ണ്ഡീഗഢില്‍നിന്നാണ് ഞങ്ങള്‍ വണ്ടിപിടിച്ചത്. സര്‍ദാര്‍ജി ധാരാളം ഹിമാലയം കണ്ടിട്ടുള്ള ആളാണെങ്കിലും സ്പിറ്റിവാലിയിലേക്ക് ആദ്യമായിട്ടാണ്. അതുകൊണ്ട് പലകാര്യങ്ങളും ഓര്‍ക്കാതെയാണ് കാശ് നിശ്ചയിച്ചത്. സ്പിറ്റിവാലിയിലേക്കു പോകാന്‍ റോഡ് എന്നൊരു ഏര്‍പ്പാട് ഇല്ല എന്ന കാര്യം നാകോ എന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും മനസ്സിലായി. ശരിക്കു പറഞ്ഞാല്‍ ഇതാണ് സ്പിറ്റിവാലിയിലേക്കുള്ള കവാടം. കാറിന്റെ ചക്രം പൊട്ടി. പിന്നെ അവിടെയെങ്ങും അലഞ്ഞുതിരിഞ്ഞ് പഞ്ചറൊട്ടിക്കുന്ന ആളെ കണ്ടുപിടിച്ച് അയാളുടെ കൈയില്‍ കാര്‍ ഏല്പിച്ചു. അവിടെങ്ങും ആളുകള്‍ കൊല്ലം മുഴുവന്‍ താമസിക്കുന്ന പതിവില്ല. തണുപ്പുകാലത്ത് വീടുകള്‍ അങ്ങനെതന്നെ വിട്ട് താഴോട്ട് ഇറങ്ങിവരികയാണ് പതിവ്. അതുകൊണ്ട് ചായക്കടകളും വീടുകളും മിക്കവാറും തകരഷീറ്റുകളും ടാര്‍പോളിന്‍പായകളും കൊണ്ട് കെട്ടിയവയാണ്. ഒരു കടയില്‍ കയറി കഴിക്കാന്‍ എന്തുണ്ട് എന്നുചോദിച്ചപ്പോള്‍ ചോമിന്‍ എന്നൊരു സാധനം കിട്ടി. അതുകണ്ടപ്പോള്‍ത്തന്നെ എന്തോ പന്തികേടു തോന്നിയതു കൊണ്ട് ഞാന്‍ കഴിച്ചില്ല. തുപ്പ എന്നുപേരുള്ള കഞ്ഞിപോലുള്ള ന്യൂഡില്‍സാണ് ഞാന്‍ കഴിച്ചത്. അതും ഒരു മലയാളിയുടെ നാവിനു വഴങ്ങുന്നതല്ലെങ്കിലും ദഹനക്കേടുണ്ടായില്ല. ചോമിന്‍ കഴിച്ച രണ്ടുപേര്‍ പിന്നെ എഴുന്നേറ്റ് തലപൊക്കിയിരുന്ന് സംസാരിക്കാന്‍ നാലഞ്ചു മണിക്കൂറെടുത്തു.

Nako

നാകോ അടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്ക് പോകാന്‍ എന്തുകൊണ്ടാണ് യാത്ര ഒരുക്കിയ കൃഷ്ണന്‍ ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. അവിടെ വലുതായിട്ടൊന്നും കാണാന്‍ ഇല്ല. എന്നാല്‍ യാത്ര കഴിഞ്ഞ് വന്നതിനുശേഷം ഏറ്റവും നന്നായി ഓര്‍മയില്‍ നില്‍ക്കുന്നത് ആ ചെറിയ ഗ്രാമമാണ്. പലപ്പോഴും അതങ്ങനെയാണ്. ടൂറിസ്റ്റ് പ്രധാന്യമുള്ള സ്ഥലങ്ങളെക്കാള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെക്കാള്‍, ഒരു ജീവിതത്തിന്റെ ചിത്രം നമ്മളില്‍ നിലനിര്‍ത്തുന്ന സ്ഥലങ്ങളാണ് എപ്പോഴും ഒപ്പമുണ്ടാകുക. ചെറിയ ഗ്രാമമാണ്. മലഞ്ചെരുവില്‍ ഓരോ വീടും മറ്റൊരു വീടിന്റെ മുകളില്‍; വീടുകളെല്ലാംതന്നെ ഹിമാചല്‍പ്രദേശിന്റെ പ്രത്യേകത ഉള്ളവയാണ്. മരംകൊണ്ടുള്ള ഫ്രെയിമിന്റെ നടുക്ക് മലഞ്ചെരുവില്‍ ഉരുണ്ടുവരുന്ന കല്ലുകള്‍ പെറുക്കിവെച്ച് കെട്ടിയവ. മുകളില്‍നിന്നും ഉറവയെടുത്ത് ചാടിവരുന്ന വെള്ളത്തെ ചക്രങ്ങള്‍ ഘടിപ്പിച്ച് അതില്‍ ഗോതമ്പുപൊടിക്കുന്ന യന്ത്രം രൂപവത്കരിച്ചിരുന്നു. വളരെ മെല്ലെയാണ് ചക്രങ്ങള്‍ ഓടുന്നത്. എട്ടോ പത്തോ കിലോ ഗോതമ്പ് മുകളില്‍ കൊണ്ടുവെച്ചാല്‍ അത് മാവായി കിട്ടാന്‍ വൈകുന്നേരമാകും. അവിടുള്ള ജീവിതം അങ്ങനെയാണ്. ബാര്‍ലി, ഗോതമ്പ് മുതലായവ കൃഷി ചെയ്യലും കന്നുകാലിമേക്കലുമാണ് പണി. വളരെ കുറച്ചു മാത്രം ശരീരാധ്വാനം. കൊല്ലത്തില്‍ നാലു മാസം മാത്രം കൃഷി. അതുകൊണ്ട് ഗ്രാമം മുഴുവന്‍ ആളുകള്‍ ഹുക്ക വലിച്ചുകൊണ്ട് വെറുതെ ഇരിക്കുകയാണ്. എല്ലാ മുഖങ്ങളും തണുപ്പില്‍ ചുവന്ന് ധാരാളം ചുളിവുകളോടുകൂടി പ്രായം അറിയിക്കാതെ മാറിക്കഴിഞ്ഞു. ഗ്രാമം മുഴുവന്‍ വൃദ്ധര്‍ നിറഞ്ഞിരിക്കുന്നതുപോലെ. ഒപ്പം ചെറിയ കുട്ടികള്‍ ഓടിക്കളിച്ചു. ഒന്നും സംഭവിക്കാത്ത ഒരു ജീവിതം ആണ് ഇവിടെയുള്ളത്. 

Nako

ഒരു സ്ഥലത്ത് പത്തോളം കഴുതകളെ അടച്ചിട്ടിരിക്കുന്നു. നന്നായി വളര്‍ന്ന, ആരോഗ്യമുള്ള കഴുതകള്‍. മാന്തളിരിന്റെ നിറമുള്ള മുടി. മലയിലേക്ക് കയറിപ്പോകാനും സാധനങ്ങള്‍ കൊണ്ടുവരാനും ഇവിടെ ഏറ്റവും പ്രയോജനപ്പെടുന്നത് കഴുതകളാണ്. കുതിരകളേക്കാള്‍ ശക്തിയുള്ളവയാണ് കഴുതകള്‍. കുതിര വേഗം തളരും. കഴുതയ്ക്ക് വേഗമുണ്ടാവുകയില്ലെങ്കിലും നില്‍ക്കാതെ ഏഴു മണിക്കൂറിലേറെ ഭാരംവഹിച്ച് നടക്കാന്‍ കഴിയും. നമ്മുടേത് കുതിരകളുടെ ജീവിതമാണെന്നും ഇവരുടേത് കഴുതകളുടെതാണെന്നും തോന്നി. ഈ ഗ്രാമത്തില്‍ നൂറിലേറെ വയസ്സുള്ളവര്‍ ധാരാളം ഉണ്ട്. ഹിമാലയചെരിവുകളില്‍ മനുഷ്യര്‍ ഒരുപാടു കാലം ജീവിക്കുന്നു. കടലാമകളെപോലെ അവരുടെ ശരീരത്തിലെ ജൈവപ്രവര്‍ത്തനം വളരെ പതുക്കെയുള്ളതാകണം. 

Nako

ലഡാക്കിനെപോലെതന്നെ സ്പിറ്റിവാലിയും മതപരമായും ചരിത്രപരമായും ഭൂമിശാസ്ത്രരീതിയിലും ടിബറ്റിന്റെ ഭാഗമാണ്. ഇവിടെയുള്ള പ്രധാന മതം ടിബറ്റിയന്‍ ബുദ്ധിസമാണ്. 1959-ല്‍ ചൈന ടിബറ്റ് പിടിച്ചെടുത്തപ്പോള്‍ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹിമാലയപ്രദേശത്തിലുള്ള ധര്‍മശാലയില്‍ തന്റെ മഠം സ്ഥാപിച്ചു. ഇന്ത്യന്‍ ഭാഗങ്ങളിലുള്ള ടിബറ്റിയന്‍ മഠങ്ങള്‍ മുഴുവന്‍ ധര്‍മശാലയിലുള്ള ദലൈലാമയുടെ നിയന്ത്രണത്തിലാണ്. എഴുപതുകളിലാണ് ദലൈലാമ യൂറോപ്പിലേക്കു കടക്കുന്നത്. ചൈനയ്ക്ക് എതിരായ വികാരങ്ങള്‍ അദ്ദേഹത്തിന് വലിയൊരു സ്വീകാര്യത ഉണ്ടാക്കി. ഒപ്പം അദ്ദേഹത്തിന്റെ അസാധാരണമായ വ്യക്തിത്വവും ബുദ്ധിസ്റ്റ് ചിന്തകളെ ലളിതമായി വ്യാഖ്യാനിക്കാനുള്ള കഴിവും ലോകം മുഴുവന്‍ അദ്ദേഹത്തിന് അനുയായികളെ ഉണ്ടാക്കി. അതുകൊണ്ട് ലഡാക്കിലും ഹിമാചല്‍പ്രദേശിലുമുള്ള പുരാതനമായ ടിബറ്റന്‍ മഠാലയങ്ങള്‍ മുഴുവന്‍ പുനരുദ്ധാരണം ചെയ്യപ്പെട്ടു. പല സ്ഥലങ്ങളിലും പുതിയ മഠങ്ങള്‍ ധാരാളം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഹിമാചല്‍പ്രദേശത്തില്‍ ഇന്നു വലിയ ടൂറിസ്റ്റ് ആകര്‍ഷണമായിട്ടുള്ള ബുദ്ധപ്രതിമകളും മറ്റും ഈ കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ടവയാണ്. ലേ ലഡാക്കിലുള്ള പുരാതനമായ ബുദ്ധിസ്റ്റ് മൊണാസ്ട്രികളിലേക്ക് പോകുമ്പോള്‍ അവിടെ പുതിയ സമ്പത്തിന്റെ മുഖങ്ങളാണ് നമുക്ക് കാണാന്‍ കഴിയുക. പക്ഷേ, സ്പിറ്റിവാലി അങ്ങനെയല്ല. ദലൈലാമതന്നെ അവിടെയുള്ള പല സ്ഥലങ്ങളിലേക്ക് വന്നിട്ടില്ല. ധാരാളം പുരാതനമായ മൊണാസ്ട്രികള്‍ ആരും പോകാതെ പൊടിപിടിച്ച് കിടപ്പുണ്ട്. കൂട്ടത്തില്‍ കൂടുതല്‍ ആളുകള്‍ വരുന്നതും നന്നായി സൂക്ഷിക്കപ്പെടുന്നതുമാണ് ടാബോ മൊണാസ്ട്രി. 

Nako

എ.ഡി. 996-ലാണ് ഈ മൊണാസ്ട്രി ഉണ്ടാക്കിയത്. ഒന്‍പത് ക്ഷേത്രങ്ങളും ബുദ്ധഭിക്ഷുക്കള്‍ താമസിക്കുന്ന പല മുറികളും ഉള്ള വലിയൊരു കോംപ്ലക്സ് ആണ് ഇത്. ചെളി കൊണ്ടുണ്ടാക്കിയ വലിയ ചുമര്. അതിന്റെ നടുക്ക് പഴയ കേരളത്തിലെ കൊട്ടിയമ്പലം പോലുള്ള വാതില്‍. ഉള്ളില്‍ കടന്നുചെന്നാല്‍ മരവും കല്ലും ചെളിയും കൊണ്ട് കെട്ടിയ പൊക്കമില്ലാത്ത കെട്ടിടങ്ങള്‍. അകത്ത് പത്താംനൂറ്റാണ്ടില്‍ നിന്നും പതിനേഴാംനൂറ്റാണ്ടുവരെ പല കാലഘട്ടങ്ങളിലായി കെട്ടിയ ക്ഷേത്രങ്ങള്‍. 

ശരിക്കു പറഞ്ഞാല്‍ ടാബോ മൊണാസ്ട്രിയുടെ ചരിത്രം തുടങ്ങുന്നത് പത്താംനൂറ്റാണ്ടിലല്ല. അതിന് എത്രയോ മുന്‍പുതന്നെ തൊട്ടപ്പുറത്തുള്ള മലഞ്ചെരുവില്‍ ചെളിപ്പാറയില്‍ കൊത്തിയുണ്ടാക്കിയ ഗുഹകളില്‍ ധാരാളം ടിബറ്റന്‍ ഭിക്ഷുക്കള്‍ താമസമുണ്ടായിരുന്നു. പിന്നെ അതൊരു മഠമായി മാറി. പിന്നെയും ഒരുപാട് കാലം കഴിഞ്ഞ് ടിബറ്റിന്റെ ഭരണകര്‍ത്താക്കളുടെ ധനസഹായം കൊണ്ടാണ് ഇപ്പോഴുള്ള മഠം സ്ഥാപിക്കപ്പെട്ടത്. ക്രമേണ അതുവളര്‍ന്ന് പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യംവരെ പുതുതായി കെട്ടിടങ്ങള്‍ പണിതു. ടാബോ മൊണാസ്ട്രിയുടെ മുറ്റത്തു നില്‍ക്കുമ്പോള്‍തന്നെ മലഞ്ചെരുവിലെ ഗുഹകള്‍ നോട്ടമില്ലാത്ത കണ്ണുകളെപോലെ കാണാന്‍ കഴിഞ്ഞു. അങ്ങോട്ടു പോകണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. ടാബോ മൊണാസ്ട്രിയുടെ അകത്തേക്ക് കടക്കാനുള്ള വാതില്‍ പൂട്ടിയിരുന്നു. അന്നെന്തോ പൊതുപരിപാടികള്‍ ഉള്ളതുകൊണ്ട് ഭിക്ഷുക്കള്‍ തൊട്ടപ്പുറത്തുള്ള പള്ളിക്കൂടത്തിലേക്ക് പോയിരുന്നു. അവര്‍ വരാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരുന്നു.

Nako

ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഒരു ഭിക്ഷു ഓടിവന്നത്. യാത്രക്കാര്‍ക്കുള്ള സമയം കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാലും ഞങ്ങള്‍ക്കുവേണ്ടി തുറന്ന് അകത്തേക്ക് ആനയിച്ചു. ടിബറ്റന്‍ ബുദ്ധക്ഷേത്രങ്ങള്‍ക്കുള്ള പതിവായ രീതിയിലാണ് ക്ഷേത്രം. മരത്തിലുണ്ടാക്കി പൊന്നില്‍ വര്‍ണം പിടിപ്പിച്ച ബുദ്ധശില്പങ്ങള്‍. അതിനവര്‍ക്ക് പ്രത്യേകമായ ഒരു പാരമ്പര്യമുണ്ട്. വെള്ളിയും തങ്കവും പരത്തി ഉരുക്കി ഒന്നാക്കി, അതിനെ തട്ടിത്തട്ടി, കടലാസിനെക്കാള്‍ നേര്‍മയുള്ളതാക്കി മരശില്പത്തിന്റെ മുകളില്‍വെച്ച് ശക്തിയായി ഊതിപ്പിടിപ്പിക്കും. പിന്നെ അതൊരു വര്‍ണം മാത്രമായാണ് തോന്നുക. ചുരണ്ടി മാത്രമേ എടുക്കാന്‍ പറ്റൂ. ഈ കല ടിബറ്റില്‍നിന്നും പിന്നെ ഒരുപാട് കാലംകഴിഞ്ഞ് തമിഴകത്തേക്ക് വന്നിട്ടുണ്ട്. ഇതിനെ റേക്ക് എന്നാണ് ഇവിടെയുള്ള തട്ടാന്‍മാര്‍ പറയുക. ഇന്നും ദൈവത്തിന്റെ മുഖങ്ങള്‍ക്ക് റേക്ക് പിടിപ്പിക്കുന്ന കലയറിയാവുന്ന തട്ടാന്‍മാരുടെ ചില കുടുംബങ്ങള്‍ തമിഴ്നാട്ടിലുണ്ട്. പക്ഷേ, ഇപ്പോള്‍പോലും ടിബറ്റിലെ ആശാരിമാരുടെ സൂക്ഷ്മതയും സൗന്ദര്യവും ഇവര്‍ക്കുണ്ടാക്കാന്‍ കഴിയുന്നില്ല. ടിബറ്റന്‍ ബുദ്ധശില്പങ്ങള്‍ക്ക് സ്വര്‍ണത്തിന്റെ നിറത്തോടൊപ്പം ചുവപ്പും നീലയും പച്ചയും കലര്‍ന്നിട്ടുണ്ടാകും. ചില ശില്പങ്ങളില്‍ ബുദ്ധന്റെ മുഖം മാത്രം സ്വര്‍ണമായിരിക്കും. സ്വര്‍ണനിറം വളരെ മിതമായ തിളക്കത്തോടുകൂടി കുളിച്ച് കയറിയ ചര്‍മത്തിന്റെ ഭംഗിയോടെ കാണാം. സ്വര്‍ണത്തിന്റെ നിറം പോലെ ചെടിപ്പുണ്ടാക്കുന്ന മറ്റൊന്നില്ല. എന്നാല്‍ ബുദ്ധക്ഷേത്രങ്ങളില്‍ കാണുന്ന സ്വര്‍ണനിറം അങ്ങനെയല്ല. അത് പുലരിപോലെയോ സന്ധ്യപോലെയോ പൂത്ത മാവുപോലെയോ കണ്ണുനിറയിക്കുന്നതും ഒരിക്കലും മടുക്കാത്തതും ആണ്.

Nako

ടിബറ്റിയന്‍ ബുദ്ധമഠാലയങ്ങളില്‍ ആവര്‍ത്തിച്ചുള്ള ബുദ്ധവിഗ്രഹങ്ങള്‍ മൂന്നാണ്. അമൃതകലശം കൈയില്‍വെച്ചിരിക്കുന്ന ശാന്തനായ ബുദ്ധന്‍, ആയിരം കൈകളുള്ള അവലോകിതേശ്വര ബുദ്ധന്‍, മഹാരാജാവിന്റെ തലയെടുപ്പോടെ നില്‍ക്കുന്ന ബുദ്ധമൈത്രേയന്‍. വളരെ അപൂവമായിട്ടാണ് അതിക്രൂരമായ ഭാവത്തോടെ ധാരാളം ആയുധങ്ങള്‍ കൈയിലേന്തിനില്‍ക്കുന്ന കാലാ ബുദ്ധന്‍ എന്ന കറുത്ത ബുദ്ധന്‍ ഉണ്ടാകുക. ക്ഷേത്രങ്ങള്‍ക്കു വെളിയില്‍ മഹാകാലന്‍ കാവലാളായി ഉണ്ടാകും. ക്ഷേത്രത്തിന്റെ രണ്ടു വശത്തും ബോധിസത്വന്‍മാര്‍ ദ്വാരപാലകന്‍മാരായി കാണും.

Nako

ക്ഷേത്രത്തിന്റെ ചുമരുകള്‍ മുഴുവന്‍ പലതരം കൈമുദ്രകളോടുകൂടി ഇരിക്കുന്ന ബുദ്ധന്റെ സ്വര്‍ണംപൂശിയ ചില മരശില്പങ്ങള്‍ നിരയായി അടുക്കിവെച്ചിട്ടുണ്ടാകും. ശരിക്കു പറഞ്ഞാല്‍ ബുദ്ധനെ അടുക്കിയുണ്ടാക്കിയ ക്ഷേത്രത്തിനുള്ളില്‍ ബുദ്ധന്‍ ഇരിക്കുന്ന ചിത്രമാണ് നാം കാണുന്നത്. ബുദ്ധന്റെ കൈമുദ്രകള്‍ ഇന്ത്യയില്‍ 18 മാത്രമേ ഉള്ളൂ. തനിക്ക് പൂര്‍ണജ്ഞാനം കിട്ടിയത് ലോകത്തിലേക്ക് അറിയിക്കുന്ന ഭൂമിസ്പര്‍ശമുദ്ര, ബുദ്ധ ധര്‍മചക്രം ഉരുട്ടിവിടുന്ന ധര്‍മമുദ്ര, ശിഷ്യരോട് സംസാരിക്കുന്ന പ്രബോധനമുദ്ര, കൈ രണ്ടും മടിയില്‍ കുത്തിവെച്ച് വെറുതെ ഇരിക്കുന്ന ഉപേക്ഷമുദ്ര എന്നിവയാണ് ഇവിടെ സാധാരണയായി കാണാന്‍ കഴിയുക. എന്നാല്‍ ടിബറ്റന്‍ ബുദ്ധിസത്തില്‍ ആയിരത്തിലേറെ മുദ്രകളുണ്ട്. ഓരോന്നായി നോക്കി പോകുമ്പോള്‍ മുദ്രകൊണ്ടുമാത്രം ഉണ്ടായ ഒരു മഹാകാവ്യത്തെ വായിക്കുന്ന പ്രതീതി ഉണ്ടാകും. 

Nako

ടാബോ മഠാലയത്തില്‍ ബുദ്ധന്റെ ക്ഷേത്രങ്ങളിലൂടെ ചുറ്റിവരുമ്പോള്‍ എവിടെയോ ഒരു സ്ഥലത്ത് മഹത്തായ സമ്പത്ത് കൂട്ടിയിട്ടിരിക്കുന്നു എന്നൊരു ചിന്ത നമുക്കുണ്ടാവില്ല. വെറുതേ വാരിവെച്ചിരിക്കുകയാണ്. യാതൊരു കാവലും ഇല്ലാതെ. ടിബറ്റന്‍ കലയില്‍ ടോംഗ എന്നു പേരുള്ള അവരുടെ തിരശ്ശീലകള്‍ക്ക് വലിയ പങ്കുണ്ട്. കമ്പിളിയും പട്ടും പരുത്തിയും കലര്‍ത്തി തുന്നിയുണ്ടാക്കുന്നവയാണ്. നിറം മങ്ങി പഴയതായ ടോംഗകള്‍ പലതും ലക്ഷക്കണക്കിന് വില വരുന്നവയാണ്. ടാബോ മൊണാസ്ട്രിയില്‍ ചുമരുകള്‍ മുഴുവന്‍ പഴയ ടോംഗകള്‍ തൂങ്ങിക്കിടന്നു. മലഞ്ചെരുവുകളില്‍ ആളറിയാത്ത ഗുഹകള്‍ക്കുള്ളില്‍ പണ്ട് ആരോ ഇട്ടുപോയ നിക്ഷേപങ്ങളായിട്ടാണ് ഈ മഠങ്ങള്‍ തോന്നുന്നത്. നടുക്ക് പുഞ്ചിരിച്ച് ഇരിക്കുന്ന ബുദ്ധന്‍. ആ സമ്പത്തു കണ്ട് കണ്ണഞ്ചിപ്പോകുന്ന നമ്മെ നോക്കി പുഞ്ചിരിക്കുന്നപോലെ, പരിഹസിക്കുന്നപോലെ തോന്നിപ്പോകുന്നു.