ബിഹാര്‍:  കുട്ടികള്‍ അധ്യാപകരെയും അവരുടെ ചൂരലിനെയുമൊക്കെ പേടിച്ചിരുന്ന കഥ പറഞ്ഞാല്‍ ഇന്നത്തെ കുട്ടികള്‍ വിശ്വസിക്കുമോയെന്നു സംശമാണ്, പ്രത്യേകിച്ച് ബീഹാറിൽ. ഇവിടെ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. അധ്യാപകര്‍ വിദ്യാര്‍ഥികളെ പേടിച്ച് സ്‌കൂളില്‍ പോകാറില്ലെന്നു പറയുന്നതാകും ശരി. വിനോദയാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രകോപിതരായ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തന്നെ തല്ലിത്തകര്‍ത്താണ് അരിശം തീർത്തത്. ബിഹാറിലെ നളന്തയിലാണ് ഈ സംഭവം.

പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാര്‍ഥി പുന:പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ നാണക്കേടു മാറും മുമ്പേയാണ് വിദ്യാര്‍ഥികള്‍ വിനോദയാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അടിച്ചു തകര്‍ത്തെന്ന വാര്‍ത്ത പുറത്ത് വരുന്നത്. സ്‌കൂളിലെ ഡസ്‌ക്കും ബെഞ്ചും ഉള്‍പ്പെടെയുള്ളവ വിദ്യാര്‍ഥികള്‍ തല്ലിപ്പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ അധികാരികളൊ അധ്യാപകരെ വിദ്യാര്‍ഥികളെ തടയുന്നതായി ദൃശ്യങ്ങളില്‍ കാണുന്നില്ല. സ്‌കൂള്‍ തല്ലിപ്പൊളിച്ച ശേഷം വിദ്യാര്‍ഥികള്‍ നൃത്തംവയ്ക്കുന്ന ദൃശ്യങ്ങളും കാണാം. 

അടുത്ത കാലത്തായി ബിഹാര്‍ വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അനധികൃതമായി വിദ്യാര്‍ഥികളെ വിജയിപ്പിച്ചതിന് കഴിഞ്ഞമാസം വിദ്യാര്‍ഥികളെയും അധ്യാപകരെയും അറസ്റ്റ് ചെയ്തിരുന്നു.