ന്ത്യക്കാരനെന്നനിലയില്‍ നമുക്ക് ചെന്നെത്താനാവുന്ന രാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റം ലഡാക്കിലെ ഷയോക്ക് നദിക്കരയിലെ താങ് എന്ന ഗ്രാമമാണ്. കശ്മീരില്‍ ഇന്ത്യയും പാകിസ്താനുമായുണ്ടാക്കിയിട്ടുള്ള നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണിത്. താങ്ങിലേക്കും അതിനും തെക്കുള്ള ത്യാക്ഷി എന്ന ഗ്രാമത്തിലേക്കും സാധാരണനിലയില്‍ പുറത്തുനിന്നുള്ള ആളുകളെ പട്ടാളം കടത്തിവിടാറില്ല. സാധാരണക്കാരന്റെ യാത്രകള്‍ ഷയോക്കിന്റെ തീരത്തെ തുര്‍ത്തുക്ക് എന്ന ഗ്രാമത്തില്‍ അവസാനിക്കും. നിറയെ ആപ്രിക്കോട്ട് കായ്ച്ചുനില്‍ക്കുന്ന, ഗോതമ്പുപാടങ്ങള്‍കൊണ്ടലങ്കരിച്ച സ്വപ്‌നസമാനമായ ഗ്രാമമാണിത്.

Apricot Tree

മണാലിയില്‍നിന്ന് റോഡുമാര്‍ഗം വളഞ്ഞുപുളഞ്ഞ് കയറിയിറങ്ങി 490 കിലോമീറ്ററോളം വണ്ടിയോടിച്ച് ലേയില്‍ എത്തിയപ്പോഴേക്കും നന്നേ കിതച്ചിരുന്നു. അന്തരീക്ഷത്തിലെ കുറഞ്ഞ ഓക്സിജന്‍ അളവ് ചെറുതല്ലാത്ത പ്രശ്നം ഉണ്ടാക്കുന്നുണ്ട്. യാത്രയുടെ ക്ഷീണമകറ്റാന്‍ ഒരു ദിവസത്തെ വിശ്രമം വേണ്ടിവന്നു. ലേയില്‍നിന്ന് വാടകയ്‌ക്കെടുത്ത ഒരു വണ്ടിയില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹനമോടിക്കാവുന്ന പാതയായ കര്‍ദുങ്ലാ പാസ് കടന്ന് നൂബ്രാ വാലിയിലേക്കിറങ്ങിച്ചെല്ലാം. ഖല്‍സാര്‍ എന്ന സ്ഥലത്തുനിന്നും ഒരു പാത വടക്ക് സിയാച്ചിന്‍ ഗ്ലേസിയറിലേക്കും മറ്റൊന്ന് കിഴക്ക് പാങ്കോങ് തടാകത്തിലേക്കും വേറൊന്ന് ഷയോക്ക് നദിക്ക് സമാന്തരമായി പടിഞ്ഞാറേക്കും പോകും. പരന്നൊഴുകുന്ന ഷയോക്ക് പതിവിന് വിപരീതമായി പെയ്ത വേനല്‍മഴയില്‍ കലങ്ങിമറിഞ്ഞിരുന്നു. 

Apricot

ദിസ്‌കിത്, ഹുന്തര്‍, തോയ്സെ, സ്‌കുരു, ബോഗ്ദാങ് എന്നിങ്ങനെ പല സ്ഥലങ്ങളെയും പിന്നിലാക്കി ഞങ്ങള്‍ തുര്‍ത്തുക്കിലെത്തി. ലേയില്‍നിന്നും തുര്‍ത്തുക്കുവരെ 223 കിലോമീറ്റര്‍ ദൂരമുണ്ട്. ഗൂഗിള്‍ മാപ്പ് പോലുള്ള നാവിഗേഷന്‍ സോഫ്റ്റ്വെയറുകള്‍ ഖല്‍സാറിനപ്പുറത്തേക്കുള്ള ഈ ടാര്‍റോഡിനെ ചെറിയ ഒരു രേഖയായാണ് അടയാളപ്പെടുത്തിയതെങ്കിലും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ മികച്ച രീതിയിലാണ് ഈ റോഡ് നിര്‍മിച്ച് പരിപാലിക്കുന്നത്.

Apricotസിയാച്ചിന്‍ ഗ്ലേസിയറില്‍നിന്ന് ഉദ്ഭവിച്ച് തെക്കോട്ടും പിന്നീട് പടിഞ്ഞാറോട്ടും ഒഴുകുന്ന ഷയോക്ക് നദിയിലേക്ക് നൂബ്രാ വാലിയില്‍വെച്ച് സിയാച്ചിനില്‍നിന്നുതന്നെ ഉദ്ഭവിക്കുന്ന നൂബ്രാ നദി കൂടെ ചേരുമെങ്കിലും ഒഴുക്ക് അതിവേഗത്തിലല്ല. പലയിടങ്ങളിലും അതിവിശാലമായ ഷയോക്ക് നദിക്ക് ഒരു തടാകത്തിന്റെ രൂപഭാവമാണ്. സമുദ്രനിരപ്പില്‍നിന്ന് 10200 അടി ഉയരത്തിലുള്ള നൂബ്രാ വാലിയിലൂടെ 45 കിലോമീറ്ററോളം പടിഞ്ഞാറ് ദിശയിലൊഴുകുന്ന ഷയോക്ക് പിന്നീടങ്ങോട്ട് ദ്രുതഗതി കൈവരിക്കും. 45 കിലോമീറ്ററിനിടെ വെറും 200 അടി താഴ്ചയിലേക്ക് മാത്രം ഒഴുകിയ ഷയോക്ക് അടുത്ത് 30 കിലോമീറ്ററിനിടെ ചെങ്കുത്തായ മലകളുടെ താഴ്വരകളിലൂടെ 800 അടി താഴ്ചയിലേക്ക് ഒഴുകിയെത്തും. തുടര്‍ന്ന് പാക് അധീന കശ്മീരിലൂടെ ഒഴുകി ഇന്ത്യയില്‍നിന്നുതന്നെ ഒഴുകിയെത്തുന്ന ഇന്‍ഡസ് നദിയില്‍ ചേരും. നൂബ്രാ വാലിയിലും മറ്റും പെയ്ത മഴയില്‍ കലങ്ങിയൊഴുകുന്ന ഷയോക്കിലേക്ക് തുര്‍ത്തുക്ക് ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തുവെച്ച് കാര്‍ഗില്‍ മലകളില്‍നിന്നും മഞ്ഞുരുകിയ നീലത്തെളിനീരുമായി തുര്‍ത്തുക്ക് നാള്ളയെന്ന ഒരു കൊച്ചു പുഴ കൂടിച്ചേരുന്നു. നാള്ള എന്നാല്‍ പുഴ എന്നുതന്നെയാണര്‍ഥം. ഷയോക്കിന്റെ കലുഷിതമായ കറുപ്പില്‍ ആ പുഴ അലിഞ്ഞില്ലാതായി. ഷയോക്ക് പ്രാദേശികഭാഷയില്‍ മരണത്തിന്റെ നദിയാണിത്. നദിയില്‍ വീണാല്‍ ദിവസങ്ങള്‍ക്കുശേഷം കറാച്ചി തീരത്ത് അടിയാം.

1971 വരെ തുര്‍ത്തുക്ക് പാകിസ്താന്റെ നിയന്ത്രണത്തിലായിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരകാലത്ത് വെറും 13 ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന ഇന്ത്യ-പാക് യുദ്ധത്തിന്റെ അവസാനം കേണല്‍ ഷവാങ് റിഞ്ചെന്റെ നേതൃത്വത്തിലുള്ള ലഡാക്ക് സ്‌കൗട്ട് എന്ന ഇന്ത്യന്‍ പട്ടാള യൂണിറ്റാണ് ഇവിടുത്തെ പാകിസ്താന്റെ നിയന്ത്രണം അവസാനിപ്പിച്ചത്. മൂവായിരത്തോളം ആളുകള്‍ മാത്രമേ ഇവിടുള്ളൂ, ഭൂരിപക്ഷവും കൃഷിക്കാരാണ്. ഇന്ത്യയുടെ ഭാഗമായെങ്കില്‍ പോലും 1999-ലെ കാര്‍ഗില്‍ യുദ്ധകാലംവരേക്കും തുര്‍ത്തുക്കുകാര്‍ തങ്ങള്‍ പാകിസ്താന്‍കാരാണോ ഇന്ത്യക്കാരാണോ എന്ന ആശയക്കുഴപ്പത്തില്‍ ജീവിച്ചു. ലഡാക്ക് മേഖലയിലെ ബുദ്ധസംസ്‌കാരത്തില്‍നിന്നും വിഭിന്നമായി ഇവിടത്തുകാരില്‍ ബഹുഭൂരിപക്ഷവും ഇസ്‌ലാം മതവിശ്വാസികളായിരുന്നു. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ കാണാത്ത ബാള്‍ടി സംസ്‌കാരത്തിനുടമകളാണിവര്‍. ടിബറ്റിയന്‍ ഭാഷയുടെ പ്രാദേശിക വകഭേദമായ ബാല്‍ടിക്ക് പുറമെ ഇവിടത്തുകാര്‍ ഹിന്ദിയും ഉര്‍ദുവും ലഡാക്കിയുമൊക്കെ സംസാരിക്കും. മുന്‍പ് പാക് പ്രവിശ്യയായായ ഗില്‍ഗിട്ട് ബാള്‍ട്ടിസ്താന്റെ ഭാഗമായിരുന്നപ്പോള്‍ ചിലരൊക്കെ പാക് പട്ടാളത്തിലുമുണ്ടായിരുന്നു, പലരുടെയും ബന്ധുക്കള്‍ നിയന്ത്രണരേഖയ്ക്കപ്പുറം പാക് അധിനിവേശ കശ്മീരിലാണ്. ഇന്ത്യന്‍ പട്ടാളത്തിന്റെ ശക്തമായ സാന്നിധ്യവും പട്ടാളം നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങളും സേവനങ്ങളും ആളുകളുടെ മനസ്സില്‍ നിന്നും അസ്തിത്വസംശയങ്ങളെ അതിര്‍ത്തികടത്തിയിട്ടുണ്ട്.

Apricot

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ റോഡ് നിര്‍മിച്ചപ്പോള്‍ ഗ്രാമത്തിനകത്തുകൂടെ വാഹനമോടിക്കാനുള്ള റോഡ് വേണ്ടെന്ന നിലപാടായിരുന്നു ഗ്രാമീണര്‍ക്ക്. താങ് വരെ നീണ്ടുപോകുന്ന റോഡ് ഗ്രാമത്തിന്റെ വടക്ക് പുഴക്ക് സമാന്തരമായി കടന്നുപോകും. ഇവിടേക്കുള്ള വഴിനീളെ പട്ടാള ഔട്ട് പോസ്റ്റുകളും പരിശോധനാകേന്ദ്രങ്ങളുമാണ്. ചിലയിടങ്ങളിലൊക്കെ ലേയില്‍നിന്നും വാങ്ങി കൈയില്‍ സൂക്ഷിച്ച ഡിക്ലറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടിവന്നു. പട്ടാളക്കാര്‍ക്കുപുറമെ റോഡുപണിക്കായി ബിഹാറില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നുമൊക്കെ വന്ന് താമസിക്കുന്ന തൊഴിലാളികളെ മാത്രം വഴിയില്‍ കാണാം. ചിലയിടങ്ങളില്‍ നദീതടത്തെ ഉറപ്പിച്ചുനിര്‍ത്താനായി ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മാളത്തില്‍നിന്നും പുറത്തേക്ക് തലയിട്ട് വെയില്‍ കായുന്ന ഹിമാലയന്‍ മോര്‍മതുകളെയും ചുരുക്കം ചില പക്ഷികളെയും വഴിയില്‍ കണ്ടു. തുര്‍ത്തുക്കിനടുത്തെത്തിയപ്പോള്‍ കണ്ട ഒരു ചെറിയ കടയില്‍ എസ്.ടി.ഡി. വിളിക്കാനുള്ള സൗകര്യമുണ്ട്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ഫോണാണവിടെ സ്ഥാപിച്ചിട്ടുള്ളത്. ബി.എസ്.എന്‍.എല്‍. അല്ലാത്ത മൊബൈല്‍ ഫോണുകള്‍ക്കൊന്നും ഇവിടങ്ങളില്‍ നെറ്റ്വര്‍ക്ക് ഇല്ല. വീട്ടിലേക്ക് വിളിച്ച് ഹാജര്‍വെച്ച് യാത്രതുടര്‍ന്നു.

Apricot

2009-നുശേഷമാണ് തുര്‍ത്തുക്കിലേക്ക് വിനോദസഞ്ചാരികളെ അനുവദിച്ച് തുടങ്ങിയത്. കേവലം അഞ്ച് മാസം മാത്രമെ ഈ മേഖലയിലുള്ളവര്‍ക്ക് എന്തെങ്കിലും ജോലികള്‍ ചെയ്യാനാവുകയുള്ളൂ. സപ്തംബര്‍ അവസാനംമുതല്‍ മെയ് മാസംവരെ മഞ്ഞു പെയ്യുന്നതിനാല്‍ നൂബ്രാ വാലിയും അനുബന്ധപ്രദേശങ്ങളും മഞ്ഞുമൂടി ഒറ്റപ്പെടും. കൃഷിയില്‍നിന്നും കന്നുകാലിവളര്‍ത്തലില്‍നിന്നും മുഖ്യവരുമാനം കണ്ടെത്തിയിരുന്ന ഗ്രാമീണര്‍ ഇപ്പോള്‍ ടൂറിസത്തില്‍നിന്നും വരുമാനം കണ്ടെത്തുന്നുണ്ട്. ഗ്രാമത്തിനകത്തെ വീടുകളില്‍ മിക്കതും ചെറിയ അതിഥിമന്ദിരങ്ങളായി പരിണമിക്കുന്നത് കാണാം. 

Apricot


തുര്‍ത്തുക്ക് സ്വപ്‌നസമാനമായ ഒരിടമാണ്. ഗ്രാമത്തില്‍ എത്തിച്ചേരുന്ന ആളുകളോട് ചിരിച്ചുകൊണ്ട് കുട്ടികള്‍ ചോദിക്കും, 'ഒരു ഫോട്ടോ എടുക്കുന്നോ?' വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍ ആദ്യകാലങ്ങളില്‍ വെള്ളാരംകണ്ണുള്ള ഇവിടത്തെ സുന്ദരിക്കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ആ ചിത്രങ്ങളുടെ പകര്‍പ്പവകാശമായി നാണയത്തുട്ടുകളും ചോക്ലേറ്റും കൊടുത്ത് ശീലിപ്പിക്കുകയും ചെയ്തു. ടൂറിസം വിപുലമാവുകയും കൂടുതല്‍ ആളുകള്‍ വന്നുതുടങ്ങുകയും ചെയ്തപ്പോള്‍ കുട്ടികള്‍ തങ്ങളുടെ ചിരിക്ക് വിലയുമിട്ടു. 'ദസ് റുപിയാ ദേനാ ഭായ്!' ഇതിന്റെ മറുവശവുമുണ്ട്, ഗ്രാമത്തിന്റെ മധ്യത്തില്‍ ഒരു ഉയര്‍ന്നഭാഗത്ത് പോപ്ലര്‍ മരങ്ങള്‍ വരിയായി നട്ടുപിടിപ്പിച്ച ഒരു ചെറിയ ഇടനാഴിയില്‍ ക്യാമറ ട്രൈപോഡില്‍വെച്ച് പടമെടുക്കുന്നതിനിടെ കന്നുകാലികള്‍ക്ക് കൊടുക്കാനുള്ള പുല്ല് ശേഖരിച്ച് വരുന്ന ദമ്പതികള്‍ ഫ്രെയിമിലേക്ക് കയറിവന്നു. 'ഫോട്ടോ എടുക്കരുത്' എന്ന് ആ സ്ത്രീ വിളിച്ചുപറയുന്നുണ്ടായിരുന്നു, അവരുടെ ഫോട്ടോ എടുത്തിട്ടില്ല എന്ന് ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു,

Apricot

തങ്ങളുടെ ചിത്രങ്ങള്‍ ടൂറിസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ ഇടും എന്ന ഭയത്താലാണ് അവര്‍ അങ്ങനെ പറഞ്ഞതെന്നും തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞാണ് അവര്‍ പിരിഞ്ഞുപോയത്. ഫോട്ടോയെടുക്കുന്ന സഞ്ചാരികളില്‍നിന്നും അല്ലാത്തവരില്‍നിന്നും പണവും ചോക്ലേറ്റും ബിസ്‌കറ്റുമൊക്കെ ചോദിക്കുന്ന കുട്ടികളെ കശ്മീരില്‍ പലയിടങ്ങളിലും കണ്ടു, പലപ്പോഴും കുട്ടികള്‍ വാഹനത്തിനുപിന്നാലെ ഓടുന്നുണ്ടായിരുന്നു.