ഒരു സ്ത്രീക്ക്, അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിക്ക് എത്രമാത്രം സ്വാതന്ത്ര്യം ആകാം...? അവള്‍ക്ക് എത്രത്തോളം കരുത്താര്‍ജിക്കാന്‍ കഴിയും...? സ്ത്രീ ശാക്തീകരണം ഇന്നിന്റെ ആവശ്യകതയാണോ...? ആണെങ്കില്‍ ആരാണ് അവളെ ശക്തയാക്കേണ്ടത്...?
-ഇന്ന് പലപ്പോഴും പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്ന ചോദ്യങ്ങളാണ് ഇതെല്ലാം. കുറച്ചു കാലങ്ങളായി ഈ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കൃത്യമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ശരി.
പലര്‍ക്കും പല ഉത്തരങ്ങളാണ്, ഓരോരുത്തരും തങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച് നല്കുന്ന ഉത്തരങ്ങളും വ്യത്യസ്തമാണ്. എന്നാല്‍, ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്കാന് കഴിയുന്നത് ഓരോ സ്ത്രീയ്ക്കുമാണ്... തന്റെ കഴിവും കരുത്തും തിരിച്ചറിയേണ്ടതും അതിന് അതിരുകള്‍ നിശ്ചയിക്കേണ്ടതും അവള് തന്നെയാണ്.
സമൂഹം വരച്ച ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങി, 'ഞാന്‍ വെറുമൊരു സ്ത്രീയാണ്, എനിക്ക് ഒന്നിനും കഴിവില്ല' എന്നു ചിന്തിക്കുന്നവരാണ് കുറേയധികം സ്ത്രീകള്‍. എന്നാല്‍ ചിലര്‍ 'ഞാനൊരു സ്ത്രീയാണ്, എന്നത് ഒന്നിനും തടസ്സമല്ല' എന്നും 'സ്ത്രീത്വം ഒരു പരിമിതി എന്നതിലപ്പുറം, ഒരു അനുഗ്രഹമാണ്' എന്നും ചിന്തിക്കുന്നു. അവള് തങ്ങളുടെ കഴിവുകളെ തിരിച്ചറിയുന്നു, കുറവുകളെ അതിജീവിക്കുന്നു, വലിയ സ്വപ്നങ്ങള്‍ കാണുന്നു, അവയ്ക്ക് വില നല്കുന്നു... ഒടുവില്‍ ജീവിതവിജയം വരിച്ച് ചരിത്രം രചിക്കുന്നു.
അങ്ങനെ ചരിത്രം രചിച്ച ഒരു അമേരിക്കന്‍ പെണ്‍കൊടിയുണ്ട്... അവളാണ് 'ടാമി ഡക്ക്വര്‍ത്ത്'. അവളുടെ അതിജീവനത്തിന്റെയും കരുത്താര്ജിക്കലിന്റെയും കഥ ആരെയും വിസ്മയിപ്പിക്കും.
1968 മാര്‍ച്ച് 12-നാണ് ടാമി ഡക്ക്വര്‍ത്ത് ജനിച്ചത്. തായ്ലാന്ഡിലാണ് ജനിച്ചതെങ്കിലും ഇന്ന് ടാമി അമേരിക്കക്കാരിയാണ്. ഫ്രാങ്ക്ളിന് ഡക്ക്വര്‍ത്തും ലാമിയുമാണ് മാതാപിതാക്കള്‍. അച്ഛന് ഫ്രാങ്ക്ളിന് യു.എന്‍-ന്റെ ജോലിക്കാരനായിരുന്നതിനാല്‍, ടോമിക്ക് പല രാജ്യങ്ങളിലായിട്ടാണ് ജീവിക്കേണ്ടിവന്നത്. തായ്ലാന്ഡ്, ഇന്‍ഡൊനീഷ്യ, സിങ്കപ്പൂര്‍, കംബോഡിയ... എന്നിങ്ങനെ വിവിധ രാജ്യങ്ങളിലായി ടാമി തന്റെ ബാല്യകാലം ചെലവിട്ടു, വിവിധ സ്കൂളുകളില്‍ പഠിച്ചു, വിവിധ ഭാഷകള്‍ സായത്തമാക്കി. പഠനത്തില്‍ ഏറെ സമര്‍ത്ഥയായിരുന്നു ടാമി.
പിന്നീട് അവര്‍ അമേരിക്കയിലേക്ക് സ്ഥലംമാറി. 1989-ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ടാമി ബിരുദം നേടി. 1990-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റില്‍ ആര്‍മി റിസര്‍വ് ഓഫീസര്‍ ട്രെയിനിങ്ങിനായി ചേര്‍ന്നു. 1992-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി റിസര്‍വ് ഓഫീസറായി ടാമി കമ്മിഷന് ചെയ്യപ്പെട്ടു. ഇതിനിടയില്‍, ഇന്റര്‍നാഷണല്‍ അഫയേഴ്സില് ബിരുദാനന്തര ബിരുദവും അവള് സ്വന്തമാക്കി.
ഫോറിന് സര്‍വീസില്‍ പ്രവര്‍ത്തിക്കണമെന്നതായിരുന്നു ടാമിയുടെ കുഞ്ഞുന്നാള് മുതലുള്ള ആഗ്രഹം. എന്നാല്‍, കൂട്ടുകാരില്‍ പലരും 'ആര്‍മി' തിരഞ്ഞെടുത്തപ്പോള്‍, ടാമിയും സ്വാഭാവികമായും അവരുടെ കൂടെക്കൂടി. അങ്ങനെയാണ് ടാമി ആ മേഖലയിലേക്ക് കടന്നുചെല്ലുന്നതാണ്.
ആര്‍മി റിസര്‍വ് ഓഫീസര്‍ എന്ന നിലയില്‍ ടാമിക്ക് വിമാനം ഓടിക്കാന്‍ പഠിക്കേണ്ടിയിരുന്നു 1996-ല്‍ യുദ്ധവിമാനങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്ന ഒരു സമര്‍ത്ഥയായ പൈലറ്റായ ടാമിയെ ഇലിനോയ്യിലെ ആര്‍മി നാഷണല്‍ ഗാര്‍ഡ് ആയി തിരഞ്ഞെടുത്തു.
സമര്‍ത്ഥയായ ഒരു ആര്‍മി ഓഫീസറായിട്ടും പഠനത്തോടുള്ള ടാമിയുടെ അഭിനിവേശം ഒട്ടും കുറഞ്ഞില്ല. 2004-ല്‍ അവര്‍ നോര്‍ത്തേണ്‍ ഇലിനോയ് യൂണിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി.ക്ക് രജിസ്റ്റര്‍ ചെയ്തു.
ആ സമയത്താണ് ഇറാഖിലെ യുദ്ധമേഖലയിലേക്ക് വിമാനം പറപ്പിക്കാന്‍ ടാമി നിയോഗിക്കപ്പെട്ടത്. അവിടെ തന്റെ പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ടാമി യുദ്ധമുഖത്ത് ധീരമായ പ്രകടനം കാഴ്ചവച്ചു. എന്നാല്‍, ഒരു ദിവസം ഒരു ഗ്രനേഡ് ആക്രമണത്തില്‍ ടാമിക്ക് അവളുടെ വലതുകാല്‍ അരയ്ക്കു കീഴ്പ്പോട്ടും ഇടതുകാല് മുട്ടിന് കീഴ്പ്പോട്ടും നഷ്ടമായി. ജീവന്‍തന്നെ രക്ഷിക്കാനായത് സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.
'എത്ര ധീരയാണെങ്കിലും അവള് ഈ അവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കും... എങ്ങനെ കാല് നഷ്ടപ്പെട്ടകാര്യം അവളെ അറിയിക്കും...' എന്ന് വിഷമിച്ച് ആശുപത്രിക്കിടക്കയില്‍ വിഷണ്ണനായി ഇരുന്ന അവളുടെ ഭര്‍ത്താവിനെ അമ്പരപ്പിച്ചുകൊണ്ട് ടാമി ഒരു പുഞ്ചിരിയോടെ കണ്ണുതുറന്നു.
തന്റെ അവസ്ഥയെ അവള് ഉള്‍ക്കൊണ്ടെന്നു മാത്രമല്ല, തമാശകള്‍ പറഞ്ഞ് കൂടെയുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്തു.
ജീവിതത്തിലേക്ക് തിരികെ വന്ന അവര്‍, യുദ്ധത്തിന്റെ ഇരകളായ പട്ടാളക്കാര്‍ക്ക് നല്ല ചികിത്സ ലഭിക്കുന്നതിനും മറ്റുമായി ശക്തമായി നിലകൊണ്ടു. യുദ്ധത്തിനിരയായി വൈകല്യം സംഭവിച്ച പട്ടാളക്കാരുടെ ക്ഷേമത്തിനുള്ള ഡിപ്പാര്‍ട്ടുമെന്റിന്റെ ഡയറക്ടറായി ടാമി 2009 വരെ സേവനംചെയ്തു. ധീരയും സമര്‍ത്ഥയുമായ ഒരു ആര്‍മി ഓഫീസറായിട്ടാണ് ടാമിയെ അപകടത്തിന് മുന്‍പ് ലോകം കണ്ടതെങ്കില്‍, അതിലും കരുത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹികപ്രവര്‍ത്തകയായി ടാമി പിന്നീട് മാറി.
2009-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, അമേരിക്കയുടെ പട്ടാളക്കാരുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റ് ഘടകത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി ടാമിയെ നിയമിച്ചു. ഇതിനിടയില്‍, രാഷ്ട്രീയത്തിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ ടാമിക്കായി. 2012-ല്‍ അവര്‍ ഇലക്ഷനില്‍ വിജയിച്ച് 'മെമ്പര്‍ ഓഫ് യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്' ആയി മാറി. അത് ഒരു ചരിത്രനേട്ടമായിരുന്നു. അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി, അംഗഭംഗം സംഭവിച്ച ഒരു വനിതാ പട്ടാളക്കാരി ജനപ്രതിനിധിയായി മാറി. 2014-ല്‍ ഇല്ലിനോയ്സ് ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ നിന്ന് ലഫ്റ്റനന്റ് കേണലായി അവള് ഔദ്യോഗികമായി വിരമിച്ചു.
തുടര്‍ന്ന് രാഷ്ട്രീയരംഗത്ത് വീണ്ടും സജീവമായി. യുദ്ധത്തില്‍ ക്ഷതംസംഭവിച്ച പട്ടാളക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായസഹകരണങ്ങളും നല്‍കുകയും ഭവനരഹിതരായവര്‍ക്ക് വീടുവച്ചു നല്‍കുകയുമായിരുന്നു അവരുടെ ആദ്യ കര്‍മപദ്ധതി.
അങ്ങനെ, തന്റെ നഷ്ടപ്പെട്ട കാലുകളെക്കുറിച്ച് ചിന്തിക്കാതെ അനേകര്‍ക്കായി കാലില്ലാതെ ഓടുകയാണ് ടാമി ഇന്ന്. ആ ഓട്ടം അനേകം കുടുംബങ്ങള്‍ക്ക് ആശ്വാസമായി മാറുന്നു. ഇന്നും ടാമി തന്റെ ഓട്ടം തുടരുന്നു. അതിനിടയിലും തമാശകള്‍ പറഞ്ഞ് കൂടെയുള്ളവരെ ചിരിപ്പിക്കുന്നു.
മറ്റൊരു രസകരമായ കാര്യം, തന്റെ അപകടത്തിന്റെ വാര്‍ഷികം എല്ലാ വര്‍ഷവും ടാമി ആഘോഷിക്കുന്നു... തന്റെ ജീവന് രക്ഷിച്ച കൂട്ടുകാര്‍ക്കെല്ലാം ആ ദിവസം പാര്‍ട്ടി നല്കുന്നു...
അങ്ങനെ ദുരന്തങ്ങളെപ്പോലും വേദനയോടെ ഓര്‍ക്കാതെ, ശുഭാപ്തി വിശ്വാസത്തോടെ, പ്രസരിപ്പോടെ ജീവിച്ച് അനേകരിലേക്ക് ആ പ്രസരിപ്പ് പകര്ന്നുനല്കുന്ന ടാമിയെ നമുക്കും മാതൃകയാക്കാം.
'ദുഃഖിച്ചും പരിതപിച്ചും തീര്‍ക്കേണ്ടതല്ല ജീവിതം' എന്ന പാഠം പഠിപ്പിക്കുന്ന ടാമിയുടെ ജീവിതം നമുക്കും പാഠമാക്കാം.
Content Highlights: Tammy Duckworththe first Thai-American woman elected to Congress