ന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് കരുത്തുറ്റ സ്ത്രീത്വത്തെ തിരഞ്ഞെടുക്കാന്‍ മാതൃഭൂമി നടത്തിയ വോട്ടെടുപ്പില്‍ 50.76% വോട്ടുമായി ഒന്നാംസ്ഥാനത്തെത്തിയത് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി. ഒപ്പമുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് വിജയലക്ഷ്മി കേരളജനതയുടെ മനസ്സ് കവര്‍ന്നത്. 

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നുള്ള പിന്മാറ്റം, അഞ്ച് മണിക്കൂര്‍ കൊണ്ട് 69 ഗാനങ്ങള്‍ക്ക് ശ്രുതി മീട്ടി ലോകറെക്കോര്‍ഡില്‍ നേടിയ ഇടം...അങ്ങനെ വാര്‍ത്തകളില്‍ വിജയലക്ഷ്മി നിറഞ്ഞുനിന്ന ദിവസങ്ങളാണ് കഴിഞ്ഞുപോയത്. പരിമിതികള്‍ക്ക് മുന്നില്‍ കീഴടങ്ങാനുള്ളതല്ല പെണ്ണിന്റെ മനസ്സെന്ന് തന്റെ പ്രവര്‍ത്തികളിലൂടെ കാട്ടിക്കൊടുത്താണ് കേരളത്തിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വിജയലക്ഷ്മി മാര്‍ഗദീപമായത്. അതുകൊണ്ട് തന്നെയാണ് കരുത്തുറ്റ സ്ത്രീത്വമായി അന്താരാഷ്ട്ര വനിതാദിനത്തില്‍ വിജയലക്ഷ്മിയെ അവര്‍ തിരഞ്ഞെടുത്തതും. 9.4% വോട്ട് നേടിയ ഭാഗ്യലക്ഷ്മിയും നളിനിനെറ്റോയുമാണ് രണ്ടാസ്ഥാനത്ത്. 

chart

വിജയലക്ഷ്മിയുടെ പ്രതികരണത്തിലേക്ക് 

ഞാനെടുത്ത ബോള്‍ഡ് തീരുമാനമായിരിക്കും എന്നെ കരുത്തുറ്റ സ്ത്രീത്വമായി അവര്‍ തിരഞ്ഞെടുക്കാന്‍ കാരണം. എന്റെ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും ബോള്‍ഡായ ഒരു തീരുമാനം തന്നെയായിരുന്നു അത്. ആ തീരുമാനത്തില്‍ വീട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം ജനങ്ങളും തന്ന പിന്തുണ എനിക്ക് മറക്കാന്‍ സാധിക്കില്ല..എല്ലാ മാതൃഭൂമി ഡോട് കോം വായനക്കാര്‍ക്കും ഞാനെന്റെ നന്ദി അറിയിക്കുന്നു. 

ഡിപ്രഷനിലേക്ക് വരെ ഞാനെത്തി 

വിവാഹം വേണ്ടെന്ന് വെക്കാനുള്ള തീരുമാനത്തെ കുറിച്ച് ഓര്‍ത്ത് എനിക്ക് ഒരു ടെന്‍ഷനുമില്ലായിരുന്നു. നടന്നാലായിരുന്നു ടെന്‍ഷന്‍. എന്റെ സ്വാതന്ത്ര്യം പോകുമല്ലോ സംഗീതം പോകുമല്ലോ എന്നൊക്കെയുള്ള ടെന്‍ഷന്‍. വേണ്ടെന്ന് വച്ചതോടെ എനിക്ക് നല്ല മന:സമാധാനം കിട്ടി. മനസ്സിന്റെ കെട്ടഴിച്ചുവിട്ട ഒരു തോന്നലായിരുന്നു. ഡിപ്രഷനിലേക്ക് വരെ ഞാനെത്തിച്ചേരുമോ എന്ന് പേടിച്ചിട്ടുണ്ട്. ഈ ഒരു തീരുമാനമെടുക്കും വരെ സങ്കടവും കരച്ചിലും തന്നെയായിരുന്നു. 

വല്ല പാട്ടുടീച്ചറായി ജോലിക്ക് പോയാല്‍ മതി. പ്രോഗ്രാമുകള്‍ എപ്പോഴും കിട്ടണമെന്നില്ല. എന്നൊക്കെ പറഞ്ഞ് ഭയങ്കര ഭരണമായിരുന്നു. കാഴ്ച കിട്ടുമെന്ന അമിത ആത്മവിശ്വാസമൊന്നും വേണ്ടെന്ന് പറഞ്ഞ് പലപ്പോഴും മാനസികമായി തളര്‍ത്തുമായിരുന്നു..എന്തിനാണ് ഞാനിതൊക്കെ സഹിക്കുന്നതെന്ന് ചിന്തിച്ചാണ് വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞത്. തീരുമാനം അറിഞ്ഞപ്പോള്‍ ഭാഗ്യലക്ഷ്മിചേച്ചിയും വനിതാകമ്മീഷനിലെ പ്രമീള മാഡവും എന്നെ വിളിച്ചഭിനന്ദിച്ചു. ദാസേട്ടന്‍ ഉള്‍പ്പടെ സംഗീതലോകത്ത് നിന്നും പിന്തുണ ലഭിച്ചു. ഡി ഇമാന്‍ സാര്‍ പറഞ്ഞു ദ ഗ്രേറ്റ് എസ്‌കേപ്പ് എന്ന്. 

റെക്കോര്‍ഡിലേക്ക് കയറിയിരിക്കുന്നു വൈക്കം വിജയലക്ഷ്മി എന്ന പേര്..

അതെ അതൊരു നല്ല അനുഭവമായിരുന്നു. എം.ജയചന്ദ്രന്‍ സാറാണ് എനിക്ക് മൃദംഗം വായിക്കാനെത്തിയത്. അതാണ് എന്നെ സംബന്ധിച്ച് വലിയ റെക്കോഡ്. അത് എന്റെ വലിയഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ വായിച്ചതിനാല്‍ കുറച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതെല്ലാം മാറിവരുന്നു..

എന്റെ സ്വപ്‌നങ്ങള്‍ പൂവണിയുകയാണ്

കന്നഡയില്‍ ഹൈപ്പര്‍ എന്ന ഒരു ചിത്രത്തിന് വേണ്ടി പാടി. കന്നഡയിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി ഈ വര്‍ഷം ഞാന്‍ പാടിയിട്ടുണ്ട്. ആനന്ദ് കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങുന്ന ഊരുക്ക് മന്നന്‍ എന്ന തമിഴിലും മലയാളത്തിലും നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ട് പാടിയിട്ടുണ്ട്. മലയാളത്തില്‍ ദാസേട്ടനൊപ്പവും തമിഴില്‍ എസ്പിബി സാറിനൊപ്പവുമാണ് പാടിയത്. എന്റെ രണ്ട് സ്വപ്‌നങ്ങളാണ് പൂവണിഞ്ഞത്. 

ഇനിയൊരു വിവാഹം

സംഗീതത്തെ സ്‌നേഹിക്കുന്ന ഒരാള്‍ നമുക്ക് കൂടി ബോധ്യപ്പെടുന്ന, എന്നെ ഉള്‍ക്കൊള്ളുന്ന ഒരാള്‍ വരട്ടെ.

പെണ്‍കുട്ടികളോട്

പെണ്‍കുട്ടികളായാല്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കണം. തീരുമാനമെടുത്താല്‍ അത് ബോള്‍ഡായി പറയാനും സാധിക്കണം. പിന്നെ എനിക്ക് പറയാനുള്ളത് ഞാന്‍ പാടിയിട്ടുള്ള ഒരു കവിതയാണ്..

അരുതരുത് ക്രൂരത സ്ത്രീയോടരരുത്, 
അവള്‍ നിന്റെ മകളാണ് അമ്മയും സോദരീ..