സ്താനാര്‍ബുദത്തിനെതിരേ അര്‍ധനഗ്നയായി പാടുന്ന ടെന്നീസ് താരം സെറീന വില്യംസിന്റെ വീഡിയോ തരംഗമാകുന്നു. തന്റെ സ്തനങ്ങള്‍ കൈകള്‍കൊണ്ട് മറച്ച് പ്രശസ്ത അമേരിക്കന്‍ മ്യൂസിക് ബാന്‍ഡ് ആയ ഡീവൈനല്സിന്റെ പോപ്പുലര്‍ ഗാനമായ ഐ ടച്ച് മൈ സെല്‍ഫ് എന്ന ഗാനമാണ് സെറീന ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
"സ്തനാര്‍ബുദ അവബോധ മാസം ആചരിക്കുമ്പോള്‍ എന്റെ കംഫര്‍ട്ട്സോണ്‍ വിട്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്തിരിക്കുന്നത്. സ്ഥിരമായി സ്വയം പരിശോധന നടത്തുകയെന്നത് ഉദ്ബോധിപ്പിക്കുകയെന്നതാണ് താന്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. എനിക്ക് ഇത് ചെയ്യണം, കാരണം ലോകത്തിലെ എല്ലാ നിറത്തിലുമുള്ള എല്ലാ സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണ് സ്താനാര്‍ബുദം. രോഗത്തെ നേരത്തെ തിരിച്ചറിയുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇതിലൂടെ നിരവധി ജീവനുകള്‍ നമുക്ക് രക്ഷിക്കാന്‍ കഴിയും. സെറീന തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു."
ഐ ടച്ച് മൈ സെല്‍ഫ് വീഡിയോ ഗാനം 2014 ല്‍ ഓസ്ട്രേലിയന്‍ ബ്രസ്റ്റ് ക്യാന്‍സര്‍ നെറ്റ്വര്‍ക്കാണ് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. സ്തനാര്‍ബുദത്തെ നേരത്തെ തിരിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ ഗാനം ഡിവിന്ല്സിന്റെ ഗായികയും ഐ ടച്ച് മൈ സെല്‍ഫ് ഗാനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ക്രിസി ആംഫ്ലറ്റിന്റെ ഓര്‍മ്മയ്ക്കായാണ് പുറത്തിറക്കിയിരുന്നത്. വീഡിയോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ മാത്രം കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സെറീന ലഭിക്കുന്നത്.