ലോകവനിതാദിനത്തില്‍ ചിമ്മിനിയുടെ കാഴ്ചകളിലേയ്ക്ക് ഒരു ട്രെക്കിങ്. കൂട്ടിന് കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നെത്തിയ മുപ്പത്തിമൂന്ന് വനിതകളും...

 

ഓര്‍മ്മകളില്‍ വീണ്ടും ആ കുട്ടിക്കാലം. ക്ലാസ് മുറികളുടെ വിരസതയ്ക്കിടയില്‍ ആഹ്ലാദപ്പെരുമഴയായെത്തുന്ന പഠനയാത്രകള്‍. മുന്‍പു കണ്ട സ്ഥലങ്ങളിലേയ്ക്കു തന്നെയാവും യാത്ര. എന്നാലും വീണ്ടും പോകും. കാഴ്ചകള്‍ക്കപ്പുറം സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കുറേ നല്ല നിമിഷങ്ങളാണ് ആ യാത്രകള്‍ സമ്മാനിച്ചത്. 

 

തിരക്കൊഴിഞ്ഞ പാതയിലൂടെ കാര്‍ ചിമ്മിനിയിലേയ്ക്കു നീങ്ങുമ്പോള്‍ പഠനയാത്രയ്ക്കു പോകുന്ന ഒരു കുട്ടിയുടേതു പോലെയായിരുന്നു മനസ്സ്. പരിഭ്രമം, ആഹ്ലാദം, ആവേശം. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നെത്തിയ മുപ്പത്തിമൂന്ന് വനിതകളാണ് ഈ യാത്രയില്‍ ഒപ്പമുള്ളത്. വനംവകുപ്പിന്റെ ഡോര്‍മെറ്ററിയില്‍ അവര്‍ക്കൊപ്പം ഒരു രാത്രി. പിറ്റേന്ന് കാട്ടിനുള്ളിലൂടെ ചിമ്മിനിയുടെ ഉയരങ്ങളിലേയ്ക്ക് ട്രെക്കിങ്. ആശയം 'കൊച്ചിന്‍ അഡ്വഞ്ചേഴ്‌സി'ന്റേതായിരുന്നു. 

 

Chimmony Wildlife Sanctuary

 

ചെക്‌പോസ്റ്റ് കടക്കുമ്പോള്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ കാറില്‍ നിന്ന് ഇറക്കി. മരപ്പൊത്തിനുള്ളില്‍ ചടഞ്ഞുകൂടിയിരിക്കുന്ന മടിയന്‍ മൂങ്ങയെ കാണിച്ചു തരാന്‍. ഞങ്ങള്‍ ചാഞ്ഞും ചരിഞ്ഞും ഫോട്ടോയെടുത്തിട്ടും അവന്‍ ഇരുന്നിടത്തു നിന്ന് അനങ്ങിയില്ല. ഇടയ്ക്ക് കണ്ണുകള്‍ ഇറുക്കിയടച്ചു. ഞാന്‍ ഇതെത്ര കണ്ടതാ എന്ന ഭാവത്തില്‍!

 

പിന്നീടുള്ള യാത്രയില്‍ പക്ഷികളായിരുന്നു വിഷയം. കാക്ക തൊട്ട് അങ്ങോട്ട് അറിയാവുന്ന പക്ഷികളെ പറ്റിയെല്ലാം പറയുന്നതിനിടെ ഡോര്‍മെറ്ററി എത്തിയതറിഞ്ഞില്ല. മുറി വൃത്തിയുള്ളതായിരുന്നു. ബാഗുകള്‍ ഇറക്കി വച്ച് മുറ്റത്തിറങ്ങി. ഇലപൊഴിഞ്ഞ മരങ്ങള്‍ക്കപ്പുറം ഇരുണ്ട കാട്. ഡാം. മലകള്‍. തിരക്കുകളില്‍ നിന്നു വിട്ടുമാറി മനസ്സ് പതിയെ സ്വച്ഛതയില്‍ കൂടുകൂട്ടുകയാണ്. 

 

Chimmony Wildlife Sanctuary

 

നടക്കാന്‍ വരുന്നോ? നിഷ ചോദിച്ചു. ആമ്പല്ലൂരില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ചാണ് വന്നത്. യാത്രികരില്‍ പലരും എത്തികൊണ്ടിരിക്കുന്നതേയുള്ളൂ. സമയമുണ്ട്. ഞങ്ങള്‍ ചിമ്മിനിയുടെ വഴികളിലൂടെ നടന്നു. ഇരുവശത്തും പൊഴിഞ്ഞു വീണ ഇലകള്‍. മരചില്ലകള്‍ക്കിടയില്‍ നിന്നും പറന്നുയരുന്ന കിളികള്‍. നിഷയെ മുന്‍പു പരിചയമില്ല; ഇനി കാണാന്‍ പോകുന്ന മറ്റ് മുപ്പത്തിരണ്ടുപേരേയും. എങ്കിലും കാടിന്റെ ശബ്ദം കേട്ടു കൊണ്ട് അപരിചിതയായ ഈ കൂട്ടുകാരിക്കൊപ്പമുള്ള നടത്തം ആസ്വദിക്കുന്നു. ചിരപരിചിതയായ ഒരാള്‍ക്കൊപ്പം മുന്‍വിധികളോളു കൂടി ഒരിടത്തേയ്ക്കു പോകുന്നതു പോലെ അല്ല ഇത്.  'കംഫര്‍ട്ട് സോണ്‍' ബ്രേക്ക് ചെയ്യുന്നിടത്താണ് യാത്രയുടെ യഥാര്‍ത്ഥ ആനന്ദം.

 

കാടിനുള്ളിലേയ്ക്ക് രാത്രി വേഗമെത്തി. ഞങ്ങളെല്ലാവരും പരസ്പരം കണ്ടു; സംസാരിച്ചു. എങ്കിലും ഞങ്ങള്‍ക്കിടയില്‍ എന്തോ അകലമില്ലേ? സംശയം സംഘാടകര്‍ക്കായിരുന്നു. അതുകൊണ്ട് 'മഞ്ഞുരുക്കാനായി' അവര്‍ ഒരു ഹോളി ആഘോഷം നടത്തി. ബാഗിന്റെ കനംകുറയ്ക്കാന്‍ ഒരൊറ്റ ജോടി വസ്ത്രവുമായി വന്ന പലര്‍ക്കും പണി കിട്ടി. എന്നാലും നിറങ്ങളുടെ ആഘോഷം ഞങ്ങള്‍ ഗംഭീരമാക്കി. 

 

Chimmony Wildlife Sanctuary

 

പലരും ആദ്യമായി കാടുകയറുന്നവരായിരുന്നു. വേണ്ട നിര്‍ദേശങ്ങള്‍  നല്‍കാന്‍ പത്തു വര്‍ഷമായി കാട്ടില്‍ ജീവിക്കുന്ന ഡോ. മീരയെത്തി. അവരുടെ വാക്കുകളില്‍ കാടിനോടും അവിടുത്തെ ജീവജാലങ്ങളോടുമുള്ള സ്‌നേഹം തുളുമ്പി നില്‍ക്കുന്നു. കാട്ടിനുള്ളിലൂടെ നടക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ലളിതമായ വാക്കുകളില്‍ വിശദീകരിച്ചു. ശേഷം സംശയങ്ങള്‍. അട്ട കടിച്ചാല്‍ അലര്‍ജി വരുമോ? ചിമ്മിനിയില്‍ കടുവയുണ്ടോ? മൃഗങ്ങള്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമോ? പലര്‍ക്കും പല ചോദ്യങ്ങള്‍. മീര ക്ഷമയോടെ ഉത്തരം നല്‍കി. കാടിനെ കുറിച്ചുള്ള അവരുടെ ആഴത്തിലുള്ള അറിവ് വ്യക്തമാക്കി തരുന്നതായിരുന്നു ഉത്തരങ്ങളോരോന്നും. അടുത്ത ഊഴം ലെസ്ലി അഗസ്റ്റിനായിരുന്നു. 

 

ഇക്കഴിഞ്ഞ നവംബറില്‍ ലെസ്ലി നാഗാലാന്റിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ കാണാന്‍ പോയി. പത്തു സംസ്ഥാനങ്ങളിലൂടെ 14 ദിവസം ബൈക്കോടിച്ച് നാഗാലാന്റിലെത്തി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. പെണ്‍കുട്ടിയായി ജനിച്ചു എന്നതു കൊണ്ടു മാത്രം യാത്രകളെ പ്രണയിക്കാതിരിക്കരുതെന്ന് പഠിപ്പിച്ചു ലെസ്ലി.   ചിമ്മിനിയിലെ പാമ്പുകളെ പറ്റി പറഞ്ഞുതരാന്‍ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ റിസര്‍ച്ച് ഫെലൊ ഹരീഷ് സുധാകറും എത്തിയിരുന്നു.

 

Chimmony Wildlife Sanctuary

 

രാത്രി ഭക്ഷണത്തിനു ശേഷം എല്ലാവരും ഗസ്റ്റ് ഹൗസിനു മുന്നിലൊരുക്കിയ ക്യാംപ് ഫയറിനു ചുറ്റും കൂടി. ഓരോരുത്തരായി എഴുന്നേറ്റു നിന്ന് പരിചയപ്പെടുത്തി. സിമി, കീര്‍ത്തി, മഡോണ, സന്ധ്യ, റീന, സുബി, ആമി, അപര്‍ണ്ണ, ലിന്‍സി... പേരും ജോലിയും നാടും പ്രായവും വ്യത്യാസമായിരുന്നു. പക്ഷേ ഇവിടെ, മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവിനു കീഴില്‍,  ഇരുട്ടു നിറഞ്ഞ കാടും മലനിരകളും നോക്കി, വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ ഒന്നാണ്. ഒരു മനോഹര രാത്രി ഇവിടെ ഏരിഞ്ഞുതീരുന്നു.

 

ഹാപ്പി വുമന്‍സ് ഡേ-ആരോ ആശംസിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. അതെ മാര്‍ച്ച് 8. ഞങ്ങളുടെ ദിനം.  ഇന്ന് കാട്ടിനുള്ളിലേയ്ക്കു കടക്കുകയാണ്. അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നു തരാന്‍ ഡോ.മീരയും ഒപ്പമുണ്ട്. ഡോര്‍മെറ്ററിയ്ക്കു സമീപത്തെ അടുക്കളയില്‍ ആഹാരം തയ്യാറായിരുന്നു. ഇഡ്ഢലിയും ചായയും കഴിച്ചു. ഉച്ചഭക്ഷണമായ ചപ്പാത്തിയും കറിയും പൊതിഞ്ഞെടുത്തു. വാഴച്ചാല്‍ റേഞ്ച് ഓഫീസര്‍ ശ്രീദേവി മധുസൂദനന്‍ യാത്ര ഫഌഗ് ഓഫ് ചെയ്തു. ഞങ്ങള്‍ പുറപ്പെട്ടു. നടന്നു തുടങ്ങുമ്പോള്‍ ഒറ്റ ഗ്രൂപ്പേ ഉണ്ടായിരുന്നുള്ളൂ. ചുവപ്പു തലയന്‍ തത്ത, ചിത്രശലഭങ്ങളില്‍ ഏറ്റവും വലിപ്പമേറിയ ഗരുഡശലഭം -വഴിയില്‍ കാണുന്ന ഓരോന്നും മീര പരിചയപ്പെടുത്തി തന്നു. 

 

Chimmony Wildlife Sanctuary

 

ആദ്യം ഇലപൊഴിയും കാടുകളായിരുന്നു. പൊഴിഞ്ഞു വീണ കരിയിലകള്‍ക്കു നടുവിലൂടെ ഏവരും ഉത്സാഹത്തോടെ നടന്നു. വഴിയില്‍ കാണുന്ന കാട്ടുവള്ളികളില്‍  ഊഞ്ഞാലാടി. മരച്ചോട്ടില്‍ വളരുന്ന ഇരുണ്ട വയലറ്റ് നിറത്തിലുള്ള പഴങ്ങള്‍ പറിച്ചു തിന്നു. അതിന്റെ ചുവന്ന നിറത്തിലുള്ള തോടില്‍ തൊട്ടു തലോടി. അതില്‍ പറ്റിച്ചേര്‍ന്നിരുന്ന ചുവന്ന നിറമുള്ള വണ്ടിനെ കണ്ടുപിടിച്ചു. വഴിയിലൊരിടത്ത് കരിയിലകള്‍ക്കിടയില്‍ ചുരുണ്ടു കൂടി കിടക്കുന്ന പാമ്പിനെ കണ്ടപ്പോള്‍ പലര്‍ക്കും പേടിയായി.  വഴിയില്‍ ഇനിയും പാമ്പുണ്ടാകുമോ? വിഷമുള്ള ഇനങ്ങളാവുമോ? അവരുടെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയ ഞങ്ങളോട് അവയ്ക്ക് പകയുണ്ടാകുമോ? മീര ചിരിച്ചു. ''പക മനസ്സില്‍ സൂക്ഷിക്കുന്നത് മനുഷ്യര്‍ മാത്രമാണ്. 

 

ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന പാമ്പിനോ കാടുവിറപ്പിച്ചു നടക്കുന്ന ആനയ്‌ക്കോ ഇര തേടിയിറങ്ങുന്ന കടുവയ്‌ക്കോ ഒന്നും പകയില്ല. ജീവന്‍ അപകടത്തിലാണെന്നു തോന്നുന്ന നിമിഷം മാത്രമാണ് അവ മനുഷ്യരെ ആക്രമിക്കുക. എങ്കില്‍ പോലും അവ ആദ്യം ഒരു മോക് ഫയറിങ് നടത്തും. അതായത്  എതിരാളിയെ പേടിപ്പിച്ച് ഓടിക്കാന്‍ നോക്കും. ഉറക്കെ ശബ്ദമുണ്ടാക്കും. ഇതെന്റെ സാമ്രാജ്യമാണ്, ഇങ്ങോട്ടുകടക്കരുത് എന്നാണ് അതിന്റെ അര്‍ത്ഥം. വീണ്ടും അവയെ ചൊടിപ്പിച്ചാല്‍ മാത്രമേ ആക്രമിക്കൂ. എന്നിട്ടും മനുഷ്യര്‍ ക്രൂരത കാണിക്കുമ്പോള്‍ നമ്മള്‍ പറയും 'മൃഗീയം', അതു തെറ്റാണ്-മൃഗങ്ങള്‍ ഒരിക്കലും നമ്മോളം ക്രൂരരല്ല'' 

 

Chimmony Wildlife Sanctuary

 

പാറകളിലും മരച്ചോടുകളിലും ഇടയ്ക്കിടെ വിശ്രമിച്ചു. കാടിന്റെ വഴികള്‍ പരിചിതമല്ലാത്തവര്‍ പെട്ടന്നു ക്ഷീണിച്ചു. നടക്കുന്നവേഗത്തിനനുസരിച്ച് ചെറു സംഘങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ സഞ്ചാരം കയറ്റങ്ങളും ഇറക്കങ്ങളും ഊടുവഴികളും പാറക്കൂട്ടങ്ങളും പിന്നിട്ട് യാത്ര തുടരുകയാണ്. താഴെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി നിത്യഹരിതവനങ്ങളാണ് ഇവിടെ. പച്ചപ്പണിഞ്ഞ മരങ്ങള്‍, തണുപ്പുമായെത്തുന്ന ഇളം കാറ്റ്. കാടിന്റെ ഭംഗി ആവോളം നുകര്‍ന്നുകൊണ്ടുള്ള നടത്തം ഒരു കുന്നിന്‍ മുകളില്‍ അവസാനിച്ചു. പൊതിഞ്ഞു കൊണ്ടുവന്ന ചപ്പാത്തിയും കറിയും കഴിയ്ക്കുന്നതിനിടെ അവസാന സംഘവും അവിടേയ്‌ക്കെത്തി. ആരവത്തോടെയാണ് അവരെ ഞങ്ങള്‍ വരവേറ്റത്. അവര്‍ യാത്രയുടെ ഒരു ഘട്ടത്തില്‍ മടങ്ങിപ്പോകാന്‍ തീരുമാനിച്ചതായിരുന്നു. യാത്രകള്‍ പലപ്പോഴും അങ്ങനെയാണ്, അസാധ്യമെന്നു കരുതുന്ന ലക്ഷ്യത്തിലേയ്ക്ക് വളരെ എളുപ്പത്തില്‍ കൊണ്ടെത്തിക്കും. 

 

എല്ലാവരും ഉച്ചഭക്ഷണം കഴിച്ചു. തൊട്ടടുത്ത നീര്‍ച്ചാലില്‍ നിന്ന് വെള്ളം കുടിച്ചു. മരത്തണലുകളില്‍ കിടന്നു മയങ്ങി. രണ്ടു മണി കഴിഞ്ഞതേയുള്ളൂ. മഴക്കോളുണ്ട്. കാടിനകം ഇരുണ്ടു വരികയാണ്. ഇനി മടങ്ങണം. തിരികെ നടക്കാന്‍ എളുപ്പമായിരുന്നു. കുത്തനെയുള്ള ഇറക്കങ്ങളില്‍ ചിലരെല്ലാം വീണു. കരിയിലകളില്‍ ചവിട്ടുമ്പോള്‍ കാല്‍വഴുതിപ്പോകുന്നു. കാട്ടിനകത്ത് വീണുകിടന്ന ഉണക്കക്കമ്പുകള്‍ പെറുക്കിയെടുത്തു ഞങ്ങള്‍ വാക്കിങ് സ്റ്റിക് ആക്കി. മീരയ്ക്കാവട്ടെ, കാട് സ്വന്തം വീടുതന്നെയാണ്. അവര്‍ ചെരിപ്പിടാതെയാണ് കാട്ടിനുള്ളിലൂടെ നടക്കുന്നത്.

 

Chimmony Wildlife Sanctuary

 

ഡാമിന്റെ ക്യാച്‌മെന്റ് ഏരിയയിലുള്ള വലിയ പാറയുടെ മുകളില്‍ നിന്ന് ഞങ്ങള്‍ ചിത്രങ്ങളെടുത്തു. ചിലരെല്ലാം വെള്ളത്തിലിറങ്ങി നീന്തി. അവസാനത്തെ സംഘം ഇനിയും എത്തിയിട്ടില്ല. പുല്‍മേട്ടില്‍ അവരുടെ വരവും കാത്തിരിക്കുമ്പോള്‍ ഈ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ടവരെ കുറിച്ച് ആലോചിച്ചു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകന്‍ കിരണുമൊന്നിച്ചെത്തിയ ഡോ. ശോശ, കോളേജ് വിദ്യാര്‍ഥിനിയായ രാധികയും അമ്മ വിമലയും, അഡ്വക്കേറ്റും ആക്ടിവിസ്റ്റുമായ മായ കൃഷ്ണന്‍, കൈക്കുഞ്ഞിനെ ഭര്‍ത്താവിന്റെ പക്കല്‍ ഏല്‍പ്പിച്ച് ഞങ്ങളുമൊന്നിച്ച് കാടുകയറിയ രന്യ... ജീവിതത്തിന്റെ വിവിധ മുഖങ്ങള്‍.

 

എല്ലാവരും എത്തിയതോടെ ഞങ്ങള്‍ ഡോര്‍മെറ്ററിയിലേയ്ക്കു നടന്നു. കാട്ടിനുള്ളില്‍ നിന്ന് ചില അനക്കങ്ങള്‍. ഇലച്ചാര്‍ത്തിനിടയിലൂടെ ഞങ്ങള്‍ കണ്ടു,  ഒരാനയുടെ രൂപം. ഒച്ചയുണ്ടാക്കാതെ നിന്നു. ചില്ലകള്‍ ഒടിക്കുന്ന ശബ്ദം കേള്‍ക്കാം. തലേന്ന് ക്ലാസെടുക്കുമ്പോള്‍ ചിമ്മിനിയിലെ ഫോറസ്റ്റര്‍ ശ്രീജിത്ത് പറഞ്ഞതോര്‍ത്തു. ''നടക്കാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ ആനകളെ കാണും-തൃശൂര്‍പൂരത്തിന് എഴുന്നള്ളിക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകളെ പോലെയല്ല അവ, അതുകൊണ്ട് സൂക്ഷിക്കുക'' അതുകേട്ട് ചിരിക്കുമ്പോള്‍ കാട്ടാനയെ ഇത്രയടുത്ത് കാണുമെന്ന് വിചാരിച്ചില്ല. ഒരു നിമിഷം -അവന്‍ വഴിയിലേയ്്ക്കു കയറി വന്നു. ഞങ്ങള്‍ക്കു തെറ്റിപ്പോയി-അവന്‍ മാത്രമല്ല പിന്നാലെ രണ്ടുപേര്‍ കൂടി. മൂന്ന് ആനകള്‍ ഞങ്ങള്‍ക്കു മുന്നിലൂടെ നടന്നുപോയി (അതോ അവ ഓടുകയായിരുന്നോ).  അവയുടെ തടിച്ചുരുണ്ട  ദേഹമാകെ  മണ്ണു പുരണ്ടിരുന്നു. ശരിയാണ്, ഇത് തൃശൂര്‍പൂരത്തിനു കാണുന്ന കറുത്തുമിനുത്ത ആനകളല്ല. അവ ഞങ്ങളെ ആക്രമിച്ചില്ല. ഒന്നു തിരിഞ്ഞുനോക്കിയതു പോലുമില്ല. 

 

Chimmony Wildlife Sanctuary

 

ഒരു പകല്‍ മുഴുവന്‍ നടന്ന് എല്ലാവരും തളര്‍ന്നിരുന്നു. പക്ഷേ അപ്പോഴും സംസാരിച്ചത് അടുത്തയാത്രയെ പറ്റിയാണ്. നിശബ്ദമായ ഈ കാടിനു പുറത്ത് ഞങ്ങളെ ഓരോരുത്തരേയും കാത്ത് മറ്റൊരു ജീവിതം ഉണ്ട്. അവിടേയ്ക്കു മടങ്ങാന്‍ സമയമായി.

 

പിറ്റേന്ന് നിഷ വിളിച്ചു-കഴിഞ്ഞ ഡിസംബറില്‍ അവളൊന്ന് വീണു. കാലിന് ചെറിയ പരിക്കു പറ്റി. കുഴമ്പും തൈലവുമൊക്കെയിട്ട് കാല് നേരെയായി വരുന്നതിനിടയ്ക്കാണ് ഈ ട്രെക്കിങ്. മടങ്ങിയെത്തിയപ്പോള്‍ ചേച്ചി ചോദിച്ചത്രേ-ഈ വയ്യാത്ത കാലും വച്ച് കാട്ടിനുള്ളിലൂടെ നടന്നിട്ട് നിനക്കെന്തു കിട്ടി?

 

Chimmony Wildlife Sanctuary

 

''യാത്രയെ സ്‌നേഹിക്കുന്ന മുപ്പത്തിരണ്ട് കൂട്ടുകാരികളെ കിട്ടി. കാടിന്റെ സ്വച്ഛതയും സംഗീതവും അറിഞ്ഞു; ഇളംകാറ്റേറ്റ് മരച്ചോട്ടില്‍ ഉറങ്ങി. പാറകളില്‍ പൊത്തിപ്പിടിച്ചു കയറാനുള്ള ഉറപ്പും കരുത്തും കാലുകള്‍ക്കുണ്ടെന്നു മനസ്സിലാക്കി. വഴിയില്‍ വച്ച് പിന്തിരിഞ്ഞില്ലെങ്കില്‍ ഒരു ലക്ഷ്യവും അകലെയല്ലെന്ന് തിരിച്ചറിഞ്ഞു.'' 

 

യാത്രകളോടുള്ള  ഞങ്ങളുടെ പ്രണയം ഇവിടെ തീരുന്നില്ല. ഇപ്പോള്‍ ദിവസവും വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ ഞങ്ങള്‍ കാണും. പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുന്നു പുതിയ ഡെസ്റ്റിനേഷനുകള്‍. എന്താ ഞങ്ങള്‍ക്കൊപ്പം പോരുന്നോ?''