കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള തട്ടിക്കൊണ്ടു പോകല്‍ ദൃശ്യങ്ങളാണിത്. സെല്‍ഫോണ്‍ ഷോപ്പില്‍ അമ്മയോടൊപ്പം നില്‍ക്കുന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോവാനുള്ള ശ്രമമാണ് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞത്.

ഒരു കുട്ടിയെയുമെടുത്ത് നില്‍ക്കുന്ന സ്ത്രീക്കരികില്‍ കടയുടെ വാതിലിനരികിലായാണ് നാല് വയസ്സുകാരി നിന്നിരുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാള്‍ പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയും പുറത്തേക്ക് വലിച്ചുകൊണ്ടുപോവുകയുമായിരുന്നു. ഇത് കണ്ട അമ്മ പിന്നാലെ പോകുന്നതും പെണ്‍കുട്ടിയുമായി തിരികെ വരുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആക്രമിയുടെ കയ്യില്‍ നിന്നും പെണ്‍കുട്ടി വീണതാണ് രക്ഷപ്പെടാന്‍ കാരണമെന്നാണ് സൂചന.24 കാരനായ ഒരാളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. കടയുടമയും കടയിലുണ്ടായിരുന്ന മറ്റൊരാളും ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.