കല്ലടയാറിന്റെയും പൊന്‍മുടിയാറിന്റെയും കരയിലൂടെ, കാട്ടില്‍...

 

കമ്പകമരങ്ങളില്‍ നിന്ന് കാടുമുഴുവന്‍ കിളിയൊച്ചകള്‍ നിറഞ്ഞു. അകലെ മലകളില്‍ നിന്നുതിര്‍ന്നും പാറക്കെട്ടുകളില്‍ വീണുടഞ്ഞും കല്ലടയാറിന്റെ തുള്ളികള്‍ ചിതറുന്നത് ഈ ചൂളം വിളികളില്‍ പൊതിഞ്ഞ്  മന്ത്രസ്ഥായിയില്‍ കേള്‍ക്കാം. പച്ചപ്പിന്റെയും കുളിരിന്റെയും ആയിരം കൈകള്‍ നീട്ടി കാട് വിളിക്കുകയാണ്. വരൂ, ഈ സ്വരവിസ്താരങ്ങളിലേക്ക്.. ആരോഹണാവരോഹണങ്ങളിലേക്ക്. കാടുവിളിച്ചാല്‍ പിന്നെ കാത്തിരിക്കാനാവില്ല.

 

Sankhili


ശംഖിലി വനമാണ് യാത്രികരുടെ മനസ്സില്‍. അരിപ്പയാണ് കവാടം. അവിടെ അമ്മയമ്പലപ്പച്ച എന്ന കിളിക്കാട്. അവിടുന്നാണ് വഴി തുടങ്ങുന്നത്. കുറച്ചപ്പുറം കരിങ്കുറിഞ്ഞിപ്പച്ച എന്ന ശുദ്ധജലചതുപ്പ്. പൊയ്ക്കാലില്‍ നില്‍ക്കുന്ന മനുഷ്യനെപ്പോലെ വേരുകളില്‍ എഴുന്നുനിന്ന് ശ്വസിക്കുന്ന മരങ്ങള്‍..അതും കഴിഞ്ഞ് കാടിന് കടുക്കനായും  കാല്‍ത്തളയായും കല്ലടയാര്‍. പൊന്‍മുടിത്തണുപ്പുപേറി വെള്ളച്ചാട്ടങ്ങളില്‍ ചിരിച്ചൊഴുകുന്ന പൊന്‍മുടിയാറും വെള്ളിമലയാറും ഇടത്താവളങ്ങളില്‍ അവളോടു ചേരും. അപ്പോള്‍ യൗവനയുക്തയായി അവള്‍ കാടിന്റെ മാറില്‍ കഥപറഞ്ഞു കിടക്കും. 

 

കരയില്‍ രാജവെമ്പാലകളുടെ കൂട്ടമുണ്ടാവും. കാട്ടുപോത്തും ആനയും മ്ലാവുമെല്ലാം ആ കഥകളില്‍ മേഞ്ഞു നടക്കും. യാത്ര തുടങ്ങുകയായി. അരിപ്പയിലെ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഫോറസ്ട്രി ട്രെയിനിങ്ങിന്റെയും കെ.എഫ്.ഡി.സി. പ്ലാന്റേഷന്റെയും കമാനങ്ങള്‍ക്കുകീഴെ ബാഗുകള്‍ റെഡി. പച്ചക്കറികളും പാത്രങ്ങളും നിറഞ്ഞ ചാക്കുകെട്ടുകള്‍. വഴികാട്ടികള്‍ കൂടി എത്തിയതോടെ അതിരാവിലെ കാടു കേറ്റം തുടങ്ങി. ഫോറസ്റ്റ് സ്‌കൂള്‍ വരെ ടാര്‍ ചെയ്ത റോഡുണ്ട്. അതു കഴിഞ്ഞ് പ്ലാന്റേഷന്‍. അതും കഴിഞ്ഞാണ് കാടിന്റെ കൈവഴികള്‍.


 
Sankhili


അരിപ്പയിലെ രാത്രി

 

ഏറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങി കാത്തുനില്‍ക്കവെ ഒരു മുന്‍പരിചയവുമില്ലാതിരുന്നിട്ടും അബ്ദുള്‍ലത്തീഫ് എന്ന ലത്തീഫ്ക്ക ഒറ്റ നോട്ടത്തില്‍ ആളെ കണ്ടു പിടിച്ചിരുന്നു. അയ്യപ്പഭക്തരുടെ തിരക്കുകൊണ്ട് കറുപ്പുചുറ്റിയ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ ഒരറ്റത്തേക്ക് ഓടിവന്ന് ലത്തീഫ്ക്ക നിറഞ്ഞു ചിരിച്ചു. ആ ചിരിയിലുണ്ടായിരുന്നു യാത്രയുടെ ജാതകം. 

 

കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ സെക്രട്ടറി നൗഷാദ് പുറത്തു കാത്തുനില്‍പ്പുണ്ട്. ഞങ്ങളും ആ സംഘത്തോടൊപ്പം ചേര്‍ന്നു. രാത്രിയുടെ വഴികളിലൂടെ കുളത്തൂപ്പുഴ പിന്നിട്ട് വേണം അരിപ്പയിലെത്താന്‍. അവിടെ മില്‍പ്പാലത്തിലാണ് ബേസ് ക്യാമ്പ്. കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിനു സമീപമെത്തിയപ്പോള്‍ തന്നെ കല്ലടയാറിന്റെ കുളിര് രാത്രിയെ പൊതിഞ്ഞു. കലിയുഗവരദന്‍ പിച്ചവെച്ച മണ്ണാണ്. ശരണമന്ത്രങ്ങളുടെ ഓളങ്ങള്‍ പുഴയിലൂടെ ഒഴുകുന്നുണ്ടാവണം. ചോഴിയക്കോട് നിന്ന് തിരിഞ്ഞ് മില്‍പ്പാലത്തെത്തി ടെന്റടിക്കുമ്പോള്‍ സമയം പുലര്‍ച്ചെ രണ്ടുമണി. ധനേഷും ഫ്രാന്‍സിസും അഭിലാഷും നേരത്തെ തന്നെ വിരിവെച്ചിരുന്നു.ടെന്റിനുമീതെ ആകാശത്ത് ഓറിയോണിന്റെ വാള്‍പ്പിടി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഇടയില്‍ മുറിഞ്ഞുപോയതിനാല്‍ അക്കരയിക്കരെയെത്താനാവാത്ത പാലത്തിലാണ് ഉറക്കം.

 

Sankhili


അരിപ്പയില്‍ നിന്നാണ് രാവിലെ യാത്ര തുടങ്ങിയത്. റോഡിനപ്പുറത്തും ഇപ്പുറത്തുമായി തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ അതിരിടുന്നു. തലസ്ഥാനജില്ലയിലെ പെരിങ്ങമല പഞ്ചായത്തിലാണ് പക്ഷിസങ്കേതം. തട്ടേക്കാട് കഴിഞ്ഞാല്‍ കേരളത്തില്‍ കൂടുതല്‍ കിളികളുള്ള കാട്. മാക്കാച്ചിക്കാടയെ ആദ്യമായി കണ്ടെത്തിയ ഇവിടെ കാട്ടുമൂങ്ങ, താടിക്കാരന്‍ വേലിത്തത്ത,മേനിപ്പൊന്‍മാന്‍, വേഴാമ്പല്‍, കാട്ടുതത്ത തുടങ്ങി 270 ലേറെ ഇനത്തിലുള്ള പക്ഷികളുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ബ്ലാക്ക് വുഡ് പെക്കര്‍ എന്ന കാക്കമരംകൊത്തി, പാട്ടുകാരന്‍ ഷാമക്കിളി എന്നിവയും ഇവിടെയുണ്ട്. അമ്മയമ്പലപച്ച എന്നു വിളിക്കുന്ന പച്ചപ്പ് കഴിഞ്ഞാല്‍ പ്ലാന്റേഷനും കഴിഞ്ഞ് ശംഖിലിയിലേക്കുള്ള വഴിയായി. കാടിനെ കൈവള്ളയിലറിയുന്ന ബേബിയും ശശാങ്കനും മുന്നില്‍ നടന്നു. ചെറുപ്പക്കാരാണ് നാട്ടുകാരായ രണ്ടു പേരും. അഞ്ചു കിലോമീറ്റര്‍ കഴിഞ്ഞുകാണും. ശാസ്താനടയിലെത്തി. അയ്യപ്പന്റെ വിഗ്രഹം. പൂജാപുഷ്പങ്ങള്‍. നിലവിളക്ക്. കെട്ടിടമില്ലാത്ത അയ്യപ്പക്ഷേത്രത്തില്‍ തൊട്ടടുത്തുള്ള കോളനിയിലെ ഒരു കുഞ്ഞിന്റെ ചോറുണ് നടക്കുന്നു.

 

Sankhili


ചിന്നപ്പുല്ല് എന്ന കുന്നിന്‍ പുറമാണ് കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ അംഗങ്ങളുടെ മോഹപ്പച്ച. അങ്ങോട്ടേക്കുള്ള ട്രയല്‍ട്രക്കിങ്ങിനാണ് നൗഷാദും സംഘവും സത്യത്തില്‍ ഇറങ്ങിപ്പുറപ്പെട്ടതും. പക്ഷേ മോഹം ഗൈഡ് ബേബിക്കുമുന്നില്‍ തവിടുപൊടിയായി. 'ചുരുങ്ങിയത് നാലഞ്ചുദിവസമെങ്കിലും വേണം ചിന്നപ്പുല്ല് കയറിയിറങ്ങാന്‍'  ബേബി വഴിയുടെ കാഠിന്യം വെളിപ്പെടുത്തി. അതും ചെങ്കുത്തായ കയറ്റം. പക്ഷേ പൊന്‍മുടിയൊന്നും ചിന്നപ്പുല്ലിന് മുന്നില്‍ ഒന്നുമല്ലെന്നാണ് അവരുടെ പക്ഷം. പുല്‍മേടുകളില്‍ ഉച്ചയ്ക്കുപോലും മഞ്ഞുതുള്ളികള്‍ പാറിവീഴും. ആനയും കാട്ടുപോത്തും ഉള്‍പ്പെടെയുള്ള മൃഗങ്ങളും ധാരാളം. രാത്രിയും പകലും ഒരു പോലെ സുന്ദരമാണെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞതോടെ നൗഷാദിന്റെയും ധനേഷിന്റെയുമെല്ലാം ഖല്‍ബ് പിന്നെയും പിടച്ചു. എളുപ്പവഴികളേതെങ്കിലുമുണ്ടോ എന്നായി അഭി. അടുത്തവട്ടമാവാമെന്ന ബേബിയുടെ ഉറപ്പില്‍ അന്നത്തെ വഴി  ഇടുക്കംപാറ വെള്ളച്ചാട്ടത്തിലേക്ക്. ഇടയ്ക്ക് അഞ്ചാനക്കൊപ്പത്തില്‍ ഇത്തിരി വിശ്രമം. ആനയെപ്പിടിക്കാനുള്ള കുഴിയാണ് കൊപ്പം. പണ്ടെന്നോ ആരോ കുത്തിയ അഞ്ച് ആനക്കുഴികള്‍ ഈ മലമുകളിലുണ്ടത്രേ. അതാണ് പേരിന്റെ കഥ. ശംഖിലിയിലേക്കുള്ള വഴിയില്‍ മൊബൈല്‍ ഫോണിന് റേഞ്ചുള്ള അവസാന ഇടമാണിത്.

 

Sankhili


12 കിലോമീറ്റര്‍ നടന്നു കാണും ഇടുക്കം പാറയെത്താന്‍. കുന്നുകള്‍ കുത്തനെയിറങ്ങി കല്ലുകള്‍ കുന്നുകൂടിയ പൊന്‍മുടിയാറിലിറങ്ങി. നാലഞ്ചു തട്ടുകളിലായി പുഴ വീണൊഴുകുന്ന ശബ്ദം കാട്ടിനകത്തുനിന്നുതന്നെ കേട്ടിരുന്നു. കാലില്‍ ചിലങ്കകെട്ടി  അവള്‍ ഓടിയിറങ്ങുമ്പോള്‍ പാറക്കൂട്ടങ്ങളില്‍ പാല്‍ച്ചിരിയൊച്ചകള്‍  പ്രതിധ്വനിക്കുന്നു. ആ കാഴ്ചയെത്തിയപ്പോള്‍ ക്യാമറയ്കുണ്ടായ സന്തോഷം മധുരാജിന്റെ കണ്ണുകളിലറിയാം. ബ്രഡിന്റെയും ഓറഞ്ചിന്റെയും ഇടവേളകള്‍മാത്രമാണ് 12 കിലോമീറ്ററില്‍ കിട്ടിയത്. അതിനാല്‍ തന്നെ  അടുപ്പുകൂട്ടാനും വിറകടുപ്പിക്കാനും തിരക്കേറി. ആരോ കഴിഞ്ഞ ദിവസം തങ്ങിയതിന്റെ അടയാളമുണ്ട് ചുറ്റിലും. ധനേഷും അഭിയും ഫ്രാന്‍സിസും പാചകം തുടങ്ങി. കഞ്ഞിയും ചപ്പാത്തിയും ഉള്ളിഫ്രൈയും പയറും ഉണക്കമീനുമെല്ലാം റെഡിയാവുന്നതിനിടെ പൊന്‍മുടിയാറില്‍ നീരാട്ട് കഴിഞ്ഞു. 

 

Sankhili


കല്ലടയാറിന്റെ കരയിലൂടെ

 

ഇടുക്കം പാറയില്‍ നിന്ന് പത്തു കിലോമീറ്ററോളം  നടന്നാല്‍ പൊന്‍മുടിയെത്താം.അങ്ങനെയായിരുന്നു ആദ്യത്തെ ഉദ്ദേശം. കുറച്ചു ദൂരം പിന്നിട്ടാല്‍ പക്ഷേ കാടുതീരും, തോട്ടങ്ങളാവും. തോട്ടത്തിലൂടെയുള്ള നടത്തം വേണ്ടെന്ന് പുലര്‍ച്ചെതന്നെ തീരുമാനമായി. പിന്നാലെ ശംഖിലി വനത്തിന്റെ ഉള്ളറകളിലേക്കിറക്കം. പാന്‍മുടി അപ്പര്‍സാനിറ്റോറിയത്തില്‍ നിന്നുത്ഭവിക്കുന്ന പൊന്‍മുടിയാര്‍ ഇടുക്കം പാറ വെള്ളച്ചാട്ടം കഴിഞ്ഞ് അഞ്ചു കിലോമീറ്റര്‍ ദൂരം കൂടി പിന്നിട്ടാല്‍ ശംഖിലിയാറില്‍ ചേരും. പത്താം നമ്പര്‍ എന്നാണ് ജനാര്‍ദനന്‍ കാണി  ആ സ്ഥലത്തിന്റെ പേരു പറഞ്ഞു തന്നത്.അന്നത്തെ രാത്രി അവിടെ തമ്പടിക്കാമെന്നും തീരുമാനമായി.

 

Sankhili


കല്ലടയാറുതന്നെയാണ് ശംഖിലിയാറായും കുളത്തൂപ്പുഴയാറായും പല ദേശങ്ങളില്‍  ഒഴുകുന്നത്. ശംഖിലിവനത്തില്‍ അവള്‍ ശംഖിലിയാറാവും. കുളത്തൂപ്പുഴയില്‍ ഹരിഹരസുതനെ മോഹിച്ച മല്‍സ്യകന്യകമാര്‍ തിരുമക്കളായി ക്ഷേത്രക്കടവില്‍ പാര്‍ക്കുന്നു. ഈരാറ്റുമുക്കിലാണ് വെള്ളമലയാറും ശംഖിലിയും പരസ്പരം പുണരുന്നത്. ഈരാറ്റുമുക്കില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് അഞ്ചു കിലോമീറ്റര്‍ പിന്നിട്ടാല്‍ ഇടഷെഡ് എന്ന സ്ഥലത്തിനടുത്ത് വെള്ളമലയാറ്റില്‍ ഇടുക്കംപാറയേക്കാള്‍ വലിയൊരു വെള്ളച്ചാട്ടമുണ്ട്. പാണ്ടിമൊട്ടയില്‍ നിന്നും പൊന്‍മുടിയില്‍ നിന്നും പല കൈവഴികളിലൂടെ ഒഴുകിയിറങ്ങി പുഴകള്‍ കാടിന് പാല്‍നുരകള്‍ കൊണ്ട് പൊന്നരഞ്ഞാണം കെട്ടുന്നു. ആ പുളിനങ്ങളിലൂടെയാണ് മൂന്നാം നാളിലെ യാത്ര. രാവിലത്തെ സ്‌പെഷല്‍ ദം ഉപ്പുമാവ് കഴിച്ച് സംഘം ഒരുങ്ങി. പുഴകടന്ന് മരങ്ങളും മലകളും താണ്ടി പിന്നെയും പുഴയിലേക്കിറക്കമാണിന്ന്. 

 

Sankhili


അഞ്ചു കുന്നുകളാണ് അരിപ്പയില്‍ നിന്നും ശംഖിലിയെത്തുമ്പോഴേക്കും പിന്നിടുന്നത്. വൈഡൂര്യക്കുന്ന്, ഉപ്പുകൂട്ടിയിട്ടതു പോലുള്ള ഉപ്പുഴിക്കരക്കുന്ന്, വെളക്കോടിക്കുന്ന്, അഞ്ചാനക്കൊപ്പം. ''വൈഢൂര്യക്കുന്നില്‍ നിന്ന് വൈഢൂര്യങ്ങള്‍ കിട്ടിയതായി പ്രായം ചെന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. വെളക്കോടിക്കുന്നിന് നിലവിളക്കിന്റെ ഷേപ്പാണത്രെ.'' ഗൈഡ് ബേബി പഴമക്കാരുടെ കഥകള്‍ പങ്കുവെച്ചു. വെയില്‍ അരിച്ചെത്തുന്നേയുള്ളൂ കാട്ടില്‍. നനവു വറ്റിയിട്ടില്ലാത്ത മണ്ണില്‍ നിന്ന് എല്ലാവരെയും  അട്ടകള്‍ പൊതിഞ്ഞു. രാജവെമ്പാലകളുടെ കാടാണ് ശംഖിലി. ഈറ്റയിലകള്‍ കൂട്ടിയിട്ട് മുട്ടയിടുന്ന പാമ്പിനെ ഈറ്റപ്പാമ്പെന്നാണ് ഇവിടുത്തുകാര്‍ വിളിക്കുന്നത്. പക്ഷേ വഴിയിലൊന്നും ഈറ്റപ്പാമ്പുകളെ കണ്ടില്ല. ഒന്നു രണ്ടു പച്ചിലപ്പാമ്പുകള്‍ പല പോസില്‍ ക്യാമറകള്‍ക്ക് നിന്നു കൊടുത്തു. ഉച്ചയോടെ തൊട്ടുമുന്നില്‍ കാട്ടുപോത്തുകള്‍ പോയ ലക്ഷണം. ആനകള്‍ കൂട്ടമായി പോയതിന്റെ അടയാളങ്ങള്‍ കൂടി ആയതോടെ ചൂണ്ടുവിരലുകള്‍ ചുണ്ടില്‍ പതിഞ്ഞു.''ശ്...'' ഇലകള്‍ അനങ്ങാതെയായി നടത്തം. ആനച്ചൂര് കാട്ടില്‍ കെട്ടിനില്‍ക്കുന്നുണ്ടെന്നു തോന്നി. 

 

Sankhili


കുത്തനെ ഇറങ്ങിയും വള്ളികളില്‍ താങ്ങിയും പിന്നെയും പുഴയിലേക്കിറക്കമായി. പുഴകള്‍ ചേരുന്നിടം. പൊന്‍മുടിയാറും ശംഖിലിയാറും ഒന്നിച്ചു ചേര്‍ന്ന് വലിയ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ കുതിച്ചൊഴുകുന്നു. ഉച്ചയ്ക്കും വിലാസവതിയായി  ഒരിളവെയില്‍ മാത്രം. ചെറിയ പാറക്കെട്ടില്‍ ബാഗുകള്‍ നിരന്നു. അടുപ്പുകൂട്ടി, പുകയുയര്‍ന്നു. അരിവേവും മുമ്പ് പുഴയിലെ കുത്തൊഴുക്കില്‍ സംഘംചേര്‍ന്നൊരു കുളി. കുളികഴിഞ്ഞ പാടേ കാടു കേറാമെന്നായി ബേബിയും നൗഷാദും. ശശാങ്കന്‍ അടുപ്പിന് കാവല്‍ നിന്നു. മറ്റുള്ളവര്‍ പുഴകടന്ന് കാട്ടിലേക്ക്. വെളിച്ചം അരിച്ചെത്തുന്ന കൊടും കാട്. അട്ടകളുടെ അക്രമം. ആനയും കാട്ടുപോത്തുമെല്ലാം തൊട്ടുമുന്നില്‍ പോയ പാടുകള്‍ പലയിടത്തും. ഇടയ്‌ക്കൊരു വലിയ മൂങ്ങ ക്യാമറകള്‍ക്ക് പിടികൊടുക്കാതെ പറന്നു. മണിക്കൂറുകളോളം പരസ്പരം മിണ്ടാതെ  അരിച്ചുപെറുക്കി, നിരാശയോടെ കാടിറങ്ങി. പുഴ കടന്ന് ഇടത്താവളമെത്തുമ്പോഴേക്കും ആകാശത്ത് അന്തിപ്പൊന്‍വെട്ടം.  കാടിന്റെ നിശബ്ദത അരിച്ചുകയറുന്നു. ഇടയ്‌ക്കെപ്പോഴോ മരക്കൊമ്പ് വലിച്ചുപൊട്ടിക്കുന്ന ശബ്ദം. അങ്ങോട്ടേക്ക് ടോര്‍ച്ചുവെളിച്ചങ്ങള്‍ പാഞ്ഞു. കരയില്‍ മൗനം. പിന്നെ ഉറക്കം. അതിരാവിലെ കാടിറക്കം. പലവഴികളിലൂടെ പുറത്തെത്തി ബസ്സു പിടിച്ചപ്പോഴും അരിപ്പയുടെ കവാടത്തില്‍ കുറിച്ചുവെച്ച ജോയ്‌സ് കില്‍മറുടെ വരികള്‍  മനസ്സില്‍ മായാതെ കിടന്നു -'മരത്തോളം മനോഹരമായ ഒരു കവിത ഞാനിതുവരെ കണ്ടിട്ടില്ല'  കവിതയെത്തോല്‍പ്പിക്കുന്ന പച്ചിലക്കാടിന്റെ ചില്ലകളില്‍ അപ്പോള്‍ ഒരു പാട്ടുപിറക്കുന്നു. പാട്ടിന്റെ ചിറകില്‍ പേരറിയാത്ത പക്ഷികള്‍ പറന്നുപോകുന്നു.

 

ജനാര്‍ദനന്‍; കാട്ടിലെ കാണിയും കാവലും

 

Sankhili

 

 


ഇരുട്ടുവീഴുന്നതിന്റെ മുമ്പെ കൈയില്‍ നിറയെ വിറകുകളും വലിയൊരു സഞ്ചിക്കെട്ടുമായി വന്ന മനുഷ്യന്‍ അടുപ്പുകൂട്ടി കുറച്ച് ചെറുപ്പക്കാര്‍ ഇരിക്കുന്നതു കണ്ട് ആദ്യമൊന്നു പകച്ചു. നാട്ടുകാരായ രണ്ടു പേരെ കണ്ടതോടെ അടുത്തുവന്നു. ബീഡിക്കറ പുരണ്ട നല്ലൊരസ്സല്‍ ചിരി പാസാക്കി. കുന്തിരിക്കം ശേഖരിക്കാന്‍ രണ്ടു ദിവസം മുമ്പ് കാടുകേറിയതാണ്. പേര് ജനാര്‍ദനന്‍ കാണി. പോട്ടോമാവ് കാണി സെറ്റില്‍മെന്റിലാണ് വീട്. തേനും മറ്റും ശേഖരിക്കാന്‍ ഇതുപോലെ ഇടയ്ക്ക് വരും. കുറച്ചുദിവസം തങ്ങി മടങ്ങും. ആറിന്റെ ഓരത്തെ പാറക്കെട്ടില്‍ ഒരാള്‍ക്ക് നീണ്ടു നിവര്‍ന്നു കിടക്കാന്‍ സ്ഥലമുണ്ട്. അവിടെയാണ് താമസം.  വിറകുതാഴെയിട്ട് പാറക്കെട്ടിലെ ഗുഹയിലേക്ക് കയറി ജനാര്‍ദനന്‍ കാണി ബീഡി തെറുത്ത് കത്തിച്ചു. അടുത്തുകൂടിയപ്പോള്‍ ബീഡിപ്പുകയ്ക്ക് കാടിന്റെ  കഥയുടെ മണം.

Sankhili
 
പുനലൂര്‍ പേപ്പര്‍മില്‍ വന്നപ്പോള്‍ ഈറ വെട്ടാനാണ് ഈ വിതുരക്കാരന്‍ കാടുകയറിയത്. 1952മുതല്‍ കാടുതന്നെ ജീവിതമെന്ന് 76 കാരനായ ജനാര്‍ദനന്‍ കാണി  പറയുന്നു. 62 മുതല്‍ 2004 വരെ വനം വകുപ്പിന്റെ വാച്ചറായിരുന്ന കാണിക്ക് കാടിന്റെ കയറ്റിറക്കങ്ങള്‍ സ്വന്തം തടിപോലെ പരിചയം. വേട്ടക്കിറങ്ങുന്നവരെയും മറ്റും പിടിക്കാന്‍ കാണിതന്നെ ഇന്നും വനം വകുപ്പിന്റെ വഴികാട്ടി. അങ്ങനെ അയാള്‍ കാടിന്റെ കാവലാളായി തുടരുന്നു. 1992ല്‍ പാണ്ടിമൊട്ട മലയിടിഞ്ഞ് കല്ലും മണ്ണും മരങ്ങളുമെടുത്ത് കലിതുള്ളി വന്ന മഴയാണ് അയാള്‍ക്കിപ്പോഴും നടുക്കുന്നൊരോര്‍മ്മ. 'ആനയുടെ വലുപ്പമുള്ള പാറക്കല്ലുകള്‍ പുഴയിലൂടെ ഒഴുകിപ്പോയി. ഈറവെട്ടാന്‍ പോയവര്‍ ആരൊക്കെയോ മരിച്ചു. ആരെയൊക്കെയോ കാണാതായി.ശംഖിലിയിലേക്കുള്ള വഴിയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ അന്ന് 13 ദിവസം കുടുങ്ങിക്കിടന്നു. തടിക്ക് നമ്പറിടാന്‍  ഒരു സംഘത്തോടൊപ്പം പോയതായിരുന്നു'.തുലാമാസരാത്രിയില്‍ മഴ മുടിയഴിച്ചിട്ടാടി. 

പുഴയും മലയുമെല്ലാം അതില്‍ മുങ്ങിക്കിടന്നു. '14ാം നാള്‍ ഒരു തടിയില്‍ പിടിച്ച് മണക്കാവ് വഴിയാണ് പുറം ലോകമെത്തിയത്.കുളത്തൂപ്പുഴയില്‍ നിന്ന് പൊന്‍മുടിയിലേക്കുള്ള ശംഖിലിപ്പാലം അന്ന് തകര്‍ന്നു. ഇംഗഌഷുകാര്‍ക്ക് പോവാന്‍ അവരുണ്ടാക്കിയതായിരുന്നു പാലം.' ഞങ്ങള്‍ തലേന്ന്  ടെന്റടിച്ച മില്‍പ്പാലത്തെയും ആ മഴയാണ് കൊണ്ടുപോയത്. കഴിഞ്ഞ തുലാമാസവും മഴ പുഴയെ ഒന്ന് കുടഞ്ഞിരുന്നു. ഭാര്യ ഭവാനിയും മൂന്നുമക്കളും മരിച്ച ശേഷം കാടുതന്നെയാണ് ജനാര്‍ദനന്‍ കാണിക്ക് വീടും കുടുംബവും. ഒറ്റയ്ക്കാവുമ്പോ മറ്റാരെയും ശ്രദ്ധിക്കേണ്ടല്ലോ എന്ന ലളിതവേദാന്തം പങ്കുവെച്ച് അയാള്‍ വീണ്ടും ചിരിച്ചു. ഇടയ്ക്ക് കെട്ടുപോയ ബീഡിക്ക് വീണ്ടും തീപ്പകര്‍ന്നു. 

Sankhili

Sankhili

Travel Info                                                        
Sankhili forest aka Sankhili valley, is included in the Kulathupuzha forest range in Kollam district. Famous for the varied biodiversity and presence of wild animals, this place is a hotspot in the Western Ghats. Sankhili valley is situated close to Ponmudi, Chenthuruni and Mundanthurai reserve forest in Tamil Nadu. Better to enter the forest is from Arippa after taking a road trip from Thiruvananthapuram  or Kollam. Arippa is situated on the Thiruvananthapuram-Shencottai road, prior to reaching Kulathuppuzha. Almost 9km away from Madathara junction. From Thiruvananthapuram, take Thenkasi, Kulathupuzha buses to reach Arippa. From Kollam, you can reach here through Kulathupuzha. Sankhili forest can also be reached by taking a eastward turn from Venkollla after Madathara in the Thiruvananthapuram-Shencottai road.

Contact  
Noushad (General secretary, cochin Adventure Foundation) Ph:  9961631096  Kulathuppuzha Forest range office Ph: 0475- 2317827   One have to procure prior special permission from the department of forest  for trekking. (www.forest.kerala.gov.in)

Sankhili

Arippa
Located 52 km northeast of Thiruvananthapuram city along the Thiruvananthapuram-Shencottai State Highway 2, Arippa has about l,000 hectares of forest plantation in a compact area. Wooded highlands of the Western Ghats surround this belt, offering a calm and peaceful destination for tourists amidst the forest environment. Arippa is known for its diverse species of birds and wildlife and is a renowned haunt for bird watcher.

Get There
Trivandrum  International Airport (60km).   Thiruvananthapuram  Railway Station (52 km).    Arippa  is accessible  from Thriruvananthapuram via Nedumangad – Palode – Madathara along the Thiruvananthapuram-Shencottai State Highway 2. (52 km from Thiruvananthapuram city).