കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് മൂന്നാര്‍, മധുര, തേക്കടി വഴി കൊച്ചിയില്‍ തിരിച്ചെത്തുമ്പോള്‍ ദൂരം ഉദ്ദേശം 600 കി.മീ. 
രണ്ടു രാത്രി, മൂന്നു പകല്‍...

 

കൊച്ചിയില്‍ നിന്നൊരു കുടുംബയാത്ര. ഇത് കണ്ണകിയുടെ തട്ടകത്തേക്ക്. ലോകാത്ഭുതപ്പട്ടികയുടെ പടിവാതിലില്‍ നില്‍ക്കുന്ന മഹാക്ഷേത്ര നഗരത്തിലേക്ക്. തമിഴകസംസ്‌കൃതിയുടെ കേന്ദ്രമായ മധുരയുടെ മായക്കാഴ്ചകളിലേക്ക്. രണ്ടു രാവും മൂന്നു പകലും കൊണ്ട് പോയി വരാവുന്ന മികച്ചൊരു ബജറ്റ് യാത്ര.

 

ഒന്നാം ദിവസം

 

map

 

കൊച്ചി മധുര ദേശീയപാത എന്‍.എച്ച് 49 ലൂടെ കോതമംഗലം വരെ. പ്രകൃതി സ്‌നേഹിയാണെങ്കില്‍ അവിടെ നിന്നു വഴി തിരിയാം. ഇടത്തോട്ട് 12 കിലോമീറ്റര്‍ പോയാല്‍ തട്ടേക്കാട് സാലിം അലി പക്ഷി സങ്കേതം. മരച്ചില്ലകള്‍ക്കിടയില്‍ പക്ഷികളുടെ സംഗീതം കേട്ട് അല്‍പ്പനേരം. 

 

വീണ്ടും തിരിച്ച് ദേശീയപാതയിലെത്തി മൂന്നാറിലേക്ക്. വഴിക്കാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍. അടിമാലി കഴിഞ്ഞ് തേയിലത്തോട്ടങ്ങളുടെ ഹരിതഭംഗി കലര്‍ന്ന കയറ്റിറക്കങ്ങളിലൂടെ മൂന്നാറിലേക്ക്. മുപ്പതു കിലോമീറ്റര്‍ താണ്ടിയാല്‍ മൂന്നാറായി. 

 

munnar

 

ഉച്ച കഴിഞ്ഞ് ഇരവികുളത്തേക്ക്. മറയൂര്‍ റോഡില്‍ 15 കിലോമീറ്റര്‍ പോയാല്‍ ദേശീയോദ്യാനത്തിന്റെ പ്രവേശനകവാടമായി. വരയാടുകളുടെ വിഹാരഭൂമിയായരാജമലയില്‍. വീണ്ടും പ്രധാനപാതയിലൂടെ മുന്നോട്ട്. മുനിയറകളും ചന്ദനമരങ്ങളുമുള്ള മറയൂര്‍. അതിനുമപ്പുറം മഴനിഴല്‍ പ്രദേശമായ, ചാമ്പന്‍ മലയണ്ണാനും നക്ഷത്ര ആമകളുമുള്ള ചിന്നാര്‍. ഈ റൂട്ട് ഒഴിവാക്കിയാല്‍ മൂന്നാര്‍ ടോപ് സ്റ്റേഷനിലേക്കുള്ള വഴിയേ പിടിക്കാം. 13 കിലോ മീറ്റര്‍ പിന്നിടുമ്പോള്‍ മാട്ടുപ്പെട്ടിയായി. ഇന്‍ഡോ-സ്വിസ് പ്രൊജക്ടും മാട്ടുപ്പെട്ടി ഡാമും കണ്ട് നേരെ ടോപ് സ്റ്റേഷനിലേക്ക്. 

 

നിശ്ചലമായ തടാകങ്ങളും വനവും പിന്നിട്ട് എക്കോ പോയിന്റിലെത്തുമ്പോള്‍ യൂറോപ്പിലെ ഹില്‍സ്‌റ്റേഷനിലെവിടെയോ എത്തിയ പ്രതീതി. അവിടെ നിന്ന് കുറച്ചു ദൂരമേ ഉള്ളൂ ടോപ് സ്റ്റേഷനിലേക്ക്.  മൂന്നാറിലേക്ക് 32 കിലോ മീറ്റര്‍ മടക്കം. രാത്രി മൂന്നാറിന്റെ കുളിര്‍ പുതച്ച് ഒരു രാത്രിതാമസം. (ഹോട്ടലുകളുടെ മേല്‍വിലാസങ്ങള്‍ സഹിതം എല്ലാ വിവരങ്ങളും മുന്‍കൂട്ടി കിട്ടാന്‍ യാത്ര പുറപ്പെടും മുമ്പ് www.munnar.com എന്ന വെബ് സൈറ്റ് ഒന്നു നോക്കുക.)

 

രണ്ടാം ദിവസം

 

madurai

 

പ്രഭാതത്തില്‍ മൂന്നാറിലെ വഴികളിലൂടെ ദേവികുളം കടന്ന് പൂപ്പാറ വഴി മധുരയിലേക്ക്. ദൂരം 162 കിലോമീറ്റര്‍. ദേവികുളം കഴിഞ്ഞാല്‍ പാണ്ഡ്യനാട്ടിലേക്ക് അധിക ദൂരമില്ല. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേനി, ആണ്ടിപ്പട്ടി, ഉസ്‌ലംപട്ടി, വഴി സംഘകാല വിസ്മയനഗരമായ മധുരയില്‍. 

 

ദിവസം മുഴുവന്‍ കണ്ടാലും തീരാത്ത മധുരക്കാഴ്ചകളുടെ സമൃദ്ധി. അതാണ് മധുര നഗരം. പന്ത്രണ്ടു ഗോപുരങ്ങളും സ്വര്‍ണ്ണ മകുടങ്ങളുമുള്ള മഹാക്ഷേത്രം. ആയിരത്തെട്ടു വിളക്കു തെളിക്കുന്ന മീനാക്ഷി മണ്ഡപം. 985 കരിങ്കല്‍ത്തൂണുകളുള്ള ആയിരം കാല്‍മണ്ഡപം. കാഴ്ചകളുടെ നിര നീളുന്നു.

 

ക്ഷേത്രത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ തിരുമലനായ്ക്കന്‍ കൊട്ടാരം. രാത്രിയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. രാത്രി താമസം പ്രശ്‌നമേയല്ല. ബജറ്റ് ഹോട്ടലുകള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെ എല്ലാം സുലഭം. ആളെ വിളിച്ചുകൂട്ടിക്കൊണ്ടു പോകുന്ന ഏജന്റുമാരും  വിലപേശലുമെല്ലാം പതിവുകാര്യം. 

 

 

thekkady

 

മൂന്നാം ദിവസം

 

രാവിലെ മധുരയില്‍ ഒരു പ്രഭാതസവാരിയാവാം.  പ്രഭാതത്തിനു ശേഷം തിരുപ്രകുണ്ഡ്രത്തേക്ക്. അഞ്ചു കിലോമീറ്ററേയുള്ളൂ ദൂരം. വലിയൊരു മലതുരന്നുണ്ടാക്കിയ മനോഹരമായ സുബ്രഹ്മണ്യക്ഷേത്രം. 

 

thekkady

 

ഇനി തേക്കടിയിലേക്ക്. 140 കിലോമീറ്റര്‍ താണ്ടണം. വഴിനീളെ കൃഷിയിടങ്ങളും ഗ്രാമങ്ങളും. സുഗന്ധം വിതറുന്ന കുമിളി വഴി തേക്കടിയില്‍. പ്രവേശനത്തിനും ബോട്ടിങ്ങിനും വേറെ വേറെ പാസെടുക്കാന്‍ മറക്കല്ലേ. ബോട്ടിങ് മുന്‍കൂട്ടി ബുക്ക് ചെയ്യാനും സംവിധാനമുണ്ട്. www.thekkady.com എന്ന വെബ്‌സൈറ്റില്‍ ഇതിന്റെ വിശദവിവരങ്ങള്‍ കിട്ടും. പെരിയാര്‍ തടാകത്തിലൂടെ ഒരു ബോട്ടിങ്. കുറച്ചുള്ളിലേക്കു പോയാല്‍ മുല്ലപ്പെരിയാര്‍ ഡാമും കാണാം.

 

ബോട്ട് കടവില്‍ എത്തുമ്പോഴേക്കും വെളിച്ചം മങ്ങിത്തുടങ്ങി. ഇനി പീരുമേട്, കോട്ടയം, മൂവാറ്റുപുഴ, വഴി എറണാകുളത്തേക്ക്. ദൂരം 194 കിലോ മീറ്റര്‍.