വായില്‍ കടിച്ചുപിടിച്ചിരിക്കുന്ന എലിക്കുഞ്ഞുമായി മുന്നോട്ടു കുതിക്കുകയാണ് ഒരു പാമ്പ്. തൊട്ടുപിന്നാലെ വീര്യത്തോടെ ഒരു അമ്മ എലി. കടുവയെ പിടിച്ച കിടുവ എന്ന് പറയുമ്പോലെയുള്ള ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ വൈറല്‍ കാഴ്ച.

ഒരു റോഡരികിലാണ് കാണുന്ന ആരെയും മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങള്‍ അരങ്ങേറിയത്. കുഞ്ഞിനെ രക്ഷിക്കാനായി അമ്മ എലി പാമ്പിന്റെ പിറകെ ചെല്ലുകയാണ്. എലിക്കുഞ്ഞിനെ താഴെയിടുംവരെ പാമ്പിന്റെ വാലിലും ദേഹത്തും അമ്മ എലി കടിക്കുകയും മാന്തുകയുമൊക്കെ ചെയ്യുന്നുണ്ട്. ഒടുവില്‍ രക്ഷയില്ലാതെ കുഞ്ഞെലിയെ റോഡിലുപേക്ഷിച്ച് പാമ്പ് രക്ഷപ്പെടുകയാണ്. സംശയം തീരാതെ അമ്മ എലി പാമ്പ് പോയ വഴിയേ പോയി നോക്കുന്നതും വീഡിയോയില്‍ കാണാം. 

കുഞ്ഞിനെയും കടിച്ചെടുത്ത് അമ്മ റോഡരികിലെ കുറ്റിച്ചെടികള്‍ക്കിടയിലേക്ക് പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. റോജസ് മോണ്ടെസിനോ എന്‍വി എന്നയാളാണ് ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടത്. അഞ്ച് ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതുവരെ കണ്ടത്.