ചിത്രകാരി കെ.ബി. ലതാദേവി വായിച്ചറിഞ്ഞ ബുദ്ധനെ മനോഹരമായ ശില്‍പത്തിലൂടെ പൂര്‍ത്തീകരിച്ചിരിക്കുകയാണ് അനില്‍ ബി. കൃഷ്ണ.  ചിയ്യാരത്തെ ലതാദേവിയുടെ വീട്ടിലെ സ്വീകരണമുറിയിലാണ് പത്തടി സമചതുര പ്രതലത്തില്‍ ബുദ്ധശില്പം ഒരുക്കിയിരിക്കുന്നത്. 

ഫൈബര്‍ ഗ്ലാസ്സിലാണ് ശില്പം തീര്‍ത്തിരിക്കുന്നത്. മഞ്ഞ, നീല, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ഗ്ലാസ്സുകളില്‍ ഫ്രെയിം ചെയ്തിരിക്കുന്നതിനാല്‍ ഒരേസമയം മൂന്നു നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. രണ്ടരമാസം കൊണ്ടാണ് ശില്പം പൂര്‍ത്തിയാക്കിയത്. 

വ്യാവസായിക അടിസ്ഥാനത്തില്‍ ശില്പമുണ്ടാക്കിയിരുന്ന അനില്‍ തന്റെ കലാജീവിതത്തിലെ മികച്ച സൃഷ്ടിയായാണ് ഈ ബുദ്ധശില്പത്തെ കരുതുന്നത്. 'സുതാര്യനായ ബുദ്ധന്‍' എന്ന പേരാണ് ഇദ്ദേഹം ശില്പത്തിന് നല്‍കിയിരിക്കുന്നത്. 

ശില്പത്തിന്റെ അനാച്ഛാദന പരിപാടിയില്‍ ഡോ. വിജയകുമാര്‍ മേനോന്‍, ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് എന്നിവരും പങ്കെടുത്തു. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ സ്വദേശിയായ അനില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ശില്പങ്ങള്‍ തീര്‍ത്തിട്ടുണ്ട്. 

അടുത്തതായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാവാലത്ത് ഒരുങ്ങുന്ന 'നെന്മണി സത്ത്' എന്ന അയ്യപ്പപ്പണിക്കരുടെ വെങ്കല ശില്പവും കുട്ടനാടിന്റെ പ്രതീകമായ അരിവാര്‍പ്പിന്റെ മാതൃകയും നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഈ കലാകാരന്‍.