ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീമില്‍ 10 മലയാളികളുണ്ടെന്ന ആഹ്ലാദത്തിനൊപ്പം അഭിമാനിക്കാന്‍ ഒന്നുകൂടി, അതിലെ ക്യാപ്റ്റന്‍ ഷൊര്‍ണൂരുകാരിയാണ്. ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ ഈന്ദുങ്കല്‍വീട്ടില്‍ മിനിമോള്‍ എബ്രഹാമാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ വോളിബോള്‍ടീമിന്റെ ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീമിന് ഇതുവരെ കിട്ടാത്ത ഏഷ്യന്‍മെഡല്‍ സ്വന്തമാക്കാന്‍ ആത്മവിശ്വാസത്തോടെ ഇറങ്ങുകയാണ് മിനിമോള്‍. ഇത് രണ്ടാം തവണയാണ് മിനിമോളെത്തേടി ഇന്ത്യന്‍ക്യാപ്റ്റന്‍ സ്ഥാനമെത്തുന്നത്.

കണ്ണൂര്‍ കൊട്ടിയൂര്‍ ചുങ്കത്തുകുന്നാണ് മിനിമോളുടെ സ്വദേശം. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായി ജോലികിട്ടിയതോടെയാണ് ഷൊര്‍ണൂരിലെത്തുന്നത്. ഇപ്പോള്‍ ഇവിടെയാണ് സ്ഥിരതാമസം. 2002-ല്‍ അത്ലറ്റിക്‌സില്‍ ഒരുകൈ നോക്കാനിറങ്ങിയതാണ് മിനിമോള്‍. ഹഡില്‍സായിരുന്നു അന്ന് ഐറ്റം. 185 സെന്റീമീറ്റര്‍ ഉയരമുള്ള മിനിമോളോട് അന്നത്തെ പരിശീലകനാണ് വോളിബോള്‍ കളിക്കാന്‍ നിര്‍ദേശിച്ചത്. അങ്ങനെ വോളിബോളിന്റെ ബൂട്ട് കെട്ടി.

വയനാട് മേപ്പടി സ്‌പോര്‍ട്സ് ഹോസ്റ്റലില്‍ പ്രവേശിച്ച് വോളിബോള്‍ ജീവിതം ആരംഭിച്ചു. അവിടെനിന്ന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കീഴിലുള്ള പഠനത്തിലേക്ക് മാറി. മത്സരങ്ങളില്‍ കഴിവ് തെളിയിച്ചതോടെ മിനിമോള്‍ കേരളാ ടീമിന്റെ ഭാഗമായി. 2007വരെ കേരളാടീമില്‍ കളിച്ചുകൊണ്ടിരിക്കേ റെയില്‍വേയില്‍നിന്ന് വിളിവന്നു. പിന്നീട് റെയില്‍വേയുടെ യൂണിവേഴ്സല്‍ പൊസിഷനില്‍ കളിക്കുന്ന താരമായി മിനിമോള്‍. 2013-ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായതുള്‍െപ്പടെ 11 തവണ ദേശീയടീമിന്റെ ജേഴ്സിയണിഞ്ഞിട്ടുണ്ട്. 

പ്രസവാവധി കഴിഞ്ഞ് വിശ്രമിത്തിലിരിക്കയായിരുന്നു ഈ ക്യാപ്റ്റന്‍. അതിനിടെയാണ് ക്യാപ്റ്റന്‍സ്ഥാനം നല്‍കി ടീമിനൊപ്പം ചേരാന്‍ നിര്‍ദേശം വന്നത്. കൃത്യമായ പരിശീലനത്തിന്റെ മാത്രം കരുത്തിലാണ് ഇന്ത്യയ്ക്കായി വോളിബോള്‍ കൈയിലെടുക്കുന്നത്. വോളിബോളിലെ ഇന്ത്യയുടെ ആദ്യമെഡല്‍ നേടുകയാണ് ലക്ഷ്യമെന്നും മിനിമോള്‍ മാതൃഭൂമിയോട് പറഞ്ഞു. കണ്ണൂര്‍ സ്വദേശികളായ അബ്രഹാമിന്റെയും മേരിയുടെയും മകളായ മിനിമോള്‍ നിലമ്പൂര്‍ പാലേമേട് സ്വദേശിയായ ഇ.ജെ. ജോബിനിന്റെ ഭാര്യയാണ്.

Content highlights: volleyball women team captain minimol abraham