ഫോര്‍ വീലര്‍ പോയിട്ട് ഒരു ടൂവീലര്‍ ഓടിച്ച പരിചയം പോലുമില്ലാതിരുന്ന കാലത്താണ് ഇന്ത്യന്‍ റെയില്‍വേയുടെ അസിസ്റ്റന്റ് ഡ്രൈവറുടെ ഒഴിവിലേക്ക് സുരേഖ അപേക്ഷ അയക്കുന്നത്. കുട്ടിക്കാലത്തേ എല്ലാവരുടെയും മനസ്സിനെ സ്വാധീനിക്കുന്ന നീണ്ട ട്രെയിന്‍ യാത്രകളോടുള്ള ഇഷ്ടം മാത്രം മുന്നില്‍ കണ്ട്. ഗണിത അധ്യാപികയാകാനുള്ള സ്വപനത്തിന് തല്ക്കാലം ഒരിടവേള നല്‍കിക്കൊണ്ട്. അന്ന് സുരേഖയുമറിഞ്ഞില്ല ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലേക്കാണ് തന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടതെന്ന്. ഇന്ത്യയുടെ ആദ്യ വനിതാ ട്രെയിന്‍ ഡ്രൈവര്‍ ആണ് സുരേഖ യാദവ് എന്ന ഈ 51കാരി. 

1988-ലാണ് ഇന്ത്യന്‍ റെയില്‍വേ സര്‍വീസില്‍ സുരേഖ ജോലിക്ക് കയറുന്നത്. സെന്റ് പോള്‍ കോണ്‍വെന്റില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുരേഖ അതിന് ശേഷമാണ് വൊക്കേഷണല്‍ ട്രെയിനിങ് കോഴ്‌സിന് ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ചേരുന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ എടുത്തെങ്കിലും ഗണിതത്തില്‍ ഉപരിപഠനം നടത്താനും ബി എഡ് എടുത്ത് അധ്യാപികയാകാനുമാണ് സുരേഖ ആഗ്രഹിച്ചിരുന്നത്. 

മുന്നില്‍ വന്ന അവസരം കളയേണ്ടെന്നും പരീക്ഷയെഴുതാമെന്നും റെയില്‍വേയിലെ തൊഴിലവസരങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവള്‍ തീരുമാനിച്ചു. പരീക്ഷ എഴുതിയ സുരേഖയെ തേടിയെത്തിയത് ഇന്റര്‍വ്യൂ കാര്‍ഡാണ്. അഭിമുഖത്തിലും പാസ്സായ സുരേഖക്ക് ട്രെയിനി അസിസ്റ്റന്റ് ഡ്രൈവര്‍ ആയി നിയമനം ലഭിച്ചു. കല്യാണ്‍ ട്രെയിനിങ്ങ് സ്‌കൂളില്‍ നിന്ന് ആറുമാസം നീണ്ടുനിന്ന പരിശീലനത്തിന് ശേഷം റെഗുലര്‍ അസിസ്റ്റന്റ് ഡ്രൈവര്‍ തസ്തികയില്‍ അവള്‍ നിയമിക്കപ്പെട്ടു.  

ട്രെയിന്‍ എന്‍ജിന്‍ യാത്രക്ക് സജ്ജമാണോ എന്ന് പരിശോധിക്കുകയായിരുന്നു സുരേഖയുടെ ജോലി. 1996 ആയപ്പോഴേക്കും ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവറായി. 1998-ലാണ് അവള്‍ ഒരു സ്വതന്ത്ര ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവറാകുന്നത്. 2000 മോട്ടോര്‍ വുമണായി പ്രമോഷന്‍ ലഭിച്ചു. ഇതേ കാലത്താണ് മമതാ ബാനര്‍ജി റെയില്‍ മന്ത്രി ആയിരിക്കെ തുടക്കം കുറിച്ച ലേഡീസ് സ്‌പെഷല്‍ ലോക്കല്‍ ട്രെയിനില്‍ ഇവര്‍ ഡ്രൈവറാകുന്നത്. 2011-ല്‍ എക്‌സ്പ്രസ് മെയില്‍ ഡ്രൈവറായി വീണ്ടും പ്രമോഷന്‍. ഇപ്പോള്‍ ഡ്രൈവേഴ്‌സ് ട്രെയിനിങ്ങ് സെന്ററില്‍ സീനിയര്‍ ഇന്‍സ്ട്രക്ടറാണ് സുരേഖ. 

ദിവസം പത്തുമണിക്കൂറാണ് സുരേഖയുടെ ജോലി സമയം. തുടക്കകാലത്ത് ഒരേയൊരു സുരേഖ മാത്രമാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2011 ആയപ്പോഴേക്കും 50 വനിതാ ഡ്രൈവര്‍മാര്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിയമിക്കപ്പെട്ടിരുന്നു. ഒരു വനിതയെന്ന പേരില്‍ ഒരിക്കല്‍ പോലും മാറ്റി നിര്‍ത്തലുകളോ, അടിച്ചമര്‍ത്തലുകളോ തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് സുരേഖ പറയുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയുമായി അവര്‍ ജോലി തുടരുകയാണ്..