ഒരു സോളോ ബുള്ളറ്റ് സവാരിപോലെത്തന്നെയായിരുന്നു സനയുടെ ജീവിതവും. കല്ലു ചരലും നിറഞ്ഞ ഗ്രാമവീഥികളും മിനുസപ്പെടുത്തിയ നഗരവീഥികളും പിന്നിട്ട് അവള്‍ യാത്ര തുടരുകയായിരുന്നു. ഒരു സോളോ ട്രിപ്പിനിടയില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെയും അപകടങ്ങളെയും എല്ലാം നെഞ്ചുറപ്പോടെ തരണം ചെയ്താണ് അവള്‍ മുന്നോട്ട് കുതിച്ചത്.

ജീവിതം അങ്ങനെയാണ് നിത്യവും പുതിയ പാഠങ്ങളായിരിക്കും അത് നമുക്ക് മുന്നില്‍ അവതരിപ്പിക്കുക. എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്ന് ചിലര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും എല്ലാം നേടിയെന്ന് കരുതുമ്പോഴേക്കും തകര്‍ന്നടിയുന്നതും അതിന്റെ ഭാഗം മാത്രം. അവിടെ അതിജീവനം മനക്കരുത്തുള്ളവര്‍ക്ക് മാത്രം. 

കരുത്തയായിരുന്നു സനയും. തനിക്ക് പ്രിയപ്പെട്ട ബുള്ളറ്റ് സവാരിക്കിടയില്‍ 'അപകടം പോലെ തോന്നിപ്പിക്കുന്ന ആത്മഹത്യ' എന്ന കണക്കുകൂട്ടലുകളുമായി ഒരിക്കല്‍ തന്റെ ബുള്ളറ്റില്‍ കയറിയതാണ് സന. അവസാനത്തേതെന്ന് അവളുറപ്പിച്ച ആ യാത്ര പക്ഷേ അവള്‍ക്ക് നല്‍കിയത് ഒരു പുനര്‍ജന്മമാണ്. 

വായിക്കാം - ഇന്ത്യ മുഴുവന്‍ ബുള്ളറ്റില്‍ പര്യടനം നടത്തിയ സന ഇഖ്ബാല്‍ വാഹനാപകടത്തില്‍ മരിച്ചു

ഇന്ത്യയിലെ നിരവധി പെണ്‍കുട്ടികള്‍ അനുഭവിച്ച, ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ പ്രയാസങ്ങള്‍ മാത്രമാണ് അവള്‍ക്ക് മുന്നിലും വെല്ലുവിളി ഉയര്‍ത്തിയത്, മറ്റൊന്നുമല്ല വിവാഹജീവിതത്തിലെ വിള്ളലുകള്‍.

ഒരു കുഞ്ഞുണ്ടാകുന്നതോടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് അവളും കരുതി. വിഷാദവും ഉത്കണ്ഠയും വയറ്റില്‍ കുരുത്ത കുഞ്ഞുജീവന് വരെ ഭീഷണി ഉയര്‍ത്തിയപ്പോഴാണ് തന്റെ മാനസികനിലയെ കുറിച്ച് സന ആദ്യം ബോധവതിയാകുന്നുത്. ചികിത്സയിലൂടെ കുഞ്ഞിനെ രക്ഷിച്ചെടുത്തെങ്കിലും അവള്‍ ആഗ്രഹിച്ച പോലെ കുഞ്ഞിന്റെ വരവ് അവളുടെ ജീവിതത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ല. ഒരുപക്ഷേ സംഗതികള്‍ കുറേക്കൂടി രൂക്ഷമായെന്ന് തന്നെ പറയാം. 

sana
Image: Sana Iqbal Facebook page

ഒരിക്കല്‍ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കണ്ട് അവള്‍ അമ്പരന്നു. അത്രയേറെ അവള്‍ മാറിപ്പോയിരുന്നു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നതിനൊപ്പം മരണത്തെ കുറിച്ചുള്ള ചിന്തകള്‍ സനയുടെ ഉപബോധമനസ്സിനെ കീഴടക്കിത്തുടങ്ങി. പലരും ആത്മഹത്യയില്‍ അഭയം തേടിയത് അവള്‍ ആര്‍ത്തിയോടെ വായിച്ചുകൊണ്ടിരുന്നു. അവിടെ നിന്നാണ് ബൈക്ക് റൈഡിങ്ങിനിടയില്‍ അപകടം പോലെ തോന്നിപ്പിക്കുന്ന ആത്മഹത്യ എന്ന ചിന്തയിലേക്കും അതിനുവേണ്ടിയുള്ള യാത്രയിലേക്കും അവള്‍ തയ്യാറായത്. കാനഡയിലേക്ക് പോകണം, പരീക്ഷയെഴുതാനുണ്ട് എന്ന് അമ്മയോട് നുണ പറഞ്ഞ്, ഇനിയൊരിക്കലും മടങ്ങിവരാത്ത യാത്രയിലേക്കെന്നുറപ്പിച്ച് സന ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തു. 

പക്ഷേ ആ യാത്ര അവളെ തിരുത്തി. കണ്ടതല്ല കണ്ടതിലേറെയുണ്ട് ജീവിതം, ആ കാണാകാഴ്ചകള്‍ തേടിയാകണം ഇനി യാത്രയെന്നുറപ്പിച്ച് സന വീട്ടിലേക്ക് മടങ്ങി. വിഷാദത്തെ കുറിച്ചും ആത്മഹത്യയെ കുറിച്ചും ബോധവല്‍ക്കരണവുമായി ബുള്ളറ്റില്‍ ഒരു ഇന്ത്യന്‍ പര്യടനത്തിനുളള തീരുമാനമെടുത്തുകൊണ്ടായിരുന്നു ആ മടങ്ങിവരവ്.

2015 നവംബറില്‍ ഗോവയില്‍ നിന്നാരംഭിച്ച ആ യാത്ര 2016 ജൂണ്‍ പതിമൂന്നിന് പൂര്‍ത്തീകരിച്ചു. ഇന്ത്യയുടെ തുടിപ്പും കിതപ്പും കണ്ടറിഞ്ഞ് ആത്മഹത്യയെകുറിച്ചും ഡിപ്രഷനെക്കുറിച്ചും 135-ാളം സെമിനാറുകളും നടത്തി ആറരമാസത്തിനുളളില്‍ 38,000 കിലോമീറ്ററുകള്‍ പിന്നിട്ട അതിമനോഹരമായ ഒരു യാത്ര. യാത്രയില്‍ ഒതുക്കിയില്ല തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ആത്മഹത്യക്കെതിരെ സാധ്യമായതെല്ലാം അവള്‍ ചെയ്തു. ആത്മഹത്യയല്ല പരിഹാരം എന്ന കാമ്പെയ്‌ന് തുടക്കം കുറിച്ചു. തനിക്കുചുറ്റുമുള്ള സമൂഹത്തില്‍ നടക്കുന്നതിലേക്കെല്ലാം അവള്‍ കണ്ണും കാതും തുറന്നുവെച്ചു, വേണ്ടതിനോടെല്ലാം പ്രതികരിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ ചലനമുണ്ടാക്കിയ മി ടൂ കാമ്പെയ്‌നില്‍ അവളെഴുതിയ പോസ്റ്റ്  യാഥാര്‍ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായിരുന്നു. സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ മൂന്ന് വിഭാഗമാണെന്നാണ് അവള്‍ അഭിപ്രായപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ ഉള്ളവര്‍, അഭ്യസ്ത വിദ്യരായ എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇല്ലാത്തവര്‍, സമൂഹമാധ്യമങ്ങളില്‍ ഇല്ലാത്ത അഭ്യസ്തവിദ്യരല്ലാത്തവര്‍..ഇവരില്‍ മൂന്നാമത്തെ വിഭാഗത്തെക്കുറിച്ചോര്‍ത്താണ് തനിക്കേറെ ഉത്കണ്ഠ എന്ന് അവള്‍ പറയുന്നു. അഭ്യസ്തവിദ്യരല്ലാത്തതിനാലും സാമൂഹികമാധ്യമങ്ങളില്‍ ഇല്ലാത്തവരായതിനാലും അത്തരക്കാരെ സ്ത്രീകളുടെ ശരീരത്തിലേക്ക് അവരുടെ ഇഷ്ടപ്രകാരമല്ലാതെയുള്ള കടന്നുകയറ്റം അഭിലഷണീയമല്ലെന്ന് എങ്ങനെയാണ് ബോധ്യപ്പെടുത്തുക എന്നവള്‍ ചോദിക്കുന്നു..

വായിക്കാം - ബുള്ളറ്റില്‍ രാജ്യം ചുറ്റിയ സനയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

ആറുവയസ്സുള്ള പെണ്‍കുഞ്ഞിനെ സ്വന്തം പിതാവ് തന്നെ ക്രൂരമായി പീഡിപ്പിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ഇതൊന്നും തനിക്ക് മനസ്സിലാകുന്നില്ലെന്നും ആരെങ്കിലും ഒന്ന് പറഞ്ഞുതരണമെന്നുമാണ് അവള്‍ വികാരം കൊണ്ടത്. സ്ത്രീധനത്തെ ചൊല്ലിയുള്ള വാഗ്വാദങ്ങള്‍ക്കൊടുവില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു യുവതിയുടെ വാര്‍ത്ത പങ്കുവെച്ച് അവള്‍ പറഞ്ഞത് വിദ്യാഭ്യാസം കൊണ്ടുപോലും മാറ്റാന്‍ കഴിയാത്ത സങ്കുചിത ചിന്തകളെ കുറിച്ചാണ്. സ്വന്തം താല്പര്യങ്ങളെ മക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍(അവരുടെ നല്ലതിനെന്ന പേരില്‍)ശ്രമിക്കുന്ന മാതാപിതാക്കള്‍ക്ക് ഈ അനുഭവങ്ങള്‍ ഒരു പാഠമായെങ്കില്‍ എന്നാണ് സന ആഗ്രഹിച്ചത്. 

സ്വയവും, മറ്റുള്ളവരെയും ജീവിതത്തിലേക്ക് തിരിച്ച് നടത്താന്‍ തുനിഞ്ഞിറങ്ങിയ സനയാണ് അവളൊട്ടും ആഗ്രഹിക്കാത്ത നേരത്ത് മരണത്തിന്റെ ഇരുട്ടിലേക്ക് അപ്രതീക്ഷിതമായി വീണുപോയിരിക്കുന്നത്. ആ മരണമുയര്‍ത്തുന്ന ചോദ്യങ്ങളും നിരവധി. ഇനി ഓര്‍ക്കാനുള്ളത് ഒരിക്കല്‍ സന ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് 'സന്തോഷമായിരിക്കുക എന്നുള്ളത് ഒരു തീരുമാനമാണ്..സന്തോഷം പരത്തുക എന്നുള്ളത് ഒരു തിരഞ്ഞെടുപ്പും.' 

മരണത്തിന്റെ നിശബ്ദതയെ ഭേദിച്ച് സനയുടെ ബുള്ളറ്റിന്റെ ശബ്ദം ഒരിക്കല്‍കൂടി ഉയര്‍ന്നിരുന്നെങ്കില്‍..