വാങ്ങിലെ തണുപ്പില്‍ ദേഹമാസകലം ഒരു ബ്ലാങ്കറ്റിനടിയില്‍ മൂടികിടക്കുമ്പോഴാണ് മജൂളി എന്ന സ്ഥലത്തെക്കുറിച്ച് കിഷോര്‍ പറയുന്നത്. 'ഇന്ത്യയിലെ ഏറ്റവും വലിയ നദീദ്വീപാണ് (River island), ഒരുപക്ഷേ, ലോകത്തിലെതന്നെ. എന്തായാലും അവിടെ പോകണം. യാത്രാ പ്ലാന്‍ മുഴുവന്‍ തിരുത്തിയാലും സാരമില്ല, പോയേ പറ്റൂ.' 

Majuli

തലമാത്രം ബ്ലാങ്കറ്റിന് പുറത്തെടുത്ത് അവനെയൊന്ന് നോക്കിയശേഷം ഞാന്‍ വീണ്ടും പഴയ സ്ഥിതിയിലേക്ക് പോയി. കുറേക്കഴിഞ്ഞ് ഉണര്‍ന്നപ്പോഴും അവന്‍ അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ബാക്കികാര്യങ്ങള്‍ ആലോചനയ്ക്ക് വെച്ചുകൊണ്ട് അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറില്‍ ഇറങ്ങിയത്. ഗുവാഹാട്ടിയില്‍നിന്ന് ഏകദേശം 200 കിലോമീറ്റര്‍ കിഴക്കാണ് മജൂളി സ്ഥിതിചെയ്യുന്നത്. ജോര്‍ഘട്ടെന്ന ടൗണില്‍നിന്ന് ഫെറിയുപയോഗിച്ച് ബ്രഹ്മപുത്ര കടന്നുവേണം ആ നദീദ്വീപിലെത്തിച്ചേരാന്‍. അസമിലെ തേസ്പൂര്‍ എന്ന സ്ഥലത്തെത്തിയാലാണ് ജോര്‍ഘട്ടിലേക്ക് വണ്ടികിട്ടുക, അതായത് ഏകദേശം 300-350 കിലോമീറ്റര്‍ ഞങ്ങള്‍ സഞ്ചരിക്കേണ്ടിവരും. ഗൂഗിള്‍ ചെയ്തപ്പോള്‍ കാണിച്ച വഴി ദിബ്രൂഗഢിലൂടെ ജോര്‍ഘട്ടിലെത്താനുള്ള വഴിയാണ്. അതും ഏകദേശം 250 കിലോമീറ്റര്‍ വരും. എങ്ങനെ ദൂരയാത്ര ഒഴിവാക്കാന്‍ കഴിയുമെന്നാലോചിച്ചപ്പോഴാണ് എന്തുകൊണ്ട് ബ്രഹ്മപുത്രയുടെ ഇങ്ങേ വശത്തുനിന്നും മജൂളിയിലേക്ക് പൊയ്ക്കൂടാ എന്ന ആശയം തോന്നിയത്. 

Majuli

ആ ടൗണിലെ പലരോടും മജൂളിയെക്കുറിച്ചും ബ്രഹ്മപുത്ര കടക്കുന്നതിനെക്കുറിച്ചും അന്വേഷിച്ചെങ്കിലും ആര്‍ക്കും വേണ്ടത്ര പിടിപാടില്ലായിരുന്നു. ഒന്നിലധികം പേര്‍ ആരുണാചല്‍-അസം അതിര്‍ത്തി ടൗണായ ബദര്‍ദൂവായില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നുപറഞ്ഞതനുസരിച്ച് ഞങ്ങള്‍ അങ്ങോട്ട് നീങ്ങി. എന്നാല്‍ അവിടെ നിന്നും മജൂളിയെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ കിട്ടിയില്ല, മജൂളിയെ കേട്ടിട്ടുള്ളവര്‍ക്ക് ജോര്‍ഘട്ടില്‍നിന്ന് വരുന്ന വഴിയേക്കുറിച്ചായിരുന്നു ഗ്രാഹ്യമുണ്ടായിരുന്നത്. എന്തും വരട്ടെയെന്ന തീരുമാനത്തില്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നോര്‍ത്ത് ലക്കിംപൂരിലേക്ക് പോയി. ഈ വഴി ഗൂഗിള്‍ കാണിച്ചുതന്നതല്ല. Majuli

സാധാരണ അസം ടൗണുകളെപ്പോലെതന്നെ തിരക്കുള്ള ടൗണാണ് ലക്കിംപൂര്‍. അന്നുരാത്രി അവിടെ തങ്ങുകയും പരിചയപ്പെടുന്ന എല്ലാവരോടുംതന്നെ മജൂളിയെക്കുറിച്ച് ചോദിക്കുകയും ചെയ്തു. അവിടെയും മജൂളിയെക്കുറിച്ച് അത്രപരിചയം പോരായിരുന്നു. നിരന്തരമായ അന്വേഷണംകൊണ്ട് പിറ്റേന്ന് വെളുപ്പിനെ ഞങ്ങളൊരു ഓട്ടോസ്റ്റാന്‍ഡില്‍ എത്തിപ്പെട്ടു. ഒരു ഓട്ടോക്കാരന്‍ ഏകദേശം 600 രൂപ പറഞ്ഞ് ഏല്‍ക്കുകയും ചെയ്തു. പത്തു മിനുട്ടോളം നീണ്ടുനിന്ന സംസാരം കേട്ടുകൊണ്ട് ഏകദേശം പത്തുപതിനഞ്ച് പേര്‍ ഞങ്ങള്‍ക്കു ചുറ്റുംകൂടി. ഓട്ടോക്കാരന്‍ പോയ ഉടനെ ഞങ്ങളെ സഹായിക്കുകയും ചെയ്തു. അയാള്‍ 600 രൂപ പറഞ്ഞ സ്ഥലത്തേക്ക് 30 രൂപ മുടക്കി ഷെയര്‍ ഓട്ടോയില്‍ പോകാമെന്നറിയിച്ച് ഒരു വണ്ടിക്കാരനെ പരിചയപ്പെടുത്തിതന്നു. ഉടന്‍ തന്നെ ഹോട്ടലില്‍ പോയി വന്ന് അതേ വണ്ടിയില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. 

Majuliവാനിന്റെ രൂപത്തിലുള്ള ഒരു വണ്ടിയായിരുന്നു അത്. ഇളക്കിമാറ്റാവുന്നതും ആവശ്യമെങ്കില്‍ പിടിപ്പിക്കാവുന്നതുമായ സീറ്റുകളും അതിലുണ്ട്. എല്ലാ യാത്രക്കാരും ഉള്‍ഗ്രാമങ്ങളിലെ ആളുകളാണ്. യാത്ര പകുതി കഴിയുന്നതോടെ വണ്ടി തിരിഞ്ഞ് മണ്‍റോഡിലൂടെയും പുല്‍പരപ്പുകളിലൂടെയും ഓടിത്തുടങ്ങും. വെള്ളക്കെട്ടുകളുള്ള ഭൂപ്രകൃതിയാണ് ഇവിടെ. ഇടയ്ക്കിടെ വലുപ്പമുള്ള വീടുകളും വളരെ ചെറിയ കുടിലുകളും വന്നുപോകുന്നുണ്ട്. അങ്ങനെ കുലുങ്ങിക്കുലുങ്ങി ഇരുകരകളും പുല്‍പ്പരപ്പുകളുമുള്ള ലോഹിത് കടത്തിനടുത്ത് വണ്ടിയെത്തി. ഒന്നോ രണ്ടോ ബൈക്കുകളൊക്കെ കയറ്റിവെക്കാന്‍ മാത്രം വലുപ്പമുള്ള വള്ളത്തിലാണ് നദി കടക്കേണ്ടത്. ഞങ്ങള്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും മജൂളിയിലെയോ ഇടയ്ക്കുള്ള ദ്വീപിലെയോ താമസക്കാരായിരുന്നു. അവരെല്ലാവരും വളരെ സ്നേഹത്തോടെയാണ് ഞങ്ങളെ ഏറ്റെടുത്തത്. ഒന്നുകൊണ്ടും പേടിക്കേണ്ട, ഈ വള്ളമൊക്കെ വളരെ സുരക്ഷിതമാണെന്നൊക്കെ പറഞ്ഞ് ധൈര്യം പകര്‍ന്നുകൊണ്ടാണ് എല്ലാവരും സംസാരിച്ചത്. പത്തുമിനുട്ടില്‍ താഴെവരുന്ന ഒരു യാത്രയായിരുന്നു അത്. 

ലോഹിത് നദിയുടെ അക്കരെനിന്നും വീണ്ടും ഒരു സുമോയില്‍ യാത്രചെയ്യണം. സുമോയ്ക്കുവേണ്ടിയുള്ള കാത്തുനില്‍പ്പിനിടയ്ക്ക് ആളുകള്‍ ഞങ്ങളുമായി കൂടുതല്‍ പരിചയത്തിലായി. ഗുവാഹാട്ടിയില്‍ എഞ്ചിനിയറിങ്ങിന് പഠിക്കുന്ന ചമ്പക് ദാസ് എന്ന ചെറുപ്പക്കാരനും ഡല്‍ഹിയില്‍ ഹോട്ടലില്‍ പണിയെടുക്കുന്ന മറ്റൊരു ചെറുപ്പക്കാരനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. 

Majuli


ഓരോ സുമോയും കയറാവുന്നതില്‍ കൂടുതല്‍ ആളുകളെയും കൊണ്ടാണ് ഒരു നദിക്കരയില്‍ നിന്ന് അടുത്തതിലേക്ക് പോകുന്നത്. മോശപ്പെട്ട അവസ്ഥയിലുള്ള കുടിലുകളും പെട്ടിക്കടകളുമാണ് ആ ദ്വീപിലുണ്ടായിരുന്നത്. ടാര്‍ റോഡുകളൊന്നും ആ ചെറിയ ദ്വീപിലുണ്ടായിരുന്നില്ല. സുമോ മറ്റൊരു നദിക്കരയിലെത്തി. അവിടെനിന്നും ബോട്ടിലാണ് അക്കരയ്ക്കുപോയത്. വളരെ ചെറിയ ഒന്നുരണ്ടു വള്ളങ്ങള്‍ അവിടെ കടത്ത് നടത്തുന്നുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്നയാളുകളും വളരെ നാളുകള്‍കൊണ്ട് സുപരിചിതരായവരെപ്പോലെയാണ് ഞങ്ങളെ കൈകാര്യം ചെയ്തത്. മജൂളിയിലെ താമസസൗകര്യങ്ങളെക്കുറിച്ചും ഭക്ഷണം കിട്ടാന്‍ സാധ്യതയുള്ള കടകളെ കുറിച്ചും അവര്‍ നേരത്തെതന്നെ പറഞ്ഞുതന്നു. 

Majuli

അക്കരെയെത്തിയശേഷം വീണ്ടും ഒരു സുമോയിലാണ് മജൂളിയിലേക്ക് പോയത്. മൂന്നുനാലു കീലോമീറ്റര്‍ കഴിഞ്ഞതോടെ ടൗണുകളും ആള്‍ക്കൂട്ടങ്ങളും പ്രത്യക്ഷമായിത്തുടങ്ങി. പ്രാദേശിക ടൗണുകളുടെ സ്വഭാവത്തിലുള്ളവയായിരുന്നു അവയെല്ലാംതന്നെ. 

ബ്രഹ്മപുത്രയുടെ ഒഴുക്കിന്റെ പ്രത്യേകതകൊണ്ട് രൂപപ്പെട്ടതാണ് മജൂളി. വടക്ക് സുബാന്‍സിരി നദിയും ം തെക്ക് ബ്രഹ്മപുത്രയും കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപിനെ വളഞ്ഞിരിക്കുന്നത്. ശക്തമായ മഴക്കാലത്ത് മജൂളിയോട് ചേര്‍ന്നുകിടക്കുന്ന അനേകം ചെറുദ്വീപുകള്‍ വെള്ളത്തിനടിയിലാകാറുണ്ട്. രണ്ടു ദശാബ്ദത്തിനുള്ളില്‍ മജൂളിയും പൂര്‍ണമായും വെള്ളത്താല്‍ മൂടപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.