമായി 'കൊളോക്കിയം' എന്ന പരിപാടിയും ഒരുക്കുന്നുണ്ട്.

'കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കൊരു വിജയമന്ത്രം' എന്ന വിഷയത്തില്‍ ടെക്നോലോഡ്ജ് സി.ഇ.ഒ. ഡോ. കെ.സി. ചന്ദ്രശേഖരന്‍ നായര്‍, കെ.എസ്.സി.എസ്.ടി.ഇ. ജോയിന്റ് ഡയറക്ടര്‍ ഡോ. അജിത്ത് പ്രഭു, ഡോ. ഗോകുല്‍ അലക്‌സ്, നീലകാന്തന്‍ പദ്മനാഭന്‍, അര്‍ജുന്‍ സതീഷ്, ആര്‍ദ്രചന്ദ്ര മൗലി തുടങ്ങിയവര്‍ കൊളോക്കിയത്തിന്റെ ഭാഗമായി കുട്ടികളുമായി സംവദിക്കും. 

മറ്റ് മാനേജ്‌മെന്റ് ഫെസ്റ്റുകള്‍ നല്‍കുന്നതിനെക്കാളും മികച്ച സമ്മാനങ്ങളാണ് മാനിയയിലെ വിജയികളെ കാത്തിരിക്കുന്നത്. മാനിയയുടെ ഭാഗമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ ഊന്നല്‍ നല്‍കുന്നുണ്ട്. കഴിഞ്ഞകൊല്ലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സഹായമാണ് നല്‍കിയത്. ഇത്തവണ അര്‍ബുദരോഗകള്‍ക്കുള്ള ചികിത്സാസഹായമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.