വൈക്കം: വേമ്പനാട്ടുകായലിന് കുറുകെ നീന്തി പുതിയ സമയവും വേഗവും കുറിച്ച് ഏഴു വയസ്സുകാരി ജുവല്‍ മറിയം ബേസില്‍.

ശനിയാഴ്ച രാവിലെ ചേര്‍ത്തല തവണക്കടവില്‍നിന്ന് കോലോത്തുംകടവിലേക്കാണ് നീന്തിയത്. ഒന്നേമുക്കാല്‍ മണിക്കൂറുകൊണ്ടാണ് നാല് കിലോമീറ്റര്‍ ദൂരം നീന്തി കായല്‍ കീഴടക്കിയത്.

ഇത്രയും ദൂരം കായലിനു കുറുകെ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന റെക്കോഡ് ഇനി ജുവലിന് സ്വന്തം. കോതമംഗലം കറുകിടം കൊടകപ്പറമ്പില്‍ ബേസില്‍ കെ. വര്‍ഗീസിന്റെയും അഞ്ജലിയുടെയും മകളാണ് ജുവല്‍ മറിയം ബേസില്‍. കറുകിടം വിദ്യാ വികാസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പരിശീലകന്‍ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് നീന്തല്‍ അഭ്യസിച്ചത്.

തവണക്കടവില്‍നിന്ന് രാവിലെ അരൂര്‍ എം.എല്‍.എ. ദലീമ ജോജോ ഫ്ളാഗ് ഓഫ് ചെയ്തു. വേമ്പനാട്ടുകായലിന്റെ മറുകര തൊട്ടപ്പോള്‍ ജുവല്‍ മറിയത്തെ അഭിനന്ദിക്കാനും സ്വീകരിക്കാനും ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ രേണുകാ രതീഷ്, കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ ഭാര്യ നിഷാ ജോസ്, കോതമംഗലം നഗരസഭ ഉപാധ്യക്ഷന്‍ സിന്ധു ഗണേശന്‍, കൗണ്‍സിലര്‍ ബബിതാ മത്തായി, വൈക്കം നഗരസഭാ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ്, പി.ഡി. ബിജുമോള്‍, എല്‍ദോസ് കീച്ചേരി, ശ്രീകല ബിജു തുടങ്ങിയ നിരവധിപേര്‍ ജുവല്‍ മറിയത്തെ സ്വീകരിക്കാെനത്തിയിരുന്നു.

Content Highlights: Seven-year-old girl Jewel conquers Vembanad Lake