രിഹാസവും ഒറ്റപ്പെടുത്തലും വേദനാജനകമാണ്... പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഇത് ഏറെ വേദനയുണ്ടാക്കുന്നു. പരിഹാസവും ഒറ്റപ്പെടുത്തലും സഹപാഠികളില്‍ നിന്നാകുന്നത് സഹിക്കാവുന്നതിലുമപ്പുറമാണ്. അങ്ങനെ കൂട്ടുകാരുടെ കളിയാക്കലും ഒറ്റപ്പെടുത്തലും താങ്ങാനാവാതെ ഹൈസ്‌കൂള്‍ എത്തുന്നതിന് മുമ്പുതന്നെ പലവട്ടം സ്‌കൂള്‍ മാറേണ്ടിവന്ന ഒരു പെണ്‍കുട്ടി... ഒരുനാള്‍ അവള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. എന്നാല്‍, അവള്‍ തന്റെ കുറവുകളിലേക്ക് നോക്കുന്നത് നിര്‍ത്തി, തന്റെ കഴിവുകളിലേക്ക് നോക്കാന്‍ ആരംഭിച്ചു. അത് അവളുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ഇന്ന് ലോകപ്രശസ്ത മോഡലായി മാറിയ ആ പെണ്‍കുട്ടിയാണ് വിന്നി ഹാര്‍ലോ.

വിന്നി ജനിച്ചത് 1994 ജൂലായ് 27-നാണ്. ജമൈക്കന്‍ വംശജരായിരുന്നെങ്കിലും വിന്നിയുടെ മാതാപിതാക്കള്‍ കാനഡയിലായിരുന്നു താമസിച്ചിരുന്നത്. ചെറുപ്പത്തില്‍ത്തന്നെ പിതാവിനെ നഷ്ടപ്പെട്ട വിന്നിയെയും സഹോദരിമാരെയും വളരെ കഷ്ടപ്പെട്ടാണ് അമ്മ വളര്‍ത്തിയത്.

നാലുവയസ്സുവരെ ഏതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെയായിരുന്നു വിന്നി. എന്നാല്‍, നാലുവയസ്സുള്ളപ്പോള്‍ അവളുടെ തൊലിയില്‍ ചില വ്യതിയാനങ്ങള്‍ ഡോക്ടര്‍ കണ്ടെത്തി. 'വിറ്റിലിഗോ' എന്ന രോഗമാണതെന്നും കണ്ടെത്തി. തൊലിക്ക് നിറഭേദം സംഭവിക്കുന്ന അവസ്ഥയാണ് 'വിറ്റിലിഗോ' അഥവാ 'വെള്ളപ്പാണ്ട്'.

ആദ്യമൊന്നും കുഞ്ഞുവിന്നിക്ക് തന്റെ രോഗത്തെക്കുറിച്ച് കാര്യമായ അവബോധം ഉണ്ടായിരുന്നില്ല. എന്നാല്‍, സ്‌കൂളില്‍ എത്തിയപ്പോള്‍ കാര്യങ്ങളാകെ മാറി. മറ്റു കുട്ടികള്‍ ഒരു വിചിത്രജീവിയെ എന്നപോലെയാണ് വിന്നിയെ കണ്ടത്. അവര്‍ അവളെ 'പശു' എന്നും 'സീബ്ര' എന്നും മറ്റും വിളിച്ച് പരിഹസിച്ചു. തങ്ങളുടെ കൂടെ കൂട്ടാതെ ഒറ്റപ്പെടുത്തി. പരിഹാസവും ഒറ്റപ്പെടുത്തലും ആ കുഞ്ഞുമനസ്സിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. സഹപാഠികളോട് കൂട്ടുകൂടാനോ അവരോടൊപ്പം കളിക്കാനോ അവള്‍ക്ക് സാധിക്കാത്തത് അവളെ ഏറെ വേദനിപ്പിച്ചു.

പരിഹാസം താങ്ങാനാവാതെ അവള്‍ പലവട്ടം സ്‌കൂളുകള്‍ മാറി. ഏത് സ്‌കൂളില്‍ ചെന്നാലും സ്ഥിതി അതുതന്നെയായിരുന്നു. ഒടുവില്‍, ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ പഠനംപോലും ഉപേക്ഷിക്കേണ്ടിവന്നു. നിരാശയും സങ്കടവും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥയില്‍ അവളെ കൊണ്ടുചെന്നെത്തിച്ചു. എന്നാല്‍, വൈകാതെ വിന്നി ആ ദുരവസ്ഥയെ മറികടന്നു.

വിറ്റിലിഗോ തൊലിയുടെ നിറത്തില്‍ മാറ്റമുണ്ടാക്കുന്ന ഒരവസ്ഥ മാത്രമാണെന്നും ജീവിതത്തെ മാറ്റാന്‍ ആ അവസ്ഥയ്ക്കാകില്ലെന്നും അവള്‍ മനസ്സിലുറപ്പിച്ചു. താനും ഒരു സാധാരണ പെണ്‍കുട്ടിയാണെന്നും തന്റെ കഴിവുകളെ ഇല്ലാതാക്കാന്‍ ഈ രോഗത്തിന് കഴിയില്ലെന്നും അവള്‍ തിരിച്ചറിഞ്ഞു. ജീവിതത്തില്‍നിന്ന് ഒളിച്ചോടാതെ ജീവിതത്തെ നേരിടാന്‍ വിന്നി തീരുമാനിച്ചു.

അവള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു മോഡലായി തന്റെ പുതിയ ജീവിതം ആരംഭിച്ചു. ആ മേഖലയിലെ വിന്നിയുടെ പ്രാവീണ്യം യാദൃച്ഛികമായി ടൈറ ബാങ്ക് കാണാനിടയായി. അവര്‍ 'അമേരിക്കാസ് നെക്‌സ്റ്റ് ടോപ്പ് മോഡല്‍' എന്ന ഷോയിലേക്ക് വിന്നിയെ ക്ഷണിച്ചു. അങ്ങനെ വിന്നിയും ഒരു മത്സരാര്‍ഥിയായി. ആ ഷോയില്‍ പങ്കെടുത്ത ഏക കാനഡക്കാരിയും വിന്നിയായിരുന്നു. ഫൈനലിലേക്കുള്ള ആദ്യ സെലക്ഷനില്‍ വിന്നി എലിമിനേറ്റ് ചെയ്യപ്പെട്ടു. എന്നാല്‍, തുടര്‍ന്ന് നടത്തപ്പെട്ട 'കം ബാക്ക്' എന്ന സീരീസില്‍ വിന്നി വീണ്ടും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വൈകാതെ വിന്നിയെന്ന മോഡല്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. ഷോയില്‍ വിജയി ആകാന്‍ സാധിച്ചില്ലെങ്കിലും വിന്നിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചു. പല പ്രമുഖ കമ്പനികളുടെയും മോഡലാകാന്‍ വിന്നിക്ക് അവസരം ലഭിച്ചു. പല പ്രമുഖ ഉത്പന്നങ്ങള്‍ുടെയും ബ്രാന്‍ഡ് അംബാസഡറായി വിന്നി മാറി. 'സ്പ്രൈറ്റ്', 'ഡീസല്‍' തുടങ്ങിയ പ്രമുഖരെല്ലാം ഇതില്‍ ഉള്‍പ്പെടും.

2015-ലെ 'റോള്‍ മോഡല്‍ അവാര്‍ഡ്' വിന്നിക്കായിരുന്നു. 2016-ല്‍ ബി.ബി.സി. തിരഞ്ഞെടുത്ത 100 പ്രമുഖ വനിതകളില്‍ ഒരാള്‍ വിന്നിയായിരുന്നു. വിവിധ മ്യൂസിക് ആല്‍ബങ്ങളില്‍ വിന്നി അഭിനയിച്ചു. 2017-ല്‍ 'എഡിറ്റേഴ്സ് അവാര്‍ഡ്' വിന്നിയെ തേടിയെത്തി. 2016-ലും 2017-ലും 'ടീന്‍ ചോയ്സ് അവാര്‍ഡി'ന് വിന്നി നോമിനേറ്റ് ചെയ്യപ്പെട്ടു. ഇന്ന് ലോകം അറിയുന്ന പ്രശസ്ത മോഡലുകളില്‍ ഒരാളാണ് വിന്നി.

ആളുകളുടെ ഒറ്റപ്പെടുത്തലും പരിഹാസവും ഏറ്റുവാങ്ങി, നിരാശയുടെ പടുകുഴിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിടത്തുനിന്ന് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ വിജയത്തിലേക്ക് പറന്നുയര്‍ന്ന വിന്നിയെ നമുക്ക് മാതൃകയാക്കാം. 'പോരായ്മകളും കുറവുകളും ജീവിതത്തിന്റെ അവസാനമല്ല' എന്ന് വിന്നി തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചു. ഇന്ന് 'വിറ്റിലിഗോ'യെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കാനും വിന്നി ശ്രമിക്കുന്നു. ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് വിന്നിയിന്ന്. വിറ്റിലിഗോ ബാധിച്ച് നിരാശയില്‍ കഴിയുന്ന അനേകര്‍ക്ക് വിന്നിയും അവളുടെ വാക്കുകളും പ്രചോദനം പകരുന്നു. അവളുടെ യു ട്യൂബ് വിഡിയോകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലോകം നല്‍കിയത്.

കുറവുകളെ പഴിക്കാതെ, നമ്മുടെ കഴിവുകളെ കണ്ടെത്തി മുന്നേറാന്‍ വിന്നിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നമുക്കും വിന്നിയെ മാതൃകയാക്കി കുറവുകളെ മാറ്റിനിര്‍ത്തി, കഴിവുകളെ കണ്ടെത്തി മുന്നേറാം.

''എല്ലാവരും നിങ്ങളെ മനസ്സിലാക്കിക്കൊള്ളണമെന്നില്ല. കുഴപ്പമില്ല, എന്നാല്‍ നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കുന്നു എന്ന് ഉറപ്പുവരുത്തണം. എങ്കില്‍ നിങ്ങള്‍ വിജയിക്കും.''-വിന്നി ഹാര്‍ലോ

Content highlights: Winnie Harlow is an Inspiration