ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക പരിശീലന ക്യാമ്പിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് ഏഴിന് 'ക്ലാവര്‍ റാണി' അരങ്ങേറും. ചൂരക്കാട്ടുകര അയ്യപ്പന്‍കാവ് ക്ഷേത്രമൈതാനിയില്‍ മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തീയേറ്ററാണ് അവതരിപ്പിക്കുന്നത്.

നാടകം ഇരുന്നൂറിലധികം വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ വര്‍ഷങ്ങളില്‍ മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചു നടന്മാര്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ നാടകം ഒരുക്കിയിരിക്കുന്നത്. ഒന്നേകാല്‍ മണിക്കൂറുണ്ട്.

എട്ടാം തീയതിയാണ് നാടക ക്യാമ്പ് തുടങ്ങിയത്. നാടകാവതരണങ്ങള്‍, സിനിമാ പ്രദര്‍ശനം, പ്രതിഭകളെ ആദരിക്കല്‍ എന്നിവയുണ്ടായി. തുറക്കാത്ത മേശ, പോലീസ് സ്‌റ്റേഷന്‍, വന്നോണം തിന്നോണം പൊക്കോണം എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു.

35പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. 16ന് വൈകീട്ട് ആറിനു സമാപിക്കും. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നാം സ്ഥാനം ലഭിച്ച നാടകത്തിന്റെയും ഡി- സോണ്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച നാടകത്തിന്റെയും സംവിധായകനായ നിഖില്‍ദാസ് പുറനാട്ടുകര, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച നാടകത്തിന്റെയും ഡി- സോണ്‍ കോളേജ് കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹിന്ദി നാടകത്തിന്റെയും സംവിധായകനായ നിജില്‍ദാസ് പുറനാട്ടുകര, അനീഷ് രവീന്ദ്രന്‍, അനശ്വര ദിനേഷ്ബാബു എന്നിവരെയാണ് ആദരിക്കുന്നത്.