ഒരു ശരീരത്തിലൂടെ കടന്നുപോയ എട്ടോളം കഥാപാത്രങ്ങള്‍. ഓരോന്നിനും ഓരോ ഭാവം, ഓരോ സ്വരം... 

പെണ്ണിന്റെ ഉടലിലൂടെയും ഉയിരിലൂടെയും പെണ്ണുയിരിന്റെ പ്രത്യയശാസ്ത്രം പ്രേക്ഷകനിലേക്ക് എത്തിച്ച ഏകാങ്കനാടകം വ്യത്യസ്തതയുടെ മുഖവുമായാണ് അരങ്ങിലെത്തിയത്.

പുരാണ- ചരിത്ര- കാലിക പ്രസക്തിയുള്ള സ്ത്രീ കഥാപാത്രങ്ങള്‍ അജിതാ നമ്പ്യാരിലൂടെ പുനര്‍ജനിച്ചപ്പോള്‍ അവര്‍ പറയാതെ പറഞ്ഞത് ജീവിതത്തില്‍ ആരും പ്രാധാന്യം കൊടുക്കാത്ത സുപ്രധാനമായ ചില കാഴ്ചപ്പാടുകള്‍ക്കാണ്. 

പെണ്‍ ഉയിരുകളിലേക്കുള്ള ആഴത്തിലുള്ള ഒരു വായനയായിരുന്നു നാടകം സമ്മാനിച്ചത്. 40 വര്‍ഷമായി കോഴിക്കോടന്‍ കലാസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ 'യൂക്കി' കള്‍ച്ചറല്‍ ടീമാണ് നാടകം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചത്. 

സിനിമാ- നാടക നടനും സംവിധായകനുമായ വിജയന്‍ വി. നായരാണ് നാടകത്തിന്റെ സംവിധാനവും വേദിയിലെ ദീപാലങ്കാരവും നിര്‍വഹിച്ചത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിന്റെ രചന എ.കെ. രവിവര്‍മയുടേതാണ്.