ചെറുപ്പത്തില്‍ അവള്‍ സ്വപ്‌നം കണ്ടത് പഠിച്ചു വലുതായി ഒരു ഡോക്ടര്‍ ആവുന്നതായിരുന്നു. ഹാര്‍വാര്‍ഡിലോ സ്റ്റാന്‍ഫോര്‍ഡിലോ ഉപരിപഠനം നടത്താന്‍ ആഗ്രഹിച്ചിരുന്ന അവളെ കാത്തിരുന്നതോ പതിനാറാം വയസ്സിലെ നവവധു വേഷവും. വിവാഹവും കുടുംബജീവിതവും സമ്മാനിച്ച മുറിവുകളില്‍ ആഗ്രഹങ്ങളെ തളിച്ചിടാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ വിധിയെ നേരിട്ടു,വിജയം കൊയ്തു!!


മ്ര സഫര്‍ എന്ന പാകിസ്താനി പെണ്‍കുട്ടി ജനിച്ചതും വളര്‍ന്നതും യുഎഇയിലെ റുവൈസിലായിരുന്നു. ഓയില്‍ പ്ലാന്റില്‍ ഉദ്യോഗസ്ഥനായ ഉപ്പയുടെയും അധ്യാപികയായ ഉമ്മയുടെയും നാലു പെണ്‍മക്കളില്‍ മൂത്തവള്‍. സ്‌കൂളിലെ മിടുക്കിക്കുട്ടികളില്‍ ഒരുവളായിരുന്നു സമ്ര. എല്ലാ വിഷയങ്ങളിലും അവള്‍ ക്ലാസ്സില്‍ ഒന്നാമതായിരുന്നു. ഓരോ പരീക്ഷാഫലം വരുമ്പോഴും മകളുടെ ഉയര്‍ന്നമാര്‍ക്ക് ആ മാതാപിതാക്കളെ സന്തോഷിപ്പിച്ചിരുന്നു. അവളുടെ കയ്യില്‍ നിറയെ ചോക്ലേറ്റുകള്‍ സമ്മാനിച്ച് ഉപ്പ അവളോട് പറയും "മിടുക്കിയായി വളരൂ."

samra
photo:torontolife

എല്ലാം മാറിമറിയുന്നു...

സമ്ര പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സ്‌കൂള്‍ വിട്ട് വന്ന ശേഷം കണക്കിന്റെ ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കുന്ന തിരക്കിലായിരുന്നു അവള്‍. അപ്പോഴാണ് ഉമ്മ അവളോട് വിവാഹക്കാര്യം പറഞ്ഞത്. അമ്മ തമാശ പറയുകയാണെന്നായിരുന്നു അവളുടെ വിചാരം. പക്ഷേ,കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് അവള്‍ക്ക് വളരെവേഗം മനസ്സിലായി.

"എനിക്ക് 15 വയസ്സേ ആയിട്ടുള്ളല്ലോ ഉമ്മാ,പിന്നെങ്ങനെയാണ് നിക്കാഹ് നടക്കുക. എനിക്ക് പഠിക്കണം. ഞാന്‍ നിക്കാഹിന് തയ്യാറായിട്ടില്ല."

അവളുടെ വാക്കുകള്‍ കേള്‍ക്കാനാവുന്ന അവസ്ഥയിലായിരുന്നില്ല മാതാപിതാക്കള്‍. സമൂഹത്തിന്റെ ചട്ടക്കൂടുകളില്‍ ബന്ധിതരായിരുന്നു അവര്‍. ഇളയ പെണ്‍കുട്ടികളെപ്പറ്റിയും ആലോചിച്ചതോടെ അവര്‍ക്ക് സമ്രയുടെ വിവാഹം പെട്ടന്ന് നടത്തേണ്ടത് അത്യാവശ്യമായിരുന്നു. കാനഡയില്‍ സ്ഥിരതാമസക്കാരനായിരുന്നു പാകിസ്താൻകാരനായ അവളുടെ ഭാവിവരന്‍. സമ്രയെ തുടര്‍ന്നും സ്‌കൂളില്‍ വിട്ട് പഠിപ്പിക്കുമെന്ന ഉറപ്പിന്മേല്‍ അവള്‍ വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ തന്നെക്കാള്‍ 12 വയസ്സിന് മുതിര്‍ന്ന ഒരാള്‍ക്ക് അവള്‍ ഭാര്യയായി.

samra
photo:torontolife

ദുരിതങ്ങളുടെ തുടക്കം

വിവാഹശേഷം സമ്ര ഭര്‍ത്താവിനൊപ്പം കാനഡയിലെത്തി. മധുവിധുക്കാലം അവളെ സംബന്ധിച്ച് ആഹ്ലാദത്തിന്റേതായിരുന്നു. സ്‌നേഹസമ്പന്നനായ ഭര്‍ത്താവ്, നല്ല ചുറ്റുപാട്. സ്വന്തം വീടുപേക്ഷിച്ച് പോന്നതില്‍ സങ്കടമുണ്ടായിരുന്നെങ്കിലും പുതിയ ജീവിതത്തില്‍ അവള്‍ സന്തോഷമറിഞ്ഞു തുടങ്ങി.

ലൈംഗികതയെപ്പറ്റിയോ ഗര്‍ഭനിരോധനമാര്‍ഗങ്ങളെപ്പറ്റിയോ അവളോടാരും പറഞ്ഞുകൊടുത്തിരുന്നില്ല. ഭര്‍ത്താവും അതെക്കുറിച്ചൊന്നും അവളോട് സംസാരിച്ചില്ല. സ്‌കൂള്‍ പഠനം കഴിയുംവരെ കുട്ടികള്‍ വേണ്ട എന്ന അവളുടെ അഭിപ്രായം ഭര്‍ത്താവ് സമ്മതിച്ചതുമാണ്. പക്ഷേ, വിവാഹശേഷം വളരെപ്പെട്ടന്ന തന്നെ അവള്‍ ഗര്‍ഭിണിയായി. അത് മനസ്സിലായതാവട്ടെ ഛര്‍ദ്ദിയും തലചുറ്റലും സഹിക്കവയ്യാതെ ഡോക്ടറെ കണ്ടപ്പോഴും.

samra
photo:torontolife

സമ്ര ആകെ വിഷമത്തിലായി. പഠനം ഇവിടം കൊണ്ട് അവസാനിക്കുകയാണെന്ന സത്യം അവള്‍ തിരിച്ചറിഞ്ഞു. ഭര്‍ത്താവിന്റെ സ്‌നേഹപരിചരണങ്ങളില്‍ അവളാ സങ്കടം പതിയെ മറന്നുതുടങ്ങി. ആ സന്തോഷം പക്ഷേ അധികകാലം നീണ്ടില്ല. അവളുടെ പ്രസവസമയം അടുത്തപ്പോഴേക്കും  ഭര്‍ത്താവിന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം താമസിക്കാന്‍ കാനഡയിലേക്കെത്തി. അതോടെ അവളുടെ ജീവിതം ദുരിതത്തിലായി.

ഭാര്യയെ പരിചരിക്കുകയും അവളുടെ ഇഷ്ടങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ മാതാപിതാക്കള്‍ക്ക് അംഗീകരിക്കാനായില്ല. അവരുടെ ശാസനകളില്‍ ഭയന്ന് ഭര്‍ത്താവിന്റെ സ്വഭാവം മാറിത്തുടങ്ങി. അവള്‍ വീട്ടുപണികളും ഗര്‍ഭകാല അസ്വസ്ഥതകളുമായി ജീവിതം മുന്നോട്ട് നീക്കി.

ഗാര്‍ഹികപീഢനം രൂക്ഷമാവുന്നു

മകളുടെ ജനനത്തോടെ സമ്ര വീട്ടുവേലക്കാരിയുടെ അവസ്ഥയിലെത്തി. പഠിക്കാന്‍ പോകണമെന്ന അവളുടെ ആഗ്രഹം ഭര്‍ത്താവിന്റെ ചീത്തവിളികളെ പേടിച്ച് ഉള്ളിലൊതുക്കി. സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോലും അവള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഐഎസ്ഡി വിളിച്ച് കളയാന്‍ കാശില്ലെന്നായിരുന്നു അവരുടെ പക്ഷം. അമ്മായിയമ്മയുടെ പഴയ വസ്ത്രങ്ങളാണ് സ്മ്രയ്ക്ക് അണിയാന്‍ നല്കിയിരുന്നത്.

കുഞ്ഞിന് മൂന്ന് വയസ്സായതോടെ അടുത്തുള്ള ഡേ കെയര്‍ സെന്ററിലേക്ക് കുഞ്ഞിനെ കൊണ്ടാക്കാന്‍ സമ്ര പോയിത്തുടങ്ങി. പാകിസ്താനിയായ സ്ത്രീയായിരുന്നു അവിടുത്തെ മെന്റര്‍. സമ്ര പറയാതെ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കിയ ആ സ്ത്രീ അവരുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിക്കാന്‍ സമ്രയ്ക്ക് അവസരം നല്കി. അങ്ങനെ വീട്ടുകാരോട് അവള്‍ കാര്യങ്ങള്‍ പറഞ്ഞു. കനേഡിയന്‍ പൗരത്വം ലഭിക്കുന്നതുവരെ എങ്ങനെയെങ്കിലും അവിടെ പിടിച്ചുനില്‍ക്കണമെന്ന് വീട്ടുകാര്‍ അവളെ ഉപദേശിച്ചു.

samra
photo:torontolife

വീണ്ടും ഒരു വര്‍ഷം കൂടി യാതനകള്‍ സഹിച്ച് അവളവിടെ തുടർന്നു. വീട്ടില്‍ പോകണമെന്ന് ആവശ്യം ഉന്നയിച്ചപ്പോള്‍ ഫ്‌ളൈറ്റ് ടിക്കറ്റിന് കാശില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. നാട്ടില്‍ നിന്ന് പിതാവ് അയച്ചുകൊടുത്ത ടിക്കറ്റിന്റെ ധൈര്യത്തില്‍ അവള്‍ കുഞ്ഞിനെയും കൊണ്ട് യാത്രയ്ക്ക് തയ്യാറായി. നാട്ടിലെത്തിയ അവള്‍ക്ക്  ഉമ്മയും ഉപ്പയും ധൈര്യം പകര്‍ന്നു.

താനിനി കാനഡയിലേക്കില്ലെന്ന് സമ്ര ഫോണിലൂടെ ഭര്‍ത്താവിനെ അറിയിച്ചു. അതോടെ അയാള്‍ നിലപാട് മാറ്റി. താനിനി ഉപദ്രവിക്കില്ലെന്നും സമ്ര ഇല്ലാതെ ജീവിക്കാനാവില്ലെന്നും അയാള്‍ അറിയിച്ചു. മാതാപിതാക്കളുടെ അടുത്തു നിന്ന് മാറിത്താമസിക്കാമെന്ന് അയാൾ വാക്കുകൊടുത്തു. വേറൊരു വീട്ടില്‍ ഇരുവരും താമസമാരംഭിച്ചു. അധികകാലം കഴിയുംമുമ്പെ അവള്‍ രണ്ടാമതും ഗര്‍ഭം ധരിച്ചു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി.

ദുരിതം സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. എങ്ങനെയും പഠനം തുടരണമെന്നും അതിലൂടെ മാത്രമേ തനിക്ക് രക്ഷപെടാനാവൂ എന്നും അവള്‍ക്കുറപ്പായി. വീട്ടില്‍ തന്നെ ഡേ കെയര്‍ സെന്റര്‍ തുടങ്ങാന്‍ അവള്‍ തീരുമാനിച്ചു. അതിലൂടെ പഠനത്തിനുള്ള പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഭര്‍ത്താവിനെയും വീട്ടുകാരെയും സഹായിക്കാന്‍ പണം സമ്പാദിക്കാനാണ് തന്റെയീ ശ്രമമെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അവള്‍ വിജയിച്ചു. കിട്ടുന്ന കാശ് കള്ളക്കണക്കുകളുണ്ടാക്കി അവള്‍ സ്വന്തമായി സമ്പാദിച്ചുതുടങ്ങി. ഇക്കാലത്ത് തന്നെ വിദൂരപഠനത്തിലൂടെ അവള്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി.

രണ്ട് വര്‍ഷത്തിനു ശേഷം താന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിന് ചേരുകയാണെന്ന് അവള്‍ വീട്ടുകാരെ അറിയിച്ചു. ആവുന്നത്ര അവര്‍ എതിര്‍ത്തെങ്കിലും പിന്മാറാന്‍ അവള്‍ തയ്യാറായില്ല. അങ്ങനെ പ്രവേശനപരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്കോടെ സമ്ര ബിരുദപഠനത്തിന് ചേര്‍ന്നു.

വിവാഹമോചനം

ക്ലാസ്സുകള്‍ ആരംഭിച്ചശേഷം ഭര്‍ത്താവ് ദേഹോപദ്രവം രൂക്ഷമാക്കി. വീട്ടുജോലികള്‍ ശരിയായി ചെയ്യുന്നില്ലെന്ന് പറഞ്ഞ് അയാള്‍ വഴക്കിടുക പതിവായി. അങ്ങനെയൊരു ദിവസം വഴക്ക് സകല പരിധിയും ലംഘിച്ചു. വാക്കുതർക്കങ്ങൾക്കിടെ അയാളുമൊത്തൊരു ജീവിതം ആവശ്യമില്ലെന്ന് അവള്‍ പറഞ്ഞു. അതോടെ അയാള്‍ അവളെ തലാഖ് ചൊല്ലി.

samra
photo:torontolife

താന്‍ സ്വതന്ത്രയായെന്ന സന്തോഷമാണ് അവള്‍ക്കാദ്യം തോന്നിയത്. പക്ഷേ,അടുത്ത നിമിഷം തന്നെ ഭാവിയോര്‍ത്ത് അവള്‍ പേടിച്ചു. കുഞ്ഞുങ്ങളെയും കൊണ്ട് എങ്ങോട്ട് പോകുമെന്നതായിരുന്നു പ്രശ്‌നം. ആ വീട്ടില്‍ നിന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ക്കിറങ്ങേണ്ടി വന്നു. എന്നാല്‍,യൂണിവേഴ്‌സിറ്റിയില്‍ ഒരു ഫാമിലി ക്വാര്‍ട്ടേഴ്‌സ് അവള്‍ക്ക് സംഘടിപ്പിക്കാന്‍ കഴിഞ്ഞു.

മൂന്നു ബെഡ്‌റൂമുകളിലൊന്നില്‍ അവള്‍ പാകിസ്താൻകാരിയായ ഒരു വിദ്യാർഥിനിയെ അവൾ വാടകയ്ക്ക് താമസിപ്പിച്ചു. താനില്ലാത്തപ്പോള്‍ കുഞ്ഞുങ്ങള്‍ ഒറ്റയ്ക്കാവുമെന്നുള്ള പ്രശ്‌നവും അവളങ്ങനെ പരിഹരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞുങ്ങളെ ഭര്‍ത്താവ് ബലം പ്രയോഗിച്ച് കൊണ്ടുപോയി. അവൾ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ അയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

പഠനം ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കാന്‍ സമ്രയ്ക്ക് സാധിച്ചു. അതോടൊപ്പം ഒന്നാംവര്‍ഷ ബിരുദക്ലാസ്സില്‍ പഠിപ്പിക്കാനുള്ള അവസരവും അവള്‍ക്ക് ലഭിച്ചു. തുടര്‍ന്ന് മാസ്റ്റേഴ്‌സ് ഡിഗ്രിയും ഉയര്‍ന്ന റാങ്കില്‍ അവള്‍ നേടി. വിവിധ സ്‌കോളര്‍ഷിപ്പുകളും അവളെ തേടിയെത്തി. പിഎച്ച്ഡി മോഹം ഉണ്ടായിരുന്നെങ്കിലും തന്റെയും കുട്ടികളുടെയും ഭാവി സുരക്ഷിതമാക്കാന്‍ ഒരു ജോലി ആവശ്യമാണെന്ന തിരിച്ചറിവില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി അവള്‍ ജോലിക്ക് കയറി.

samra
photo:fb/samrazafar

ഇതിനിടെ സമ്രയെ കുറിച്ച് കേട്ടറിഞ്ഞ ഒരു മാധ്യമപ്രവര്‍ത്തക അവളുടെ ജീവിതം ഒാൺലൈൻ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചു. അതേ തുടർന്ന്  സമാന ദുരിതം അനുഭവിക്കുന്ന പല സ്ത്രീകളും അവളെ വിളിച്ച് സംസാരിച്ചു. അവര്‍ക്കൊക്കെ അവളൊരു പ്രചോദനമാണെന്ന്  അറിയിച്ചു.

സമ്ര ഇന്ന്

അവിടെ നിന്നാണ് തന്നെപ്പോലെയുള്ള സ്ത്രീകള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് സമ്ര തീരുമാനിക്കുന്നത്. വിവിധ സംഘടനകളുമായി ചേർന്ന് അവർക്കായി മോട്ടിവേഷണൽ ക്ലാസുകൾ നൽകുകയാണ് സമ്ര. പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളാണ് അവളെ തേടിയെത്തിയത്.

"നമ്മളെന്തെങ്കിലും ആകണമെന്ന് ആഗ്രഹിച്ചാല്‍ അതിലേക്ക് എത്താന്‍ നമുക്ക് സാധിക്കും. നിശ്ചയദാര്‍ഢ്യം ഉണ്ടാവണമെന്ന് മാത്രം."സമ്രയുടെ ഈ വാക്കുകള്‍ക്ക് ഏതൊരു മഹദ്വചനങ്ങളേക്കാളും ഇരട്ടിശക്തിയുണ്ട്. കാരണം,അതവളുടെ ജീവിതം തന്നെയാണ്!!