'അയ്യോ പാമ്പ്' എന്നാരെങ്കിലും പറയുന്നത് കേട്ടാല്‍ വിദ്യാ രാജന്‍ പേടിച്ചോടാറില്ല. പകരം ശാന്തമായി നടന്നുചെന്ന് ആ പാമ്പിനെ പിടികൂടും. 'ഞാനൊരു പാമ്പ് പിടുത്തക്കാരിയല്ല,പാമ്പ് രക്ഷകയാണ് 'ഈ അമ്പത്തിയെട്ടുകാരി നിറഞ്ഞ ചിരിയോടെ പറയുന്നത് കേട്ടാല്‍ കൂടുതലറിഞ്ഞേ മതിയാവൂ എന്ന് നമുക്ക് തോന്നിയാല്‍ അത് സ്വാഭാവികം.

വിദ്യ ഇതുവരെ പിടികൂടിയ പാമ്പുകളുടെ എണ്ണം എണ്ണൂറിലധികം വരും. പിടിച്ച പാമ്പുകളുടെ ഫോട്ടോയോ എണ്ണമോ ഒന്നും കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്ന സ്വഭാവം വിദ്യയ്ക്കില്ല. ബിഹാര്‍ സ്വദേശിയായ വിദ്യയ്ക്ക് കൊച്ചിയാണ് തന്റെ നാടെന്ന് പറയാനാണ് ഏറെയിഷ്ടം. നേവിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് വിരമിച്ചപ്പോഴാണ് ഇവര്‍ കൊച്ചിയിലെ പനമ്പള്ളി നഗറില്‍ സ്ഥിരതാമസമാക്കിയത്. 

കുട്ടിക്കാലം മുതലേ പ്രകൃതിയെ സ്‌നേഹിച്ചുള്ള ജീവിതമായിരുന്നു വിദ്യയുടേത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ പിതാവിന്റെ സ്ഥലംമാറ്റങ്ങളോടൊപ്പം പുതിയ പുതിയ സ്ഥലങ്ങള്‍ കാണാനും അറിയാനുമുള്ള അവസരം വിദ്യക്ക് ഉണ്ടായി. പക്ഷിനിരീക്ഷക, പ്രകൃതിസ്‌നേഹി തുടങ്ങിയ വാക്കുകളൊന്നും അന്നത്ര പരിചിതമായിരുന്നില്ലെങ്കിലും അതൊക്കെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നെന്ന് വിദ്യ ഓര്‍മ്മിക്കുന്നു. വിദ്യ വളര്‍ന്നതോടൊപ്പം മന്‌സസിലെ പ്രകൃതിസ്‌നേഹവും വളര്‍ന്നുവലുതായി. പക്ഷിനിരീക്ഷണം പ്രിയപ്പെട്ടതാകുകയും അങ്ങനെ വേള്‍ഡ് വൈല്‍ഡ് ഫെഡറേഷന്റെ ഭാഗമാകുകയും ചെയ്തു.

കൈ കൊണ്ട് പാമ്പിനെ പിടിക്കുന്നതിന് പകരം ആദ്യം വടികൊണ്ട് തടയുകയാണ് ചെയ്യുന്നത്. അപരിചിതമായ സ്പര്‍ശത്തെ തീരെ ഇഷ്ടപ്പെടാത്തവരാണ് പാമ്പുകള്‍. 

പാമ്പിനെ ആദ്യമായി കയ്യിലെടുക്കുന്നത് ഗോവയില്‍ വച്ചാണെന്ന് വിദ്യ പറയുന്നു. പക്ഷിനിരീക്ഷണ യാത്രകള്‍ക്കിടെ യാദൃശ്ചികമായി ഒരാളെ പരിചയപ്പെട്ടു. പാമ്പിനെയും മുതലയെയുമൊക്കെ മെരുക്കുന്നതില്‍ വിദഗ്ധനായിരുന്ന അയാളില്‍ നിന്നാണ് പാമ്പിനെ കയ്യിലെടുക്കേണ്ടതെങ്ങനെ എന്ന് പഠിച്ചത്. താല്പര്യം തോന്നിയതോടെ അതിനെക്കുറിച്ച് കൂടുതല്‍ വായിച്ചും കേട്ടും പഠിച്ചുതുടങ്ങി. അങ്ങനെ പാമ്പിനെപിടികൂടാനും തുടങ്ങിയെന്ന് വിദ്യ.

vidya
image:timesofindia

പിടികൂടുന്ന പാമ്പുകളെ വനംവകുപ്പിനെ ഏല്‍പിക്കാറാണ് പതിവ്. പാമ്പുകളെ പിടികൂടുമ്പോള്‍ ഒരിക്കല്‍ പോലും ഭയം തോന്നിയിട്ടില്ലെന്ന് വിദ്യ പറയുന്നു. പല തവണ പാമ്പുകളുടെ കടിയേറ്റ് ആശുപത്രിയിലായിട്ടുണ്ട് വിദ്യ. ഒരിക്കല്‍ ജീവന്‍ പോലും നഷ്ടപ്പെട്ടേക്കുമെന്ന അവസ്ഥ വരെ വന്നു. അതിനു ശേഷം കൃത്യമായ മുന്‍കരുതലുകളോടെയേ താന്‍ പോകാറുള്ളെന്ന് വിദ്യ പറയുന്നു.

തന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ കുടുംബത്തിന്റെ പൂര്‍ണപിന്തുണയാണെന്നാണ് വിദ്യയുടെ അഭിപ്രായം. ഭര്‍ത്താവിനെയോ മക്കളെയോ ഒപ്പം കൂട്ടിയാണ് വിദ്യയുടെ യാത്രകളേറെയും. ചെറുപ്പം മുതല്‍ പ്രകൃതിയായിരുന്നു എന്റെ മതം. വിവാഹത്തിനു ശേഷവും അതേ രീതി പിന്തുടരാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം വിദ്യ പറയുന്നു.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ