തോക്കുമായി കൊള്ളയ്‌ക്കെത്തിയയാളെ കൂളായി നേരിട്ട് കച്ചവടക്കാരന്‍ താരമായി. തോക്കേന്തിയ കൊള്ളക്കാരനെ അവഗണിച്ച് നിര്‍ബാധം തന്റെ ജോലി തുടരുന്ന കബാബ് ഷോപ്പുടമ സെയ്ദ് അഹ്മദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലാണ് സംഭവം. മുഖംമൂടി ധരിച്ച് ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ ബാഗുമായെത്തിയ കവര്‍ച്ചക്കാരന്‍ ഷോപ്പിലെത്തി അഹ്മദിനോട് പണമാവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, ഇയാളെ ശ്രദ്ധിക്കാതെ അഹ്മദ് തന്റെ ജോലി തുടരുകയായിരുന്നു. കബാബ് ഉണ്ടാക്കിയ ശേഷം ആക്രമിക്ക് പിന്നില്‍ നിന്ന ഉപഭോകതാവിന് അഹ്മദ് കബാബ് നല്‍കുകയും ചെയ്തു. അല്‍പം സംശയത്തോടെ കബാബ് സ്വീകരിച്ച് ഉപഭോക്താവ് ഉടന്‍ തന്നെ പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

ഉപഭോക്താവിന് കബാബ് കൈമാറിയ ശേഷം അഹ്മദ് മെല്ലെ നടന്ന് കൗണ്ടറിന് പുറത്തേക്ക് പോകുന്നതും അല്‍പസമയം എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുനിന്ന ശേഷം കള്ളന്‍ പുറത്തേക്ക് പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കള്ളന് തന്നെ പേടിപ്പിക്കാനായില്ലെന്ന് ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഹ്മദ് പറഞ്ഞു. അവന്‍ വന്നത് മോഷ്ടിക്കാനാണ്, എന്നെ കൊല്ലാനല്ല - അമ്പത്തഞ്ചുകാരനായ അഹ്മദ് പറയുന്നു.

20 വര്‍ഷം മുമ്പ് ഈജിപ്തില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ ആളാണ് അഹ്മദ്. കബാബ് ഷോപ്പ് നടത്തുന്ന കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും അഹ്മദ് വ്യക്തമാക്കുന്നു.