രൂപലാവണ്യത്തില്‍, ഹരിതഭംഗിയില്‍ കേരളത്തിനെ ഓര്‍മപ്പെടുത്തുന്ന ശ്രീലങ്കയിലെ പഴയ രാജകീയ, സാംസ്‌കാരിക തലസ്ഥാനത്തേക്ക് 

വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് കൊളംബോയില്‍ നിന്ന് കാന്‍ഡിയിലേക്ക് യാത്രതിരിച്ചത്. കൊളംബോയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുറ്റത്തിറങ്ങി മുന്നില്‍ നിര്‍ത്തിയിട്ടിരിരുന്ന ടൊയോട്ട വാനിന്റെ ഡ്രൈവറുമായി അല്‍പനേരം വിലപേശി. കാന്‍ഡിയിലേക്ക് 130 കിലോമീറ്റര്‍. ഒരു ദിവസം താമസിച്ച് തിരിച്ചുവരാന്‍ 15000 ശ്രീലങ്കന്‍ രൂപയാണ് ഡ്രൈവര്‍ പറഞ്ഞത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി കണക്കുകൂട്ടി നോക്കിയപ്പോള്‍ ഡീല്‍ മോശമല്ലെന്ന് ഉറപ്പിച്ചു. എട്ടു പേര്‍ക്ക് സുഖകരമായി ഇരിക്കാവുന്ന വിശാലമായ വാനില്‍ ഞങ്ങള്‍ മൂന്നുപേര്‍ക്ക് രാജകീയ യാത്ര...

വര്‍ഷങ്ങളായി ശ്രീലങ്കയില്‍ ജോലി ചെയ്യുന്ന വടകരക്കാരന്‍ ശ്രീകുമാര്‍ ആണ് ഞങ്ങളെ നയിക്കുന്നത്. ശ്രീകുമാറിന് സിംഹളീസ് ഭാഷയറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതു വലിയ നേട്ടം തന്നെ! രാവിലെ ആറു മണിക്ക് കൊളംബോ വിട്ടു. ഒറ്റവരിയിലാണെങ്കിലും മോശമല്ലാത്ത റോഡ്. റോഡില്‍ തിരക്കുകൂടി വരും മുമ്പ് കൊളംബോയ്ക്ക് പുറത്തുകടന്നു. ഇനിയൊരു അഞ്ചുമിനുറ്റ് കണ്ണടച്ചിരിക്കുക. തുറക്കുമ്പോഴേക്കും കേരളത്തില്‍ എത്തിക്കഴിഞ്ഞു. നോക്കിന്നിടത്തൊക്കെ തെങ്ങും കവുങ്ങും പറങ്കിമാവും. റോഡരികിലെ കടകള്‍ക്കും വീടുകള്‍ക്കും എല്ലാമുണ്ട് കേരളാ ടച്ച്. ബ്രേക്ക്ഫാസ്റ്റ് കഴിക്കാനിറങ്ങിയ കടയില്‍ വെള്ളയപ്പവും ഇടിയപ്പവും പുട്ടും. ചൂടുള്ള മീന്‍കറിയും റെഡി. രാവിലെ മീന്‍കറിയും കൂട്ടി പുട്ടും വെള്ളയപ്പവും ശാപ്പിടുന്നവര്‍ കോഴിക്കോട്ടുകാര്‍ മാത്രമല്ലെന്ന് മനസ്സിലായി. ഹോപ്പറെന്നാണ് വെള്ളയപ്പത്തിന് പറയുന്നത്. ആപ്പമെന്നു പറഞ്ഞാലും മനസ്സിലാവും. ഇടിയപ്പം സ്ട്രിങ് ഹോപ്പറാണ്. പുട്ടിന് തനി കോഴിക്കോടന്‍ ശൈലിയില്‍ പിട്ടെന്ന് പറഞ്ഞാല്‍ മതി. 

 

Kandy

 

കാന്‍ഡിയിലേക്കുള്ള വഴിയിലെ ഓരോ കൊച്ചു തെരുവുകളും ഓരോ ഉല്‍പ്പന്നത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത പോലെ. ഒരിടത്ത് എല്ലാ കടകളിലും പൈനാപ്പിള്‍ മാത്രം. അടുത്ത തെരുവ്, കശുവണ്ടിക്ക് മാത്രമാണ്. ഇരുകൈകളിലും കശുവണ്ടി പാക്കറ്റുകളുമായി നിറമുള്ള ഫ്രോക്ക് ധരിച്ച സുന്ദരി പെണ്‍കുട്ടി ഞങ്ങളുടെ വണ്ടിക്കരികിലേക്ക് വരുന്നു. അവളുടെ സൗന്ദര്യത്തില്‍ മയങ്ങിപോയതാവാം. ഡ്രൈവറുടെ കാല്‍ ബ്രേക്കിലമര്‍ന്നു. മടക്കികെട്ടിയ മുടി അഴിച്ചിട്ടാല്‍ നിലത്തിഴയും. സാച്ചിയെന്നാണ് അവളുടെ പേര്. കശുവണ്ടി പാക്കറ്റുകള്‍ എത്ര വാങ്ങിയെന്ന് കണക്കില്ല. അടുത്ത തെരുവ് പപ്പായ കച്ചവടക്കാരുടേതാണ്. അതിനടുത്തത് തക്കാളിത്തെരുവ്.

ദാഹമുണ്ട് എല്ലാവര്‍ക്കും. വഴിയില്‍ ഒരു ഇളനീര്‍ കച്ചവടക്കാരിയുടെ ക്ഷണം. ഇളനീരിനൊപ്പം മധുരമുള്ള ഓറഞ്ചും റംബൂട്ടാനും. റംബൂട്ടാന്‍ ഇവിടെ സുലഭമാണ്. വലിയ തോട്ടങ്ങള്‍ തന്നെയുണ്ട്. നാനൂറ് രൂപ മുടക്കിയപ്പോള്‍ പൈദാഹം പമ്പ കടന്നു. അമ്പേപൂസെ ഗ്രാമത്തിലാണ് ഉച്ചഭക്ഷണം. റോഡരികില്‍ ചെറിയോരു കുന്നിന്‍ മുകളില്‍ മനോഹരമായൊരു ഗസ്റ്റ് ഹൗസ്. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ബുഫെ ലഞ്ച് ഒരുക്കിയിരിക്കുന്നു. അവിടെയെത്തിയിരിക്കുന്നത് അധികവും ചൈനീസ് ടൂറിസ്റ്റുകളാണ്. ശ്രീലങ്കയില്‍ എങ്ങും ഇപ്പോള്‍ കൂടുതലായി എത്തുന്നത് ചൈനയില്‍ നിന്നുള്ള സഞ്ചാരികള്‍ തന്നെ. ഫാഹിയാന്റെ പിന്തുടര്‍ച്ചക്കാര്‍ ! കുത്തരിയുടെ ചോറും മീന്‍ കറിയും ബീന്‍സും തേങ്ങാപൂളും ചേര്‍ത്ത ഉപ്പേരിയും തേങ്ങാച്ചമ്മന്തിയും ചേര്‍ത്തുള്ള വിഭവ സമൃദ്ധമായ ബുഫെ ലഞ്ച് ! ചൈനക്കാര്‍ക്ക് ചൈനീസ് ഭക്ഷണവും വിളമ്പുന്നു. 

 

Kandy

 

പിന്നെ യാത്ര മലകളും കുന്നുകളും നിറഞ്ഞ പ്രദേശത്തു കൂടെയാണ്. മലകള്‍ കയറിപോവുന്ന റോഡ്. നമ്മുടെ പഴശ്ശിരാജാവിനെ പോലെ വൈദേശിക ആക്രമണത്തെ ചെറുത്തുനിന്ന സുറ സറദിയലിന്റെ നാടാണിത്. മലയ്ക്ക് മുകളില്‍ ഒളിച്ചിരുന്ന് ബ്രീട്ടീഷ് സൈന്യത്തെ ഗറില്ലാ മുറയില്‍ ആക്രമിച്ച് നിലംപരിശാക്കിയ ശ്രീലങ്കന്‍ റോബിന്‍ഹുഡിന്റെ കഥപറഞ്ഞ് ഊറ്റം കൊള്ളുന്നു തദ്ദേശീയ ജനത. ആ ചെറുത്തുനില്‍പ്പിനെ പരാജയപ്പെടുത്താന്‍ ബ്രിട്ടീഷുകാരനായ ക്യാപ്റ്റന്‍ ഡോസനാണ് കാന്‍ഡിയിലേക്കുള്ള ഈ റോഡ് നിര്‍മിച്ചത്. അധിനിവേശങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും പോരാട്ടങ്ങള്‍ക്കും എല്ലാ നാട്ടിലും ചില സമാനതകള്‍ ഉണ്ട്. കടുഗെണ്ണ എന്നു പേരുള്ള ചെറിയൊരു ടൗണ്‍ഷിപ്പ് പിന്നിട്ട് ഞങ്ങള്‍ കാന്‍ഡിയിലേക്ക് പ്രവേശിക്കുന്നു. 

കഥാപ്രസംഗക്കാരുടെ ഭാഷയില്‍ പ്രകൃതിരമണീയമെന്നെല്ലാം വിശേഷിപ്പിക്കാവുന്ന സുന്ദര ദൃശ്യമാണ് കാന്‍ഡി. അരികിലേക്കെത്തും തോറും ആ ഭംഗി കൂടിവരുന്നതേയുള്ളൂ. വലിയൊരു തടാകം. അതിനു ചുറ്റും കുന്നിന്‍ ചെരിവുകളില്‍ ബ്രിട്ടീഷ് മാതൃകയില്‍ നിര്‍മിച്ച ഓടിട്ട കെട്ടിടങ്ങള്‍. അവയെ ചുറ്റി നിറയെ മരങ്ങള്‍. മുന്നോട്ടു നടക്കുമ്പോള്‍ കാലത്തിന് സംഭവിച്ച ഓര്‍മത്തെറ്റുപോലെ ഇടുങ്ങിയ റോഡിനിരുവശത്തും പഴയ മാതൃകയിലുള്ള കെട്ടിടങ്ങളുടെ നിര. പഴമയുടെ ഗന്ധം പരത്തുന്ന ഈ നഗരം കൊളോണിയല്‍ ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ്. പഴയ കാലത്തേക്കുള്ള ആ നടപ്പ് പൂര്‍ത്തിയാക്കി സന്ധ്യ മയങ്ങുമ്പോഴേക്കും തടാകക്കരയില്‍ തിരിച്ചെത്തി. ഇപ്പോള്‍ ഈ തടാകത്തെ ആരോ വിവിധ നിറങ്ങള്‍ കൊണ്ട് ചായം പിടിപ്പിച്ചിരിക്കുന്നു. ആ ചായക്കൂട്ടിലേക്ക് നോക്കി നിശബ്ദരായി ഇരിക്കുന്ന ഒട്ടേറെ പേരുണ്ട്. പ്രണയവും സ്‌നേഹവും മോഹങ്ങളും പങ്കുവെച്ചുകൊണ്ടുള്ള ഇരിപ്പ്. അവിടെവെച്ച് പരിചയപ്പെട്ട ബ്രിട്ടീഷുകാരനായ സഞ്ചാരി ഇവാന്‍ പറഞ്ഞു, 'എനിക്കെന്തൊ, ഈ തടാകക്കരയില്‍ മുമ്പെങ്ങോ വന്നപോലെ തോന്നുന്നു. ശരിക്കും നൊസ്റ്റാള്‍ജിക്കാവുന്നു ഞാന്‍.' മുജ്ജന്‍മ്മത്തില്‍ ഇവാന്‍ ജീവിച്ചിരുന്നത് കാന്‍ഡിയിലായിരുന്നുവെന്ന നിഗമനത്തിലെത്തിയാണ് ഞങ്ങള്‍ പിരിഞ്ഞത്. 

തൊഴാം, ഇതാ ബുദ്ധന്റെ പല്ല്

 

Kandy

 

ഗൗതമന്റെ പല്ലിനെ കുറിച്ചായിരുന്നു ഞങ്ങളുടെ ചര്‍ച്ച. കാന്‍ഡിയിലെ ശ്രീ ദലദ മലിഗവ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്നത്, ബുദ്ധന്റെ പല്ലുകള്‍ തന്നെയാണെന്നും ഒരിക്കല്‍ അതു കാണാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും ബന്ധുക വീറോടെ വാദിക്കുന്നു. ബി സി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബുദ്ധന്റെ പല്ല് തന്നെയതെന്ന് എങ്ങനെ ഉറപ്പിക്കാനാവുമെന്ന എന്റെ ചോദ്യം പൊതുവെ ശാന്തശീലനായ ബന്ധുകയെ പ്രകോപിപ്പിച്ചെന്നു തോന്നുന്നു. 'വെറുതെ ഏതെങ്കിലും ഒരാളുടെ പല്ലെടുത്ത് വെച്ച് ഇങ്ങനെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ആരാധിക്കാന്‍ മാത്രം മണ്ടന്‍മാരാണ് ഞങ്ങളെന്നാണോ നിങ്ങള്‍ കരുതുന്നത്?'- അയാളുടെ ചോദ്യത്തിന് മുന്നില്‍ എനിക്ക് ഉത്തരം മുട്ടി. 

കാന്‍ഡിയിലൂടെയുള്ള യാത്രക്കിടെ ഞങ്ങള്‍ക്ക് ലഭിച്ച ആ നാട്ടുകാരനായ സുഹൃത്താണ് ബന്ധുക. ഈ നഗരത്തില്‍ തീര്‍ത്തും അപരിചിതരായ ഞങ്ങള്‍ക്കു വേണ്ടി ഒരു ഗൈഡിന്റെ റോള്‍ ബന്ധുക ഏറ്റെടുത്തു. ബന്ധുക ചെയ്യുന്ന സേവനങ്ങള്‍ക്ക് പ്രതിഫലം വേണ്ട. ശ്രീലങ്കയേയും ബുദ്ധമതത്തേയും കുറിച്ച് അയാള്‍ 'ആധികാരികമായി' പറയുന്ന കാര്യങ്ങള്‍ ചോദ്യം ചെയ്യാതിരുന്നാല്‍ മാത്രം മതി. ക്ഷിപ്ര കോപിയും തൊട്ടാവാടിയുമായ ഒരു യുവാവ്. ബുദ്ധന്റെ പല്ല് സൂക്ഷിച്ചു വെച്ചിരിക്കുന്ന ദലദ മലിഗവ ക്ഷേത്രത്തിലേക്ക് സന്ധ്യമയങ്ങുന്ന നേരത്ത് ഞങ്ങളെ നയിച്ചത് ബന്ധുകയാണ്. 

ബുദ്ധന്റെ തിരുശേഷിപ്പായി ഒരു ദന്തം സൂക്ഷിച്ചുവെച്ചിരിക്കുന്ന ക്ഷേത്രം ആണിത്. വിശാലമായ ക്ഷേത്ര വളപ്പ്. താലങ്ങളില്‍ പുഷ്പങ്ങളുമായി വെളുത്ത വസ്ത്രം ധരിച്ച ഭക്തര്‍ (സുന്ദരികളായ ഭക്തകളാണ് അധികവും) ചുണ്ടുകളില്‍ പ്രാര്‍ഥനാഗീതങ്ങളുമായി അടിവെച്ചു നീങ്ങുന്നു. ക്ഷേത്ര ചുവരില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ കാണുന്ന രീതിയിലുള്ള കൊത്തു പണികള്‍, ശില്‍പ്പങ്ങള്‍ . വലിയ കരിങ്കല്‍ തൂണുകളും മരം കൊണ്ടുള്ള ചിത്രപ്പണികളും. ക്ഷേത്രത്തിനകത്ത് ദര്‍ശനത്തിനായി വലിയ നിര. ഭക്തര്‍ക്കൊപ്പം യുറോപ്പിലും ചൈനയിലും നിന്നുള്ള ടൂറിസ്റ്റുകളും ക്യൂ നില്‍ക്കുന്നു. പടവുകള്‍ കയറി മുകളിലേക്ക് പോയാല്‍ ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്ന ശ്രീകോവില്‍. ശ്രീകോവിലിനു മുന്നില്‍ വളഞ്ഞ ദണ്ഡു കൊണ്ടു ഉടുക്കു പോലുള്ള ഇരട്ട ചെണ്ടകളും കുഴലുകളുമായി മേളം. പരമ്പരാഗത വസ്ത്രമണിഞ്ഞവരാണ് ഈ മേളക്കാര്‍. രണ്ടു സന്യാസിമാര്‍ ചേര്‍ന്ന് ശ്രീകോവില്‍ തുറന്നു. വെളുത്ത വസ്ത്രം ധരിച്ച നാലുപേര്‍ അവര്‍ക്കൊപ്പം അകത്തേക്ക് പോവുന്നു. ചെണ്ട മേളവും മന്ത്രോച്ചാരണങ്ങളും ഉച്ചസ്ഥായിയിലായി. 

 

Kandy

 

ശ്രീകോവിലും പിന്നിട്ട് മുന്നോട്ടു പോയാല്‍ നിലത്ത് കരിങ്കല്‍ പാളികള്‍ പതിപ്പിച്ച വലിയ മണ്ഡപം. പൂര്‍ണമായും ഇന്ത്യന്‍ ക്ഷേത്ര മാതൃകയിലുള്ളതാണിത്. ചുവരില്‍ ബുദ്ധന്റെ പല്ല് ശ്രീലങ്കയില്‍ എത്തിചേര്‍ന്നതിന്റേയും വിവിധ കാലത്തെ ഭരണാധികാരികള്‍ കൈമാറി സൂക്ഷിച്ചതിന്റേയും ചിത്രങ്ങളും വിവരണങ്ങളും. 

ബുദ്ധന്‍ നിര്‍വാണം പ്രാപിച്ച ശേഷം കലിംഗ രാജ്യത്ത് ബുദ്ധന്റെ പല്ല് സൂക്ഷിച്ചുവെച്ചിരുന്നുവെന്നും  അവിടുത്തെ രാജാവായ ഗുഹാശിവ ശത്രുക്കള്‍ ഇതു നശിപ്പിച്ചു കളയുമെന്ന ഭയം കാരണം ശ്രീലങ്കയിലേക്ക് കൊടുത്തയച്ചുവെന്നുമാണ് വിശ്വാസം. എ ഡി നാലാം നൂറ്റാണ്ടില്‍ ഗുഹാശിവ രാജാവിന്റെ മകള്‍ ഹേമമാലിനിയും അവരുടെ ഭര്‍ത്താവായ ദന്ത രാജകുമാരനും ചേര്‍ന്നാണത്രേ ഈ പല്ല് ലങ്കയിലേക്ക് കൊണ്ടുവന്നത്. ശത്രുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നു ഭയന്ന് ഇത് ഹോമമാലിനിയുടെ മുടിക്കെട്ടിനുള്ളില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. അനുരാധപുരയിലെ അന്നത്തെ രാജാവായ കീര്‍ത്തി ശ്രീ മേഘവര്‍ണന് കൈമാറി. അദ്ദേഹം അത് സൂക്ഷിച്ചു വെച്ചു. ഈ വിശുദ്ധ ദന്തം സൂക്ഷിച്ചു വെക്കുന്ന രാജാവിനും രാജ്യത്തിനും ഐശ്വര്യമുണ്ടാവുമെന്നാണ് ലങ്കക്കാരുടെ വിശ്വാസം. അതുകൊണ്ടു തന്നെ വളരെ കരുതലോടെ ഇത് ഓരോ രാജാവും സൂക്ഷിച്ചുവെച്ചു. പിന്നീടത് കാന്‍ഡിയിലെ രാജവംശത്തിന് ലഭിച്ചു. എ ഡി 1707 മുതല്‍ കാന്‍ഡിയില്‍ ഭരണം നടത്തിയ വീര നരേന്ദ്ര സിംഹയാണ് ദന്തം സൂക്ഷിച്ചുവെക്കുന്നതിന് വേണ്ടി ഇപ്പോഴത്തെ ക്ഷേത്രം നിര്‍മിച്ചത്. 

1998 ല്‍ തമിഴ്പുലികള്‍ ഈ ക്ഷേത്രം ആക്രമിച്ചു. അന്നത്തെ ബോംബ് സ്‌ഫോടനത്തില്‍ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പിന്നീട് കേടുപാടുകള്‍ തീര്‍ത്ത് പുതുക്കി പണിയുകയായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ എസാല പെരഹേര ഉല്‍സവ സമയത്ത് ദന്തം പുറത്തെടുത്ത് എഴുന്നള്ളിക്കും. ജൂലായ് അവസാനമോ ആഗസ്ത് ആദ്യമോ വരുന്ന പൗര്‍ണമിയോടനുബന്ധിച്ചാണ്  ഈ ഉല്‍സവം. അലങ്കരിച്ചു നിര്‍ത്തിയ കൊമ്പനാനയുടെ  പുറത്താണ് എഴുന്നള്ളിപ്പ്. ആനയെ അനുഗമിച്ച് നര്‍ത്തകരുടേയും വാദ്യമേളക്കാരുടേയും സംഘമുണ്ടാവും. ബുദ്ധമതക്കാരുടെ ലോകത്തെ തന്നെ ഏറ്റവും വലിയ ഉല്‍സവമാണിത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകള്‍ ഈ ഉല്‍സവത്തില്‍ പങ്കുകൊള്ളുന്നു. 

ക്ഷേത്രത്തോട് ചേര്‍ന്ന ഹാളില്‍ ഒരു കൂറ്റന്‍ ആനയുടെ ശരീരം സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്നു. അമ്പതു വര്‍ഷം വിശുദ്ധ ദന്തം എഴുന്നള്ളിച്ച രാജ എന്ന ആനയാണിത്. ബന്ധുക ആദരവോടെ രാജയേയും വണങ്ങുന്നുണ്ട്. ഈ ക്ഷേത്രത്തിന് സ്വന്തമായി ഇന്നും ആനകളേറെയുണ്ട്. ഉല്‍സവ ദിവസത്തില്‍ ഘോഷയാത്രകളില്‍ ഈ ആനകളെല്ലാം അണിനിരക്കും. കേരളീയരെ പോലെ ആനകളെ സംരക്ഷിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും അവയെ കുറിച്ച് പറഞ്ഞ് ഊറ്റം കൊള്ളുന്നതിലും ലങ്കക്കാര്‍ മുന്‍പന്തിയിലാണ്. ക്ഷേത്രസമുച്ചയം ചുറ്റിനടന്നു കാണാന്‍ നാലു മണിക്കൂറിലധികം എടുത്തു. എന്നിട്ടും തിരിച്ചുപോരുമ്പോള്‍ എന്തൊക്കയോ കാണാന്‍ ബാക്കിയായി പോയെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.