2009 ജൂലായ് 19ന് അച്ചന്‍കോവില്‍ ആറിനടുത്ത് ഹരിപ്പാട് പളളിപ്പാട്ടെ വെള്ളംനിറഞ്ഞ നാട്ടുവഴിയിലാണ് അവളെ ആദ്യം കണ്ടത്. കഴുത്തോളം വെള്ളത്തിലാണ് നടപ്പ്. തലയില്‍ പുസ്തക സഞ്ചി. പിന്നില്‍ ഏതാനും കുട്ടികളുണ്ട്. അവരെ നയിച്ച് നീങ്ങുന്ന മിടുക്കിയോട് പേര് ചോദിച്ചു. സ്‌നേഹ എസ്. നായര്‍. വീട് അക്കരെയാണ്. കൂടുതല്‍ സംസാരിക്കും മുന്‍പ് പുസ്തകവും ചുമന്ന് അവള്‍ നടന്നുപോയി.
 
എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മഹാരാജാസ് കോളേജിലെ പിരിയന്‍ ഗോവണി ഇറങ്ങിവരുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചു. പള്ളിപ്പാട്ടെ വെള്ളം നിറഞ്ഞ നാട്ടുവഴിയില്‍ അന്ന് കണ്ട മിടുക്കി. അതേ ചുറുചുറുക്കോടെ പടിയിറങ്ങി മുന്നില്‍. തന്റെ പഴയ ചിത്രം കിട്ടാന്‍ വഴിയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആളിനെ ഉറപ്പിച്ചു സ്‌നേഹ...
 
ആദ്യം കണ്ടപ്പോള്‍ ചോദിക്കാന്‍ ആഗ്രഹിച്ചതിനെല്ലാം ആവള്‍ ഒറ്റശ്വാസത്തില്‍ മറുപടി പറഞ്ഞു. മൂന്ന് സെന്റിലെ കുഞ്ഞ് വീട് വെള്ളത്തില്‍ മുങ്ങിക്കിടുന്നപ്പോഴാണ് അച്ഛന്‍ മരിച്ചത്. പട്ടടയൊരുക്കാന്‍ സ്ഥലമില്ലാത്തതിന്റെ അങ്കലാപ്പ്. ഒടുവില്‍ അമ്മയുടെ കൈപിടിച്ച് ഇറങ്ങി, വാടക വീട്ടിലേക്ക്. വിശന്നിട്ടും ആരുടെയും സഹായം തേടിയില്ല.
 
അമ്പലപ്പറമ്പിലെ ആലിന്‍ ചുവട്ടില്‍ തട്ടുകട തുറന്നു. പഠിക്കണമെന്ന് വാശിയായിരുന്നു. ആദ്യം ഐ.ടി.ഐ. യില്‍ ചേര്‍ന്നു. പെട്ടെന്നൊരു ജോലി വേണമെന്ന ആഗ്രഹം. അത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നഴ്‌സിങ്ങിന് ചേര്‍ന്നു. അവിടെയും ചുവടുറച്ചില്ല. അങ്ങനെയാണ് മഹാരാജാസിലെത്തുന്നത്. ബി.എ. പൊളിറ്റിക്‌സ് പിന്നിട്ട് ഇപ്പോള്‍ എം.എ. ഫൈനല്‍ ഇയര്‍. 
 
sNEHA
ആല്‍ത്തറയിലെ ജീവിതം : ഹരിപ്പാട് അമ്പലനടയിലെ ആല്‍ത്തറയ്ക്ക് ചുവട്ടിലാണ് സ്‌നേഹയുടെ തട്ടുകട. അമ്പലത്തിലെ വിശേഷദിവസങ്ങളില്‍ സ്‌നേഹ പഠനത്തിന് അവധികൊടുക്കും. നല്ല കച്ചവടം കിട്ടും.രാത്രി വൈകുവോളം സ്‌നേഹയും അമ്മയും കടയിലുണ്ടാകും. 
 
 
 
പകല്‍ കോളേജില്‍. വൈകുന്നേരം ഹരിപ്പാട്ട് മടങ്ങിയെത്തിയാല്‍ തട്ടുകടക്കാരി. ഭക്ഷണം, വാടക, പഠനം... എല്ലാത്തിനുമുളള വക തട്ടുകടയില്‍ നാരങ്ങാവെള്ളവും മിഠായികളും വിറ്റ് സമ്പാദിക്കും. ഇതിനിടെ ചില സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലും കഴിവ് തെളിയിച്ചു. കെ.എസ്.യു. വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ വനിതാ ദിനത്തില്‍ ഈ നേതാവിന്റെ വാര്‍ത്ത മാതൃഭൂമി പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
 
sNEHA
ഒഴിഞ്ഞ വീട് : ആറ്റുതീരത്തെ വീട്ടിലെത്തിയപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം മാഞ്ഞു. സിമന്റ് തേയ്പില്ല. വാതിലും ഇളകി വീണു. വെള്ളം കെട്ടിനിന്നതിന്റെ അടയാളം ഭിത്തിയില്‍. മൂന്ന് സെന്റിലെ സ്വന്തം വീട് അന്തിയുറങ്ങാനാകാത്ത വിധം നശിച്ചുപോയി. പെട്ടെന്ന് അവള്‍ മടങ്ങി. വാടകവീട്ടിലേക്ക്
 
 
 
ജീവിതം പഠിപ്പിച്ചത് 
 
പഠിക്കുന്നത് സര്‍ക്കാര്‍ ജോലിക്കല്ല, ജീവിതത്തിന് അടിത്തറയുണ്ടാകാനാണെന്നാണ് സ്‌നേഹയുടെ പക്ഷം. ഏതെങ്കിലുമൊരിടത്ത് ജോലി ചെയ്ത് ഒതുങ്ങിക്കൂടാന്‍ ആഗ്രഹമില്ല. പകരം സ്വന്തം സംരംഭമാണ് ലക്ഷ്യം.പഠനത്തിനൊപ്പം ഒരു ഓട്ടോറിക്ഷാ വാങ്ങാനുളള പരിശ്രമത്തിലാണ് സ്‌നേഹയിപ്പോള്‍. വായ്പയെടുക്കും. ഓട്ടം പോയാല്‍ വായ്പ അടയ്ക്കാം. 

അമ്മയ്‌ക്കൊപ്പമുള്ള യാത്രകള്‍ക്കും സൗകര്യമാകും. ഇതിനൊപ്പം ചെറിയൊരു തയ്യല്‍ യൂണിറ്റും മനസ്സിലുണ്ട്. ചെറുകാറ്റടിച്ചാല്‍ പോലും തളര്‍ന്നുപോകുന്ന ഇന്നത്തെ യുവത്വത്തിന് മലവെള്ളപ്പാച്ചിലിനുമീതെ നടന്നുകയറുന്ന സ്‌നേഹയുടെ ജീവിതം വലിയ പാഠപുസ്തകമാണ്. അതിലെ എട്ടാം അധ്യായം പൂര്‍ത്തിയാകുന്നു. ഇനിയും താളുകള്‍ ഏറെയുണ്ട്. അധ്യായങ്ങളും.

Content Highlights: Sneha.S.Nair, KSU State Vice President, Extra Ordinary Lives,