കൗമാരത്തില്‍ ജീവിതം ലണ്ടനിലേക്ക് പറിച്ചുനട്ടപ്പോഴും മനസ്സില്‍ ഉയര്‍ന്നുനിന്ന ഒരു സ്വപ്‌നമുണ്ടായിരുന്നു. തലപ്പൊക്കത്തോടെ മാടിവിളിച്ചുകൊണ്ടിരുന്ന മോഹം-അത്യുത്തരദേശത്തെ ഹിമിഗിരിശൃംഖങ്ങള്‍. മോട്ടോര്‍സൈക്കിളില്‍ ഇന്ത്യയെ തൊട്ടറിഞ്ഞ് ഹിമാലയത്തിലേക്ക് ഒരു യാത്ര. ക്യാമറയില്‍ ആ നിമിഷങ്ങളെ നിശ്ചലമാക്കിയെടുക്കുക. യാത്ര, മോട്ടോര്‍സൈക്കിള്‍, ഫോട്ടോഗ്രാഫി മൂന്നു കമ്പങ്ങളോടും സമരസപ്പെടുന്ന സഞ്ചാരം. മനസ്സുകൊണ്ടതിന് തയ്യാറെടുത്തിട്ട് എത്രയോ കാലമായി. ഈ കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങി ജനവരിവരെ നീണ്ട യാത്ര അതിന്റെ സാക്ഷാത്കാരമായിരുന്നു. ആ വിശേഷങ്ങളാണിവിടെ പങ്കുവെക്കുന്നത്. കണ്ടതും കേട്ടതും പൂര്‍ണമായി എഴുതാന്‍ ഒരു പുസ്തകം വേണ്ടി വരും. എടുത്ത ഫോട്ടോകള്‍ മുഴുവന്‍ പ്രസിദ്ധീകരിക്കാന്‍ ഈ താളുകള്‍ മതിയാവില്ല. അതുകൊണ്ട് പ്രധാനപ്പെട്ട ചില സ്ഥലങ്ങളെക്കുറിച്ചു മാത്രമേ പ്രത്യേകം പരാമര്‍ശിക്കുന്നുള്ളൂ. വിസ്താരഭയത്തില്‍ വിരമിക്കുന്നയിടങ്ങളിലൂടെ ഞാനെന്റെ ബൈക്ക് വേഗം ഓടിച്ചു പൊയ്‌ക്കോളാം.
ഇത്തരമൊരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ യു.കെ.യില്‍ നിന്നുള്ള സുഹൃത്തുക്കളുടെ പ്രതികരണം എപ്പോഴാണ് എങ്ങനെയാണ് എന്നൊക്കെയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ എന്തിനാ പോകുന്നത് റിസ്‌കല്ലേ തുടങ്ങി നിരുത്സാഹങ്ങളും. അനശ്വരമായ സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍, സംസ്‌കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍, ഒരു കൂപമണ്ഡൂകമാവാതിരിക്കാന്‍. എനിക്കതിന് അതേ ഉത്തരമുണ്ടായിരുന്നുള്ളൂ.

YATHRAലണ്ടനിലെ ജോലി ഉപേക്ഷിച്ചു. അവിടെയുള്ള എന്റെ സ്ഥാവരജംഗമവസ്തുക്കളില്‍ വില്‍ക്കാവുന്നത് വിറ്റും സുഹൃത്തുക്കള്‍ക്ക് കൊടുക്കാവുന്നത് അവര്‍ക്കു കൊടുത്തും ഞാന്‍ സ്വതന്ത്രനായി. കോട്ടയത്തെ ജന്മനാട്ടില്‍നിന്ന് സഹയാത്രികനായ ബുള്ളറ്റിനെ തീവണ്ടികയറ്റി. അതേ ട്രെയിനില്‍ ഞാനും.  ഇന്ത്യയെ അറിയാന്‍ റെയില്‍ നല്ല മാര്‍ഗമാണ്. അത് ഈ  രാജ്യത്തിന്റെ സിരകള്‍തന്നെയാണ്. അതുകൊണ്ടുകൂടിയാണ് അങ്ങോട്ടുള്ള യാത്ര ഞാന്‍ 'ഹിമസാഗറി'ലാക്കിയത്.
 ജമ്മു-കശ്മീരിലെ ഒരു ശിശിരകാല സുപ്രഭാതത്തില്‍ ഞാനെന്റെ സൂഹൃത്തിനെ ചൂടാക്കിയെടുത്തു. ശ്രീനഗര്‍വഴി ബണ്ടിപ്പുരയിലേക്ക്. പ്രധാന ഹൈവേയില്‍നിന്ന് 60 കിലോമീറ്റര്‍ അകത്തേക്ക.് അവിടെ എന്റെ സുഹൃത്ത് മേജര്‍ റോബിന്‍ പണിക്കര്‍ ഉണ്ടായിരുന്നു. ഞാനങ്ങോട്ട് വെച്ചുപിടിച്ചു. പാകിസ്താനുമായുള്ള നിയന്ത്രണരേഖയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണിത്. ഏതു സമയത്തും ഒരു വെടിപൊട്ടിയേക്കാം, ജാഗ്രത നല്ലതാണ്. 
 അത് വേറൊരു ലോകമായിരുന്നു. പാകിസ്താന്‍ സ്വാധീനം കൂടുതലുള്ള പ്രദേശം. ഹിന്ദിയെക്കാള്‍ ഉറുദുവാണ് സംസാരിക്കുന്നത്. ജമ്മു-കശ്മീരിന് സ്വതന്ത്രപദവി വേണമെന്ന തോന്നലുള്ളവരാണ് അവരില്‍ ഏറെയും. കേരളം എന്നൊരു നാടുണ്ടെന്നോ അത് ഇന്ത്യയിലാണെന്നോ അറിയാത്ത ഒരു തലമുറയും അവിടെയുണ്ടെന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഇവിടെ സോണാര്‍വാണിയിലാണ് ഞാന്‍ താമസിച്ചത്. 

 അവിടെനിന്ന് മുകളിലോട്ട് പോയപ്പോള്‍ രാജ്ദങ് ചുരത്തിലെ ആട്ടിടയന്മാര്‍ തന്ന ഊഷ്മളസ്വീകരണം ആ മഞ്ഞിന്‍തണുപ്പിനെ അകറ്റി. സമുദ്രനിരപ്പില്‍നിന്ന് 12000 അടി ഉയരത്തില്‍. ആടുകളും ഭക്ഷണസാമഗ്രികളുമായി അലഞ്ഞുതിരിയുന്ന അവര്‍ക്ക് ഇന്ത്യയുടെ ഇങ്ങേയറ്റത്തു നിന്നെത്തിയ ഞാനും ഒരു കൗതുകമായിരുന്നിരിക്കണം. 
 വീണ്ടും ഹൈവേയിലേക്കിറങ്ങി കാര്‍ഗില്‍മുതല്‍ ലഡാക്കുവരെ. കാര്‍ഗിലിലെ യുദ്ധസ്മാരകവും പട്ടണവും പി
ന്നിട്ട് ലഡാക്കിലേക്ക്. വഴിയില്‍ സോജിലാപാസ് റോഡായിരുന്നില്ല. ഉരുളന്‍കല്ലും പാറകളും നിറഞ്ഞ ഓഫ്‌റോഡ്. ആ സവാരിക്കൊരു സാഹസികതയുടെ ത്രില്ലുണ്ട്.  പൊടിയും മഞ്ഞും കലര്‍ന്ന പാതകള്‍. ഇടയ്ക്ക് വല്ലപ്പോഴും കാണുന്ന ട്രക്കുകള്‍, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ലോറികള്‍, വിദേശികളായ ബൈക്കുയാത്രികര്‍. 
ചെറിയ ഗ്രാമങ്ങളില്‍ വണ്ടി നിര്‍ത്തും. അവിടത്തെ ഗ്രാമീണരുമായി സംസാരിക്കും. അവിടത്തെ ഒരു ജീവിതചിത്രം മനസ്സിലാക്കും. ഒറ്റയ്ക്കുള്ള യാത്രയ്ക്ക് ഇങ്ങനെയൊരു ഗുണമുണ്ട്. കാരണം നമുക്ക് ആരോടെങ്കിലും സംസാരിക്കണമെന്നു തോന്നുമ്പോള്‍ നാം സംസാരിക്കും. മറ്റൊരാള്‍ കൂടെയുണ്ടെങ്കില്‍ നമ്മള്‍ അവരോടു സംസാരിക്കാനായിരിക്കും താത്പര്യം കാണിക്കുക.   

ലഡാക്കിലെത്തി അവിടെ ഏതാണ്ട് ഒരാഴ്ച താമസിച്ചു. അവിടെയെത്തിയപ്പോഴാണ് ഞാന്‍ വന്നവഴിയില്‍ പ്രധാന ഹൈവേയില്‍നിന്ന് തിരിഞ്ഞ് രണ്ടു മണിക്കൂര്‍ ട്രക്ക് ചെയ്താല്‍ ഗുഹകള്‍ നിറഞ്ഞൊരു സ്ഥലമുണ്ടെന്നു കേട്ടത്. അതൊന്നു കാണണമെന്നു തോന്നി. അങ്ങോട്ടേക്ക് വിട്ടു. കണ്ടില്ലെങ്കില്‍ നഷ്ടമായി പോയേനേ. പത്തു മുപ്പതു ഗുഹകള്‍ കാണും. ഉഭയാന്‍ചോങ്. ഒരു മൊണാസ്ട്രിയുമുണ്ട്. ഫോക്കര്‍ സോങ് മൊണാസ്ട്രി. മലനിരകള്‍ക്കിടയില്‍ പ്രാര്‍ഥനപതാകയുമേന്തിയൊരു കെട്ടിടം. താമസിക്കാന്‍ വലിയ സൗകര്യങ്ങളൊന്നുമില്ല. ഒരു ഗസ്റ്റ്ഹൗസിലാണ് ഞാന്‍ തങ്ങിയത്. 200 രൂപയേ വാടകയുള്ളൂ. പക്ഷേ, ആ സ്ഥലം നല്‍കുന്ന ഒരു പ്രശാന്തത വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ ഞാനൊരു കവിയല്ല. അത് അനുഭവിച്ചുതന്നെ അറിയണം എന്നു പറഞ്ഞ് തത്കാലം രക്ഷപ്പെടുന്നു. 

ഒരു ആര്യന്‍ ഗ്രാമത്തില്‍ പോയതും മറക്കാനാവില്ല. അതും അതിര്‍ത്തിയില്‍നിന്ന് വളരെ അടുത്തുള്ള സ്ഥലമാണ്. അവിടത്തെ വസ്ത്രവിധാനങ്ങളും കേശാലങ്കാരവുമെല്ലാം ഏറെ പ്രത്യേകതയുള്ളതായിരുന്നു. ദാ എന്നാണാ ഗ്രാമത്തിന്റെ പേര്. ലേയില്‍ ഏതാണ്ട് ഒരാഴ്ച താമസിച്ചു. അവിടെ നിന്നും കാണാന്‍ പോയ പാങ്‌ഗോഗ് തടാകം മനസ്സില്‍ ഇപ്പോഴുമുണ്ട്. ഒന്നു കണ്ണടോച്ചോര്‍ത്താല്‍ അതിന്റെ നീലിമയും ശാന്തതയും മനസ്സില്‍ നിറയുന്നതറിയാം. ഒരുപക്ഷേ, ജീവിതയാത്രയുടെ അവസാനംവരെ മായാതെ നില്‍ക്കുന്ന ഒരു കാഴ്ചയായിരിക്കും അത്. 

YATHRA

കാര്‍ദുങ്‌ലായില്‍ കനത്ത മഞ്ഞായിരുന്നു. വഴിക്ക് മഞ്ഞുവീഴ്ച കാരണം അടച്ച റോഡ് തുറക്കാന്‍ കാത്തിരിക്കേണ്ടി വന്നു. ഓസ്ട്രിയന്‍ ദമ്പതികളായ ആന്‍ഡ്രിയെയും സില്‍വിയയെയും അവിടെവെച്ചാണ് പരിചയപ്പെടുന്നത്. അവരും ബുള്ളറ്റിലായിരുന്നു. യാത്രയായിരുന്നു അവരുടെയും മതം. ഞങ്ങള്‍ വേഗം അടുത്തു. ഒരു പത്തുകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും വീണ്ടും മഞ്ഞുവീഴ്ച ആരംഭിച്ചു. ഫസ്റ്റ് ഗിയറും സെക്കന്റ് ഗിയറും ശരണം. പാളിവീഴാതിരിക്കാനുള്ള പെടാപ്പാടിലൂടെ, പെട്രോള്‍ തീര്‍ന്നു പോകുമോയെന്ന ആശങ്കകള്‍ക്കിടയിലൂടെ വണ്ടി മെല്ലെമെല്ലെ ആ ധവളപാത താണ്ടി. 

  വഴിക്ക് അതിര്‍ത്തി റോഡ് ഓര്‍ഗനൈസേഷന്റെ റോഡ് പണിനടക്കുന്ന ഒരിടത്ത് എന്റെ കേരളാ രജിസ്‌ട്രേഷന്‍ ബൈക്ക് കണ്ടതും, റോഡുപണിയുടെ കോണ്‍ട്രാക്ടര്‍ അടുത്തു വന്നു. മലയാളിയായ സുനില്‍. അന്നാദ്യമായി വീടുവിട്ടശേഷം ഞാന്‍ ഒരു ഊണുകഴിച്ചു. ലഡാക്കില്‍നിന്ന് മണാലിയിലേക്കുള്ള വഴിയിലെ സര്‍ച്ചുവില്‍നിന്ന് പകര്‍ത്തിയ നിശാകാശവും മനസ്സില്‍ കത്തിനില്‍ക്കുന്നുണ്ട്. ഇവിടെ ടെന്റ് വീടുകളും കുടിലുകളും താമസിക്കാന്‍ കിട്ടും. ഫോട്ടോഗ്രാഫര്‍മാര്‍ക്ക്  ഇതൊരു സ്വപ്‌നഭൂമിയാണ്. 

 സര്‍ച്ചു-മണാലി റോഡ് ബൈക്കോടിക്കാന്‍ മനോഹരമായൊരു ഇടമായിരുന്നു. ചിലയിടങ്ങളില്‍ റിവര്‍ ക്രോസിങ് ഉണ്ടാവും. മഞ്ഞുകാലത്ത് വെള്ളം കുറവായിരിക്കും. വേനലില്‍ പക്ഷേ, മഞ്ഞുരുകി വെള്ളം പൊങ്ങും. അങ്ങനെയുള്ള സമയങ്ങളില്‍ വണ്ടിയോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. സംശയം തോന്നുന്നിടങ്ങളില്‍ ഞാന്‍ വണ്ടി നിര്‍ത്തി ആഴമൊന്നു പരിശോധിച്ചായിരുന്നു മുന്നോട്ട് പോയത്. വെള്ളത്തിനടിയിലെ ഉരുളന്‍കല്ലുകളാണ് മറ്റൊരു കാര്യം. ശ്രദ്ധിച്ചില്ലെങ്കില്‍ ഗോലിയില്‍ ചവിട്ടി തെന്നിവീഴുംപോലെ ബൈക്കും യാത്രികനും വെള്ളത്തില്‍ കിടക്കും. അല്ലെങ്കില്‍ മുന്നിലേതെങ്കിലും വണ്ടിയുണ്ടെങ്കില്‍ അത് പോകുന്നത് നോക്കി പിടിക്കാം. ഇത്രയും യാത്രയ്ക്കിടയില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മൂന്നു മോട്ടോറബിള്‍ റോഡുകളും നമ്മള്‍ താണ്ടും. 
 ഹിമാചല്‍പ്രദേശില്‍ കടന്നപ്പോള്‍ ധര്‍മശാല സന്ദര്‍ശിച്ചു. ധരംകോട്ടിലെ ഈ സ്ഥലത്താണ് ദലൈലാമ താമസിക്കുന്നത്. മങ്‌ളോഗഞ്ച് എന്നാണീ സ്ഥലത്തിന്റെ പേര്. ഒരുപാട് വിനോദസഞ്ചാരികളും സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം വരുന്ന സ്ഥലമാണിത്. വലിയൊരു ക്ഷേത്രവും ചൈനക്കാരുടെ ടിബറ്റന്‍ അധിനിവേശ ചരിത്രം വ്യക്തമാക്കുന്ന സ്ഥിരം പ്രദര്‍ശനവും ഇവിടെയുണ്ട്. വാഗാ ബോര്‍ഡര്‍, അമൃത്‌സര്‍, സുവര്‍ണക്ഷേത്രം കാഴ്ചകളിലൂടെ ഹരിയാന വഴി രാജസ്ഥാനില്‍ എത്തി. ഫോട്ടോഗ്രാഫിക്കും സഞ്ചാരത്തിനും ഏറ്റവും പറ്റിയ ഇടം. പുഷ്‌കര്‍മേള നടക്കുന്ന സമയമായതിനാല്‍ കാഴ്ചകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.  

 രാജസ്ഥാനില്‍ താമസിച്ചപ്പോഴുള്ള അനുഭവം ഹൃദ്യമായതിനാല്‍ ഇരുപത് ദിവസത്തോളമാണ് അവിടെ ചെലവഴിച്ചത്. പുഷ്‌കറില്‍ ഞാന്‍ താമസിച്ച ഹോട്ടലുകാരുമായി നല്ല ചങ്ങാത്തത്തിലായി. ഒരുമിച്ച് ഒരു പാത്രത്തില്‍നിന്ന് ഊണു കഴിക്കാന്‍വരെ അവരെന്നെ ഉള്‍പ്പെടുത്തി. സാധാരണ അവരുടെ ജാതിയും വര്‍ഗവും ഗോത്രവുമൊക്കെ നോക്കിയേ അവരങ്ങനെ സ്വീകരിക്കാറുള്ളൂ. ഇവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞപോലെ സഞ്ചാരികളുടെ ഒരു മതമുണ്ടെന്നും അത് ലോകപൗരത്വത്തിലേക്കുള്ള പാസ്‌പോര്‍ട്ടാണെന്ന തിരിച്ചറിയുന്നത്. നീലനഗരമായ ജോധ്പൂരിലും തടാകങ്ങള്‍ നിറഞ്ഞ ഉദയ്പുരിലും ഇവരുടെ കണക്ഷന്‍ ഉപയോഗപ്പെടുത്തിയാണ് ഞാന്‍ താമസവും കറക്കവും പ്ലാന്‍ ചെയ്തത്. പോകാന്‍ നേരം രണ്ടു ദിവസത്തെ വാടക വാങ്ങിച്ചില്ലെന്നു മാത്രമല്ല 500 രൂപയും അവരിങ്ങോട്ട് തന്നു. പാവപ്പെട്ടവരാണെങ്കിലും അത്രയും ദിവസത്തെ അടുപ്പത്തിന്റെ തീവ്രത ഞാനറിഞ്ഞു.  മനസ്സ് നിറഞ്ഞുപോയി. കണ്ണുകളും. ഹിന്ദി പഠിച്ചതും അതുപയോഗിച്ചതും ഇതിനൊരു കാരണമാണ്. ഭാഷ അറിയില്ലെങ്കില്‍ സ്വാഭാവികമായൊരു അകല്‍ച്ച വരും. നന്ദി പത്താംക്ലാസ്‌വരെ അതു പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക്, പിന്നെ ലണ്ടനിലെ എന്റെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്കും.

 രാജസ്ഥാനിലെ മൗണ്ട് അബുവിലെ സൂര്യോദയവും അസ്തമയവും കണ്ട് ഗുജറാത്തിലെ അമീര്‍ഗഡ് എന്ന ഗ്രാമത്തിലെത്തി. നദിയും നദിയോരക്കാഴ്ചകളും പകര്‍ത്തി നേരെ മധ്യപ്രദേശിലെ നീമുച്ചു ഗ്രാമം വഴി ഡല്‍ഹി. പിന്നെ ഉത്തര്‍പ്രദേശ്. അതുവഴി ഉത്തരാഖണ്ഡിലെ ഋഷികേശില്‍. അവിടെനിന്ന് നേപ്പാളിലേക്ക് പ്രവേശിക്കണം. ഭീംദത്ത ബോര്‍ഡര്‍ വഴിയാണ് കടന്നത്. അങ്ങോട്ട് കടക്കാന്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡും വിലാസം തെളിയിക്കുന്ന കാര്‍ഡും വേണം. എത്ര ദിവസം നേപ്പാളില്‍ തങ്ങും എന്നതും മുന്‍കൂട്ടി അറിയിക്കണം. ഞാന്‍ 14 ദിവസമാണ് തിരഞ്ഞെടുത്തത്. 1100 രൂപ കൊടുത്തു. എല്ലാത്തിനും കൂടെ 15 മിനുട്ടേ എടുത്തുള്ളൂ.

 നേപ്പാളില്‍ കമ്യൂണിസ്റ്റ് ഗ്രാമങ്ങളിലൂടെയായിരുന്നു ആദ്യഘട്ടം. അവിടെ നെല്‍കൃഷിക്കാരാണ് ഏറെയും. എല്ലാവരും നേരത്തെ എഴുന്നേല്‍ക്കുന്ന ശീലക്കാര്‍. എല്ലായിടത്തും ഞാന്‍ നേരത്തെ എഴുന്നേറ്റ് യാത്രതിരിക്കുമായിരുന്നു. കാരണം റോഡില്‍ വാഹനങ്ങള്‍ പെരുകും മുന്‍പ്, സൂര്യന്‍ ചൂടാവുന്നതിനു മുന്‍പ് വണ്ടി ഓടിക്കാനുള്ള സുഖം കണക്കിലെടുത്ത്. പക്ഷേ, നേപ്പാള്‍ദേശം എന്നെ തോല്‍പ്പിച്ചുകളഞ്ഞു. ഈ വിചാരത്തോടെ രാവിലെ എഴുന്നേറ്റ് വണ്ടിയെടുത്തിറങ്ങുമ്പോഴേക്കും റോഡില്‍ ബൈക്കുകളും ൈസക്കിളുകളും നിറഞ്ഞിട്ടുണ്ടാവും.
 കാഠ്മണ്ഡു നല്ലൊരു നഗരമാണ് അതുപോലെ ഭരത്പൂരും. പഴയ നഗരമായതിനാല്‍ ഇടുങ്ങിയ റോഡുകളും പഴയ കെട്ടിടങ്ങളും നിറഞ്ഞ നഗരം. അതിന്റെ വര്‍ണങ്ങള്‍ക്കും ഒരു പുരാതനത്വം. അതിന്റെതായൊരു ചന്തവും. ഇവിടെയെല്ലാം ഇന്ത്യന്റുപ്പി മതിയെന്നുള്ളതൊരു ആശ്വാസമായിരുന്നു. പലരും കറന്‍സി മാറ്റി വാങ്ങിവെക്കാന്‍ ഉപദേശിച്ചിരുന്നെങ്കിലും നേപ്പാളില്‍ ഇന്ത്യന്റുപ്പി ഇന്ത്യയിലെന്നപോലെതന്നെ ഉപയോഗിക്കാം എന്നെനിക്ക് മനസ്സിലായി.
 നേപ്പാളിലെ ദമാന്‍ ഒരു പ്രത്യേകതയുള്ള സ്ഥലമാണ്. ലോകത്തിലെ ഉയരംകൂടിയ പത്ത് പര്‍വതങ്ങളില്‍ എട്ടെണ്ണത്തെയും ഒരിടത്ത് കാണാം എന്നതാണ് ദമാന്റെ വിശേഷം. മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും പകര്‍ത്താം എന്നതും സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. പല ഊടുവഴികളിലൂടെ ഞാനിവിടെ സഞ്ചരിച്ചു. മലമുകളില്‍ ജോലി ചെയ്യുന്നവര്‍, പുറകില്‍ ഭാരം ചുമക്കുന്നവരുമായിരുന്നു നേപ്പാളിലേറെയും. ഭാരംചുമന്ന  എന്റെ ബൈക്കും തളരാന്‍ തുടങ്ങിയിരുന്നു. ബാക്ക്‌വീലിന്റെ ബെയറിങ് പോയതാണ്. അത് ശരിയാക്കി യാത്ര തുടര്‍ന്നു. 
 വീണ്ടും തല്ലിപ്പൊളി റോഡ്. ഇന്ത്യയിലേക്ക് കടന്നു. സിലിഗുരിയാണ് സ്ഥലം. വടക്കുകിഴക്കിന്റെയും നേപ്പാളിന്റെയും ഒരു ജങ്ഷന്‍ സിലിഗുരിയെ അങ്ങനെ വിശേഷിപ്പിക്കാം. അവിടെ നിന്ന് ഡാര്‍ജിലിങ്ങിലേക്കുള്ള വഴി രസമാണ്. ചെറിയ വഴികളാണെങ്കിലും ഓടിക്കാന്‍ നല്ല സുഖം. സിക്കിമിലെ പെല്ലിങ്ങില്‍നിന്ന് 30 കിലോമീറ്റര്‍ മാറി നല്ലൊരു വെള്ളച്ചാട്ടക്കാഴ്ച കണ്ണിലെത്തി. കാഞ്ചന്‍ജംഗയായിരുന്നു അത്. പിന്നെ ഗാങ്‌ടോക്ക്, ഒരു ആധുനികനഗരം. എല്ലായിടത്തും വലിയ കയറ്റങ്ങള്‍.ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരും. 
ഇനി ഭൂട്ടാനാണ്. നേപ്പാളുപോലെയായിരുന്നില്ല അങ്ങോട്ട് പ്രവേശിക്കുന്ന കാര്യം. അല്‍പ്പം തലവേദന പിടിച്ചതാണത്. നേപ്പാളില്‍ പതിനഞ്ചു മിനിട്ടുകൊണ്ട് സാധിച്ച കാര്യം ഇവിടെ ഒരു ദിവസമെടുത്തു എന്നു പറഞ്ഞാല്‍ ഊഹിക്കാമല്ലോ. ഒറ്റയ്ക്കായതുകൊണ്ട് അങ്ങോട്ട് പ്രവേശനത്തിന് നൂലാമാലകള്‍ കൂടുതലാണ്. ആരുടെയെങ്കിലും ക്ഷണം വേണം. ഒടുക്കം ഞാനൊരു സൂത്രം പ്രയോഗിച്ചു. യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ഒരു സ്വിസ് ദമ്പതികളെ ഓര്‍ത്തു, അവരിവിടെ മൃഗഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. ഞാനവര്‍ക്ക് മെയില്‍ ചെയ്തു. അവരുടെ ക്ഷണം ചോദിച്ചുവാങ്ങി. അതുപയോഗിച്ച് ഭൂട്ടാനിലേക്ക് കയറി.

ഭൂട്ടാന്‍ നല്ല നാടാണ്. നന്മയുള്ള ജനങ്ങള്‍, ക്രൈം റേറ്റ് കുറവാണ്. അല്‍പ്പം അലസരാണെന്നു മാത്രം. ബൈക്ക് ശരിയാക്കാന്‍ പോയാല്‍ നമുക്കത് നാളെ നോക്കിയാല്‍ പോരേ എന്ന മനോഭാവം. ഇന്ത്യക്കാര്‍ ഒരുപാടുപേരിവിടെയുണ്ട്. കൂടുതല്‍ പേരും അധ്യാപകരാണ്. അവരെന്നോടും ചോദിക്കുന്നു. നിങ്ങളൊരു ടീച്ചറാണോയെന്ന്. ഞാന്‍ പറഞ്ഞു അല്ല വിദ്യാര്‍ഥിമാത്രമാണ്. യാത്രയിലൂടെ പലതും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു നിത്യവിദ്യാര്‍ഥി.
 അതിര്‍ത്തിയില്‍നിന്നും ഭൂട്ടാനിന്റെ തലസ്ഥാനമായ തിമ്പുവിലേക്ക് 180 കിലോമീറ്റര്‍ വണ്ടിയോടിക്കാനുണ്ടായിരുന്നു. നല്ല തണുപ്പിനുള്ളിലൂടെയായിരുന്നു ബൈക്കോടിയത്. തണുപ്പിനെ തടുക്കാനുള്ള ഒരുക്കങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം തോല്‍പ്പിക്കുന്ന ശൈത്യം. മെനസ് രണ്ട് ഡിഗ്രിയാണെങ്കിലും ബൈക്കോടിക്കുമ്പോള്‍ മൈനസ് പത്തിന്റെ ഫീലിങ്ങാണ്. ബ്‌ളാക്ക് ഐസ് എന്നൊരു പ്രതിഭാസവും ഉണ്ട്. റോഡില്‍  മഞ്ഞുള്ളത് നമുക്ക് മനസ്സിലാവില്ല. ബൈക്ക് സ്ലിപ്പാവും. അന്നത്തെ യാത്ര കഴിഞ്ഞ് കൈയുറകളും കാലുറകളുമെല്ലാം അഴിച്ചപ്പോള്‍ ഉള്ള് മരവിച്ചിരുന്നു. ഹോട്ടല്‍ മുറിയിലെ ഹീറ്ററിനു സമീപമിരുന്നാണൊന്നു ചൂടാക്കിയെടുത്തത്.

തിമ്പുവില്‍ പാര്‍ക്കിങ്ങാണ് തലവേദന. വളരെ മുന്തിയ ഹോട്ടലുകളില്‍ മാത്രമേ പാര്‍ക്കിങ് സൗകര്യം കിട്ടൂ. അല്ലാത്തിടത്ത് റോഡരുകില്‍ നിര്‍ത്തിയിടേണ്ടി വരും. അതിന്റെയൊരു ടെന്‍ഷനുണ്ടായിരുന്നു ആദ്യം. പക്ഷേ, പിന്നീടത് മാറി. കാരണം, അത്രയ്ക്ക് സേഫാണവിടെ. ഭൂട്ടാനിലെത്തുമ്പോള്‍ പണം മാറ്റിവാങ്ങാന്‍ മറക്കരുത്. മൂല്യം ഇന്ത്യന്‍ റുപ്പിക്ക് തുല്യമാണിവിടെ. പക്ഷേ, നേപ്പാളിലെപോലെ വിനിമയത്തിന് ഇന്ത്യന്റുപ്പി സ്വീകരിക്കില്ല.  ഭൂട്ടാനില്‍ പറോ ഗ്രാമവും ടൈഗര്‍ മൊണാസ്ട്രിയുമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. തിമ്പുവില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് പറോ. രണ്ടു മണിക്കൂര്‍ ട്രക്ക് ചെയ്താണ്  ടൈഗര്‍ മൊണാസ്ട്രിയിലെത്തിയത്. കൂറ്റന്‍ പര്‍വതത്തില്‍ ഇപ്പോ വീഴും എന്ന മട്ടില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കെട്ടിടം, പ്രാര്‍ഥനാപതാകകളും വര്‍ണങ്ങളും കൊണ്ട് അലംകൃതം. അതിനകത്ത് ക്യാമറ കയറ്റാറില്ലെന്നതു മാത്രമാണ് സങ്കടകരം.
 
 ഭൂട്ടാനില്‍നിന്നും സിലിഗുരി വഴി കല്‍ക്കത്തയിലേക്ക് കടന്നു. മഹാമോശം റോഡായിരുന്നു എന്നു പറയട്ടെ. ഇതിനിടയില്‍ ബൈക്കിന്റെ പിന്‍ചക്രബെയറിങ് പിണങ്ങി. ഒരു സ്‌പെഷല്‍ ബെയറിങ് തന്നെ ഞാന്‍ മാറ്റിയിട്ടു. പക്ഷേ, പിന്‍ഭാഗത്തെ ഭാരം കാരണമാവാം അത് പിന്നെയും പ്രശ്‌നമുണ്ടാക്കിയിരുന്നു. ഈ റോഡാണെങ്കില്‍ കുണ്ടും കുഴിയും. നിറയെ ലോറികളും. പതിനഞ്ച് കിലോമീറ്റര്‍ കടക്കാന്‍ മൂന്നു മണിക്കൂറെടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇവിടെവെച്ചാണ് വിജിന്‍ നായരെ പരിചയപ്പെടുന്നത്. അദ്ദേഹം മുംബൈയില്‍നിന്നും ബൈക്കുമായി വന്നതാണ്. സിലിഗുരി ഇഷ്ടപ്പെട്ടതുകൊണ്ട് അവിടെയങ്ങു തങ്ങുന്നു. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്ത യാത്രികന്‍. എന്നെ പരിചയപ്പെട്ടപ്പോള്‍ കൂടെ കൂടി. പുരിവരെ അദ്ദേഹവും എന്നോടൊപ്പം വന്നു. യാത്ര തന്ന ഒരു സൗഹൃദം.


 

YATHRA


കല്‍ക്കത്തയില്‍ രണ്ടു ദിവസം തങ്ങി. അടുത്തത് ഭുവനേശ്വര്‍, പുരി. പുരി ഒരു കടലോരനഗരമാണ്. അവിടെയെത്തുമ്പോഴേക്കും ക്രിസ്മസ്‌കാലമായിരുന്നു. സാംസ്‌കാരിക പരിപാടികളുടെയും ആഘോഷത്തിന്റെയും മൂഡ്. നേരത്തെ ബുക്ക് ചെയ്തിട്ടില്ലാത്തതിനാല്‍ ഇവിടെ ഹോട്ടല്‍മുറി കിട്ടാന്‍ പാടുപെട്ടു. ഇവിടെ മാത്രം തറയില്‍ കിടക്കേണ്ടി വന്നു. മീന്‍വിഭവങ്ങള്‍ ആസ്വദിച്ച് പുരിയെ ഞാന്‍ രുചികളിലൂടെ അറിഞ്ഞു. 

ഭൂവനേശ്വരില്‍ ക്ഷേത്രങ്ങളായിരുന്നു പ്രധാനം. വിശാഖപട്ടണമാണ് അടുത്ത നഗരം. ഭുവനേശ്വര്‍-വിശാഖപട്ടണം ദേശീയപാത നല്ല റോഡാണ്. ഞാന്‍ പക്ഷേ, മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്. പഴയ ബുള്ളറ്റുകള്‍ നന്നാക്കുന്ന ഒരു ഷോപ്പുകാരനാണ് ഈ വഴി പറഞ്ഞുതന്നത്. ഈയടുത്തുണ്ടായ കൊടുങ്കാറ്റില്‍ തകര്‍ന്ന പ്രദേശങ്ങളിലൂടെയായിരുന്നു ആ യാത്ര. ചിലയിടങ്ങളില്‍ ബൈക്ക് ബോട്ടില്‍ കൊണ്ടുപോകണം. സതപതയില്‍നിന്നും നുപദയിലേക്ക് ബൈക്ക് ബോട്ട് വഴി കടത്തി. ചില്‍ക്കാ തടാകവും കണ്ടു. ദേശാടനപ്പക്ഷികള്‍ വിരുന്നെത്തുന്ന ഇവിടെ ഒരു ദേശാടകന്‍ തീര്‍ച്ചയായും പോയിരിക്കണം. കുട്ടികള്‍, തകര്‍ന്ന സ്‌കൂള്‍കെട്ടിടങ്ങളും പിഴുതെറിയപ്പെട്ട മരങ്ങളും പുനഃസ്ഥാപിക്കുന്നതിന്റെ ഒരു ചിത്രവും അവിടെ കണ്ടു.
 
ആന്ധ്രയിലും നല്ല റോഡായിരുന്നു. പ്രഭാതത്തിലെ നേരിയ മഞ്ഞിലൂടെയുള്ള യാത്രയ്്ക്ക് നല്ല രസം. മിഴിവാര്‍ന്ന ചിത്രങ്ങളും കിട്ടി. വിശാഖപട്ടണത്തിലെ മുങ്ങിക്കപ്പല്‍ മ്യൂസിയം ഗംഭീരമാണ്. 

തെന്നിന്ത്യന്‍ നഗരമായ ചെന്നൈയായിരുന്നു അടുത്ത പോയിന്റ്. പണ്ടു കണ്ട ചെന്നൈയല്ല ഇപ്പോള്‍. ശൗചാലയ സംസ്‌കാരത്തിലെല്ലാം നല്ല മാറ്റം വന്നിട്ടുണ്ട്. എന്നാലും ടോയ്‌ലറ്റിനടുത്ത് റോഡില്‍ കൃത്യം നിര്‍വഹിക്കുന്നവരെ ഇപ്പോഴും കാണാം. ഇവിടെ മഹാബലിപുരത്തു കണ്ട ഒരു കാഴ്ചയും മനസ്സില്‍ നിന്നൊരിക്കലും മായുന്നില്ല. വഴിയോരക്കച്ചവടക്കാരിയായ ഒരു പാവപ്പെട്ട സ്ത്രീ കൊച്ചിന് ഭക്ഷണം കൊടുക്കുകയാണ്. ആകെ രണ്ടു ചപ്പാത്തിയും കുറച്ച പച്ചക്കറിയും. അത് പങ്കുവെക്കുന്നതും നോക്കി ഒരു തെരുവുപട്ടിയുമുണ്ട്. അപ്പോഴാണൊരാള്‍ ബജ്ജിയും കൈയില്‍വെച്ച് അതുവഴി വന്നത്. അയാളത് മുറിച്ച് ഒരു കഷണം പട്ടിക്കു കൊടുക്കാന്‍ നോക്കി. ഈ സ്രത്രീ ഓടിവന്ന് അത് തട്ടിപ്പറിച്ചു. അവരത് തന്റെ കൊച്ചിന് കൊടുത്തു. വിഷണ്ണനായി നിന്ന പട്ടിയെ പക്ഷേ, അവര്‍ ഉപേക്ഷിച്ചില്ല. തന്റെ കൈയിലെ ചപ്പാത്തിയിലൊരു കഷണം അവര്‍ പട്ടിക്കു നല്‍കി. ലണ്ടനില്‍ താമസിച്ച അനുഭവപരിചയം കൊണ്ട് ഞാന്‍ പറയട്ടെ. അവിടെ ഇങ്ങനെയൊരു ദൃശ്യം ഒരിക്കലും കാണാന്‍ പറ്റില്ല. അടിസ്ഥാനകാര്യങ്ങളില്‍ അവരെപ്പോഴും ശ്രദ്ധിക്കും. നമ്മളിവിടെ കോടികള്‍ മുടക്കി സ്‌പേസിലൊക്കെ പോവുമെങ്കിലും ഭക്ഷണംപോലുള്ള അടിസ്ഥാനാവശ്യങ്ങള്‍ എല്ലാവരിലുമെത്തിക്കാന്‍ ഇനിയും ഏറെ ദൂരം താണ്ടേണ്ടിയിരിക്കുന്നു. കന്യാകുമാരിയില്‍ ധാരാളം യാചകരെ കണ്ടു. ചിലര്‍ മാത്രമാണ് യഥാര്‍ഥത്തില്‍ എന്തെങ്കിലും സഹായം അര്‍ഹിക്കുന്നത്. ഭൂരിഭാഗവും തട്ടിപ്പുകാരാണെന്നു മനസ്സിലാവും. ഇതും അവസാനിപ്പിക്കേണ്ട കാഴ്ചകള്‍ തന്നെ.

കന്യാകുമാരിയില്‍നിന്ന് നേരെ കോട്ടയത്തേക്ക്. കടന്നുപോയത് നാലുമാസങ്ങള്‍, പിന്നിട്ടത് 14500 കിലോമീറ്റര്‍. മൊത്തം ചെലവായത് മൂന്നുലക്ഷത്തോളം. നേടിയതോ? ഇന്ത്യയുടെ വൈവിധ്യപൂര്‍ണമായ സംസ്‌കാരത്തിലൂടെ, മറക്കാനാവാത്ത ഒരു യാത്ര. ഞാന്‍ ജീവിതത്തില്‍ എന്തൊക്കെയാണ് നേടിയത്? അതിന്റെ മൂല്യമെന്താണ്? ഈ യാത്ര പലതും പറഞ്ഞുതന്നു. ജീവിതനിലവാരത്തില്‍ നമ്മളെക്കാള്‍ താഴെയാണെന്നു കരുതുന്നവരുടെ സാംസ്‌കാരികമൂല്യവും ബന്ധങ്ങള്‍ക്ക് അവര്‍ കല്‍പ്പിക്കുന്ന വിലയും അടുത്തുകണ്ടു. മനസ്സില്‍ കുറിച്ചിട്ട ആ അനുഭവശേഖരവും അതിന്റെ ഓര്‍മകള്‍ തുടച്ചുമിനുക്കാനായി ശേഖരിച്ച ചിത്രശേഖരവും എന്നെ പുതിയൊരു മനുഷ്യനാക്കിയിട്ടുണ്ടാവുമോ? അങ്ങനെ ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ, ഒന്നു പറയാം ഏറെ മാറിയിട്ടുണ്ട് ഞാന്‍. ഇനി ലണ്ടനിലെത്തി സുഹൃത്തുക്കള്‍ എന്താണ് പറയുന്നതെന്നുകൂടി നോക്കട്ടെ...

(2014 ഏപ്രില്‍ ലക്കം യാത്രയില്‍ പ്രസിദ്ധീകരിച്ചത് )