സുഭിക്ഷമായ ഭക്ഷണവും വരന്റെ സുഹൃത്തുകളൊരുക്കുന്ന കല്ല്യാണസൊറകളും കൊണ്ട് കളര്‍ഫുള്ളായി മാറുന്നവയാണ് മലബാറിലെ കല്ല്യാണവീടുകള്‍. മിക്ക വിവാഹവേദികളിലും വിവാഹവിരുന്നുകളിലും ഇതിനൊപ്പം ഗാനമേളകളോ ബാന്‍ഡ് മേളമോ ചെണ്ടക്കാരോ കൂടിയുണ്ടാവും പരിപാടി കൊഴുപ്പിക്കാനും അതിഥികള്‍ക്ക് ആസ്വാദിക്കാനും. 

എന്നാല്‍ ഗാനമേളയും ഡിജെയും പോലുള്ള സ്ഥിരം കലാപരിപാടികള്‍ കണ്ടുശീലിച്ചവര്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു വടകര വട്ടോളിയിലെ സന്തോഷിന്റെ വിവാഹവിരുന്ന് സമ്മാനിച്ചത്. സ്ഥിരം കലാപരിപാടികള്‍ക്ക് പകരം ഒന്നരമണിക്കൂര്‍ നീളമുള്ള ഒരു നാടകമാണ് ഈ വിവാഹവീട്ടില്‍ അവതരിപ്പിക്കപ്പെട്ടത്. 

നാടക സ്‌നേഹിയും, കേരളത്തിലെ പ്രൊഫഷണല്‍ നാടക രംഗത്തെ കലാകാരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകൃതമായ ഡ്രാമാനന്ദം ചാരിറ്റബിള്‍ സൊസൈറ്റി യുടെ പ്രവര്‍ത്തകനുമായ സനേഷ് വടകരയുടെ അനുജന്റെ കല്യാണത്തോടനുബന്ധിച്ചുള്ള സ്‌നേഹ വിരുന്നില്‍ ആണ് മണിയൂര്‍ അകം നാടക വേദിയുടെ ' തുന്നല്‍ക്കാരന്‍ ' എന്ന നാടകം അരങ്ങേറിയത്. 

വധൂ വരന്മാരായ സന്തോഷ് - ജയലക്ഷ്മി എന്നിവര്‍ക്കൊപ്പം നിരവധി നാടക പ്രവര്‍ത്തകരും, നാട്ടിലെ മുതിര്‍ന്ന പൗരന്മാരും, കുട്ടികളും ഉള്‍പ്പെടുന്ന നിറഞ്ഞ സദസ്സില്‍ ആണ് 1 മണിക്കൂര്‍ 15 മിനുട്‌സ് ദൈര്‍ഘ്യമുള്ള നാടകം അവതരിപ്പിച്ചത്. സ്വന്തമായ ഒരു വീട് നിര്‍മ്മിക്കാന്‍ ലോണിന് വേണ്ടി കഷ്ടപ്പെടുന്ന തയ്യല്‍ തൊഴിലാളിയുടെ കഥയാണ് നാടകരൂപത്തില്‍ കല്ല്യാണവീട്ടില്‍ അവതരിപ്പിച്ചത്. 

30 വര്‍ഷത്തോളമായി പ്രൊഫഷണല്‍ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരായ മുരളി നമ്പിയാരും  അശോകന്‍ പതിയാരക്കരയും ആണ് നാടകത്തില്‍ വിവിധ കഥാപാത്രങ്ങള്‍ ആയി വേഷമിട്ടത്. ഇത്രയും വര്‍ഷത്തെ നാടക ജീവിതത്തില്‍ ഇതാദ്യമായാണ് ഒരു കല്യാണ വീട്ടില്‍ നാടകം അവതരിപ്പിക്കുന്നതെന്ന് മുരളിയും അശോകനും പറയുന്നു.

കല്ല്യാണവീട്ടിലെ നാടകാവതരണം വേറിട്ടൊരു അനുഭവമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഇരുവരും ഇനിയും ഒരുപാട് കല്ല്യാണവീടുകളിലേക്ക് നാടകവുമായി കടന്നുചെല്ലാനും അതുവഴി നാടകരംഗത്തിന് പുതിയൊരുണര്‍വ് നല്‍കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ്. അശോകന്റെ ഫോണ്‍ നമ്പര്‍: 9048906934

drama