മാതാപിതാക്കളും ഉറ്റവരും ഉടയവരും എല്ലാം ഉപേക്ഷിച്ച് തെരുവിലെറിയപ്പെട്ട ആയിരക്കണക്കിന് കുഞ്ഞുങ്ങളെ മാറോടണച്ച് മാതൃസ്‌നേഹവും വാത്സല്യവും നല്‍കി വളര്‍ത്തിയ ഒരമ്മയാണ് സിന്ധുതായ് സപ്കല്‍. സ്‌നേഹാദരവോടെ 'മായി' എന്നു വിളിക്കുന്ന, 'അനാഥരുടെ അമ്മ' എന്നറിയപ്പെടുന്ന സിന്ധു തായുടെ ജിവിതം അതിജീവനത്തിന്റേതും പോരാട്ടത്തിന്റേതുമാണ്. ജീവിതമെന്ന പോര്‍ക്കളത്തില്‍ അടരാടാനും മനസ്സില്‍ കനിവും നന്മയും ഊട്ടി ഉറപ്പിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ജീവിതമാണ് സിന്ധു തായുടേത്.

ആയിരത്തിനുമേല്‍ അനാഥക്കുഞ്ഞുങ്ങള്‍ക്ക്  സ്‌നേഹവും ജീവിതവും നല്‍കിയ ഈ അമ്മ ജനിച്ച ദിവസത്തിനുമുണ്ട് പ്രത്യേകത. നാം ശിശുദിനമായി ആചരിക്കുന്ന നവംബര്‍ 14നാണ് കുഞ്ഞുങ്ങളെ ഏറെ സ്‌നേഹിക്കുന്ന ഈ അമ്മ ജനിച്ചത്. വര്‍ഷം 1948. മഹാരാഷ്ട്രയിലെ വര്‍ദ്ധ ജില്ലയിലാണ് ജനനം. കന്നുകാലികളെ മേയ്ക്കുന്ന ജോലിയായിരുന്നു മാതാപിതാക്കള്‍ക്ക്.

വളരെ കുഞ്ഞുന്നാളില്‍ തന്നെ പഠിക്കാന്‍ വലിയ താത്പര്യം കാണിച്ച കുട്ടിയായിരുന്നു സിന്ധുതായ്. കൊടിയ ദാരിദ്രത്തിനിടയിലും മകളെ പഠിപ്പിക്കണമെന്ന് അവരുടെ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. അച്ഛന്‍, കന്നുകാലി മേയ്ക്കാന്‍ മകളെ കൊണ്ടുപോകുന്നു എന്ന വ്യാജേന ദിവസേന മകളെയും കൂട്ടി പുറത്തുപോകും. പോകുന്നവഴി അവളെ സ്‌കൂളിലാക്കും. പഠനത്തില്‍ മിടുക്കിയായിരുന്നു സിന്ധുതായ്. എഴുതാന്‍ സ്ലേറ്റ്  വാങ്ങാന്‍ വഴിയില്ലാതിരുന്നതിനാല്‍ ഒരു പ്രത്യേക മരത്തിന്റെ തോല് ചെത്തി അതിലാണ് അവള്‍ എഴുതി പഠിച്ചത്. എന്നാല്‍, അധികനാള്‍ ഇതു തുടരാനായില്ല. നാലാം ക്ലാസില്‍ വച്ച് അവള്‍ക്ക് പഠനം അവസാനിപ്പിക്കേണ്ടതായി വന്നു. കേവലം 10 വയസ്സുള്ള അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. തന്നേക്കാള്‍ 20 വയസ്സ് കൂടുതലുള്ള ശ്രീഹരി സപ്കലുമായിട്ടായിരുന്നു അവളുടെ വിവാഹം. കാലി മേയ്ക്കല്‍ തന്നെയായിരുന്നു അയാളുടെയും തൊഴില്‍. അയാളെ തൊഴിലില്‍ സഹായിച്ച് അവളും കഴിഞ്ഞുതുടങ്ങി.

ആ സമയത്ത് അന്നാട്ടില്‍ ശക്തനായ ഒരു ഗുണ്ടാ നേതാവ് ഉണ്ടായിരുന്നു. പാവപ്പെട്ട കര്‍ഷകര്‍ തീ കത്തിക്കാന്‍ ഉണക്കി സൂക്ഷിച്ചിരുന്ന ചാണകമെല്ലാം ബലമായി അവരില്‍ നിന്നും വാങ്ങിയെടുത്ത് മറിച്ചുവില്‍ക്കുക എന്നതായിരുന്നു ഈ നേതാവിന്റെ പതിവ്. ഒരു പൈസ പോലും പാവങ്ങള്‍ക്കു നല്‍കാതെ ഭീഷണിപ്പെടുത്തിയാണ് അയാള്‍ ഈ ഉണക്കച്ചാണകം കൈക്കലാക്കിയിരുന്നത്. 

ഈ നടപടി ആര്‍ക്കും ഇഷ്ടമായിരുന്നില്ലെങ്കിലും അയാളെ ഭയന്ന് ആരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ സിന്ധുതായ്ക്ക് ഈ അനീതിയോട് പൊരുത്തപ്പെടാനായില്ല. അവള്‍ അതിനെ ശക്തമായി എതിര്‍ത്തു. അവള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കളക്ടര്‍ സ്ഥിതിഗതികള്‍ പഠിച്ചപ്പോള്‍, സിന്ധു തായ്‌യുടെ ഭാഗത്താണ് ന്യായം എന്നു വ്യക്തമായി. അദ്ദേഹം അവര്‍ക്കനുകൂലമായ നിലപാടെടുത്തു. ഇതില്‍ ക്ഷുഭിതനായ ഗുണ്ടാ നേതാവ് സിന്ധു തായുടെ ഭര്‍ത്താവിനെ സ്വാധീനിച്ച്, അവളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു. 

ഒമ്പതു മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയെ അയാള്‍, നേതാവിനെ ഭയന്ന് ഇറക്കിവിട്ടു. ആ രാത്രിയില്‍ തൊട്ടടുത്തുള്ള കാലിക്കൂട്ടില്‍ അവള്‍ തന്റെ മകള്‍ക്ക് ജന്മം നല്‍കി. അവിടെ കഴിയാനാവില്ലെന്നു മനസ്സിലാക്കിയ അവള്‍, കിലോമീറ്ററുകള്‍ താണ്ടി സ്വന്തം വീട്ടിലേക്കു മടങ്ങി. എന്നാല്‍, അവള്‍ക്ക് അഭയം നല്‍കാന്‍ അമ്മ തയ്യാറായില്ല. തന്റെ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ അവള്‍ തെരുവില്‍ കൈനീട്ടി, റെയില്‍വേ സ്റ്റേഷനില്‍ കുഞ്ഞിനേയും കൊണ്ടുപോയി പാട്ടുപാടി ഭിക്ഷാടനം നടത്തി. ആ നാളുകളിലാണ് തന്നെയും തന്റെ കുഞ്ഞിനേയും പോലെ ആര്‍ക്കും വേണ്ടാത്ത അനേകര്‍ തെരുവിലുണ്ടെന്ന് സിന്ധുതായ് തിരിച്ചറിഞ്ഞത്. ആരും ഇല്ലാത്ത ആ കുഞ്ഞുങ്ങളേയും അവര്‍ കൂടെക്കൂട്ടി. 

അവരുടെ കൂടി വിശപ്പകറ്റേണ്ട ഉത്തരവാദിത്വം അവളുടെ ചുമലിലായി. ഭിക്ഷാടനം കൂടുതല്‍ ഊര്‍ജിതപ്പെടുത്തേണ്ടതായി വന്നു. അവളുടെ മക്കളുടെ എണ്ണം കൂടിവന്നു. നിരന്തര കഷ്ടപ്പാടുകള്‍ക്ക് ഒടുവില്‍ അനേക സുമനസ്സുകളുടെ സഹായത്തോടെ അവര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു  കൂര ലഭിച്ചു. ക്രമേണ എന്‍.ജി.ഒ. ആയി അവളുടെ സ്ഥാപനം രജിസ്റ്റര്‍ ചെയ്തു. ഇന്ന് നാല് എന്‍.ജി.ഒ. കളിലായി സിന്ധു തായുടെയും മക്കളുടെയും ലോകം വികസിച്ചു. ഏതാണ്ട് 1200ഓളം കുട്ടികളുടെ അമ്മയാണ് ഇന്നവര്‍. 

സിന്ധുതായിയെക്കുറിച്ച് രസകരമായി പറയുന്നത്, അവര്‍ക്ക് 282 മരുമകന്മാരും 49 മരുമകള്‍മാരും ആയിരത്തോളം പേരക്കുട്ടികളുമുണ്ടെന്നാണ്. ഇന്നും തന്റെ മക്കളുടെ വയറു നിറയ്ക്കാനുള്ള പോരാട്ടത്തിലാണ് ഈ അമ്മ. വിദ്യാഭ്യാസം നേടാന്‍ ഏറെ ആഗ്രഹിച്ച ഈ അമ്മ, തന്റെ മക്കളെ പഠിപ്പിക്കുന്നതിലും ഏറെ ശ്രദ്ധ പുലര്‍ത്തി. അവരുടെ മക്കളില്‍ പലരും വക്കീലന്മാരും ഡോക്ടര്‍മാരുമൊക്കെയാണ്.
 
പി.എച്ച്.ഡി. മക്കളുമുണ്ട്. ഏറെ സന്തോഷം പകരുന്ന വസ്തുത ഇവരുടെ സ്വന്തം മക്കളുള്‍പ്പെടെ, അനേകം മക്കള്‍ സ്വന്തമായി അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള ഭവനങ്ങള്‍ ആരംഭിച്ചു എന്നതാണ്.തികച്ചും പ്രതികൂല സാഹചര്യങ്ങളില്‍ പോരാടി സ്വന്തം ജീവിതത്തോടൊപ്പം അനേകരുടെ ജീവിതവും നേടിയ ഈ അമ്മയെ തേടി ധാരാളം പുരസ്‌കാരങ്ങള്‍ എത്തി. ഏതാണ്ട് 273 അവാര്‍ഡുകള്‍ സിന്ധുതായിക്ക് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണമുപയോഗിച്ച് തന്റെ മക്കള്‍ക്ക് അവര്‍ പുതിയ അഭയകേന്ദ്രങ്ങള്‍ തുടങ്ങുന്നു. 

നിറവയറോടെ, തന്നെ പടിയിറക്കിയ ഭര്‍ത്താവ് 80ാം വയസ്സില്‍ പശ്ചാത്തപിച്ച് മടങ്ങിയെത്തിയപ്പോള്‍, സിന്ധുതായ് അയാള്‍ക്ക് അഭയം നല്‍കി. തന്റെ 'മൂത്ത മകനാ'ണ് എന്നാണ് ആ അവശനായ വൃദ്ധനെക്കുറിച്ച് അവര്‍ പറയുന്നത്. അനാഥര്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ആദിവാസി ക്ഷേമത്തിനുമായി ഇന്നും ഊര്‍ജസ്വലതയോടെ പോരാടുന്ന സിന്ധുതായ് നമുക്കും ഒരു പ്രചോദനമാണ്.

പ്രതിസന്ധികളില്‍ പതറാതെ, തളരാതെ പോരാടാന്‍  കരുത്തു പകരുന്നതാണ് സിന്ധുതായുടെ ജീവിതം. ഒപ്പം, സ്വാര്‍ഥതയില്ലാതെ ജീവിക്കാനും അവര്‍ നമ്മെ പ്രേരിപ്പിക്കുന്നു. സ്വന്തം കുഞ്ഞിനെ മാത്രം നോക്കി ജീവിക്കാമായിരുന്ന അവര്‍, അതിനു പകരം ആയിരം കുഞ്ഞുങ്ങള്‍ക്ക് അമ്മയായി. 'ഞാനും എനിക്കുള്ളതും' എന്നു മാത്രം ചിന്തിക്കുന്ന ഇന്നത്തെ  തലമുറയ്ക്ക് നന്മയുടെയും കരുണയുടേയും കനിവിന്റേയും ലോകം കാണിച്ചുതരുന്നതാണ് സിന്ധു തായുടെ ജീവിതം. 

സ്വന്തം ജീവിതം അനാഥക്കുഞ്ഞുങ്ങള്‍ക്കായി ഉഴിഞ്ഞുവെച്ച്, സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പുതിയ പാത നമുക്കു കാണിച്ചുതരുന്നതാണ് 'മായി' എന്ന സിന്ധു തായുടെ ജീവിതം. ചുറ്റുമുള്ളവരുടെ സങ്കടങ്ങള്‍ കാണാനും അവരെ പരിഗണിക്കാനും അവരുടെ വിശപ്പകറ്റാനും കണ്ണീരൊപ്പാനും സാമൂഹികജീവി എന്ന നിലയില്‍ നമുക്ക് കടമയുണ്ട്. കനിവിന്റെ കനല്‍ നമുക്കുള്ളില്‍ ഉണ്ടാകണം... അനേക ജീവിതങ്ങള്‍ക്ക് ചൂടുപകരാന്‍ അതുപകരിക്കും.