ദ്യം നോണ്‍ വൂവണ്‍ സഞ്ചികളുടെ നിരോധനം. ഇപ്പോഴിതാ കൊറോണയുടെ ഭാഗമായുള്ള അടച്ചുപൂട്ടല്‍. എങ്കിലും തോല്‍ക്കാന്‍ മനസ്സില്ലാതെ കര്‍മരംഗത്ത് തുടരുകയാണ് കൊയിലാണ്ടി വിയ്യൂരിലെ നീറ്റ് ബാഗ് പ്രവര്‍ത്തകരായ വീട്ടമ്മമാര്‍.

പ്രത്യേക സാഹചര്യം മനസ്സിലാക്കി പ്രതിദിനം രണ്ടായിരത്തോളം ത്രീ ലെയര്‍ മാസ്‌കുകളാണ്  ഇവിടെനിന്നും പിറവിയെടുക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനായി ചിലര്‍ വീട്ടില്‍നിന്നാണ് പ്രവൃത്തിയെടുക്കുന്നത്.

രണ്ടുവര്‍ഷംമുമ്പ് ഏതാനും വീട്ടമ്മമാര്‍ തുടങ്ങിയ സംരംഭമാണിത്. എല്ലാവരും ബാങ്ക് ലോണെടുത്താണ് പ്രവര്‍ത്തനമൂലധനമെന്ന ആദ്യ പ്രതിസന്ധി മറികടന്നത്. നോണ്‍ വൂവണ്‍ സഞ്ചികളിലൂടെ വിപണി പിടിച്ചപ്പോഴാണ് ജനുവരി മുതല്‍ പ്ലാസ്റ്റിക്കിനൊപ്പം ഇതും നിരോധിച്ചത്. ബിഗ് ഷോപ്പറുകളും വിവിധയിനം ചെറുസഞ്ചികളും കെട്ടിക്കിടന്നു. കൂടുതല്‍ ആവശ്യക്കാരുള്ളതിനാല്‍ വന്‍തോതില്‍ അസംസ്‌കൃത വസ്തുക്കളും ശേഖരിച്ചിരുന്നു. ഇവയും ബാക്കിയായി.

വലിയ പ്രതിസന്ധിയായിരുന്നു. എന്നാല്‍, പ്രതിസന്ധിയില്‍ തളരാതെ നോണ്‍ വൂവണിന് പകരം തുണിസഞ്ചി നിര്‍മാണം തുടങ്ങി. ഖാദിബോഡിന് തുണിസഞ്ചി നിര്‍മിച്ചുനല്‍കിയ മുന്‍പരിചയവുമുണ്ടായിരുന്നു. നോണ്‍ വൂവണിനെ അപേക്ഷിച്ച് വരുമാനം കുറവാണെങ്കിലും കഴിഞ്ഞുപോകാമെന്ന നിലയിലായിരുന്നു. അതിനിടെയാണ് കൊറോണയുടെ അടച്ചുപൂട്ടലെത്തിയത്.

എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു ആദ്യദിവസങ്ങള്‍. എന്നാല്‍ പ്രതിസന്ധി അവസരമാക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. മുഖാവരണങ്ങള്‍ക്ക് നാട്ടിലാകെ ക്ഷാമം. തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിനായി ആദ്യ ഉത്പന്നങ്ങള്‍. തുടര്‍ന്ന് ആവശ്യക്കാരേറിവന്നു. മെഡിക്കല്‍ ഷോപ്പുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി നിത്യവും രണ്ടായിരത്തോളം മുഖാവരണങ്ങള്‍ ഇവിടെനിന്ന് കൊണ്ടുപോകുന്നു.

കൊയിലാണ്ടിയിലെ ആശുപത്രിയുള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങള്‍ക്ക് പല സംഘടനകളും വ്യക്തികളും സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇവര്‍ നിര്‍മിച്ച മുഖാവരണങ്ങളാണെന്ന് സംഘത്തെ നയിക്കുന്ന ടി.പി. ശൈലജ, എന്‍.കെ. അജിത, എന്‍. ബീന എന്നിവര്‍ അഭിമാനത്തോടെ പറയുന്നു.

വരുമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തോടെ പൊരുതുകയാണിവര്‍. കൊറണക്കാലം കഴിഞ്ഞ് പെട്ടെന്നുതന്നെ സഞ്ചിനിര്‍മാണത്തിലേക്ക് തിരിച്ചുപോകാനാവുമെന്ന പ്രതീക്ഷയിലാണിവര്‍.

Content Highlights: Women groups starts making Masks during Covid19