കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ തെന്‍മലയും പതിമൂന്നുകണ്ണറപ്പാലവും കഴിഞ്ഞ് കഴുതുരുട്ടിയില്‍ നിന്നും ഇടത്തോട്ടാണ് തിരിഞ്ഞത്. പഴയ കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് റെയില്‍പാതയിലെ ഗേറ്റ് കടന്ന് മുന്നോട്ട് പോയി. ഹാരിസണ്‍ ഗ്രൂപ്പിന്റെ റബ്ബര്‍ ഫാക്ടറിക്കു സമീപം വലത്തോട്ട് തിരിയുമ്പോള്‍ ഉയരപ്പാത തുടങ്ങുന്നു. 

 

ഉരുളന്‍കല്ലുകളില്‍ തെളിനീരായി കഴുതുരുട്ടിയാറ് താഴേക്കൊഴുകുന്നുണ്ടായിരുന്നു. അല്‍പദൂരം പിന്നിടുമ്പോഴേക്കും കാലാവസ്ഥ മാറി തുടങ്ങി. തണുത്തകാറ്റ്, വഴിയോരത്ത് ചെറിയ വെള്ളച്ചാട്ടങ്ങള്‍. തേയിലത്തോട്ടങ്ങളുടെ പച്ചപ്പും. കൊല്ലം ജില്ലയിലെ ഏക തേയിലമേഖലയാണിത്. 


 
Ambanad Hills

 

എസ്‌റ്റേറ്റ് കവാടം-പ്രവേശനഫീസ് മുതിര്‍ന്നവര്‍ക്ക് 100 രൂപ, കുട്ടികള്‍ക്ക് 20 രൂപ. കവാടം കടക്കുന്നിടത്തു തന്നെ തമിഴ്‌നാടന്‍ ശൈലിയുള്ള ക്ഷേത്രം. ക്രിസ്ത്യന്‍പള്ളിയും മുസഌംപള്ളിയും ആ കോംപൗണ്ടിലുണ്ട്. വലത്തോട്ട് തിരിഞ്ഞ് മുന്നോട്ട് പോയാല്‍ എസ്‌റ്റേറ്റ് ഓഫീസും ഫാക്ടറിയും. കാറ്റിനിപ്പോള്‍ ഗ്രാമ്പുവിന്റെ ഗന്ധം. 'ഇത് പൂക്കുമ്പോള്‍ വരണം.' സഹയാത്രികനായ നവാസ് പറഞ്ഞു. 

 

Ambanad Hills 2

 

ജാതിക്ക, ഓറഞ്ച്, പേര, സപ്പോട്ട, മാവ്, റമ്പൂട്ടാന്‍ തുടങ്ങി എല്ലാവിധ ചെടികളും നിറഞ്ഞ സസ്യശ്യാമള ലോകം കണ്‍മുന്നില്‍. ദൂരെ നോക്കെത്താ ദൂരത്തോളം മലമടക്കുകള്‍ നിറഞ്ഞ താഴ്‌വര, കിഴക്ക് കോട്ടകെട്ടിയ പോലെ സഹ്യപര്‍വ്വതം, ഒരു വശത്ത് അച്ചന്‍കോവില്‍കാട്, മൂന്നു കുളങ്ങള്‍, പ്രകൃതിയിലേക്ക് തുറന്നുകിടക്കുന്ന വ്യൂപോയിന്റുകള്‍, കുടമുട്ടി വെള്ളച്ചാട്ടം, പെഡല്‍ബോട്ടിങ്, ബ്രിട്ടീഷ് ബംഗഌവുകള്‍, രാത്രി താമസത്തിന് എസ്‌റ്റേറ്റ് ബംഗഌവില്‍ രണ്ട് മുറികളുണ്ട്, 2500 രൂപയാണ് വാടക. 

 

ഭക്ഷണത്തിന് 250 രൂപയും. ഇവിടെ ഉദയവും അസ്തമയവും കണ്ട് ഒരു ദിനം ചെലവഴിക്കുന്നത് മറക്കാനാവാത്ത അനുഭവമാകും. മധുവിധു കൊണ്ടാടാനും നല്ലൊരിടം. പാലരുവി, തെന്‍മല ഇക്കോടൂറിസം, കുറ്റാലം എന്നിവ കൂടി ഉള്‍പ്പെടുത്തി യാത്ര പഌന്‍ ചെയ്യാവുന്നതാണ്. 


 
Ambanad Hills

 

ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച അമ്പനാട് എസ്റ്റേറ്റില്‍ അന്നത്തെ തേയില ഫാക്ടറി ഇപ്പോഴുമുണ്ട്. ബ്രിട്ടീഷ് മെഷിനറി തന്നെ ഇപ്പോഴും. മാനേജര്‍മാരുടെയും തൊഴിലാളികളുടെ വേഷഭൂഷാദികളും ആ കാലം നിലനിര്‍ത്തുന്നു. ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനിയുടെതാണ് ഫാക്്ടറിയും എസ്റ്റേറ്റും. തേയില പൊടിയാവുന്നതു വരെയുള്ള ഘട്ടങ്ങളും കാണാം. ഇറങ്ങുമ്പോള്‍ മൊത്തത്തില്‍ ഒരു നല്ല ചായകുടിച്ചതിന്റെ നവോന്‍മേഷം.