സ്വന്തം കുഞ്ഞല്ലാതിരുന്നിട്ടും കിണറ്റില്‍ വീണ ഭര്‍തൃസഹോദര കുഞ്ഞിനെ വാരിയെടുത്ത് ജീവന്‍ കാത്ത ശ്രീക്കുട്ടി മാതൃത്വത്തിന്റെ പര്യായമാവുകയാണ്. പിഞ്ചു കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊല്ലുന്ന കണ്ണില്‍ ചോരയില്ലാത്ത അമ്മമാരുണ്ട്. എന്നാല്‍ ആ അമ്മമാരറിയണം മാതൃത്വത്തിന്റെ കരുത്താകുന്ന ശ്രീക്കുട്ടിയെന്ന ഈ അമ്മയെ. ‌

പാലക്കാട് കറുകപുത്തൂര്‍ ഒഴുവത്രയിലെ കൃഷ്ണരാജിന്റെ ഭാര്യ സൗമ്യയും  കൃഷ്ണരാജിന്റെ സഹോദരനായ രമേശിന്റെ ഭാര്യ ശ്രീക്കുട്ടിയും ഗര്‍ഭകാലം ഒരുമിച്ചു പങ്കിട്ടവരായിരുന്നു. ഓരോ മാസത്തെ വ്യത്യാസത്തില്‍ അഭിമന്യുവും നിരഞ്ജനും മക്കളായി ഇരുവര്‍ക്കുമായി പിറന്നു. കുട്ടികളുടെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു മനു എന്ന് വിളിക്കുന്ന അഭിമന്യു മുറ്റത്തെ കിണറ്റിലേക്ക് വീണത്. എന്നാൽ മനു കിണറ്റിൽ മുങ്ങിത്താഴുന്നത് കണ്ടുനിൽക്കാൻ സാധിക്കാത്ത ചെറിയമ്മയായ ശ്രീക്കുട്ടി കിണറ്റിലേക്ക് ചാടി അവനെ കോരിയെടുക്കുകയായിരുന്നു. 

ഉണ്ണാനും ഉറങ്ങാനുമെല്ലാം ഒപ്പമുള്ള ഇരുകുട്ടികളും വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരെ കുളിപ്പിക്കാനായി തോര്‍ത്തെടുക്കാനായി അകത്തുകയറിയ ശ്രീക്കുട്ടിക്ക് പിന്നാലെ മകന്‍ നിരഞ്ജന്‍ ഓടിയെത്തുകയും മനു പോയി എന്ന് സൗമ്യയോട് പറയുകയുമായിരുന്നു. സംശയം തോന്നി കിണറ്റിന്‍ കരയിലെത്തിയ സൗമ്യ കുട്ടി കിണറ്റില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. സൗമ്യക്ക് പിന്നാലെ കിണറ്റിന്‍ കരയിലേക്ക് ഓടിയെത്തിയത് ശ്രീക്കുട്ടിയായിരുന്നു. എന്നാൽ കണ്ട് പകച്ച് നിൽക്കാനോ നിലവിളിക്കാനോ ശ്രീക്കുട്ടിക്കായില്ല. കയറിട്ട് കൊടുക്കാൻ പറഞ്ഞശേഷം ശ്രീക്കുട്ടി കിണറ്റിലേക്ക് ചാടുകയായിരുന്നു. ആറുകാലോളം വെള്ളം നിറഞ്ഞുനിന്ന കിണറ്റില്‍ കുട്ടിയെ വാരിയെടുത്ത് മോട്ടോര്‍ പൈപ്പില്‍ പിടിച്ച് ശ്രീക്കുട്ടി അരമണിക്കൂറോളം കിണറ്റില്‍ തന്നെ കിടക്കുകയായിരുന്നു. പിന്നീട് സമാപവാസികള്‍ എത്തി ഇരുവരേയും കരയ്‌ക്കെത്തിക്കുകയായിരുന്നു. 

"എന്റെ ജീവനെക്കാൾ വിലയുണ്ട് അവന്. മനു കിണറ്റിൽ മുങ്ങിത്താഴുമ്പോൾ നോക്കി നിൽക്കാൻ കഴിഞ്ഞില്ല.  എന്റെ നിരഞ്ജനോടൊപ്പം തന്നെ എപ്പോഴുമുള്ളവൻ. ഇരുകുട്ടികൾക്കും പിരിഞ്ഞിരിക്കാൻ സാധിക്കില്ല. ഇരുവരും അമ്മമാരുടെ വീട്ടിൽ പോയാലും എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കും. കിണറ്റിൽ അവനേയും കോരിയെടുത്ത് അരമണിക്കൂറോളം മോട്ടോർ പൈപ്പിൽ പിടിച്ച് നിൽക്കുമ്പോഴും ചിന്ത ഇരുകുട്ടികളേയും കുറിച്ചായിരുന്നു. എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ മോന് ആരുമില്ലാതാകും. മനുവിന് എന്തെങ്കിലും പറ്റിയാൽ അത് താങ്ങാൻ കഴിയാത്ത ഏടത്തിയുടെ മുഖവുമായിരുന്നു മനസിൽ"- ശ്രീക്കുട്ടി പറയുന്നു. 

കാലിന് ചെറിയ പൊട്ടലുണ്ടെന്നതൊഴിച്ചാൽ ശ്രീക്കുട്ടിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ ഇപ്പോഴും ആ സംഭവത്തിൽ നിന്നും അതിന്റെ ആഘാതത്തിൽ നിന്നും പൂർണമായും മുക്തമായിട്ടില്ല ആ കുടുംബം. ഇനിയൊരിക്കല്‍ക്കൂടി വേദനിക്കാന്‍ കഴിയില്ലെന്ന നെടുവീര്‍പ്പോടെ കുസൃതിക്കുട്ടന്മാരായ അഭിമന്യുവിനേയും നിരഞ്ജനേയും ഈ അമ്മമാര്‍ നെഞ്ചോട് ചേര്‍ക്കുകയാണ്. 

Content Highlights: Sreekutty The Powerful Women who Escapes child from Well