കുട്ടിക്കാലം തൊട്ടേ പ്രതിരോധ മേഖലയില്‍ ജോലി ചെയ്യണമെന്ന് സ്വപ്‌നം കണ്ട പെണ്‍കുട്ടി. സാമ്പത്തിക പരാധീനതകളെ വെല്ലുവിളിയായെടുത്ത് വാശിയോടെ അവള്‍ മുന്നേറി. ചായക്കടക്കാരനായ അച്ഛന്റെ മകള്‍ ഇന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഫ്‌ളൈയിങ് വിഭാഗം ഓഫീസറാണ്, പേര് ആഞ്ചല്‍ ഗംഗ്‌വാള്‍.

മധ്യപ്രദേശിലെ നീമുച്ച് സ്വദേശിയാണ് ആഞ്ചല്‍ ഗംഗ്‌വാള്‍. 2018ലാണ് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഫ്‌ളൈയിങ് ബ്രാഞ്ചിലേക്കു പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ആഞ്ചല്‍ ഫ്‌ളൈയിങ് ഓഫീസര്‍ ബിരുദം നേടുകയും ചെയ്തു.

വിദ്യാര്‍ഥിയായിരുന്ന കാലം തൊട്ട് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കണമെന്നതായിരുന്നു തന്റെ സ്വപ്‌നമെന്ന് ആഞ്ചല്‍ പറയുന്നു. ഇന്ന് ആ സ്വപ്‌നം സത്യമായി. ഓരോ രാത്രികളിലും താന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. തന്നെ ഈ നിലയിലെത്തിക്കാന്‍ ഏറെ പാടുപെട്ട അമ്മയ്ക്കും അച്ഛനും മുന്നില്‍ ഈ യൂണിഫോം അണിഞ്ഞു നില്‍ക്കുക എന്നതായിരുന്നു ആഗ്രഹം. കൊറോണക്കാലമായതുകൊണ്ട് അതു നടന്നില്ലെന്നും എങ്കിലും അവര്‍ക്ക് ഈ ചടങ്ങ് ടിവിയിലൂടെ കാണാമല്ലോ എന്നോര്‍ത്ത് സന്തോഷിക്കുന്നുണ്ടെന്നും ആഞ്ചല്‍ പറയുന്നു. 

പണ്ടൊക്കെ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന് മാതാപിതാക്കളോടു പറയുമ്പോള്‍ അവര്‍ക്ക് ആശങ്കകളുണ്ടായിരുന്നു. പക്ഷേ അവര്‍ ഒരിക്കലും ആ പേരില്‍ തന്നെ തടഞ്ഞിട്ടില്ല. പകരം തന്റെ ജീവിതത്തില്‍ താങ്ങായി നിലനില്‍ക്കുകയാണ് ചെയ്തത്. - ആഞ്ചല്‍ പറയുന്നു. 

മകളെ ലോണെടുത്താണ് പഠിപ്പിച്ചതെന്ന് അച്ഛന്‍ സുരേഷ് ഗംഗ്​വാള്‍ പറയുന്നു. ' മകളെ ലോണെടുത്താണ് ഇന്‍ഡോറിലെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ത്തത്, മകന്റെ എഞ്ചിനീയറിങ് പഠനവും മുടക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നത്തെ ലോകത്ത്‌ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വിദ്യാഭ്യാസം നല്‍കുന്നതിന്റെ പേരില്‍ വിവേചനം നടത്തുന്നത് കാണാറുണ്ട്. ആണ്‍കുട്ടികളെ കൂടുതല്‍ പഠിപ്പിക്കുന്നവരാണ് കൂടുതല്‍, പക്ഷേ ഞങ്ങള്‍ അങ്ങനെയല്ല.'

ഒരു മകള്‍ തന്റെ അച്ഛനു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് ആഞ്ചല്‍ തനിക്കു നല്‍കിയതെന്നും സുരേഷ് പറയുന്നു.

Content Highlights: Tea Seller’s Daughter Becomes Indian Air Force Officer