ഓരോരുത്തരുടെ തലവര തെളിയുന്നത് എങ്ങനെ ഏത് സമയത്താണെന്ന് പറയാനാവില്ല. ജപ്പാനിലെ പികോ താരോ എന്ന ഗായകന്റെ കാര്യം തന്നെയെടുക്കാം. മൂന്നേ മൂന്ന് വാക്കുകളുപയോഗിച്ച് കക്ഷി തയ്യാറാക്കിയ ഒരു ഗാനം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ തിരയിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

പെന്‍, ആപ്പിള്‍, പൈനാപ്പിള്‍ എന്നീ വാക്കുകള്‍ മാത്രമേ ഗാനത്തിലുപയോഗിച്ചിട്ടുള്ളൂ. ഒരുമിനിറ്റാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. വെളുത്ത പശ്ചാത്തലത്തില്‍ മഞ്ഞനിറത്തിലുള്ള അയഞ്ഞ വസ്ത്രവും പ്രത്യേകരീതിയിലുള്ള നൃത്തച്ചുവടുകളുമായെത്തിയാണ് പികോ താരെ കാഴ്ചക്കാരെ കയ്യിലെടുത്തിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ രണ്ടര മില്ല്യണ്‍ പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. പാട്ട് കേട്ട് രസം പിടിച്ച മറ്റ് ചിലരാകട്ടെ പാട്ടിനൊത്ത് ഡബ്‌സ്മാഷ് പോലുള്ള വീഡിയോകളുണ്ടാക്കി യൂട്യൂബിലിട്ടു. ഇതിനും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജപ്പാനിലെ പ്രമുഖ കൊമേഡിയനും ഡി.ജെയുമായ കൊസാക്ക ഡയാമോ സ്‌റ്റേജ് പരിപാടികള്‍ക്കായി സൃഷ്ടിച്ച ഒരു കഥാപാത്രമാണ് പികോ താരോ. കസൂഹികോ കൊസാക്ക എന്നാണ് ഡയാമോയുടെ യഥാര്‍ത്ഥ പേര്. വൈറല്‍ ഗാനത്തിന്റെ രചനയും സംഗീതവും ഇദ്ദേഹം തന്നെയാണ്.