ഇതിനു മുന്‍പ് ചെരുപ്പുകളിടാതെ ഇത്ര ദൂരം നടന്നതെന്നാണെന്നോര്‍ത്തു നോക്കി. കുട്ടിക്കാലത്താവണം. അന്ന് വെയിലോ മഴയോ മണ്ണോ പൊടിയോ ഒന്നും അലട്ടിയിരുന്നില്ല. പക്ഷേ ഇപ്പോള്‍ ചരല്‍ക്കല്ലുകള്‍ കാലിനെ വേദനിപ്പിക്കുന്നു. വെല്ലഗവി ഗ്രാമത്തിലായിരുന്നു ഞങ്ങള്‍. പാദരക്ഷകള്‍ക്ക് ഇവിടെ പ്രവേശനമില്ല. മലമുകളിലെ ഈ ഗ്രാമത്തില്‍ ഇരുപത്തഞ്ചോളം ക്ഷേത്രങ്ങളുണ്ട്. ജീവിക്കുന്നത് ഒരു പുണ്യഭൂമിയിലാണെന്ന് വെല്ലഗവിക്കാര്‍ വിശ്വസിക്കുന്നു. അതിനാല്‍ ഗ്രാമത്തിനുള്ളിലേയ്ക്കു കടക്കുമ്പോള്‍ അവര്‍ പാദുകങ്ങള്‍ ഉപേക്ഷിക്കും. 

(Kumbakarai)

ആറുമണിക്കൂര്‍ നീണ്ട നടത്തത്തിനു ശേഷമാണ് പളനി മലനിരകള്‍ക്കു മുകളിലുള്ള വെല്ലഗവിയില്‍ എത്തിയത്. തലേന്ന് കൊടൈക്കനാലിലേയ്ക്കു വരുമ്പോള്‍ പരിചയപ്പെട്ട ടിറ്റോ ഫ്രാന്‍സിസും പ്രവീണ്‍ അയ്യരും വെല്ലഗവിയിലേയ്ക്കുള്ള യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. വട്ടക്കനാല്‍ വരെ ടാക്‌സി വരും. തുടര്‍ന്നങ്ങോട്ട് ഏഴു കിലോമീറ്റര്‍ നടക്കണം. കാട്ടുവഴിയാണ്. മലകള്‍ കയറണം; ഇറങ്ങണം. പോകുംവഴിയിലാണ് ഡോള്‍ഫിന്‍ നോസ് വ്യൂ പോയിന്റ്. കൊടൈക്കനാലിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്. ഡോള്‍ഫിന്‍ നോസ് പിന്നിടും വരെ വഴിയില്‍ നിറയെ സഞ്ചാരികളുണ്ടായിരുന്നു; ഇരുവശത്തും കടകളും. വില്‍പ്പനയ്ക്കു വച്ച പലതരം പഴങ്ങള്‍. കോടമഞ്ഞില്‍ ഉറങ്ങി കിടക്കുന്ന യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍. വെല്ലഗവിയിലേയ്ക്ക് എത്ര ദൂരം നടക്കണം എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്നില്ല. കൊടൈക്കനാലില്‍ നിന്ന് വെല്ലഗവിയിലേയ്ക്ക് ആറുകിലോമീറ്ററേയുള്ളൂവെന്നാണ് ഗൂഗിള്‍ മാപ്പ് പറയുക. പക്ഷേ സൂക്ഷിച്ചു നോക്കിയാല്‍ അത് വട്ടക്കനാലിലേയ്ക്കുള്ള ദൂരമാണെന്നു മനസ്സിലാകും. വട്ടക്കനാലും ഡോള്‍ഫിന്‍ നോസും കഴിഞ്ഞ് പച്ചനിറത്തിലുള്ള ഭാഗത്ത് വെല്ലഗവി കാണാം. പക്ഷേ അവിടേയ്ക്കുള്ള വഴി പറഞ്ഞു തരാന്‍ ഗൂഗിള്‍ മാപ്പിന് അറിയില്ല!

(Kumbakarai)

തുടക്കത്തില്‍ മെല്ലെയാണ് നടന്നത്. കടകളില്‍ കയറിയിറങ്ങി, ഫോട്ടോകളെടുത്ത് ഡോള്‍ഫിന്‍ നോസിലെത്തി. കൂര്‍ത്ത പാറക്കെട്ടില്‍ നിന്നിരുന്ന ചെറുപ്പക്കാരിലൊരാള്‍ വെല്ലഗവിയിലേയ്ക്കാണോ യാത്ര എന്നു തിരക്കി. അയാള്‍ ആ ഗ്രാമത്തില്‍ മുന്‍പു പോയിട്ടുണ്ട്. ചുരുങ്ങിയത് നാലുമണിക്കൂറെങ്കിലും നടക്കണം. ഇന്നു തന്നെ മടങ്ങിവരണമെന്നുണ്ടെങ്കില്‍ സ്പീഡ് കൂട്ടിയേ പറ്റൂ. ഇരുട്ടു വീണാല്‍ തിരികെ വരുന്നത് ബുദ്ധിമുട്ടാകും. നന്ദി പറഞ്ഞ് ഞങ്ങള്‍ നടന്നു ; വേഗത്തില്‍ തന്നെ. പക്ഷേ കണക്കുകൂട്ടിയതു പോലെ അതത്ര എളുപ്പമായിരുന്നില്ല. വഴി പലപ്പോഴും കുത്തനെയുള്ള കയറ്റങ്ങളാവും ; തുടര്‍ന്ന് കാല്‍വഴുതിപ്പോകുന്ന ഇറക്കങ്ങള്‍. ''ചിരിച്ചു ചിരിച്ചു മരിക്കുംന്നാ തോന്നണേട്ടോ'' കിതച്ചുകൊണ്ടുള്ള നടത്തത്തിനിടെ തൃശൂര്‍ക്കാരനായ പ്രവീണ്‍ ഇന്നസെന്റ് സ്റ്റൈലില്‍ പറഞ്ഞു. 

(Kumbakarai)

ഡോള്‍ഫിന്‍ നോസ് കഴിഞ്ഞതോടെ വഴി വിജനമായി. ഞങ്ങള്‍ക്കെതിരേയോ പിന്നാലെയോ ആരും വന്നില്ല. പലപ്പോഴും വഴിതെറ്റിയോ എന്ന് സംശയിച്ചു. പക്ഷേ ചോദിക്കാന്‍ ആരെയെങ്കിലും കാണണ്ടേ? ചിലയിടങ്ങളില്‍ ഒന്നുരണ്ടു കൈവഴികള്‍ ഉണ്ടായിരുന്നെങ്കിലും പ്രധാന പാത (അങ്ങനെ വിശേഷിപ്പിക്കാമോ എന്തോ) ഇതുതന്നെയാണെന്ന് ഏതാണ്ടുറപ്പായിരുന്നു. അപ്പോഴാണ് പിന്നാലെ ഒരാള്‍ വന്നത്. വെല്ലഗവിയിലെ താമസക്കാരന്‍. കൈക്കോട്ടുമായി തോട്ടത്തിലേയ്ക്കു പോകുകയാണ്. നിങ്ങളുടെ ഗ്രാമത്തിലേയ്ക്കാണെന്നു പറഞ്ഞപ്പോള്‍ സന്തോഷമായി. എനിക്കൊപ്പം പോരൂ എന്ന് ക്ഷണിച്ചു. അല്പസമയത്തെ നടത്തത്തിനിടെ ഒരു കാര്യം ബോധ്യമായി. മുന്നില്‍ നടക്കുന്ന വെല്ലഗവിക്കാരന് ഇതു കേവലം വീട്ടിലേയ്ക്കുള്ള വഴിയാണ്. ദിവസവും എത്രയോ തവണ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. വട്ടക്കനാലില്‍ നിന്നു നടന്നു തുടങ്ങിയാല്‍ വെല്ലഗവിയിലെത്തിയേ അയാള്‍ വിശ്രമിക്കൂ.  ഞങ്ങളുടെ കാര്യം അങ്ങനെയല്ല. അതുകൊണ്ട് ഞങ്ങള്‍ വഴിക്കു വച്ച് പിരിഞ്ഞു. ഗ്രാമത്തില്‍ കാണാമെന്നു പറഞ്ഞ് കൈക്കോട്ടും തൂക്കി അയാള്‍ നടന്നു മറഞ്ഞു. പോകും മുന്‍പ് ഇനി കഷ്ടി ഇരുപതു മിനിറ്റു നടന്നാല്‍ മതിയെന്നും പറഞ്ഞു. 

ഇരുപതു മിനിറ്റ് പെട്ടെന്നു കടന്നുപോയി. ഞങ്ങള്‍ കാടിനു നടുവില്‍ തന്നെ. ഒരുപക്ഷേ ഗ്രാമീണന്‍ പറഞ്ഞതു ശരിയായിക്കാം. അയാളുടെയത്ര വേഗത്തില്‍ നടന്നാല്‍ ഇരുപതു മിനിറ്റു കൊണ്ട് വെല്ലഗവിയിലെത്തിയേക്കും. ഞങ്ങള്‍ പലയിടത്തും വിശ്രമിച്ചു. ചിത്രങ്ങളെടുത്തു. മലനിരകളെ കോടമഞ്ഞു പൊതിയുന്നതു നോക്കി നിന്നു. വഴിയിലെ പാറകളില്‍ കയറിയിറങ്ങി. അങ്ങനെ നടക്കുമ്പോള്‍ അകലെ മലകള്‍ക്കു നടുവില്‍ ആ ഗ്രാമം ഞങ്ങള്‍ കണ്ടു. ഓടുപാകിയ വീടുകള്‍.  നീലച്ചായം പൂശിയ ചുമരുകള്‍. മലമുകളില്‍, കാടിനു നടുവില്‍ ഒറ്റപ്പെട്ടു കിടക്കുന്ന വെല്ലഗവി ! നടത്തം വേഗത്തിലാക്കി. എന്നിട്ടും ഒരു മണിക്കൂറോളം വേണ്ടി വന്നു വഴിയില്‍ വച്ചു ഞങ്ങള്‍ കണ്ട ആ ഗ്രാമത്തിലെത്താന്‍. 

(Kumbakarai)


ഒരു കോവിലിനു മുന്നിലൂടെയാണ് വെല്ലഗവിയിലേയ്ക്കു കടക്കേണ്ടത്. ഇവിടെ ചെരുപ്പുകള്‍ അഴിച്ചു വയ്ക്കണം. ഇളം വയലറ്റ് നിറത്തിലുള്ള സാരിയണിഞ്ഞ സ്ത്രീ ഞങ്ങള്‍ക്കരികിലേയ്ക്കു വന്നു. അവര്‍ ചിരിച്ചു കൊണ്ടു സ്വീകരിച്ചു. ഗ്രാമം നടന്നു കാണാന്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം വരാമെന്നു പറഞ്ഞു. ഇവര്‍  ഗൈഡാണോ ? കൊടൈക്കനാല്‍ എന്ന ടൂറിസ്റ്റ് പട്ടണത്തിന്റെ സംസ്‌കാരം മാത്രം പരിചയിച്ച ഞങ്ങള്‍ സംശയിച്ചു. പക്ഷേ സുബ്ബമ്മാള്‍ ടൂറിസ്റ്റ് ഗൈഡ് അല്ലായിരുന്നു. വെല്ലഗവിക്കാര്‍ക്ക് ഗൈഡുകളാവാന്‍ കഴിയില്ല. നിങ്ങളെ വീട്ടിലെത്തുന്ന അതിഥികളെപ്പോലെ സ്വീകരിക്കാനും സ്‌നേഹിക്കാനും മാത്രമേ അവര്‍ പഠിച്ചിട്ടുള്ളൂ. ഞങ്ങള്‍ വെല്ലഗവിയിലെ വഴികളിലൂടെ നടന്നു. ഇവിടെ എത്ര വീടുകളുണ്ടാകും? കണ്ടുപിടിക്കാന്‍ എളുപ്പമല്ല. ഒരുവീട് തൊട്ടടുത്തതില്‍ നിന്ന് വേര്‍തിരിച്ചിട്ടില്ല. നിരയായുള്ള ലൈന്‍ വീടുകളാണ് ഈ ഗ്രാമത്തിലേത്. ഓരോ നിരയും അവസാനിക്കുന്നത് ഒരു കോവിലിനരികിലാവും. ചില വീടുകള്‍ക്കു മുന്നില്‍ ഭംഗിയില്‍ കോലമെഴുതിയിട്ടുണ്ട്. ഓരോ വാതിലിനു മുന്നിലെത്തുമ്പോഴും അതിനുള്ളില്‍ നിന്ന് ആരെങ്കിലും വന്ന് ഞങ്ങളെ അകത്തേയ്ക്കു ക്ഷണിച്ചു. വിശേഷങ്ങള്‍ തിരക്കി. മിക്കവീടുകളുടേയും ചുമരില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചിരുന്നു; വാതിലുകളില്‍ ചന്ദനക്കുറികളും. പ്രേമലതയുടെ വീട് അത്തരമൊന്നായിരുന്നു. ഇളംമഞ്ഞ നിറമുള്ള ചുവരിനോടു ചേര്‍ന്ന് കടുംനീല വാതില്‍. ചുവരിലും നിലത്തും നിറയെചിത്രങ്ങള്‍. അവരുടെ അഞ്ചുവയസ്സുകാരനായ മകന്‍ പുറത്തു കളിക്കുന്നുണ്ടായിരുന്നു. വീട്ടുകാരി ഞങ്ങളെ നിര്‍ബന്ധിച്ച് അകത്തേയ്ക്കു കൊണ്ടുപോയി. ഗ്ലാസില്‍ ചൂടുകാപ്പി പകര്‍ന്നു തന്നു. ചുമരിനോടു ചേര്‍ന്നുള്ള അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന പാത്രങ്ങള്‍. തറയില്‍ ഒരു ഭാഗത്ത് നിലവിളക്കും പൂജാദ്രവ്യങ്ങളും. അകത്തെ ചുമരുകളിലും വാതിലുകളിലും നിറയെ ചിത്രങ്ങളുണ്ടായിരുന്നു. വെല്ലഗവിയിലെ ഏതാണ്ടെല്ലാവീടുകളും ഇതുപോലെയായിരുന്നു. 

(Kumbakarai)

സുബ്ബമ്മാള്‍ ഞങ്ങളെ മറ്റൊരുവീട്ടിലേയ്ക്കു കൊണ്ടുപോയി. രാജാമണിയമ്മാളാണ് ഇവിടെ താമസം. എണ്‍പതു വയസ്സുള്ള അവര്‍ ഈ ഗ്രാമത്തിന്റെ മുഴുവന്‍ അമ്മയാണ്. ആ വീട് ഒരു കോവില്‍ പോലെ തോന്നിച്ചു. ചുമരില്‍ മുഴുവന്‍ ദൈവങ്ങള്‍. ചന്ദനത്തിന്റേയും കര്‍പ്പൂരത്തിന്റേയും ഗന്ധം തളംകെട്ടി നില്‍ക്കുന്ന മുറി. രാജാമണിയമ്മാള്‍ സന്തോഷത്തിലായിരുന്നു. ഞങ്ങളോടു ഭക്ഷണം കഴിച്ചോ എന്ന് തിരക്കി. വിശക്കുന്നില്ലെന്ന് ഞങ്ങള്‍ (കള്ളം)പറഞ്ഞു. അവര്‍ അടുക്കളയില്‍ അടച്ചു വച്ച പാത്രങ്ങളില്‍ നിന്ന് എന്തൊക്കെയോ പകര്‍ന്നു തരാനുള്ള ഒരുക്കത്തിലായിരുന്നു. ഞങ്ങള്‍ വിലക്കി. ഒടുവില്‍ ബട്ടര്‍ഫ്രൂട്ടെങ്കിലും കഴിക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ കുറച്ചു പഴങ്ങളെടുത്ത് കല്ലില്‍ വച്ച് അരച്ചു. ഇളംപച്ച നിറത്തിലുള്ള അതിന് നല്ല മധുരമുണ്ടായിരുന്നു; തണുപ്പും. ഞങ്ങള്‍ അത് ആസ്വദിച്ചു കഴിച്ചു. പ്ലേറ്റ് ഒഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും പകര്‍ന്നു തന്നു. രാവിലെ നടക്കാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ ഭക്ഷണമൊന്നും കരുതിയിരുന്നില്ല. ഇപ്പോള്‍ സമയം രണ്ടുമണി കഴിഞ്ഞു. നന്നായി വിശക്കുന്നുണ്ടായിരുന്നു. ഈ ബട്ടര്‍ഫ്രൂട്ട് പേസ്റ്റ് ഞങ്ങളുടെ വിശപ്പും ദാഹവുമെല്ലാം അകറ്റി. 

(Kumbakarai)

വെല്ലഗവിയുടെ ഏറ്റവും മുകള്‍ഭാഗത്തേയ്ക്കു ഞങ്ങള്‍ നടന്നു. അവിടെ കാടിനു മുകളില്‍, മലകള്‍ക്കു താഴെ ഒരു മുരുകക്ഷേത്രമുണ്ടായിരുന്നു. നിശബ്ദമായ, സ്വച്ഛമായ ആ കോവിലിനു മുന്നില്‍ അല്പനേരം നിന്നു. ചുറ്റും മേഘങ്ങളെ തൊട്ടുനില്‍ക്കുന്ന മലകള്‍. തിരികെ നടക്കുമ്പോള്‍ വീടുകള്‍ക്കു നടുവിലെ വഴിയിലൂടെ കുറേ കുട്ടികള്‍ ഓടിപ്പോയി. ചെരുപ്പുകളണിയാത്ത അവരുടെ കാലുകള്‍ക്ക് ഒരേ നിറമായിരുന്നു. 

ഗ്രാമത്തില്‍ ഒരു ദിവസം തങ്ങാന്‍ സുബ്ബമ്മാള്‍ ഞങ്ങളെ ഒരുപാടു നിര്‍ബന്ധിച്ചു. ''അടുത്ത തവണ വരുമ്പോള്‍ രണ്ടുദിവസം ഗ്രാമത്തില്‍ താമസിക്കണം''- ഞങ്ങള്‍ തലകുലുക്കി. വെല്ലഗവിയില്‍ ഒരു സ്‌കൂളുണ്ട്. എന്നാല്‍ ആശുപത്രിയില്ല. അതാണ് ഞങ്ങളുടെ ദു:ഖം- സുബ്ബമ്മാള്‍ പറഞ്ഞു. പ്രായമായ ഒരുപാടു പേരുണ്ട് ഇവിടെ. കുട്ടികളും. എന്തെങ്കിലും അസുഖം വന്നാല്‍ ഏഴു കിലോമീറ്റര്‍ നടക്കണം. അല്ലെങ്കില്‍ ചുമന്നു കൊണ്ടു പോകണം. ഗര്‍ഭിണിയായാല്‍ സ്ത്രീകള്‍ പട്ടണത്തിലുള്ള ബന്ധുവീടുകളില്‍ താമസിക്കും. പ്രസവത്തിന് മാസങ്ങള്‍ക്കു മുന്‍പേ അവര്‍ വെല്ലഗവിയില്‍ നിന്നു മാറിനില്‍ക്കും. മുന്നൂറു വര്‍ഷം പഴക്കമുള്ള ഗ്രാമമാണിതെന്ന് രാജാമണിയമ്മാള്‍ പറഞ്ഞതോര്‍ത്തു. കൊടൈക്കനാല്‍ എന്ന പട്ടണം ഉണ്ടാകും മുന്‍പേ മലമുകളില്‍ വെല്ലഗവിയുണ്ട്. ഇപ്പോള്‍ ഇവിടെ നൂറ്റന്‍പതോളം ആളുകള്‍ താമസമുണ്ട്. എന്നിട്ടും റോഡില്ല, ആശുപത്രിയില്ല. നിറഞ്ഞ പുഞ്ചിരിയില്‍ വെല്ലഗവിക്കാര്‍ അവരുടെ വിഷമങ്ങള്‍ ഒളിപ്പിക്കുന്നു. 

സുബ്ബമ്മാള്‍ ഞങ്ങള്‍ക്കൊപ്പം കൊടൈക്കനാല്‍ വരെ വരാനൊരുങ്ങി. വേണ്ടെന്ന് ഞങ്ങള്‍ തീര്‍ത്തു പറഞ്ഞു. അവര്‍ ഞങ്ങളുടെ ഓരോരുത്തരുടേയും മൊബൈല്‍ നമ്പര്‍ എഴുതി വാങ്ങി. നിങ്ങള്‍ പട്ടണത്തിലെത്തിയോ എന്നറിയാന്‍ ഏഴുമണിയാകുമ്പോള്‍ വിളിക്കും-അവര്‍ പറഞ്ഞു. മടങ്ങും വഴി ഒരുപാട് ഗ്രാമീണരെ കണ്ടു. പലരും പട്ടണത്തില്‍ നിന്നു തിരിച്ചു ഗ്രാമത്തിലേയ്ക്കു വരികയാണ്. വെല്ലഗവിയെത്താറാകുമ്പോള്‍ അവര്‍ ചെരുപ്പുകളൂരി കയ്യില്‍ പിടിക്കുന്നു. അതില്‍ ചെറുപ്പക്കാരും ഉണ്ട്. വെല്ലഗവി അടുത്ത തലമുറയിലേയ്ക്കും വിശ്വാസം പകരുകയാണ്. 

കൂടകളില്‍ സാധനങ്ങള്‍ തലയിലേറ്റി വരുന്ന രണ്ടുപേരെ കണ്ടു. അവര്‍ക്കു പിന്നാലെ ഒരു കുതിരയുമുണ്ടായിരുന്നു. കുതിരയുടെ പുറത്ത് ചാക്കുകെട്ടുകള്‍. ഇങ്ങനെയൊക്കെയാണ് വെല്ലഗവിക്കാര്‍ പട്ടണത്തില്‍ നിന്ന് മലമുകളിലെ അവരുടെ ഗ്രാമത്തിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. അങ്ങനെ കൊണ്ടുവന്ന സാധനങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് യാതൊരു മടിയുമില്ലാതെ അവര്‍ ഞങ്ങളുടെ നേര്‍ക്ക് നീട്ടിയത് ! മലകള്‍ക്കു നടുവിലൂടെ സൂര്യന്‍ മറയുന്നതു നോക്കി നിന്നു. അത് ആ വര്‍ഷത്തിലെ അവസാന സൂര്യാസ്തമയമായിരുന്നു. 

(Kumbakarai)

കൃത്യം ഏഴുമണിയായപ്പോള്‍ പ്രവീണിന്റെ മൊബൈലിലേയ്ക്ക് വെല്ലഗവിയില്‍ നിന്നൊരു കോള്‍ വന്നു. മറ്റെല്ലാവരുടേയും മൊബൈല്‍ സ്വിച്ച്ഓഫ് ആയിപ്പോയിരുന്നു. ഞങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്ന് പ്രവീണ്‍ പറഞ്ഞു. പുറത്തെത്തുമ്പോള്‍ വിളിക്കാമെന്നു പറഞ്ഞ് ആ കോള്‍ അവസാനിപ്പിച്ചു. ആ ഗ്രാമത്തില്‍ നിന്ന് വീണ്ടും ഞങ്ങള്‍ക്ക് കോളുകള്‍ വന്നു. പിറ്റേന്ന് രാവിലെ കൊടൈക്കനാലിലെ പോസ്റ്റ്ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു വെല്ലഗവിക്കാരന്‍ ഞങ്ങളെ തിരക്കി ഹോട്ടലിലെത്തി.  കുഴപ്പങ്ങളൊന്നും കൂടാതെ എത്തി എന്നറിയുക മാത്രമായിരുന്നു അയാളുടെ ഉദ്ദേശം. ശരിക്കും ഞെട്ടിച്ചു കളഞ്ഞത് സുബ്ബമ്മാളാണ്. പത്തുമണി കഴിഞ്ഞപ്പോള്‍ ഒരു കൂട നിറയെ ഓറഞ്ചുമായി അവര്‍ ഞങ്ങളുടെ മുറിയിലെത്തി. അവരെ രാജാമണിയമ്മാള്‍ പറഞ്ഞു വിട്ടതാണത്രേ. നിങ്ങള്‍ തിരികെ പട്ടണത്തിലെത്തി എന്നു പറഞ്ഞിട്ടൊന്നും അമ്മ വിശ്വസിക്കുന്നില്ല. നേരിട്ടു പോയി കണ്ടു വരണമെന്നു പറഞ്ഞ് ഒരേ വാശി. അതുകൊണ്ട് ഞാന്‍ പുലര്‍ച്ചെ നാലുമണിക്ക് ഇങ്ങുപോന്നു-ഒരു ചിരിയോടെ സുബ്ബമ്മാള്‍ പറഞ്ഞു. വെല്ലഗവിയിലെ തോട്ടത്തില്‍ വിളഞ്ഞ ഓറഞ്ചുകള്‍ അവര്‍ ഞങ്ങള്‍ക്കു നല്‍കി. പുലര്‍ച്ചെ പുറപ്പെട്ട സുബ്ബമ്മാള്‍ ഒന്നും കഴിച്ചിരുന്നില്ല. അടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയപ്പോള്‍ ഒരു കാപ്പി മാത്രം മതിയെന്നു പറഞ്ഞു. നിര്‍ബന്ധിപ്പിച്ച്  ഊണു കഴിപ്പിച്ചു. പുറത്തിറങ്ങിയപ്പോള്‍ മാര്‍ക്കറ്റിനരികിലുള്ള പൂക്കച്ചവടക്കാരനെ അവര്‍ ഞങ്ങള്‍ക്കു പരിചയപ്പെടുത്തി. അയാള്‍ വെല്ലഗവിക്കാരനാണ്. അല്പസമയം അവിടെ ഇരുന്ന ശേഷം മടങ്ങുമെന്ന് സുബ്ബമ്മാള്‍ പറഞ്ഞു. വട്ടക്കനാല്‍ വരെയെങ്കിലും ടാക്‌സിയ്ക്കു പോകാന്‍ പറഞ്ഞ് കുറച്ചു പണം കയ്യില്‍ കൊടുത്തപ്പോള്‍ അവര്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല -''നീയെനിക്ക് മകളെപ്പോലെയാണ്. തിരിച്ചെത്തിയോയെന്ന് അന്വേഷിക്കേണ്ടത് എന്റെ കടമയല്ലേ.'' 

ഓരോ യാത്രയുടേയും അവസാനം ഒരു വിടപറച്ചിലാണ്. അതുവരെ കണ്ട, അറിഞ്ഞ, സ്‌നേഹിച്ച നാടും ആളുകളേയും അവിടെ ഉപേക്ഷിച്ച് മടങ്ങണം. ഉള്ളില്‍ കൊതി തോന്നുന്നുണ്ടായിരുന്നു. വെല്ലഗവിയെന്ന ഗ്രാമത്തോടും, അവിടുത്തെ ഗ്രാമീണരോടും. അവര്‍ ആ മലമുകളില്‍ അവരുടെ നിഷ്‌കളങ്കമായ ലോകത്ത് ജീവിക്കട്ടെ. ടിറ്റോയും പ്രവീണും പഴനിയ്ക്കു പോയി. ഞങ്ങള്‍ മറ്റൊരു നാട്ടിലേയ്ക്കും.

vellagavi

Vellagavi is a small village located on a hill top, near to Kodaikanal.

Get There  Coimbatore (192km)  Palani (78km)    There is no road connectivity to Vellagavi. Hire a taxi upto Vattakanal,(i.e Dolphin nose point). They will charge around Rs. 250. Then you have to walk upto Vellagavi through a narrow, steep, muddy path. It will take around 4 to 6 hours to reach Vellagavi.
Stay: No accommodation available in Vellagavi. Stay in Kodaikanal   Hotel Bala , Opposite Central Bus Stand & 04542 241 214, Tariff  `900 + above   The Astoria, Opposite Central Bus Stand , & 0091 9842146524, Season : `1500 -2200 (Checkout time 9am), Off-Season (Checkout time 24Hrs): `900-1800
Room Tip: Hotel rates shoot up during the main season i.e 1st April to 15th June. If you are visiting in off-season make sure they are charging less. The above listed budget hotels are located opposite to bus stand and offers comfortable stay. If you look for homestays or cottages it is better to do a research before you book one. Refer the reviews online and book only if you feel its worth for money. Note that all type of  accommodation are  available at Kodaikanal.
Season: Postmonsoon months (mid sept-Feb) are the best. In summar (March-May) it requires a little more energy to trek steep mountain. If you are trekking in summar start early morning (7am). Avoid rainy season (June-Aug) 
Dine:  Astoria Vegetarian Restaurant, near busstand, Bazaar Road, Vattakanal -Meals : `110/- 

Tips

     ഡോള്‍ഫിന്‍ നോസ് പിന്നിട്ടാല്‍ കടകളൊന്നുമില്ല. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതണം
     വെല്ലഗവിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ അവിടുത്തെ ഗ്രാമീണരുടെ വിശ്വാസങ്ങള്‍ പിന്തുടരാന്‍ ശ്രദ്ധിക്കുക
     ചുരുങ്ങിയത് നാലുമണിക്കൂറെങ്കിലും വേണം വട്ടക്കനാലില്‍ നിന്ന് വെല്ലഗവിയിലെത്താന്‍. കഴിവതും നേരത്തെ പുറപ്പെടുക.
     ഇരുട്ടു വീഴും മുന്‍പ് തിരികെയെത്താന്‍ പാകത്തില്‍ വേണം യാത്ര പ്ലാന്‍ ചെയ്യാന്‍. 
     കൊടൈക്കനാലില്‍ നിന്നു പുറപ്പെട്ട് വെല്ലഗവി പിന്നിട്ട് കുമ്പക്കരൈ (Kumbakarai) വരെയുള്ള ട്രക്കിങ് പാതയുണ്ട്. കുമ്പക്കരൈ വരെ സഞ്ചരിക്കണമെങ്കില്‍ ഏതാണ്ട് 8 മണിക്കൂര്‍ സമയം വേണ്ടി വരും (oneside)
     കൊടൈക്കനാലില്‍ നിന്ന് വട്ടക്കനാല്‍ വരെ ടാക്‌സി കിട്ടും. ആറുകിലോമീറ്ററാണ് ദൂരം. അവിടെ നിന്ന്  വീണ്ടും ഏഴുകിലോമീറ്റര്‍ നടക്കണം വെല്ലഗവിലേയ്ക്ക്. 
     തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ടോര്‍ച്ചും കരുതണം
     വെല്ലഗവിയില്‍ കടകളോ ആശുപത്രിയോ ഇല്ല. അത്യാവശ്യം വേണ്ട മരുന്നുകള്‍ കരുതുക.