‘‘ആകാശത്തുകൂടി സഞ്ചരിക്കുന്നവർ എന്നാണിവരുടെ പേരിനർത്ഥം. ഒരു ദുർദേവതയാണ്‌; ആരാണിവർ?
ചോദ്യം കേട്ട്‌ ഒരുനിമിഷം പകച്ചുപോയെങ്കിലും വരികൾക്കിടയിലൂടെ തന്നെ വായിച്ച്‌ മത്സരാർത്ഥികൾ ഉത്തരത്തിലേക്കെത്തി. നമ്മുടെ സ്വന്തം ‘ഡാകിനി’യായിരുന്നു ഉത്തരം.

എം.ഇ.എസ്‌. അസ്മാബി കോളേജിൽ നടന്ന സുമേധ ക്വിസ്‌ ഫെസ്റ്റിവലിലെ നൊസ്റ്റാൾജിയത്തിന്റെ പുസ്തകം എന്ന ക്വിസിലാണ്‌ നമ്മുടെ ബാല്യകാലസ്മരണകൾ ചോദ്യങ്ങളായി മാറിയത്‌. ദൂരദർശനും ശക്തിമാനും മാഗിയും മഷിത്തണ്ടും ദിനേശ്‌ബീഡിയുമൊക്കെ ചോദ്യങ്ങളായി മാറിയപ്പോൾ മത്സരാർത്ഥികൾക്ക്‌ പുതിയ അനുഭവമായിരുന്നു.

കയ്പമംഗലം നിയോജകമണ്ഡലത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉന്നതവിദ്യാഭ്യാസ പദ്ധതിയാണ്‌ സുമേധ. സുമേധയുടെയും എം.ഇ.എസ്‌. അസ്മാബി കോളേജിന്റെയും ആഭിമുഖ്യത്തിൽ ക്വിസ്‌ അസോസിയേഷൻ തൃശ്ശൂരിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്വിസ്‌ ഫെസ്റ്റിവലാണ്‌ അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയത്‌. നാലുദിനങ്ങളിലായി നടന്ന ക്വിസ്‌ ഫെസ്റ്റിവൽ ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.കെ. അബീദലി അധ്യക്ഷനായി.

ഹിഗ്വിറ്റ (സ്പോർട്‌സ്‌ ക്വിസ്‌), ഭാരത്‌ ദർശൻ (ഇന്ത്യ ക്വിസ്‌), മാമാങ്കം (കേരള ക്വിസ്‌), ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌ (സാഹിത്യ ക്വിസ്‌), പുട്ടും കടലേം (ഫുഡ്‌ ക്വിസ്‌), മണിച്ചിത്രത്താഴ്‌ (മലയാളസിനിമ ക്വിസ്‌) ഇങ്ങനെ നാലുദിവസംകൊണ്ട്‌ അഞ്ച്‌ വേദികളിലായി അരങ്ങേറിയത്‌ പതിനാറ്‌ മത്സരങ്ങളാണ്‌.

ഭൂതകാലകുളിർ എന്ന പേരിൽ നടന്ന മലയാള സാഹിത്യ ക്വിസിൽ ക്വിസ്‌മാസ്റ്ററായി എത്തിയത്‌ എഴുത്തുകാരിയും കേരളവർമ കോളേജ്‌ അസി. പ്രൊഫസറുമായ ദീപാ നിശാന്തായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ അറുപതു വർഷങ്ങൾ എന്ന വിഷയത്തിൽ നടന്ന ക്വിസ്‌ ‘വജ്രകേരളം’ നയിച്ചത്‌ ഇ.ടി. ടൈസൺ എം.എൽ.എ.യും പെരിഞ്ഞനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. സച്ചിത്തും ചേർന്നായിരുന്നു.  എൽ.പി. തലം മുതൽ ഓപ്പൺ ക്വിസുകൾ വരെ വ്യത്യസ്ത വിഷയങ്ങളിൽ അറിവിന്റെ വിസ്മയം തീർത്തുകൊണ്ടായിരുന്നു ക്വിസ്‌ ഫെസ്റ്റിവലിന്‌ സമാപനം കുറിച്ചത്‌.