അത്ര നിറപ്പകിട്ടില്ലാത്ത ജീവിത സാഹചര്യത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന  പലരെയും ഒരു നോട്ടം കൊണ്ട് പോലും പ്രോത്സാഹിപ്പിക്കാന്‍ പലപ്പോഴും ആരുമുണ്ടാകാറില്ല. പലപ്പോഴും ബാക്കിയാവുന്നത് എങ്ങുമെത്താനായില്ലല്ലോയെന്ന സങ്കടവും നിരാശയും മാത്രമായിരിക്കും. അങ്ങനെയുള്ള ജീവിതത്തോടുള്ള വെല്ലുവിളിയും ഒരേ സമയം അതിജീവനവുമായിരുന്നു വയനാട്ടിലെ തൃക്കൈപ്പറ്റയിലെ ഗോത്ര വിഭാഗക്കാരനായ എം.ആര്‍.രമേഷിന്റെ കലാജീവിതം. 

ചെറുപ്പം മുതലെ കാടിന്റെയും വന്യമൃഗങ്ങളുടെയും സാമീപ്യമുള്ള വയനാടിന്റെ നിഗൂഢതകളിലേക്കായിരുന്നു നിരീക്ഷണമെല്ലാം. ചെറിയ തുണ്ട് കടലാസിലാണെങ്കിലും ഇവയോരോന്നും പകര്‍ത്തി വെച്ചു. എളുപ്പത്തില്‍ വരയിലേക്ക് വഴങ്ങാത്ത സ്വരൂപങ്ങളെ മിനക്കെട്ടും കടലാസിലേക്ക് ക്ഷണിച്ചു. പകര്‍ന്നുവന്ന പലരൂപങ്ങളും ക്രമം തെറ്റിയും ആകാരം വെടിഞ്ഞും അമൂര്‍ത്തങ്ങളായി. ഒരു ആദിവാസി ജീവിതത്തെപോലെ തന്നെ പരുക്കന്‍ പ്രതലങ്ങളിലേക്ക് വരച്ചതൊക്കെയും പലതവണ ചിതറിപ്പോയി. കുറെയൊക്കെ കാലങ്ങളെടുത്ത് ഇവയെല്ലാം പൂര്‍ത്തിയാക്കി.

kkr 3

കര്‍ണാടകയിലെ അതിര്‍ത്തിയിലും നീലഗിരിയിലും തമിഴ്‌നാട്ടിലുമുള്ള മുള്ളുക്കുറുമ വിഭാഗത്തില്‍ നിന്നുള്ള കലാകാരനാണ് രമേഷ്. കാടിനോട് ഐക്യപ്പെട്ടുള്ള ജീവിതമായിരുന്നു ഇവരുടെ പുരാവൃത്തം. പിന്നീട് കൃഷിയും ഇവരുടെ ജീവിതത്തിന്റെ ഭാഗമായി. സാംസ്‌കാരികമായി ഉന്നതിയും ഇവര്‍ക്ക് സ്വന്തമായി. പകരം വെക്കാനില്ലാത്ത അനേകം അനുഷ്ഠാനങ്ങളെയും ഇവര്‍ ജീവിതത്തിനൊപ്പം വഴി നടത്തിയിരുന്നു. ഈ അനുഷ്ഠാനങ്ങളെ ഗോത്രവരകളിലൂടെ അടയാളപ്പെടുത്തുന്നു. അതിനൊപ്പം വയനാട്ടില്‍ വേരുപടര്‍ത്തി വളര്‍ന്ന മറ്റു ഗോത്രവിഭാഗങ്ങളുടെ അനുഷ്ഠാനങ്ങളിലേക്കും കണ്ണുപായിച്ചു.

നിറം നല്‍കിയ പണിയ ജീവിതം 
അംഗബലം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയരുടെ ചീനിവാദ്യവും തുടികൊട്ടും ക്യാന്‍വാസിലേക്ക് പര്‍ത്തിയിട്ടുണ്ട്. പുകമണക്കുന്ന കൂരയില്‍ പ്രകൃതിയോട് ഇണങ്ങിയ ജീവിതം മാത്രമായിരുന്നില്ല ആദിവാസികള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നത്. മഹത്തായ പൈതൃകമുള്ള സംസ്‌കാരത്തിന് പുറമെ ഒട്ടനവധി ഗോത്രകലകളും ഇവരുടെ ജിവിതത്തിന് ചാരുത പകര്‍ന്നു. ഇതൊക്കെയും തനിമ ചോരാതെ തന്നെ ചിത്രകലയിലേക്കും ഇണക്കി. വരേണ്യവര്‍ഗത്തിന്റെ വേഷപകിട്ടുകള്‍ ദേശത്തിന്റെ കലകളായി പരിണമിച്ചപ്പോള്‍ കെട്ടുകാഴ്ചകളും ചമയങ്ങളുമില്ലാതെ ആദിവാസികളുടെ തനതുകലകള്‍ ഇവരുടെ കുടിലിന് ചുറ്റും മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഇതിനോടുള്ള തീക്ഷ്ണമായ പ്രതിരോധങ്ങള്‍ കൂടിയാണ് ഈ ചിത്രമെഴുത്ത്. 

മേളപകര്‍ച്ചയില്‍ താളം മുറുകുമ്പോള്‍ പരിഭവങ്ങളും പരാതികളുമില്ലാതെ ഇവയൊക്കെ നിറഞ്ഞാടി. അടിയാന്‍മാരുടെ നാട്ടുഗദ്ദിക പണിയരുടെ കൂളികെട്ട് കുറിച്യരുടെ ഉച്ചാല്‍ കാട്ടുനായ്ക്കരുടെ ഗുഡ എന്നിവയെല്ലാം അരങ്ങൊഴിഞ്ഞു പോകുമ്പോള്‍ ചിത്രങ്ങളിലൂടെ ഇവ അതിജീവനം തേടുകയാണ്.
 
kkr

തുടിതാളവും ചീനിക്കുഴല്‍ വിളിയും താളത്തിനൊത്ത് ചിലങ്കയുമായി പണിയരുടെ കൂളികെട്ട് ഇന്ന് അപൂര്‍വ്വമാണ്. തുടിയും ചീനിയും പോയ്മറഞ്ഞു. സാംസ്‌കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ ഗോത്രഭൂമിയില്‍ ഇന്നലെയോളം പാരമ്പര്യത്തനിമയ്ക്ക് കുടപിടിച്ചുനിന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ആധുനിക പെരുമഴയില്‍ അലിഞ്ഞ് ഇല്ലാതാവുകയാണ്. ഇവിടെ നിന്നും തുടങ്ങുകയാണ് തായ്‌വേരുകള്‍ മുറിഞ്ഞുപോയ ആദിവാസികളുടെ ശിഥില ജീവിതം.

വയനാടിന്റെ സംസ്‌കൃതിയിലേക്ക് ആദ്യം ഇണങ്ങിചേര്‍ന്നവരാണ് ആദിവാസികള്‍ക്കിടയില്‍ ഇന്നും തനിമ സൂക്ഷിക്കുന്ന പണിയവിഭാഗക്കാര്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കെട്ടുപിണഞ്ഞ ജീവിതമായിരുന്നു ഇവരുടെ ഭൂതകാലം. കേരളത്തിന്റെ സംസ്‌കൃതിയില്‍ വേറിട്ടുനിന്നതാണ് ഇവരുടെ ഗോത്ര കലകള്‍. ഇവ സംരക്ഷിക്കപെടാനുള്ള സാധ്യതകളും അകലെയാണ്. ഇതിനിടയിലാണ് ഇവരുടെ ജീവിതവും ചിത്രങ്ങളിലൂടെ പുറംലോകമറിയുന്നത്. കൂളിയാട്ടം എന്ന ദൈവത്തെ കാണല്‍ചടങ്ങിനും ഈ കലാകാരന്‍ ചിത്രഭാഷ്യം നല്‍കിയിട്ടുണ്ട്. 

അടിയാന്‍മാരുടെ നാട്ടുഗദ്ദിക, പണിയരുടെ വട്ടക്കളി,കുറിച്യരുടെ വടക്കന്‍പാട്ട്, കാട്ടുനായ്ക്കരുടെ ഗുഡ, ഇങ്ങനെ നീളുന്ന  ആദിവാസികലുടെ കലകള്‍ ഓരോന്നും മുറതെറ്റാതെ അടുക്കും ചിട്ടയോടും കൂടി ഈ കലാകാരന്‍ കലാസ്വാദകര്‍ക്ക് മുന്നില്‍ നിരത്തിവെക്കും. കൃഷിയുടെ ആരവങ്ങളില്‍ ഗതകാല വയനാടിന് മറക്കാന്‍ പറ്റാത്തതാണ് കമ്പളനാട്ടി. തുടിയും ചീനിവാദ്യവും സമ്മേളിക്കുന്ന ചെളിപുരണ്ട വയലില്‍ നൃത്തചുവടുകളോടെ നാട്ടിപ്പണിചെയ്യുന്നതാണ് കമ്പളനാട്ടി. ഒരര്‍ത്ഥത്തില്‍  ജന്മിമാരുടെ നെല്‍പ്പാടങ്ങളില്‍ പണിതീര്‍ക്കാന്‍ അക്കാലത്ത് പ്രയോഗിക്കപ്പെട്ട സൂത്രവിദ്യ. എങ്കിലും തമ്പ്രാന്റെ പാടത്തെ ഈ കമ്പളനാട്ടിയെ പണിയ ഗോത്രങ്ങളും കാലങ്ങളോളം ഹൃദയത്തോട് ചേര്‍ത്തിരുന്നു. മഴക്കാലത്ത് വയല്‍പണി തുടങ്ങുമ്പോള്‍ ഉയര്‍ന്ന കമ്പളനാട്ടിയും രമേഷിന്റെ വരകളിലുണ്ട്.
 
കന്നുകാലികളും നെല്ലുകുത്തുപുരകളും ഏറെയുള്ള വയനാടെന്ന ദേശത്തിന് ഗോത്രകുലം നല്‍കിയത് ഒരു മികവുറ്റ ചരിത്രം കൂടിയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും പ്രകൃതിയെ പോറലേല്‍പ്പിക്കാതെ പിന്‍തമുറകള്‍ക്ക് കൈമാറുകയും ചെയ്യുക എന്നതായിരുന്നു ശീലം. ഈ ജീവിത പരിസരങ്ങള്‍ക്ക് പില്‍ക്കാലം തിരുത്ത് നല്‍കിയപ്പോള്‍ ഇതെല്ലാം മായാതെ സൂക്ഷിച്ചായിരുന്നു കടലാസിലേക്ക് പകര്‍ത്തിയത്.

wnd

കാടെന്ന ഗുരുകുലം
കാടെന്ന വിശാലമായ ലോകത്ത് സ്വതന്ത്രരായിരുന്നു ആദിവാസി ജനത. തേനെടുത്തും വനവിഭവങ്ങള്‍ ശേഖരിച്ചും ഇവര്‍ ജീവിതം പൂരിപ്പിച്ചെടുത്തു. കാട്ടുവള്ളികള്‍ കൊണ്ട് മുളക്കഴകങ്ങള്‍ വരിഞ്ഞുമുറുക്കി   രാപാര്‍ക്കാനുള്ള വീടുകളുണ്ടാക്കി. വിറക് ശേഖരിച്ച് അടുപ്പിലിട്ട് ഊതി അന്നന്ന് വേണ്ട ആഹാരം മാത്രം പാകം ചെയ്തു. കാട്ടുക്കിഴങ്ങുകളും ചുട്ടു തിന്നു. കാട്ടുമൃഗങ്ങളെ വേട്ടയാടിയുമാണ് മുന്നോട്ട് നടന്നത്. എല്ലാം കാട് നല്‍കിയതാണ് എന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നത്. കാടിനുള്ളില്‍ ഭീതി നിറഞ്ഞെതെന്തും ഇവര്‍ക്ക് ദൈവകോപത്തിന്റെ അടയാളങ്ങളായി. മീന്‍പിടുത്തവും കാടും വാദ്യങ്ങളും കടന്നുവരാത്ത ജീവിതം ഇവര്‍ക്കില്ലാത്തതുപോലെ ചിത്രങ്ങളും ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നില്ല. അടിത്തറകള്‍ നഷ്ടപ്പെട്ട ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി ഇവയെല്ലാം അവശേഷിക്കുന്നു
 
മേപ്പാടിക്കടുത്ത ഇടിഞ്ഞകൊല്ലിയില്‍ രാഘവന്റെയും രാധയുടെയും മകനാണ് രമേഷ്. ചെറുപ്പം മുതലെ വരയ്ക്കാനും പ്രകൃതിയെ നിരീക്ഷിക്കാനുമുള്ള ത്വരയുണ്ടായിരുന്നെങ്കിലും ഇതിനൊന്നും പറ്റിയ സാഹചര്യം ഉണ്ടായിരുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മാനന്തവാടിയിലെ ആര്‍ട്ടോണ്‍ ചിത്രകലാ പഠനശാലയില്‍ ചേര്‍ന്നു. പിന്നീട് കോഴിക്കോട് എസ്.കെ.പൊറ്റക്കാട് കെ.ജി.സി. ഇ യിലും ചിത്രകല അഭ്യസിച്ചു. വേറിട്ട രീതിയില്‍ പേനയും ജലഛായവും ഇടകലര്‍ന്ന രീതിയാണ് രമേഷ് സ്വീകരിച്ചത്. 

ഫോക്‌ലോര്‍ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വരയും എഴുത്തുമായി സ്വന്തം സമുദായത്തിന്റെ സംസ്‌കാരികത അടയാളപ്പെടുത്തുന്ന തോട എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. അജന്തയാണ് ഭാര്യ. ആദിത്യയാണ് ഏകമകള്‍.