രാജ്യത്ത് മുത്തലാഖ് നിരോധിച്ചിരിക്കുന്നു. മാധ്യമങ്ങള്‍ ഈ വാര്‍ത്ത ചര്‍ച്ച ചെയ്യുകയും പൊതുസമൂഹം വാര്‍ത്തയെ കൈയടിച്ച് സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ഒരു പേരുണ്ട്, സൈറ ബാനു.
ഈ വിജയം സൈറ ബാനു എന്ന പെണ്ണിന്റേതാണ്. അവളുടെ കണ്ണീരിൽ നിന്നും ഉയിരെടുത്ത കരുത്തിന്റെ വിജയമാണിത്. സ്വന്തം അനുഭവങ്ങളാണ് ഇസ്ലാം മതത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം തുടങ്ങിയവയ്‌ക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങാന്‍ ഉത്തര്‍പ്രദേശുകാരിയായ സൈറയെ ഈ പോരാട്ടത്തിന് പ്രേരിപ്പിച്ചത്.
2002-ലാണ് റിസ്വാന്‍ അഹമ്മദ് സൈറ ബാനുവിനെ വിവാഹം കഴിക്കുന്നത്. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമെടുത്തവളായിരുന്നു സൈറ ബാനു. ഒരുപാട് സ്വപ്‌നങ്ങളുമായാണ് ഭര്‍തൃവീട്ടിലേക്ക് ബാനു ചെന്നുകയറിയത്. സ്ത്രീധനം സ്‌നേഹത്തിന് വരമ്പുകള്‍ പണിത് തുടങ്ങിയത് പെട്ടന്നായിരുന്നു. വിവാഹത്തിന് മുമ്പ് പറഞ്ഞുറപ്പിച്ചിരുന്ന പണവും വാഹനവും ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വഴക്ക് തുടങ്ങി. പിന്നെ കുറ്റപ്പെടുത്തലിന്റെയും പള്ളുപറച്ചിലിന്റെയും നാളുകളായിരുന്നു.
സഹിക്കവയ്യാതായപ്പോള്‍ രക്ഷതേടി സൈറ ബാനു മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുപോന്നു. ഈ മടക്കം ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടില്ല. പിന്നെ എല്ലാം പെട്ടന്നായിരുന്നു. പറക്കമുറ്റാത്ത കുട്ടികളെ ഭര്‍ത്താവ് അവളില്‍ നിന്ന് അകറ്റി. വിവാഹബന്ധം അവസാനിപ്പിച്ചതായി ഒരു കത്തുമയച്ചു. അതായിരുന്നു അയാള്‍ നല്‍കിയ മുത്തലാഖ്.
പക്ഷേ സൈറ ബാനുവിന് സംശയമായിരുന്നു. താന്‍ പഠിച്ച ഖുര്‍ആനില്‍ ഒരിക്കലും പരാമര്‍ശിക്കാത്ത ഒന്ന്. ഇത് ശരിയാണൊ എന്നറിയാന്‍ ആദ്യം ചെന്നത് പുരോഹിതന്റെ അടുക്കലേക്കായിരുന്നു. മുത്തലാഖ് കത്തിന്റെ നിയമസാധുതയെക്കുറിച്ച് അറിയുക. അതായിരുന്നു ലക്ഷ്യം. എന്നാല്‍ മറുപടി സൈറാബാനുവില്‍ അമ്പരപ്പാണ് ഉണ്ടാക്കിയത്. കത്തിലൂടെയുള്ള മുത്തലാഖ് നിയമവിധേയമാണെന്ന മറുപടിയായിരുന്നു സൈറയ്ക്ക് ലഭിച്ചത്. നബിചര്യകളില്‍ ഇല്ലാത്ത ഒന്ന് എങ്ങിനെയാണ് എന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഇതിനെതിരെ പോരാടുകതന്നെ. ആണധികാരത്തിന്റെ അഹങ്കാരത്തില്‍ തനിക്ക് നഷ്ടപ്പെട്ട കുട്ടികളെ വീണ്ടെടുക്കുക. മതത്തില്‍ പേര് പറഞ്ഞ് നടത്തുന്ന ദുരാചാരങ്ങള്‍ക്ക് മറുപടി നല്‍കുക, ഇതായിരുന്നു സൈറാബാനുവിന്റെ നിലപാട്.
അങ്ങനെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. കോടതിയിലെത്തിയപ്പോഴാണ് തന്നെപോലെ അഞ്ച് സ്ത്രീകള്‍ വേറെയും പരാതി നല്‍കിയിട്ടുണ്ടെന്ന് അവര്‍ അറിയുന്നത്. നാളുകള്‍ നീണ്ട വാദ-പ്രതിവാദങ്ങള്‍ക്കുശേഷം സുപ്രീംകോടതി മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരിക്കുന്നു. ഈ വിജയം അര്‍ഹിക്കുന്നത് തീര്‍ത്തും സൈറാബാനു എന്ന പെണ്‍കരുത്തിനാണ്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ പെണ്‍കരുത്തിന്.
ഉപേക്ഷിക്കപ്പെടുമ്പോള്‍ അതോര്‍ത്ത് കരഞ്ഞ് നാളുകള്‍ കഴിക്കുകയല്ല, മറിച്ച് വേദനകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് അവകാശങ്ങള്‍ നേടിയെടുക്കണം. അതാണ് സൈറാ ബാനുവിന്റെ വിജയം പറഞ്ഞു തരുന്നത്.