ലോകത്തിന് മുന്നിൽ ഇന്ത്യയെ അഭിമാനത്തിന്റെ നിറുകയിലെത്തിച്ച് വീണ്ടും ഒരു മിസ് യൂണിവേഴ്സ് കിരീടം എത്തി. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം ഇരുപത്തിയൊന്ന് വർഷങ്ങൾക്കിപ്പുറമാണ് കിരീടം വീണ്ടും ഇന്ത്യൻ മണ്ണിലെത്തുന്നത്. ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കൊടി ഹർനാസ് സന്ധുവിജയകിരീടം അണിഞ്ഞത്. വാർത്ത പുറത്തുവന്നതോടെ പലരും തേടുന്നത് ആരാണീ പെൺകുട്ടി എന്നാണ്. 

ചണ്ഡീ​ഗഡ് സ്വദേശിയായ ഹർനാസ് മോഡലിങ് മേഖലയിൽ സുപരിചിതയാണ്. വിശ്വസുന്ദരി പട്ടം നേടുന്നതിന് മുമ്പ് നിരവധി സൗന്ദര്യ മത്സരവേദികളിലും ഹർനാസ് ഭാ​ഗമായിരുന്നു. 2019ൽ ഫെമിനാ മിസ് ഇന്ത്യാ പഞ്ചാബ് കിരീടവും ഹർനാസ് നേടിയിരുന്നു. 2019ലെ ഫെമിനാ മിസ് ഇന്ത്യയിൽ അവസാന 12 പേരിൽ ഒരാളായി ഇടം നേടുകയും ചെയ്തിരുന്നു ഹർനാസ്. 

സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് ഹർനാസ്. ഫോട്ടോഷൂട്ടുകളുടെയും മോഡലിങ്ങിന്റെയും ചിത്രങ്ങൾ ഹർനാസ് നിരന്തരം പങ്കുവെക്കാറുണ്ട്. ഫാഷൻ ഇൻഡസ്ട്രിയിൽ സജീവമാകുമ്പോൾ തന്നെ സിനിമയിലും ഹർനാസ് വേഷമിട്ടിട്ടുണ്ട്. യാരാ ദിയാൻ പൂ ബരാൻ എന്ന ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്ന ഹർനാസിന്റേത്. 

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തനിക്ക് അവസരം കിട്ടുന്ന വേദികളിൽ സംസാരിക്കാറുള്ളയാളുമാണ് ഹർനാസ്. പ്രിയങ്കാ ചോപ്രയാണ് തന്റെ പ്രചോദനം എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഫാഷനും മോഡലിങ്ങും കൂടാതെ യോ​ഗ, നൃത്തം, പാചകം, ചെസ്, കുതിര സവാരി തുടങ്ങിയവയാണ് ഹർനാസിന്റെ വിനോദങ്ങൾ. 

ആ​ഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനയത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ളയാളാണ് ഹർനാസ്. പബ്ലിക് അഡ്മിനിസ്ട്രേഷൻ‌ മാസ്റ്റേഴ്സ് ഡി​ഗ്രി ചെയ്യുകയാണ് ഹർനാസ് ഇപ്പോൾ. 

വിശ്വസുന്ദരി മത്സരത്തിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം

1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം.

2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. പരാഗ്വേ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി.

Content Highlights: who is harnaaz sandhu, miss universe 2021 , harnaaz sandhu miss universe